Monday, October 15, 2018

മധുരനാളുകള്‍ 1

https://www.facebook.com/echmu.kutty/posts/944540779058550

തിരുവനന്തപുരം നഗരം ഒരു കുളിരായിത്തീര്‍ന്ന മധുരനാളുകള്‍

പ്രീഡിഗ്രി എഴുതിക്കഴിഞ്ഞ അവധിക്കാലമായിരുന്നു. മാനസികമായി ഞാന്‍ തകര്‍ന്ന് തരിപ്പണമായ ഒരു കാലം. അമ്മയുടെ ചെക് അപ്പിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നേയും അച്ഛനമ്മമാര്‍ ഒപ്പം കൂട്ടി . എനിക്ക് ഒരു മാറ്റം വേണമെന്ന് അമ്മയ്ക്ക് തോന്നിയിരുന്നു.

തീവണ്ടിയിലെ രാത്രി യാത്രയില്‍ ഞാന്‍ ഒട്ടും ഉറങ്ങിയില്ല. കണ്ണ് മിഴിച്ച് കിടന്ന് പിന്നിലേക്കോടി മറയുന്ന വിവിധ ദേശങ്ങളെ കണ്ടുകൊണ്ടിരുന്നു. കൂടുതലും ഇരുട്ട് പുതച്ച ദേശങ്ങള്‍. അവിടവിടെ മങ്ങിയ വെളിച്ചം. തീവണ്ടി മുറിയിലെ പലതാളത്തിലുള്ള കൂര്‍ക്കം വലികള്‍ ... അങ്ങനെ തീരെ ഉറങ്ങാതെ ബെര്‍ത്തില്‍ കമിഴ്ന്ന് കിടന്ന് തിരുവനന്തപുരം നഗരത്തിന്‍റെ വെളിച്ചങ്ങളിലേക്കും പതുക്കെ പൊട്ടി വിടരുന്ന പ്രഭാതത്തിലേക്കും ഞാന്‍ എത്തിച്ചേര്‍ന്നു.

അന്ന് കൂടെ യാത്ര ചെയ്ത ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുണ്ടായിരുന്നു. സലിം എന്ന പേരില്‍ ... തൃശ്ശൂര്‍ ജില്ലയിലെ അഷ്ടമിച്ചിറ സ്വദേശി... അയാളും എന്നെപ്പോലെ ഉറങ്ങാതിരുന്നു നേരം വെളുപ്പിക്കുകയായിരുന്നു. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം അയാള്‍ ചൂണ്ടിക്കാണിച്ചു തന്നു. എന്‍ട്രന്‍സ് പരീക്ഷകളെപ്പറ്റിയും ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയും എന്തൊക്കേയോ സംസാരിച്ചു.

ഒരാഴ്ച തിരുവനന്തപുരത്ത് ചെലവാക്കി ഞാനും അമ്മയും അച്ഛനും. .. ആ ദിവസങ്ങളിലാണ് എന്നെ സ്നേഹിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുകയും ചെയ്ത ഒരു യുവകോമളനെ ഞാന്‍ കണ്ടുമുട്ടിയത്. അയാളുടെ വീട്ടില്‍ ഞങ്ങള്‍ മൂന്നാലു ദിവസം താമസിച്ചു. എന്‍റെ മുട്ടുവരെ നീണ്ട തലമുടി 'വെപ്പു മുടിയാണോ' എന്ന് ചോദിച്ച് അയാള്‍ അതു പിടിച്ചു വലിച്ചു നോക്കി. ചിരിക്കാന്‍ മറന്നു പോയിരുന്ന എനിക്ക് അന്നേരം വല്ലാതെ ചിരി വന്നു.

അതായിരുന്നു തുടക്കം.

പിന്നീട് ഞങ്ങള്‍ കോട്ടയത്തു വെച്ചു കണ്ടു, അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. മഴയത്ത് കുടയും പിടിച്ച് ചെളിവെള്ളം കുത്തിയൊലിക്കുന്ന ഇടവഴികളിലൂടെ നടന്ന് ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് കല്യാണത്തോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. മാട്രിമണിയെന്ന ഏര്‍പ്പാടിനെ ഒരു ടെറര്‍ ആയി മാത്രമേ എനിക്ക് കാണാനാകുന്നുള്ളൂ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. എന്നെ വൈവാഹികബന്ധത്തിന്‍റെ മാധുര്യത്തെക്കുറിച്ച് ബോധ്യമാക്കിത്തരികയെന്നത് ഒരു ചുമതലയായി ഏറ്റെടുത്തു വിജയിപ്പിക്കുമെന്ന് അയാള്‍ വാക്കു നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം ഒടുവില്‍ പതുക്കെപ്പതുക്കെ എന്‍റെ പ്രതിരോധങ്ങള്‍ കുറഞ്ഞു വന്നു.

അമ്മയോട് ചോദിച്ച് സമ്മതം വാങ്ങിയിട്ടാണ് ഞാന്‍ അയാളെ വിവാഹം കഴിക്കാമെന്ന് വാക്കു പറഞ്ഞത്.

ഞങ്ങള്‍ പരസ്പരം നീണ്ട കത്തുകള്‍ എഴുതി. അമ്മമാരുടെ മേല്‍വിലാസങ്ങളില്‍ അയച്ചു. ഞങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞ് തത്താപൊത്താന്ന് നടന്നു തുടങ്ങുമെന്ന് അയാള്‍ എനിക്ക് എഴുതി. കുഞ്ഞിന്‍റെ ആ നടത്തം സങ്കല്‍പിച്ച് ഞാന്‍ ആനന്ദിച്ചിരുന്നു. എന്നെ ടേയ്, എന്നാണ് അയാള്‍ വിളിച്ചിരുന്നത്. ആ വിളി എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിഷ്കളങ്കമായ കത്തുകള്‍ ആയിരുന്നു ഞങ്ങളുടേത്. അവയില്‍ ലൈംഗികച്ചുവയോ കാമമോ ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് സാധിക്കുമ്പോഴെല്ലാം ഫോണില്‍ സംസാരിച്ചു. പരിഭവിച്ചു, ചില്ലറ സ്നേഹക്കലഹങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമായിരുന്നു. അയാള്‍ ജോലി പരീക്ഷകള്‍ക്കും മുഖാഭിമുഖത്തിനും ഒക്കെ പോകുമ്പോള്‍ എന്നെ കാണാന്‍ വേണ്ടി മാത്രം ചിലപ്പോള്‍ റൂട്ട് മാറ്റി എന്‍റെ വീട്ടിലേക്ക് വന്നു.

അക്കാലങ്ങളില്‍ ഞാന്‍ എപ്പോഴും തിരുവനന്തപുരത്ത് പോകാന്‍ ആഗ്രഹിച്ചു. ചിലപ്പോള്‍ ആ ആഗ്രഹം സാധിച്ചില്ല.. ചിലപ്പോള്‍ സാധിച്ചു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ അയാള്‍ എനിക്ക് റ്റു സര്‍, വിത് ലൌ എന്ന സിഡ്നി പോയിറ്ററുടെ അതിമനോഹരമായ സിനിമ കാണിച്ചു തന്നു. അരുവിക്കര ഡാമില്‍ കൂട്ടിക്കൊണ്ടു പോയി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഓണാഘോഷം അയാള്‍ക്കൊപ്പമാണ് ഞാന്‍ കണ്ടത്. യേശുദാസിന്‍റെയും മാധുരിയുടേയും ഗാനമേളകള്‍ കേട്ടു. ഞങ്ങള്‍ തനിച്ചായിരുന്നില്ല. അയാളുടെ അമ്മയും പെങ്ങളുമൊക്കെയുണ്ടായിരുന്നു.

എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയിലെ ശ്രീധരന്‍റെ കല്യാണത്തലേന്ന് എഴുതപ്പെട്ട ഡയറിക്കുറിപ്പ് പോലെ എന്നെ വധുവായി സ്വീകരിക്കുന്ന പുണ്യദിനത്തെക്കുറിച്ച് അയാള്‍ ഡയറിയിലെഴുതിയത് എനിക്ക് കാണിച്ചു തന്നു അയാളുടെ പെങ്ങള്‍. അന്ന് ഞാന്‍ ഒത്തിരി ആഹ്ലാദിച്ചു. അയാള്‍ മനോഹരമായി എഴുതുന്നുവെന്നതുകൊണ്ടും ഞാന്‍ അയാളുടെ ജീവിതത്തില്‍ കടന്നു ചെല്ലുന്നത് ഒരു പുണ്യമായി അയാള്‍ കാണുന്നുവെന്ന അറിവുകൊണ്ടും...

എന്‍റെ വീട്ടില്‍ അഗ്നിപര്‍വതം പുകയും പോലെ വേദനകളും വിഷമങ്ങളും തിങ്ങി നിറഞ്ഞ ഒരു കാലം കൂടിയായിരുന്നു അത്. അച്ഛന്‍റെ വനിതാസുഹൃത്തുക്കള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഞങ്ങള്‍ അമ്മയുടേയും മൂന്നു പെണ്‍കുട്ടികളുടേയും ജീവിതത്തെ കത്തിച്ചു ചാമ്പലാക്കിക്കൊണ്ടിരുന്ന കാലം. അമ്മയും ഞങ്ങളും സഹിച്ച അപമാനത്തിനോ കുടിച്ച കണ്ണീരിനോ ഒരു അളവും കണക്കും ഇല്ലാതിരുന്ന കാലം. ഡയാന രാജകുമാരി സ്വന്തം ദാമ്പത്യത്തെ വിശേഷിപ്പിച്ചതു പോലെ 'ഇറ്റ്സ് എ ബിറ്റ് പോപ്പുലേറ്റഡ് ....' അങ്ങനെ ആള്‍ത്തിരക്കു കൂടിയ ദാമ്പത്യമായിരുന്നു അമ്മയുടേയും അച്ഛന്‍റേയും...

അസാധാരണമായ ജീവിതാനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വളരെ സാധാരണമായ ബന്ധങ്ങള്‍ നമുക്ക് സാധിക്കാതെ വരും എന്നാണ് ഞാന്‍ പഠിച്ച ഒരു ജീവിതപാഠം.

ഏറെസ്സഹിച്ച അമ്മയുടെ വളരെ ദുര്‍ബലമായ പ്രതിഷേധങ്ങള്‍ പോലും മനസ്സിലാക്കാനാവുന്നവര്‍ കുറവായിരുന്നു. അച്ഛനെ ന്യായീകരിക്കാനാണ് എല്ലാവരും തയാറായത്. വൈഭവമുള്ള പെണ്ണാകുന്നില്ല അമ്മയെന്നും അച്ഛനെ അമ്മയില്‍ തന്നെ കെട്ടിയിടാനുള്ള കഴിവില്ല അമ്മയ്ക്കെന്നും എല്ലാവരും പറഞ്ഞു. അമ്മയുടെ ജീവിതകാലമത്രയും പറഞ്ഞുകൊണ്ടേയിരുന്നു.

ഞാന്‍ സ്നേഹിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുകയും ചെയ്തവനും അച്ഛന്‍റെ രീതികള്‍ മനസ്സിലായില്ല. അമ്മയോടുള്ള എതിര്‍പ്പ് അച്ഛനെ ഏതറ്റം വരെ എത്തിക്കുമെന്ന് തിരിച്ചറിയാന്‍ മാത്രമുള്ള പക്വതയും പാകതയുമൊന്നും ഒരു ഇരുപത്തിരണ്ടുകാരനില്‍ പ്രതീക്ഷിക്കുന്നതും വിഷമകരമായിരുന്നു.

കാര്യങ്ങള്‍ മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തെങ്കിലും ഞാന്‍ ആ ആഘാതത്തില്‍ നിന്നും പെട്ടെന്ന് കരകയറി. കാരണം അതിനേക്കാളുമൊക്കെ വളരെ വലിയ ആഘാതങ്ങള്‍ എന്നെ കാത്ത് ജീവിതനടവഴികളില്‍ ഇരിപ്പുണ്ടായിരുന്നു. അവയിലേക്ക് നടന്നടുക്കേണ്ടത് എന്‍റെ നിയോഗമായിരുന്നുവല്ലോ.

No comments: