Sunday, May 10, 2020

ചൊക്ളി 15

                                                      
 

15
ചൊക്ളിക്ക് തന്നെ തോന്നിയൊടങ്ങി, ഈ നേരം നേരം ന്ന് പറേണത്ര തമാശ വേറേ ഒര് കുന്തത്ത്നും ഇല്യാന്ന്.. മൻഷ്യൻമാരും നേരോം ഒര്മിച്ച് കൂട്യാ പിന്നെ എന്തൊക്ക്യാണ്ടാവാന്ന് പറയ്യാൻ ആരക്കും പറ്റ് ല്യാ..

രവീനെ ഒലക്ക്യോണ്ട് ഉര്ട്ടിക്കൊന്നു പോലീസാര്ന്ന് അറിഞ്ഞിട്ടാണ് വാരര് മാഷ് എംഡ്രീം വെഷം കുടിച്ചത്.. അത് രവീനെ അല്ല.. ഒര് വാരര് രാജനെ ആരുന്നൂ.. അപ്പോ.. ആ നേരന്ന് വെച്ചാ ആരും ചോയിച്ചാ ശരിക്ക് മറുവടി ഒന്നും പറയാത്ത കാലാണ്. സാധാരണ മനിഷേരേ കണ്ടാ ഏത് സർക്കാര് ആപ്പീസും അപ്പോത്തന്നെ ഒര് ചൂലോണ്ട് അടിച്ച് ഓടിപ്പിക്കണ കാലാണ്.

'ആ രാജൻറെ കാണാണ്ട് പോയ ദേഹത്തിൻറെ ബലം നീ അറിഞ്ഞോടാ ചൊക്ള്യേ..'ന്ന് രവ്യേട്ടൻ ചോയിച്ചപ്പോ ചൊക്ളിക്ക് ചിരി വന്നു.

ന്നാലും തല കുൽക്കി.. എന്ത്ന്നാ രവ്യേട്ടൻ കൊഴകൊഴാന്ന് പറേണ്..

മുക്കിയ മന്ത്രി മാറീന്നാണ് ആ ബാലേന്ദ്രൻറെ വീമ്പടിക്കല്.. ഏതോ ഒര് ദേശായോ ആരാണ്ടും കാരണം. അതോണ്ടെന്താ കാര്യം.. ആ രാജൻ എവിട്യാ പോയേന്നറിഞ്ഞാ ആരേലും..ഇല്ല്യ..ചത്താ കെട്ടാ.. തല്ലിക്കൊന്ന് കത്തിച്ചാ .. കുയിച്ചിട്ടാ..ആരക്കാ അറീയാ..

ഒര് മുക്കിയ മന്ത്രി പോയ്പ്പോ അട്ത്ത ആള് വരായി..

ഇത്തരേം അടിയൊണ്ടിട്ടും രവ്യേട്ടനും ആ ബാലേന്ദ്രൻറെ പോലേ മുക്കിയമന്ത്രി മാറീത് നന്നായീന്ന് വിജാരിക്കണേന്താവോ.. അതോണ്ട് ഒര് കാര്യോണ്ടായില്ലാന്ന് ന്താവോ അറിയാത്തേ. ഇഞ്ഞീപ്പോ അയ്യാള് നേരിട്ട് ചെന്ന് പറഞ്ഞ്ട്ടാരിക്കോ രാജനേം രവ്യേട്ടനേം പൊല്ലീസാര് ങ്ങനെ കൊല്ലാക്കൊല ചീതത്...

രവ്യേട്ടൻ ഇപ്പോ ചൊക്ളീടൊപ്പായി ഏത് നേരോം. ആരൂല്ലാത്ത ഒര് മൻഷ്യൻ.. ബീഡീം വലിച്ച് കൊക്കിക്കൊരച്ച്.. കണ്ണ്മ്മേ അടിച്ചടിച്ച് അത് ചോന്ന് കലങ്ങി തുറിച്ച്.. വല്ലോം മുമ്പീ വെച്ചാ വാരിത്തിന്നാങ്കൂടി രവ്യേട്ടന് പറ്റ്ണില്ല.. നഗര്മ്മ്യൊക്കെ പോലീസാര് സൂചി എറക്കീ..അണ്ടിക്കൊഴലില് ഈർക്കില് കേറ്റി.. പിന്നെ തല കീപ്പട്ട് ഇട്ട് വെഞ്ച്മ്മേ കെടത്തി മേത്തൊക്കെ ഒലക്ക വെച്ച് ഉര്ട്ടി..

നെഞ്ചത്ത് കറ്ത്ത പൂട്ട്ട്ട് ചവ്ട്ടി. അപ്പളാണ് കൊക്കിക്കൊരച്ച് തൊടങ്ങ്യേ.. അടിവയറ്റീലും കറ്ത്ത പൂട്ട്ട്ട് ചവിട്ടീട്ട്ണ്ട്..അതാരണം ഒട്ക്കത്തേ വേദന്യാണ്..

പട്ടി നെലോളിക്കണ പോല്യാ ചെല നേരത്ത് നെലോളി..അത് കേട്ട് സയിക്കാൻ ആരക്കും പറ്റ്ല്ല.

കാട് കേറിയ വാര്യത്തേ ഉമ്മറത്ത് രണ്ടീസം കെട്ന്നല്യാ..അപ്പളക്കും വാരര് മാഷ്ടെ ചേട്ടൻ വന്ന് അടിച്ചെറക്കി..ആ വീട് മാഷ് ചേട്ടന് എഴ്തി വെച്ചണ്ട്ന്നാ പറഞ്ഞേ. രവ്യേട്ടന് വീട്ട്ല് അവകാശം ല്യാന്ന്. ചത്തുപോയോനെന്ത്നാ ബൂമീം വീടുംന്ന്.. രവ്യേട്ടൻ വല്ലിച്ചാന്ന് ഒരിക്കേം വിള്ച്ചില്ല..ഇങ്ങനെ തുറിച്ചോക്കി നിന്നു. മൊകത്ത് കണ്ണീരൊന്നുണ്ടായ്ല്ല. 'ൻറെ അന്യേൻറെ മോൻ രവി ചത്ത് പോയീ..ദാരാന്ന് ഞാനറീല്ലാ, ഇയ്യാള് ഇബടെ കേറാമ്പാടില്ല' ന്നാണ് വാരര് മാഷ്ടെ ചേട്ടൻ കൊരച്ച് ചാടീത്.. അയ്യാള് പോല്ലീസിനെ വിളിക്ക്ന്ന് പറഞ്ഞപ്പോ രവ്യേട്ടന് ബയങ്കര ദണ്ണെളക്കം വന്ന്.. അപ്പോ ആ മൻഷ്യന് ഒന്നൂടി പറയാൻ കിട്ടി ..'ഇത് രവ്യല്ല..അവന് ദണ്ണെളക്കം ണ്ടാര്ന്നില്ല..'

ഇപ്പ പാറേമ്മെ കെട്ക്കാൻ രണ്ടാളായി..രവ്യേട്ടന് ഒര് പോക്കേടല്യാ.. ആരും പറഞ്ഞ് ല്യാ..എൻറോടക്ക് പോര് രവ്യേന്ന്..

പാറേമ്മെ കെട്ക്കാന്ന് പറഞ്ഞപ്പോ കുഞ്ഞിക്കുട്ട്യോളടന്തി രവ്യേട്ടൻ മിഴിച്ചോക്കി.. പിന്നെ വെറച്ച് വെറച്ച് അങ്ങട് വന്നു..ബീഡി വലിക്കലാണ് എപ്പളും.. അത് മാത്തറം ചോയിക്കും.. വേറേ ഒന്നും വേണ്ടേനീം.. 'ഒര് മൻഷ്യനല്ലേ, കഞ്ഞീരേ വേള്ളേലും നമ്മ്ള് കൊട്ക്കണ്ടടാ ചൊക്ള്യേ'ന്ന് പറഞ്ഞ് ദേവുഅമ്മ ത് ന്നാൻ കൊടക്കും. ഒന്നുങ്ങട് എറങ്ങ്ല്യാ.. ചായേൻറെ വെള്ളോ ഇട്ലിയോ ചോറോ ഒന്നും എറങ്ങ്ല്യാ.. കൊറേച്ചേ ത് ന്നും.. അയിനന്നേ കൊറേ നേരം വേണം.

കഷ്ടാണ് .. കൊക്കിക്കൊരച്ച് ങ്ങനെ..

ഇത്തരി ആവത് തോന്ന്യാ പാറേൻറെ പിന്നാമ്പൊറത്ത് നാട്ടെടവഴി എത്തണേന് മുപ്പാട്ള്ള എടത്ത്..ഒരോന്ന് കുത്തിയെളക്കും. അവടെ ചെട്ടിച്ച്യോളടെ തലേന്ന് വീണ ഒണക്കപ്പൂക്കള്ടെ വിത്തോള് മൊളച്ചതേര്ന്ന്.. ഇപ്പോ രവ്യേട്ടൻറെ വെണ്ടേം വഴുതന്യാണ്.. ഒര് മുരിങ്ങേം പൊന്തീട്ട്ണ്ട്. ദേവുഅമ്മക്ക് അതങ്ങട്ട് ഇഷ്ടായി..'ചെട്ടിച്ച്യോളടെ പൂക്ക്ളേലും നല്ലത് മ്പടെ വെണ്ടന്ന്യാ'ന്ന് ദേവുഅമ്മ ചിറിക്കണ്ടാര്ന്നു. വേണ്ടിവന്നാ അവര്ക്ക് ചായക്കടേല്ക്കും ഇടുക്കാലോ..അതന്നെ കിക്കീച്ച്ന്ന് ചിരിക്കണേൻറെ കാര്യം..

ചെട്യോളെ .. ഇത് നല്ലത്.. അത് കെട്ടത്.. ഇങ്ങന്യൊക്കെ വെറ്തെ പറയാണ്ന്നാണ് ചൊക്ളിക്ക് തോന്നണേ. ദേവുഅമ്മ നല്ലത്, പഴനീടെ തള്ളച്ചെട്ടിച്ചി കെട്ടത് ന്ന് പറേണ കണക്കന്നെ. ഒക്കെ ഈ ബൂമില്ണ്ട്. ചെട്ടിച്ചി പ്പൂവ്ണ്ട്.. വെണ്ടേണ്ട്.. വഴുതനേണ്ട്.. ചെട്ടിച്ചി പ്പൂ വേണ്ടാന്ന് പറയാമ്പാട്ണ്ടാ..

രാത്ത് രിക്ക് വാട്ടച്ചായേണ് ദേവുഅമ്മ പാത്രത്തില് തരാ.. കുറ്റല്ല.. പാല് ണ്ടാവില്ല..അപ്പോ ഒരു ചൂട്ള്ള വെള്ളം.. രവ്യേട്ടന് അതെങ്കി അത്.. കൊടക്കണ്ട്ല്ലോ.. ചെട്യോൾടെ കാര്യം പറഞ്ഞപ്പോ രവ്യേട്ടൻ കൊക്കിക്കൊരച്ച് ട്ട് പിന്നങ്ങട് ചിറിച്ചു..

ടാ.. നീയ് നക്സലൈറ്റ് ആണ് ല്ലോ..

ചൊക്ളിക്ക് പേട്യായി..

'അയ്യോ.. വേണ്ട..നസ്കലേറ്റാവണ്ട.. പോല്ലീസ്സ് കൊണ്ടോയി രവ്യേട്ടൻറെ ചേല്ക്കാക്കും'

രവ്യേട്ടൻ പിന്നേം ചിറിച്ചു.

അട്ത്ത ദൂസാണ് ചൊക്ളിക്ക് ഒര് കൈയ്യോട്ട് പണി വന്നത്. കൊണ്ടന്നത് രാമേട്ടനാര്ന്നു. പൊഴപ്പാലത്ത്ൻറവ്ടെ…

അദ് നന്നായി..അല്ലെങ്കി കാണാര്ന്നു..

No comments: