Monday, October 15, 2018

സൈന്യവും പോലീസും

https://www.facebook.com/echmu.kutty/posts/951958374983457

ഏതു നാട്ടിലായാലും ഭരണാധികാരികള്‍ക്കൊപ്പമായിരിക്കും അവര്‍. അതാണ് അവരുടെ ജോലി. അധികാരത്തിനും ഭരണത്തിനും കാവലായിരിക്കുക. അവര്‍ക്ക് അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കൊപ്പമാവാന്‍ ഒരിയ്ക്കലും പറ്റില്ല. ജനങ്ങളെ സംശയിക്കുക, അവരുടെ സ്വാതന്ത്ര്യത്തെ പറ്റാവുന്നത്ര നിയന്ത്രിക്കുക, ജനങ്ങളുടെ വിധേയത്വം ഉറപ്പു വരുത്തുക ഇതൊക്കെ സൈന്യവും പോലീസും ചെയ്തേ തീരു.' പാങ്ങില്ലെങ്കില്‍ പട്ടാളക്കാരനാവുക' എന്നും 'ആര്‍ക്കും പോലീസാവാം' എന്നും പറഞ്ഞ് ജനങ്ങള്‍ സമാധാനിക്കും. സൈന്യവും പോലീസും ഒപ്പം നില്‍ക്കുമെന്ന് ഒരു രാജ്യത്തിലെ ജനങ്ങളും തമാശയായിപ്പോലും കരുതുന്നുണ്ടാവില്ല.

ലോകം മുഴുവനുമുള്ള സൈന്യത്തിന്‍റേയും പോലീസിന്‍റെയും അധികാരാതിക്രമങ്ങളെപ്പറ്റി ഒത്തിരി വായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭരണാധികാരികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും സ്വന്തം വ്യക്തിത്വവൈകല്യങ്ങള്‍ നിസ്സഹായരുടെ പുറത്ത് അടിച്ചേല്‍പ്പിക്കുമ്പോള്‍ കിട്ടുന്ന വികലമായ മാനസികസംതൃപ്തിക്കുവേണ്ടിയും സൈന്യവും പോലീസും ജനങ്ങളെ ഭയത്തിന്‍റെയും പീഡനത്തിന്‍റെയും മുള്‍മുനയില്‍ നിറുത്താറുണ്ടെന്നും വ്യക്തമായി അറിയാം, യൂണിഫോമിന്‍റെ മഹത്വത്തെപ്പറ്റി വാചാലരാകുന്നവര്‍ ആ വസ്ത്രത്തില്‍ക്കയറിക്കഴിയുമ്പോള്‍ വ്യക്തിയില്‍ സംഭവിക്കുന്ന അധികാരപരിവര്‍ത്തനത്തെപ്പറ്റി നിശ്ശബ്ദത പാലിക്കും. രാജ്യസ്നേഹം എന്നത് യൂണിഫോമിനോടുള്ള അപ്രമാദിത വിധേയത്വമാണെന്നാണല്ലോ പൊതുവേ പറഞ്ഞുപഠിപ്പിക്കുക. സ്കൂളിലും നാട്ടിലും വീട്ടിലും പുസ്തകത്തിലും സിനിമയിലും നാടകത്തിലും പാട്ടിലുമൊക്കെ...

പരാതിയുമായി സമീപിക്കേണ്ടി വരുമ്പോഴാണ് അധികാരലഹരി ജനങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ എത്രത്തോളം കടലാഴങ്ങള്‍ തീര്‍ത്തിട്ടുണ്ടെന്ന് ശരിക്കും അറിയുക. അപ്പോള്‍ അനുഭവപ്പെടുന്ന നിസ്സഹായതയ്ക്ക് പകരം വെയ്ക്കാനുള്ള യാതൊരു സംവിധാനവും നിര്‍ഭാഗ്യവശാല്‍ നമ്മുടെ പരിമിത ജനാധിപത്യത്തില്‍ ഇല്ല.

സൈന്യം നന്നായി പെരുമാറുമെന്ന് വിശ്വസിക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു ഞാന്‍. മണിപ്പൂര്‍ പോലെയും ജമ്മു കാശ്മീര്‍ പോലെയുമുള്ള സംസ്ഥാനങ്ങളില്‍ സൈന്യം എന്നും ജനങ്ങള്‍ക്കെതിരെ ആയിരുന്നുവെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. എനിക്കും കഴിഞ്ഞിരുന്നു. അതുകൊണ്ട് ഒരു ദിവസം കേരളാ എക്സ്പ്രസ്സിന്‍റെ ജനറല്‍ ബോഗിയില്‍ നിറയെ സൈനികര്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അട്ടയെപ്പോലെ ചുരുണ്ടു. അവര്‍ വന്നു, ബെഡ്ഡുകളും ഹോള്‍ഡാളുകളുമെല്ലാം അട്ടിയിട്ടു. ഉച്ചത്തില്‍ സംസാരിക്കുകയും പഹാഡിപ്പാട്ടുകള്‍ പാടുകയും ചെയ്തു. ആറു ഏഴും പേര്‍ സ്വരുമയോടെ ഒരു സീറ്റില്‍ ഇരുന്നു. ഞാന്‍ പൂച്ചയെപ്പോലെ പതുങ്ങി അവരുടെ ശ്രദ്ധയില്‍ പെടാന്‍ പോലും എനിക്കാഗ്രഹമുണ്ടായിരുന്നില്ല.

അപ്പോഴാണ് അവര്‍ക്കൊപ്പം ഒന്നു രണ്ട് സ്ത്രീകളുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. പക്ഷെ, അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സൈന്യത്തിന്‍റെയും പോലീസിന്‍റെയും യൂണിഫോമിട്ട സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കര്‍ക്കശമായിട്ടാണ് പെരുമാറുക. അവിശ്വാസം മാത്രം സ്ഫുരിക്കുന്ന, സംശയം നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായാണ് അവര്‍ നമ്മളെ നോക്കുക തന്നെ.

ജനറല്‍ കമ്പാര്‍ട്ടുമെന്‍റിന്‍റെ സകല അസൌകര്യങ്ങള്‍ക്കുമുള്ളില്‍ രണ്ടര ദിവസത്തെ യാത്ര ഇവര്‍ക്കൊപ്പമായല്ലോ എന്ന് ഞാന്‍ പരിതപിച്ചു. ജീവിതം അസഹനീയവും യാതനാനിര്‍ഭരവും ആയിരുന്നതുകൊണ്ടും മറ്റു മാര്‍ഗമൊന്നുമില്ല എന്നറിയുന്നതുകൊണ്ടും ഞാന്‍ നിശ്ശബ്ദയായിരുന്നു. സൈനികര്‍ തീവണ്ടിയില്‍ കയറിയാല്‍ സൌകര്യമായി മദ്യപിക്കും. മദ്യപിച്ച് നില തെറ്റിയാല്‍ പിന്നെ പതുക്കെ തൊടാന്‍ മുതിരും. അല്ലെങ്കില്‍ നേരത്തെ ചെയ്ത തീവണ്ടിയാത്രയില്‍ ചെയ്യാന്‍ പറ്റിയ പാവാടപൊക്കല്‍ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വിളമ്പും. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും എനിക്ക് പലയാത്രകളിലും ശരിക്കും പ്രാന്തു പിടിച്ചിട്ടുണ്ട്.

അപ്പോള്‍ പട്ടാളക്കാരിമാരില്‍ ഒരുവള്‍ എനിക്കൊരു ലഡ്ഡു നീട്ടി. ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ പ്രസവരക്ഷയ്ക്ക് കഴിക്കുന്ന പഞ്ചീരി ലഡ്ഡുവായിരുന്നു അത്. ധാരാളം നെയ്യും പലതരം നട്സും വറുത്ത ഗോതമ്പുപൊടിയും ചേര്‍ത്ത് ഉണ്ടാക്കുന്ന അതൊരെണ്ണം തിന്ന് ഒരു ഗ്ലാസ് പാലും കുടിച്ചാല്‍ പിന്നെ ഉച്ചയാവും വരെ വിശക്കില്ല. ഞാന്‍ ഭക്ഷണമൊന്നും കരുതിയിരുന്നില്ല. അതുകൊണ്ട് മടിക്കാതെ അതു വാങ്ങി. 'കഴിച്ചോളൂ, ഇഷ്ടം പോലെയുണ്ട് 'എന്ന് മറ്റേ പട്ടാളക്കാരി ഉദാരമതിയായി.

പുരുഷ സൈനികര്‍ മദ്യപിച്ചിരുന്നു. പക്ഷെ, അവര്‍ അപമര്യാദയായി പെരുമാറുകയോ അശ്ലീലസംഭാഷണങ്ങള്‍ ഉരുവിടുകയോ ഒന്നുമുണ്ടായില്ല. ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയിലുമെല്ലാം അവര്‍ പാന്‍ട്രിയില്‍ പോയി എനിക്കുള്ള ഭക്ഷണം കൂടി വാങ്ങിക്കൊണ്ടുവന്നു. രാത്രിയായപ്പോള്‍ എനിക്കായി അവരിലൊരാള്‍ സ്വന്തം ഹോള്‍ഡാള്‍ തീവണ്ടിയുടെ തറയില്‍ വിരിച്ചിട്ട് , കുഴഞ്ഞ നാവോടെയാണെങ്കിലും സമാധാനമായി ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു, 'ഞങ്ങള്‍ കാവലുണ്ട്. ഒന്നുമുണ്ടാവില്ല. ഭയപ്പെടുകയേ വേണ്ട' എന്നായിരുന്നു സൈനികന്‍റെ അറിയിപ്പ്. ഭയപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്ന് പരമനഷ്ടങ്ങളുടെ ദുരിതജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നുവല്ലോ. അതുകൊണ്ട് ഞാന്‍ അതില്‍ കിടന്ന് കണ്ണടച്ചു... പിന്നെ മെല്ലെ ഉറങ്ങി.

പിറ്റേന്ന് പുലര്‍ന്നപ്പോള്‍ ആ സൈനികരുമായി കൂടുതല്‍ അടുപ്പം കൈവന്നു. സമയം പോകെ അവര്‍ മനസ്സുതുറന്ന് സംസാരിച്ചു തുടങ്ങി . 'ബ്ലഡി' എന്നതാണ് സൈന്യത്തിലെ ഏറ്റവും ആവര്‍ത്തിക്കപ്പെടുന്ന വാക്കെന്നാരംഭിച്ച് , കുടുംബത്തില്‍ നിന്ന് അകന്നു കഴിയേണ്ട സ്ഥിതിവിശേഷത്തെപ്പറ്റി, വ്യക്തിപരമായ സങ്കടങ്ങളെപ്പറ്റി, ഒരു കത്തും ഒരു ഫോണ്‍കാളുമെല്ലാം അവര്‍ക്കെത്ര പ്രധാനമാണെന്നതിനെപ്പറ്റി, പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന ജോലിയുടെ കാഠിന്യത്തെപ്പറ്റി, സൈന്യത്തിലെ ജാതിവ്യവസ്ഥയെപ്പറ്റി, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അധികാരഗര്‍വിനേപ്പറ്റി, സൈന്യത്തിലെ അഴിമതിയെപ്പറ്റി, വിടുപണിയെടുക്കേണ്ടിവരുന്നതിനെപ്പറ്റി, വ്യാജ ഏറ്റുമുട്ടലുകളെപ്പറ്റി, രാഷ്ട്രീയക്കാര്‍ സൈന്യത്തെ അവരുടെ കളിപ്പാട്ടമാക്കുന്നതിനെപ്പറ്റി.... പിന്നെ തീര്‍ച്ചയായും ചില സൈനികര്‍ സ്വന്തം നിരാശയും വേദനയും അമര്‍ഷവും ജനങ്ങളുടെ പുറത്ത് തീര്‍ക്കുന്നതിനെപ്പറ്റി.... ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി, ചിലപ്പോള്‍ സ്വന്തം ബോസിന്‍റെ നേരെ വെടിയുതിര്‍ക്കുന്നതിനെപ്പറ്റി...

എനിക്കല്‍ഭുതമൊന്നും തോന്നുന്നുണ്ടായിരുന്നില്ല. ഉയര്‍ന്ന സൈനികോദ്യഗസ്ഥരുടെ ധാര്‍ഷ്ട്യവും ഗര്‍വും അവര്‍ക്ക് കെട്ടിടങ്ങള്‍ പണിതുകൊടുക്കേണ്ടി വന്നപ്പോള്‍ അനുഭവപ്പെട്ടിട്ടുള്ളതാണ്. താഴ്ന്ന സൈനികോദ്യോഗസ്ഥരെ വെറും അടിമകളായിത്തന്നെയാണ് കാണുന്നതെന്നും അപ്പോഴെല്ലാം ഞാന്‍ നേരിട്ട് മനസ്സിലാക്കീട്ടുള്ളതാണ്. താഴ്ന്ന റാങ്കിലെ സൈനികരുടെ മുഖത്ത് അടിക്കാന്‍ പോലും മടി കാണിക്കാത്ത ഉയര്‍ന്ന സൈനികോദ്യോഗസ്ഥരുണ്ട്.

കേരളാ എക്സ്പ്രസ്സ് യാത്ര അവസാനിപ്പിക്കുമ്പോഴേക്കും ഞങ്ങള്‍ ഉറ്റസുഹൃത്തുക്കളായി മാറിയിരുന്നു. അവരെല്ലാം ഇപ്പോഴും ഇന്ത്യാമഹാരാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ കാവല്‍ നില്‍ക്കുന്നുണ്ട് . മിക്കവാറുമെല്ലാം കഷ്ടപ്പെടുകയും ചിലപ്പോഴെല്ലാം സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.

എന്നാലും...

എന്നാലും.... ആരെങ്കിലും സൈന്യത്തില്‍ ചേര്‍ന്നുവെന്നറിയുമ്പോള്‍ എനിക്ക് ഇപ്പോഴും സങ്കടം വരും.

പോലീസുകാരുമായുള്ള പരിചയം ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ ഉണ്ട്. അന്നൊക്കെ അച്ഛന്‍ ജയില്‍ ഡോക്ടറായിരുന്നു. അതുകൊണ്ട് പോലീസുകാര്‍ അച്ഛനെ കാണാന്‍ ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്സില്‍ വരും. അനിയത്തി റാണി 'പാനിത്തട്ടേ' എന്ന് വിളിച്ചിരുന്ന ഫ്രാന്‍സിസ് എന്ന പോലീസുകാരനും 'കണ്ണ് മാമന്‍' എന്ന് ഞാന്‍ വിളിച്ചിരുന്ന അഹമ്മദ് കണ്ണ് എന്ന പോലീസുകാരനും അവര്‍ പകര്‍ന്നു തന്ന സ്നേഹവും ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.

സൈനികരെപ്പോലെ തന്നെയാണ് പോലീസുകാരും. ഇരുതലമൂര്‍ച്ചയുള്ള വാളുകള്‍. അടുപ്പം വയ്യ.. വഴക്കും വയ്യ. സൈനികരേക്കാള്‍ കുറച്ചുകൂടി ജനകീയരാണ് പോലീസുകാര്‍, അതുകൊണ്ടു തന്നെ നമുക്ക് ജീവിതത്തിലൊരിക്കലെങ്കിലും അവരുമായി ഇടപെടേണ്ടി വരും. ചിലപ്പോള്‍ അതു നല്ലതായിരിക്കും .... ചിലപ്പോള്‍ ദുരിതപൂര്‍ണമായിരിക്കും.

അമ്മീമ്മയുടെ വീട്ടില്‍ കള്ളന്‍ കയറിയപ്പോഴും അമ്മീമ്മയെ കള്ളന്മാര്‍ പ്രഹരിച്ചപ്പോഴും അതിര്‍ത്തിത്തര്‍ക്കമുണ്ടായപ്പോഴും അമ്മീമ്മയുടെ സഹോദരന്മാര്‍ നല്‍കിയ കേസിന്‍റെ ആവശ്യത്തിനും ഒക്കെ കയറിയിറങ്ങി ചെറുപ്പന്നേ പോലിസ് സ്റ്റേഷന്‍ പരിചിതമായിത്തീര്‍ന്നു. സ്റ്റേഷന്‍ റൈട്ടരും എസ് ഐയും സി ഐയും ഹെഡ് കോണ്‍സ്റ്റബിളും കോണ്‍സ്റ്റബിളും ഡി വൈ എസ് പിയും എസ് പിയും വിഷമമേതും കൂടാതെ ഉച്ചരിക്കാവുന്ന പദങ്ങളായി മാറി.

മുതിര്‍ന്ന് വ്യക്തിജീവിതദുരിതങ്ങളുടെയും പെരുംനഷ്ടങ്ങളുടേയും പരാതികളുമായി സമീപിക്കേണ്ടി വന്നപ്പോഴാണ് ആണധികാരത്തിന്‍റെ അശ്ലീലത പോലീസിനെ എത്രമാത്രം ജനാധിപത്യവിരുദ്ധമാക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. അവിടെ നിന്ന് പെണ്ണെന്ന നിലയില്‍ ന്യായമൊന്നും ലഭിക്കില്ലെന്നും അപമാനം മാത്രമേ കിട്ടൂ എന്നും വളരെവേഗം ബോധ്യമായി.

പോലീസുകാര്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടേയും നിയമങ്ങളുടേയും കാവലാളുകളാണ്. അതില്‍ ന്യായമുണ്ടോ നീതിയുണ്ടോ എന്നൊന്നും നോക്കേണ്ട ബാധ്യത അവര്‍ക്കില്ല. എല്ലാത്തരം സമരങ്ങള്‍ക്കും അത് വ്യക്തിനിഷ്ഠമോ സമൂഹനിഷ്ഠമോ ആവട്ടേ... പോലീസ് അതിന് എതിരായിരിക്കും. സമരങ്ങളെ ഏതു മാര്‍ഗമുപയോഗിച്ചും അടിച്ചൊതുക്കലാണ് അവരുടെ ജോലി.

സൈന്യത്തില്‍ ഉള്ള എല്ലാ വൃത്തികേടുകളും പോലീസിലുമുണ്ട്. കൈക്കൂലി, അഴിമതി, സ്വജനപക്ഷപാതം, മാനസികമായും ശാരീരികമായും വൈകാരികമായും ലിംഗപരമായും ഉള്ള ചൂഷണം, രാഷ്ട്രീയക്കാരുടെ ചട്ടുകമാവല്‍, വ്യാജ ഏറ്റുമുട്ടലുകള്‍, ജാതിവ്യവസ്ഥ, കുടുംബവുമായി അകന്നു കഴിയേണ്ട സാഹചര്യം, കഠിനമെങ്കിലും ചീത്ത മാത്രം പ്രതിഫലമായിക്കിട്ടുന്ന ജോലിഭാരം, അപകടം പറ്റിയാല്‍ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ, നിരാശയും പ്രതിഷേധവും അസഹ്യമാകുമ്പോള്‍ വേണ്ടതിനും വേണ്ടാത്തതിനും നാട്ടുകാരോട് മെക്കിട്ട് കയറുന്ന പോലീസ് ശൌര്യം... എല്ലാം പോലീസിലുമുണ്ട്.

കഴിഞ്ഞ ദിവസത്തെ യാത്രയില്‍ വിലങ്ങ് വെച്ച ഒരു കുറ്റവാളിയേം കൊണ്ട് പോലീസുകാര്‍ ഒപ്പമുണ്ടായിരുന്നു. ഒരു കൈയില്‍ വിലങ്ങിട്ടിരുന്ന അയാളെ ട്രെയിനിലെ എല്ലാവരും സാകൂതം ശ്രദ്ധിച്ചിരുന്നു. അയാളെ ഭദ്രമായി ബെര്‍ത്തില്‍ വിശ്രമിക്കാന്‍ വിട്ട് രണ്ട് പോലീസുകാരും ഉലക്ക വിഴുങ്ങിയതു പോലെ മിഴി പൂട്ടാതെ കാവലിരുന്നു. നേരാനേരങ്ങളില്‍ ചായ വേണോ, ചോറു വേണോ എന്നൊക്കെ കൃത്യമായി അന്വേഷിച്ചു. അയാള്‍ ഊണു വേണ്ടെന്ന് പറഞ്ഞപ്പോള്‍ യാത്ര തീരുമ്പോഴേക്കും ക്ഷീണമാകുമെന്നും ആഹാരം കഴിക്കണമെന്നും അവര്‍ നിര്‍ബന്ധിച്ചു. അയാള്‍ കൈകഴുകാന്‍ പോകുമ്പോഴും ടോയ്ലറ്റില്‍ പോകുമ്പോഴും ഒപ്പം പോയി. പരസ്പരം സംസാരിച്ചിരുന്ന് സമയം കൊല്ലുകയായിരുന്നെങ്കിലും പോലീസുകാരുടെ ശ്രദ്ധ മുഴുവന്‍ മുകളിലെ ബര്‍ത്തില്‍ വിശ്രമിക്കുന്നയാളില്‍ തന്നെയായിരുന്നു.

ആ പോലീസുകാരുടെ മനസ്സിനെക്കുറിച്ചോര്‍ക്കുകയായിരുന്നു ഞാന്‍. കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നതുകൊണ്ട് പണമെല്ലാം ചെലവായി എന്നും അമ്മയ്ക്ക് സുഖമില്ലെന്നും ഒക്കെ എല്ലാവരേയും പോലെ അവരും പറയുന്നുണ്ടായിരുന്നു. വീടിനു വാടക ഈ മാസം കൊടുക്കാന്‍ പറ്റിയിട്ടില്ലെന്നും പറ്റുകടയില്‍ കാശേറിയെന്നും അവര്‍ക്ക് പ്രശ്നമുണ്ട്. എന്നാല്‍ അവര്‍ സംസാരിക്കുന്നത് മുഴുമനസ്സോടെ അല്ല. പാതി മനസ്സും കണ്ണും ബെര്‍ത്തില്‍ വിശ്രമിക്കുന്നയാള്‍ക്കൊപ്പമാണ്. ശാരീരികമായി ഫിറ്റ് എന്ന് പറയാമെങ്കിലും മാനസികമായി അവരെത്ര ഭാരം ചുമക്കുന്നുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു.

പിറ്റേന്ന് ഡോക്ടറെ കാണാന്‍ മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ അവിടെയുമുണ്ടായിരുന്നു, വിലങ്ങിട്ട കൈയുമായി ഒരാള്‍. കാവലിനു രണ്ട് പോലീസുകാര്‍. അയാള്‍ കരയുകയായിരുന്നു. പോലീസുകാര്‍ മാറി മാറി സമാധാനിപ്പിക്കുകയും... അയാള്‍ രാത്രി ഉറങ്ങുന്നില്ലെന്നും നേരാംവണ്ണം ആഹാരം കഴിക്കുന്നില്ലെന്നും പോലീസുകാര്‍ ഡോക്ടറെ അറിയിച്ചു. മാനസികമായി വല്ലാതെ തകര്‍ന്നു പോയ ഒരാളെയുംകൊണ്ട് അതും തികച്ചും കാരുണ്യപൂര്‍വം മാത്രം പെരുമാറിക്കൊണ്ട് ഡോക്ടറോട് സംസാരിക്കുന്ന പോലീസുകാര്‍ എനിക്ക് അല്‍ഭുതമായി തോന്നി.

എന്നാലും...

എന്നാലും... ആരെങ്കിലും പോലീസില്‍ ചേര്‍ന്നു എന്ന് കേള്‍ക്കുമ്പോള്‍ എനിക്കിപ്പോഴും സങ്കടം വരും.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


പരാതിയുമായി സമീപിക്കേണ്ടി വരുമ്പോഴാണ് അധികാരലഹരി ജനങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ എത്രത്തോളം കടലാഴങ്ങള്‍ തീര്‍ത്തിട്ടുണ്ടെന്ന് ശരിക്കും അറിയുക. അപ്പോള്‍ അനുഭവപ്പെടുന്ന നിസ്സഹായതയ്ക്ക് പകരം വെയ്ക്കാനുള്ള യാതൊരു സംവിധാനവും നിര്‍ഭാഗ്യവശാല്‍ നമ്മുടെ പരിമിത ജനാധിപത്യത്തില്‍ ഇല്ല.