Monday, May 11, 2020

അമ്മ വിളമ്പിയത്...

                                                
അമ്മ ഉണ്ടാക്കിത്തന്നിരുന്ന ആഹാരമെല്ലാം ഇഷ്ടമായിരുന്നു. രുചിയില്ലാത്ത, ഉപ്പോ എരിവോ മധുരമോ കൂടിയ ഒന്നും തന്നെ അമ്മ ഒരിക്കലും വിളമ്പിയിട്ടില്ല.

അമ്മയുടെ പാചകം അച്ഛൻ അങ്ങനെ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് പാചകത്തിൻറെ പേരിൽ അമ്മ അഭിനന്ദിക്കപ്പെട്ടിട്ടേയില്ല. ആ അഭിനന്ദനം പ്രതീക്ഷിച്ചിരുന്നതാവണം, അമ്മ നന്നേ ശ്രദ്ധിച്ച് വിധിപ്രകാരം മാത്രമേ പാചകം ചെയ്തിരുന്നുള്ളൂ.

തമിഴ് ബ്രാഹ്മണർ ചിത്രാന്നം എന്ന് വിളിക്കുന്ന വെറൈറ്റി റൈസ് ( ലെമൺ റൈസ് എന്ന എലുമിച്ചം പഴം ശാതം എന്ന നാരങ്ങാച്ചോറ്, കോക്കനട്ട് റൈസ് എന്ന തേങ്കാശാതം എന്ന തേങ്ങാച്ചോറ്, ടാമറിൻഡ് റൈസ് എന്ന പുളിയോദരൈ അല്ലെങ്കിൽ പുളിശാതം എന്ന പുളിച്ചോറ്, കേർഡ് റൈസ് എന്ന തൈരു ശാതം എന്ന തൈരുംചോറ് ) തയാറാക്കാൻ അമ്മ ബഹു മിടുക്കിയായിരുന്നു. അമ്മയേക്കാൾ നന്നായി ഈ ലോകത്താർക്കും ചിത്രാന്നം ഉണ്ടാക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

ലെമൺ റൈസ് എന്ന എലുമിച്ചം പഴം ശാതം എന്ന നാരങ്ങാച്ചോറ്.

നല്ലയിനം പച്ചരി. 1 ഗ്ളാസ്
തിളച്ച വെള്ളം. 2 ഗ്ളാസ്
ഉപ്പ്. ആവശ്യത്തിന്

പച്ചരി കഴുകി വൃത്തിയാക്കി ഉപ്പും ചേർത്ത് തിളച്ച വെള്ളത്തിലിട്ട് മുക്കാൽ വേവാകുമ്പോൾ അടുപ്പ് കെടുത്തി പാത്രം അടച്ചു വെക്കുക.

ചെറിയ കഷണം കായം കാൽ സ്പൂൺ നല്ലെണ്ണയിൽ വറുത്തു കോരി പൊടിച്ചു വെക്കുക.

ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ കടുക്, ഉഴുന്നു പരിപ്പ്, കടല പരിപ്പ് ഇവ അര സ്പൂൺ വീതവും ചുവന്നമുളക് ഒരെണ്ണവും രണ്ടു സ്പൂൺ നല്ലെണ്ണ ചേർത്ത് മൂപ്പിക്കുക. കടുക് പൊട്ടി ഇവയെല്ലാം മൂത്തു കഴിഞ്ഞാൽ രണ്ടു പച്ചമുളക് കുനുകുനാ അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി കുനുകുനാ അരിഞ്ഞതും രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് വഴന്നാലുടൻ കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും പൊടിച്ചു വെച്ച കായവും ചേർത്തിളക്കുക. എന്നിട്ട് അടുപ്പ് കെടുത്തുക. അതീവ സുഗന്ധമുയരുന്ന അടുക്കളയാണ് പാചകം ശരിയായി എന്നതിൻറെ തെളിവ്.

മുക്കാലും വേവിച്ചുവെച്ചിരിക്കുന്ന ചോറ് ചീനച്ചട്ടിയിലെ വറവിലേക്ക് കുടഞ്ഞിടുക. അപ്പോഴേക്കും അത് കൃത്യം പാകത്തിന് വെന്തിരിക്കും. ഒരു വലിയ ചെറുനാരങ്ങയുടെ നീര് കുരു നീക്കിയത് ചോറിലേക്ക് ചേർത്ത് എല്ലാം കൂടി ഭംഗിയായി ഇളക്കി യോജിപ്പിക്കുക. പാത്രപാകമാകും വരെ മൂടിവെക്കണം.

കാച്ചിയ പപ്പടം, സവാള, സാലഡ് വെള്ളരി, ക്യാരറ്റ് ഇവ മൂന്നും ചീവിയത്, തേങ്ങാച്ചമ്മന്തി ഈ ഉപദംശങ്ങൾക്കൊപ്പം അച്ഛന്റെ രുചി താല്പര്യം മുൻനിറുത്തി സവാളയും തക്കാളിയും മുളകും മല്ലിയും വറുത്തരച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും തൂവിയ പുഴുങ്ങിയ മുട്ട കൊണ്ടുള്ള ഒരു കറിയും അമ്മ വിളമ്പിയിരുന്നു. മുട്ട മാത്രമല്ല സവാളയും കൊച്ചുള്ളിയും വെളുത്തുള്ളിയും എല്ലാം അച്ഛന്റെ താല്പര്യത്തിനാണ് അമ്മ പാകം ചെയ്തിരുന്നത്.

എന്നിട്ടു മെല്ലെ പറയും.. 'എല്ലാം ഉപായം താൻ.. പെരിശാ ഒന്നും ശമക്കലൈ..'

ഞങ്ങൾ കുട്ടികൾ സന്തോഷത്തോടെ കഴിക്കുന്നതു നോക്കി അമ്മ അങ്ങനെ നിലാവു പോലെ പുഞ്ചിരിച്ചു നില്ക്കും.

ഒരേ പോലെയുള്ള ടിന്നുകളിലും കുപ്പികളിലും പലവ്യഞ്ജനങ്ങൾ നിറച്ചു വെക്കുന്നതായിരുന്നു അമ്മക്കിഷ്ടം. അവ നിരത്തി വെച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. പച്ചക്കറികൾ കഴുകി വൃത്തിയാക്കി ഞെടുപ്പ് കളഞ്ഞു സൂക്ഷിക്കുക, പയർ വർഗങ്ങളും പരിപ്പു വർഗങ്ങളും റവയും ചുവന്ന മുളകും മറ്റും ഇളം പാകത്തിൽ വറുത്തു സൂക്ഷിക്കുക... അങ്ങനെ ഒന്നും തന്നെ പാഴായിപ്പോവാൻ അമ്മ സമ്മതിച്ചിരുന്നില്ല. അമ്മ പെരുമാറുന്ന അടുക്കളയിലും കലവറയിലും ഒരു പ്രത്യേക സുഗന്ധമായിരുന്നു, വളരെക്കാലം ... ഇതെഴുതുമ്പോഴും ആ സുഗന്ധവും അമ്മയുടെ സാരി ഉലയുന്ന ശബ്ദവും എന്നെ ചൂഴ്ന്നു നില്ക്കുന്നുണ്ട്..

അമ്മയില്ലാതാകുന്നത് കഠിനമാണ്. ദയനീയമാണ്...

( കെ. എ. ബീന എഡിറ്റ് ചെയ്യുന്ന അമ്മരുചി എന്ന പുസ്തകത്തിലേക്ക് )

ഈ പോസ്റ്റിന് പ്രചോദനം ശ്രീമതി തനൂജ ഭട്ടതിരി Thanuja Bhattathiri എഴുതിയ കുറിപ്പ്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നാം എത്ര മുതിർന്നാലും 
അമ്മയില്ലാതാകുന്നത് കഠിനമാണ്. ദയനീയമാണ്...