Monday, October 15, 2018

പച്ചക്കറി വില്‍ക്കുന്ന ഔസേപ്പ് മാപ്ല.

https://www.facebook.com/echmu.kutty/posts/950324875146807

എന്താണെന്നറിയില്ല, ഞാനിന്ന് രാവിലെ ഔസേപ്പ് മാപ്ലയെ ഓര്‍ത്തു. വയറും പുറവും ഒന്നായി ഒട്ടിയ പോലെ മെലിഞ്ഞു നീണ്ട് , മുഴുക്കഷണ്ടിയുള്ള തലയില്‍ ഒരു തുണി ചുറ്റി ബണ്‍ പോലെയാക്കി അതിന്മേല്‍ പച്ചക്കറി വട്ടിവെച്ച് ആടിയാടി ആ പാവം നടന്നു വരും. വിയര്‍ത്തു കുളിച്ചിട്ടാവും വരിക. വരുമ്പോള്‍ രണ്ട് രണ്ടര മണിയായിട്ടുണ്ടാവും. ശനിയാഴ്ച ദിവസങ്ങളില്‍ മാത്രമേ ഔസേപ്പ് മാപ്ല വരുള്ളൂ. അന്ന് അമ്മീമ്മയ്ക്ക് സ്കൂളുണ്ടാവില്ല. അമ്മീമ്മ ഉമ്മറത്തെ വരാന്തയിലിരുന്ന് മാതൃഭൂമി പത്രം വിസ്തരിച്ചു വായിക്കുന്ന നേരമാണത്.

വന്നാലുടനെ പച്ചക്കറി വട്ടി താഴെയിറക്കി വെയ്ക്കും. തലയിലെ ബണ്‍ തുണിയെടുത്ത് വിയര്‍പ്പു തുടയ്ക്കും. അത് വട്ടത്തില്‍ കറക്കി വീശിക്കൊണ്ട് ഭാരം ചുമന്ന് നടന്നു വന്ന കിതപ്പും ചൂടുമാറ്റും. ഇതൊന്നും അമ്മീമ്മ ശ്രദ്ധിക്കുകയേ ഇല്ല. ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞ ശേഷമാണ് പച്ചക്കറിക്കച്ചവടം.

ആദ്യം എല്ലാ പച്ചക്കറിയും വരാന്തയില്‍ നിരത്തി വെക്കും. ആ വട്ടിയില്‍ ഇല്ലാത്ത പച്ചക്കറിയൊന്നും ഈ ലോകത്തില്‍ വിളയുന്നേയില്ല എന്നായിരുന്നു എന്‍റേയും അനിയത്തിമാരുടേയും ഏറെക്കാലത്തെ വിശ്വാസം. ഏത് പച്ചക്കറി വേണമെന്ന് ആവശ്യപ്പെട്ടാലും ഔസേപ്പ് മാപ്ല കൊണ്ടുവരും. ഈയാഴ്ച പറ്റിയില്ലെങ്കില്‍ അടുത്താഴ്ച. പിന്നെ രാസവളങ്ങളും മറ്റും ചേര്‍ക്കുകയില്ല. സ്വന്തം കൃഷിയിടത്തില്‍ പച്ചിലവളവും ചാണകവും ഗോമൂത്രവും ആട്ടിന്‍കാട്ടവുമൊക്കെയാണ് ഉപയോഗിക്കുക. അതുകൊണ്ട് മാപ്ല കൊണ്ടുവരുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ ഞങ്ങള്‍ കുട്ടികള്‍ ഇങ്ങനെ തടിച്ചുരുണ്ട് മിടുക്കത്തികളായിത്തീരും.

കുമ്പളങ്ങ പച്ചമുളക് കീറിയിട്ട് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വെന്തുകഴിയുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇറക്കിവെയ്ക്കുക. ഒരിടങ്ങഴി ചോറുണ്ണാന്‍ ഇതു മാത്രം മതി. അത്ര സ്വാദാണ് ഔസേപ്പ് മാപ്ലയുടെ നെയ്ക്കുമ്പളങ്ങയ്ക്ക്.

പിന്നെ സ്വര്‍ണവര്‍ണമുള്ള മത്തങ്ങ കടുകും അരിയും ചുമന്ന മുളകും പൊട്ടിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് ഉലര്‍ത്തിയത് കൂട്ടി ഒരിടങ്ങഴി കഞ്ഞി കുടിക്കാം. അത്ര മേന്മയാണ് മാപ്ല കൊണ്ട് വരുന്ന മത്തങ്ങയ്ക്ക്.

ചുരുക്കത്തില്‍ സകല പച്ചക്കറിയും ഇങ്ങനെ കെങ്കേമമാണ്. 'അപ്പോ എല്ലാം ഇറക്കി വെയ്ക്കട്ടേ.. ടീച്ചറ് കാശ് തര്വോ' എന്ന് മാപ്ല വട്ടി കാലിയാക്കും.

അമ്മീമ്മ അപ്പോഴാണ് മുഖമുയര്‍ത്തി നോക്കുക . എന്നിട്ട് ചോദിക്കും. 'എന്താദ് ഔസേപ്പേ... ഇവടെ കല്യാണൊന്നൂല്യ. ഇത്രേം പച്ചക്കറി എന്തിനാ? '

'കൊറേശ്ശേ എടുത്ത് കൂട്ടാന്‍ വെച്ചാ മതീന്ന് '

അപ്പോള്‍ അമ്മീമ്മ ഏതെങ്കിലും രണ്ട് മൂന്ന് തരം പച്ചക്കറികള്‍ എടുക്കും. പിന്നെ വില പറയലാണ്. മാപ്ല പത്തു രൂപ എന്നു പറഞ്ഞാല്‍ അഞ്ചു രൂപയാക്കും അമ്മീമ്മ.

'നിങ്ങളു നല്ലോരു തറവാട്ടില്‍ പിറന്നിട്ട് ഇങ്ങനെ പിച്ചത്തരം പറേരുതെന്ന് ' മാപ്ല ഉശിരോടെ കയര്‍ക്കും.

അമ്മീമ്മയും വിടില്ല. 'എനിക്ക് നിധിയൊന്നൂല്ല്യാ.. ഞാനൊരു പാവം ടീച്ചറാ. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടണ ശമ്പളത്തിലാ ഞാന്‍ ജീവിക്കണേ. നിന്‍റെ വെള്ളിക്കുമ്പളങ്ങേം സ്വര്‍ണമത്തങ്ങേം ഒന്നും എനിക്ക് വേണ്ട. കൊണ്ടുപോക്കോ.'

'ടീച്ചറ് ഒരു ഒമ്പതു രൂപ തന്നാ മതി' എന്നാവും ഔസേപ്പ് മാപ്ലയുടെ മറുപടി അപ്പോള്‍.
'അഞ്ചു രൂപ' എന്ന് തന്നെ അമ്മീമ്മ പറയും.

മാപ്ലക്ക് ദേഷ്യം വരും . എല്ലാ പച്ചക്കറിയും ഒരോന്നായി എടുത്ത് തിരികേ വട്ടിയില്‍ വെയ്ക്കും. 'ദ്ദി.. ദ്ദീ.. ഞാന്‍ വല്ല ചീത്തേം വിളിച്ചു പറേം .. അഞ്ചുറുപ്പികേയ്.. ഞാന്‍ തരില്ല. പോവ്വാ ഞാന്‍.. ആ രാജിമ്യാരുടെ മഠത്തിലോ വിജയമ്യാരുടെ മഠത്തിലോ കൊണ്ടോയി കൊടുക്കട്ടെ.. '

അമ്മീമ്മ ഒന്നും പറയില്ല.

ഗേറ്റ് വരെ നടന്നെത്തുമ്പോഴേക്കും അതായത് മൂവാണ്ടന്‍ മാവിന്‍റെ അടുത്തായാല്‍ 'എട്ടു രൂപ' എന്നാക്കും മാപ്ല. അമ്മീമ്മ അപ്പോഴും അഞ്ചു രൂപയില്‍ നില്‍ക്കും. 'ദ്ദി ദ്ദി .. ടീച്ചറാന്നും വല്യോരു മഠത്തിലെയാന്നും ഞാന്‍ മറക്കും. വല്ല ചീത്തേം പറയും. ങാ ' എന്നു കയര്‍ക്കും. ഗേറ്റിനു മുമ്പ് ഒരു കടുമാങ്ങ മാവുണ്ട്... മുല്ലവള്ളി പടര്‍ന്നു കയറിയ ഒരു സുന്ദരന്‍ മാവ്. അവിടെ എത്തുമ്പോള്‍ വില ഏഴു രൂപയാകും. അമ്മീമ്മ അനങ്ങില്ല. ഗേറ്റിങ്കല്‍ നിന്ന് പിന്നേം ചോദിക്കും. 'അവസാനായിട്ട് ചോദിക്കാ... ആറു ഉറുപ്പിക തര്ണ്ടോ നിങ്ങള്... ?'

അപ്പോള്‍ അമ്മീമ്മ സമ്മതിക്കും. അങ്ങനെ പച്ചക്കറിക്കച്ചവടം നടക്കും. ഇറച്ചീം മീനും കഴിക്കാത്തതുകൊണ്ട് പരോശായ ഞങ്ങള്‍ കുട്ടികള്‍ക്ക് നല്ല നല്ല കൂട്ടാനുകള്‍ വെച്ചുകൊടുത്ത് തടിയും നിറവും വെപ്പിക്കാന്‍ പറഞ്ഞ് മാപ്ല പഞ്ചായത്തിനിരിക്കും. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങള്‍ ഒരു സഹോദരിയോടെന്നപോലെ തുറന്നു സംസാരിക്കും. ഭാര്യ പിണങ്ങിയത്, മോള്‍ക്ക് വരണ കല്യാണാലോചനക്കാരൊക്കെ ഒടുക്കത്തെ സ്ത്രീധനം ചോദിച്ച് ഉപദ്രവിക്കുന്നത്, ആട് കയറഴിഞ്ഞു പോയത്, കിണറ്റില്‍ വെള്ളം വറ്റാറായത്... അങ്ങനെ എല്ലാം . ഒടുവില്‍ ഒരു ചായ ചോദിച്ചു മേടിച്ചു കുടിക്കും.

പിന്നെ പോവാന്‍ എണീറ്റിട്ട് ഒരു പറച്ചിലുണ്ട്... 'നിങ്ങടേന്ന് കൈനീട്ടം വാങ്ങിയാ ഒഴിഞ്ഞ വട്ടിയായിട്ട് പോവാം കുടുമ്മത്തേക്ക്... ദ്ദി.. ദ്ദി.. അതാ ... വട്ടീം ചൊമന്ന് ഈ പടീലു ആദ്യം വരണേ.. '

അമ്മീമ്മ പൂര്‍ണമായും കിടപ്പിലായപ്പോള്‍ മാപ്ല കാണാന്‍ വന്നിരുന്നു. ഒരക്ഷരം പറഞ്ഞില്ല. കണ്ണില്‍ നിന്ന് കുടുകുടെ വെള്ളമൊഴുകി... തലയിലെ ബണ്‍ തുണിയെടുത്ത് അതു തുടച്ചിട്ട് നെടുംകുത്തനെ അങ്ങ് നടന്നു പോയി. ...

അധികം വൈകാതെ ഔസേപ്പ് മാപ്ലയെ കര്‍ത്താവ് വിളിച്ചു. അന്ന് അമ്മീമ്മ വല്ലാതെ സങ്കടപ്പെട്ടു കരഞ്ഞുവെന്ന് അമ്മ പറഞ്ഞ് ഞങ്ങള്‍ അറിഞ്ഞു......