Wednesday, October 10, 2018

ഇംഗ്ലീഷ് ഭാഷയുടെ സൌന്ദര്യം

https://www.facebook.com/echmu.kutty/posts/939148426264452

അമ്മീമ്മയ്ക്കൊപ്പം താമസിച്ചു വളര്‍ന്നതുകൊണ്ട് മലയാളം മീഡിയം സ്കൂളിലായിരുന്നു ഞാനും അനിയത്തി റാണിയും പഠിച്ചത്. അഞ്ചു വയസ്സില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയും ചില്ലറ വാക്കുകളും കുഞ്ഞുപദ്യങ്ങളും ഒക്കെ അറിയാമായിരുന്നു. എങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷ് ഞങ്ങള്‍ക്ക് ഒട്ടും വശമുണ്ടായിരുന്നില്ല.

മുതിര്‍ന്ന് തുടങ്ങിയപ്പോള്‍ പേള്‍ എസ് ബക്കിന്‍റെയും എമിലി ബ്രോണ്ടിയുടേയും ജെയിന്‍ ഓസ്റ്റിന്‍റെയും ചാള്‍സ് ഡിക്കന്‍സിന്‍റെയും ഒക്കെ പുസ്തകങ്ങള്‍ വായിക്കാനാരംഭിച്ചെങ്കിലും മലയാളം പുസ്തകങ്ങള്‍ വായിക്കുമ്പോഴുള്ള വേഗതയും കഥകളെയും നോവലുകളേയും മറ്റും സങ്കല്‍പിക്കാനുള്ള കഴിവും ഇംഗ്ലീഷ് പുസ്തകങ്ങളില്‍ അത്രയ്ക്ക് കിട്ടിയിരുന്നില്ല. വായിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് അല്‍പം ബോറടിയായി തോന്നുകയും ചെയ്തിരുന്നു. റാണിക്ക് കഥ പറഞ്ഞുകൊടുക്കണമെന്നുള്ളതുകൊണ്ട് വായനയാകട്ടെ എന്‍റെ മാത്രം ജോലിയായിരുന്നു.

ഭാഗ്യയെന്ന കുഞ്ഞനിയത്തിയെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ച് ആദ്യം മുതലേ അമ്മ അവള്‍ക്ക് ഇംഗ്ലീഷില്‍ താല്‍പര്യം ജനിപ്പിച്ചു. ആ ഭാഷ അഞ്ചുവയസ്സില്‍ നല്ലോണം വഴങ്ങിയെങ്കിലും അമ്മയും അച്ഛനും തമ്മിലുള്ള കലഹങ്ങള്‍ക്കിടയില്‍ അവള്‍ പഠിച്ചത് മലയാളം മീഡിയത്തില്‍ തന്നെയാണ്. എങ്കിലും അമ്മ ഇട്ടുകൊടുത്ത ആ അടിത്തറ നല്ല ബലമുള്ളതായിരുന്നു. അവള്‍ എല്ലാ ഇംഗ്ലീഷ് പുസ്തകങ്ങളും ആസ്വദിച്ചു വായിച്ചു. അവളുടെ ഇംഗ്ലീഷ് പദസ്സമ്പത്ത് അസൂയാര്‍ഹമാം വിധം വളര്‍ന്നു. ആ ഭാഷയുടെ സൌന്ദര്യത്തെക്കുറിച്ച് അവള്‍ പറ്റുമ്പോഴൊക്കെ വാചാലയായി. ഇംഗ്ലീഷ് തുറന്നു തരുന്ന ലോകജാലകത്തെപ്പറ്റിയും അവളാണ് ആദ്യം പറഞ്ഞിട്ടുള്ളത്. പ്രൊ. എം കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ പറയുന്ന പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് തപ്പിപ്പിടിക്കുന്നതും വായിച്ചു രസിക്കുന്നതും അവള്‍ക്കിഷ്ടമായിരുന്നു.

'ദ വാട്ടര്‍ ബ്ലഷ്ഡ് അറ്റ് ദെയര്‍ ലോര്‍ഡ്സ് സൈറ്റ് ' എന്ന് വെള്ളം വീഞ്ഞാക്കിയ ക്രിസ്തുദൈവികതയെ വര്‍ണിച്ചതിനെക്കുറിച്ചും 'നഖം വെട്ടിയിട്ടതു പോലുള്ള ചന്ദ്രനെന്ന' കല്‍പനയെപ്പറ്റിയും ഒക്കെ അവള്‍ പറഞ്ഞു തന്നിട്ടുണ്ട്. 'ഫ്രറ്റേണിറ്റി' എന്ന വാക്കും 'ഏതു വലിയ സമ്പത്തിന്‍റെയും പുറകില്‍ മറഞ്ഞിരിക്കുന്ന ഒരു കുറ്റകൃത്യമുണ്ടാവും' എന്ന റൂസ്സോ വാക്യവും പരിചയപ്പെടുത്തിയത് അവളാണ്. 'കോമണ്‍സെന്‍സ് ഈസ് ദ മോസ്റ്റ് അണ്‍ കോമണ്‍ തിംഗ് ' എന്ന് അവള്‍ പറയുമായിരുന്നു. 'ദസ് സ്പേക് സരതുഷ്ട്ര' എന്ന നീത്ഷെയുടെ ബുക്ക്, ഖലീല്‍ ജിബ്രാന്‍ കൃതികള്‍ , ആര്‍ട്ട് ഓഫ് ലവിംഗ് എന്ന എറിക്ഫ്രോമിന്‍റെ പുസ്തകം, റൂസ്സോയുടേയും വോള്‍ട്ടയറിന്‍റെയും രചനകള്‍, .... അങ്ങനെ എന്തൊക്കെയോ അവള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടു മാത്രം ഞാന്‍ വായിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ടും മല്‍സരിച്ചാണ് മഹാഭാരതവും ഭാഗവതവും ഷെര്‍ലക് ഹോംസ് കഥകളും വായിച്ചു തീര്‍ത്തത്. ബി എ ക്കും എം എ ക്കും റാങ്ക് വാങ്ങി പാസ്സായി എം ബി എ ക്ക് അഡ്മിഷന്‍ നേടിയ അവളെ ആ കോഴ്സിനു ചേര്‍ക്കാനുള്ള സന്മനസ്സ് അച്ഛന്‍ കാണിച്ചില്ല. ഒരുപാട് ദിവസം പട്ടിണി കിടന്നു കരഞ്ഞിട്ടും അച്ഛന്‍ വഴങ്ങിയില്ല. ഞങ്ങളേക്കാള്‍ നല്ല മക്കള്‍ വേണമെന്നായിരുന്നല്ലോ എന്നും അദ്ദേഹത്തിന്‍റെ ആഗ്രഹം. അതുകൊണ്ടു തന്നെ മനസ്സു തുറന്ന് ഞങ്ങളെ സ്നേഹിക്കാനോ ഞങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളാനോ അദ്ദേഹത്തിനു ഒരിയ്ക്കലും സാധിച്ചിരുന്നില്ല.

മൂന്നു വയസ്സില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ചിത്രരചനാ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ അനിയത്തിയെ അത് സ്വീകരിക്കാന്‍ കൊണ്ടുപോകാന്‍ പോലും വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അവള്‍ കലാമണ്ഡലം ക്ഷേമാവതിയുടെ ശിക്ഷണത്തില്‍ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചു. ആ ടീച്ചറുടെ താല്‍പര്യത്തില്‍ മാത്രം അരങ്ങേറ്റവും മറ്റു ചില ഡാന്‍സ് പരിപാടികളും ചെയ്തു. ഞങ്ങള്‍ മൂന്ന് മക്കള്‍ക്കും കല തൊട്ടു തെറിച്ചിട്ടില്ലെന്ന് പരിഹസിക്കുക മാത്രമേ അച്ഛന്‍ എന്നും ചെയ്തിരുന്നുള്ളൂ. അച്ഛന്‍റെ അംഗീകാരത്തിനു കൊതിച്ചിരുന്ന അമ്മയ്ക്ക് ഇക്കാര്യങ്ങളില്‍ യാതൊന്നും തന്നെ സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. അമ്മ മാത്രമല്ല, ഞങ്ങളും അച്ഛന്‍റെ അംഗീകാരത്തിനും പിന്തുണയ്ക്കും എന്നും കൊതിച്ചിരുന്നു. കൊതിക്കുന്തോറും അതൊരു കിട്ടാക്കനിയായിത്തീര്‍ന്നു.

അവളുടെ ഒരുപാട് കഴിവുകള്‍ ആരുമറിയാതെ വെറുതേ പോയി... ജീവിതവും അവളെ കഠിനപരീക്ഷണങ്ങള്‍ക്ക് വിധേയയാക്കി. അതിനെയെല്ലാം അവള്‍ ഉള്ള കഴിവിലും ഉള്ള വരുമാനത്തിലും പിടിച്ചു നിന്നുകൊണ്ട് ബലമായി നേരിട്ടു. കണ്ണീരിനെ കണ്ണില്‍ത്തന്നെ കുഴിച്ചിട്ടു. നെഞ്ചു കടഞ്ഞുകൊണ്ട് വിഷം കുടിച്ചുകൊണ്ട് സ്വന്തം ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. വര്‍ഷക്കണക്കില്‍ കുടുംബക്കോടതിയുടെ വരാന്ത നിരങ്ങുമ്പോഴും അമ്മയെ ആ സങ്കടമൊന്നും അവള്‍ അറിയിച്ചില്ല. 'ചെലവിനു വേണ്ടേ, സ്വത്തു വേണ്ടേ' എന്ന് ചോദിച്ച ജഡ്ജിയോട് കൈകള്‍ കൂപ്പി അവള്‍ പറഞ്ഞു. 'വേണ്ട... എനിക്കോ എന്‍റെ കുഞ്ഞിനോ ഒന്നും ആവശ്യമില്ല. എന്നെ ദയവ് ചെയ്ത് ഈ കുരുക്കില്‍ നിന്ന് വിടുവിച്ചു തന്നാല്‍ മതി.'

അച്ഛനും അമ്മീമ്മയും കടന്നു പോയതിനു ശേഷം അമ്മയ്ക്കൊപ്പം ജീവിച്ച് അമ്മയെ പൂര്‍ണ ചുമതലാബോധത്തോടെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. അമ്മയുടെ ആത്മാഭിമാനത്തിനു ക്ഷതം പറ്റുന്ന ഒരു കാര്യവും ഒരുകാലത്തും അവളുടെ ഭാഗത്തു നിന്നുണ്ടായില്ല. അമ്മയ്ക് മരുന്നുകള്‍ വൈകുകയോ ആഹാരശീലങ്ങളില്‍ മാറ്റം വരുത്തുകയോ ഒന്നും ഒരിയ്ക്കലും വേണ്ടി വന്നില്ല. അവള്‍ ഏറ്റവും പരിഗണനയോടെയാണ് അമ്മയോട് ഇടപെട്ടിരുന്നത് . അവള്‍ മാത്രമല്ല, അവളുടെ മകളും അങ്ങനെയായിരുന്നു.

ഒരു സൈക്കിള്‍ പോലും ഒരിയ്ക്കലും ചവിട്ടിയിട്ടില്ലാത്ത, റോഡിന്‍റെയോ വാഹനങ്ങളുടേയോ യാതൊരു ശാസ്ത്രവുമറിയാത്ത അവള്‍ കാറു വാങ്ങുകയും കേരളത്തിലങ്ങോളമിങ്ങോളം ഒറ്റയ്ക്ക് കാറോടിക്കുകയും ചെയ്യുന്നു. സ്വന്തം മകളെ മൂല്യങ്ങളും മനുഷ്യത്വവും ചൂണ്ടിക്കാട്ടി ഭംഗിയായി വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ അമ്മീമ്മയുടെ പഴയ വീടിന്‍റെ അറ്റകുറ്റപ്പണികള്‍ അവളുടെ പരിമിതമായ സമ്പാദ്യത്തില്‍ നിന്ന് ചെലവാക്കി ഭംഗിയായി നിവര്‍ത്തിക്കുന്നു.

ഇംഗ്ലീഷ് ഭാഷയുടെ മാത്രമല്ല, സ്വതന്ത്രവും അച്ചടക്കമുള്ളതും അതേസമയം തികച്ചും മനോഹരവുമായ ജീവിതത്തിന്‍റെ ഭംഗിയും നിത്യേനെയെന്നോണം അവള്‍ എനിക്ക് കാണിച്ചു തരുന്നു .

ഒരു ഇളംപച്ച വെല്‍വെറ്റ് ഉടുപ്പ് ധരിച്ച് , സ്പ്രിംഗ് പോലെ ചുരുണ്ട മുടി നിറഞ്ഞ തലയുമായി 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൌണ്‍' എന്നും 'ഐ റോട്ട് എ ലെറ്റര്‍ റ്റു മൈ ഫാദര്‍' എന്നും പാടിക്കൊണ്ട് ഓടിക്കളിച്ചിരുന്ന എന്‍റെ അനിയത്തിയോട് ഇപ്പോള്‍ എനിക്കുള്ളത് തികഞ്ഞ ആദരവും ബഹുമാനവുമാണ്.... സ്നേഹവും വാല്‍സല്യവും പിന്നീടേയുള്ളൂ. ബദാം പരിപ്പ് പോലെയുള്ള ആ കണ്ണുകളില്‍ നീര്‍ നിറച്ച ആരേയും എനിക്ക് സ്നേഹിക്കാനും അംഗീകരിക്കാനും പറ്റുന്നുമില്ല. ... എത്ര ശ്രമിച്ചിട്ടും അവര്‍ക്കൊന്നും മാപ്പു കൊടുക്കാന്‍ എനിക്ക് കഴിയുന്നില്ല.