Sunday, October 28, 2018

കുൽദീപ് നയ്യാർ

https://www.facebook.com/echmu.kutty/posts/1034268080085819?__tn__=K-R
                                           

ദില്ലിയിൽ ലാറിബേക്കർ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കണക്കെഴുത്ത് ജോലികൾ ചെയ്യുന്ന കാലത്താണ് ഞാൻ ആദ്യമായി കുൽദീപ് നയ്യാരെ കാണുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം ഇറങ്ങിയ ജനാർദ്ദനൻ താക്കൂറിൻറെ സഞ്ജയ് മുതൽ രുക്സാന വരെ എന്ന പുസ്തകം മലയാളത്തിൽ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാൻ സംസാരിച്ചു തുടങ്ങിയത്.

ഹു ട്രാൻസ്ലേററഡ് ദ വർക് എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് അന്നേരം അത് ഓർമ്മ വന്നില്ല. അദ്ദേഹത്തിനും ഓർമ്മയുണ്ടായിരുന്നില്ല.

ശ്രീ എം വി റാവുവും ശ്രീമതി ബേബി റാവുവും അവരുടെ വസന്ത്കുഞ്ജിലെ ഫ്ലാറ്റിൽ ചില്ലറ ജോലികൾക്കായി ചില കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും എന്ന പ്രൊജക്ടുമായി ഓഫീസിൽ വന്നപ്പോഴാണ് ശ്രീ കുൽദീപ് നയ്യാരെ നേരിട്ട് പരിചയപ്പെടാൻ അവസരമുണ്ടായത്.

പേട്രിയട്ടിൻറേയും ലിങ്കിൻറേയും പഴയ ലക്കങ്ങൾ ഓർമ്മയിലുണ്ടായിരുന്നതുകൊണ്ട് എം വി റാവു എന്ന പേര് എനിക്ക് പരിചിതമായിത്തോന്നി. ശ്രീമതി ബേബി റാവു മലയാളിയാണെന്നതും ഞങ്ങളുടെ സൗഹൃദത്തിൻറെ ആഴം കൂടാൻ കാരണമായി.

ഫ്ലാറ്റിലെ ജോലികൾക്കിടെ ഞങ്ങൾ ഒത്തിരി സംസാരിക്കുമായിരുന്നു. Brp Bhaskar ശ്രീ ബി ആർ പി ഭാസ്കർ ശ്രീ എം വി റാവുവിൻറെ പഴയ സുഹൃത്തായിരുന്നു. അദ്ദേഹം പത്രങ്ങളെക്കുറിച്ച് മലയാളം ടി വിയിൽ നടത്തിയിരുന്ന വിശകലന പരിപാടി എം വി റാവുവിനെ ശരിക്കും ആകർഷിച്ചിരുന്നു.
അങ്ങനെയാണ് എടത്തട്ട നാരായണനെപ്പറ്റിയും കാർട്ടൂണിസ്റ്റ് ശങ്കർനെപ്പറ്റിയും ഓ വി വിജയനെപ്പറ്റിയും അങ്ങനെ ഒത്തിരിപ്പേരെ പറ്റി പറയുന്നതിനിടയിലാണ് കുൽദീപ് നയ്യാരെപറ്റിയും റാവു അങ്കിൾ സംസാരിച്ചത്.

വസന്ത്കുഞ്ജിലെ ആ വീട്ടിൽ വെച്ചാണ് ഞാൻ ആദ്യമായി കുൽദീപ് നയ്യാരെ കാണുന്നത്.

ജനാധിപത്യത്തെപ്പറ്റി ഉയർന്ന ബോധ്യങ്ങളുണ്ടായിരുന്ന ഒരു സ്വതന്ത്ര വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട ഓർമ്മകളിൽ വേദനിക്കവേ,
ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ താഴിട്ട് പൂട്ടി ആ താക്കോൽ വലിച്ചെറിഞ്ഞുകളഞ്ഞുവെന്ന് കുൽദീപ് നയ്യാർ പറയുമായിരുന്നു. റാവു അങ്കിളും ശ്രീ നയ്യാരുമായുള്ള സംഭാഷണം വെറുതേ കേട്ടിരിക്കുന്നത് തന്നെ ഒരു ബ്രെയിൻ സ്റ്റോമിംഗ് സെമിനാറിൽ പങ്കെടുക്കുന്നതു പോലെയായിരുന്നു.

ഇന്ത്യാ വിഭജനം അവരിരുവർക്കും ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയെ മുച്ചൂടും നശിപ്പിച്ചു കളഞ്ഞത് ആ വിഭജനമാണെന്ന് നയ്യാർ ഉറച്ചു വിശ്വസിച്ചു.

സിയാൽകോട്ടെന്ന സ്വന്തം ജന്മസ്ഥലം ഇങ്ങനെ അപ്രാപ്യമായതിൽ അദ്ദേഹം വേദനിച്ചിരുന്നുവെന്ന് എനിക്ക് തോന്നീട്ടുണ്ട്. ആ നാടിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വികാരവിക്ഷുബ്ധനാകുന്നുവെന്ന് ഞാൻ കരുതി.

എന്തിനാണ് ഒരേ പോലെയുള്ള ഇന്ത്യാക്കാരും പാക്കിസ്ഥാൻകാരും ഇങ്ങനെ യുദ്ധം ചെയ്തു തുലഞ്ഞുപോകുന്നതെന്ന് അദ്ദേഹത്തിലെ ഇടതുസഹയാത്രികനും മാനവികതാവാദിയും എന്നും ആകുലപ്പെട്ടു.

ഇന്ത്യൻ രാഷ്ട്രീയനേതാക്കളേയും പാക്കിസ്ഥാനി നേതാക്കളേയും നയ്യാർ കൃത്യമായി അറിഞ്ഞിരുന്നു.
ആരൊക്കെയാണ് റൈറ്റ് പേഴ്സൺ ഇൻ ദ റോംഗ് പാർട്ടി എന്ന് വിരൽച്ചൂണ്ടിപ്പറയാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. അത് പൊതുബോധത്തിന് നിരക്കുന്നതല്ലെങ്കിലും അദ്ദേഹം കുലുങ്ങിയിരുന്നില്ല. നമ്മുടെ നേതാക്കളുടെ അൽപ്പത്തങ്ങൾ, അത്യാഗ്രഹങ്ങൾ ഒക്കെ റാവു അങ്കിളും നയ്യാരും ചർച്ച ചെയ്തു പൊട്ടിച്ചിരിക്കുകയും എന്നെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്ത് നിന്നും കിട്ടുന്ന സമ്മാനങ്ങൾ ഒരു കുഞ്ഞുപാവക്കുട്ടി പോലെ ഉള്ള സമ്മാനങ്ങൾ കൂടി നമ്മുടെ രാഷ്ട്രീയക്കാർ എങ്ങനെ സ്വന്തമാക്കാൻ മൽസരിക്കുമെന്ന് അവർ പറയുന്നത് കേട്ട് ഞാൻ അന്തം വിട്ടിരുന്നിട്ടുണ്ട്.

എവിടെ മനുഷ്യാവകാശ ലംഘനമുണ്ടായാലും കുൽദീപ് നയ്യാർ അറിയും. അറിഞ്ഞിരിക്കും. അതിൽ അദ്ദേഹം പ്രതിഷേധിക്കും..ആർക്ക് രസിച്ചാലും ഇല്ലെങ്കിലും..

വർഗീയതയോട് തികഞ്ഞ അകൽച്ചയായിരുന്നു അദ്ദേഹത്തിന്. ഏറ്റവും അധപ്പതിച്ച രാഷ്ട്രീയ സംസ്കാരമാണ് വർഗീയതയെ പുണരുന്നതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. തൻറെ വിപുലമായ ജീവിതാനുഭവങ്ങൾ പങ്കു വെക്കുന്നതിൽ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. പതിനഞ്ചോളം പുസ്തകങ്ങൾ എഴുതി. ...ബിറ്റ് വീൻ ദ ലൈൻസ് എന്ന ഓട്ടോബയോഗ്രഫിയും മറ്റ് പുസ്തകങ്ങളും മാനവികതയുടെയും സ്വാതന്ത്ര്യബോധത്തിൻറെയും നിദർശനങ്ങളാണ്.

എൺപതോളം പത്രങ്ങളിൽ കോളം എഴുതി. സമകാലികസംഭവങ്ങളെക്കുറിച്ചുള്ള ഈടുറ്റ പ്രതികരണങ്ങളായിരുന്നു അവയെല്ലാം തന്നെ.

റാവു അങ്കിൾ മരിച്ചപ്പോൾ ഇന്ത്യാ ഇൻറർനാഷണൽ സെൻററിൽ അനുശോചനയോഗം ഉണ്ടായിരുന്നു. അന്നാണ് കുൽദീപ് നയ്യാരെ ഞാൻ അവസാനമായി കണ്ടത്. പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്റാളുമൊത്ത് റാവു അങ്കിളിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നനഞ്ഞിരുന്നുവെന്ന് എനിക്ക് മനസ്സിലായി..

എല്ലാ വർഷവും വാഗാബോർഡറിൽ മെഴുകുതിരികൾ കത്തിച്ച് ഇന്ത്യയുടെയും പാകിസ്ഥാൻറെയും എന്നല്ല ലോകമാകെ എല്ലാ ജനങ്ങൾക്കും എല്ലാ രാജ്യങ്ങളിലേക്കും പ്രവേശനം ലഭ്യമാകണമെന്ന് കരുതിയിരുന്ന ആ മനുഷ്യസ്നേഹി
തികച്ചും സാർഥകമായ ഒരു ജീവിതമാണ് നയിച്ചത്.

No comments: