ഇത് അച്ഛന്‍റെ കൈയക്ഷരമാണ്.. വളരെക്കാലം മുമ്പ് എഴുതിയത്. അനിയത്തിക്ക് ആദ്യമായി ഐസ്ക്രീം വങ്ങിക്കൊടുത്തതും ആ കൊതിച്ചിക്ക് ഐസ്ക്രീം ഒത്തിരി ഇഷ്ടമായതും അച്ഛന്‍ ഡയറിയില്‍ കുറിച്ചു വെച്ചിരിക്കുന്നു. അവള്‍ക്ക് ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴാവണം ഇതെഴുതിയത്.
അച്ഛന്‍ ഞങ്ങളെയും കടന്നു പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും അദ്ദേഹം എഴുതിയ അക്ഷരങ്ങള്‍ ഇന്നും കൂടെയുണ്ട്. അക്ഷരങ്ങള്‍ അങ്ങനെയാണ്. അവ മാഞ്ഞുപോകാന്‍ കൂടുതല്‍ സമയമെടുക്കും. ക്ഷരമില്ലാത്തവരാണല്ലോ അക്ഷരങ്ങള്‍.
ചെല്‍പാര്‍ക്കിന്‍റെ പച്ചമഷിയായിരുന്നു അച്ഛന്‍ അധികവും ഉപയോഗിച്ചിരുന്നത്. ഗസറ്റഡ് ഓഫീസര്‍മാരുടെ പച്ചമഷി. മുപ്പത്തേഴു ഡയറികള്‍ അച്ഛന്‍റേതായുണ്ട്. എല്ലാ വിവരങ്ങളും ആര്‍ക്കെല്ലാം പണം കൊടുത്തുവെന്നും ആരെല്ലാം പണം തരാനുണ്ടെന്നും അച്ഛന്‍ വ്യക്തമായി എഴുതി വെച്ചിരുന്നു. കാറ് വാങ്ങിയ ദിവസം, വീടു പണി തീര്‍ന്ന് താമസമാക്കിയ ദിവസം, അമ്മയുമായുള്ള വഴക്കുകള്‍, അമ്മീമ്മയോടുള്ള എതിര്‍പ്പ്, സ്വാധീനിച്ച സ്ത്രീകള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, വായിച്ച പുസ്തകങ്ങള്‍, കണ്ട സിനിമകള്‍, നാടകങ്ങള്‍, കേട്ട പാട്ടുകച്ചേരികള്‍, ഗാനമേളകള്‍, മെഹ്ഫിലുകള്‍, പണച്ചെലവുകള്‍.. അങ്ങനെ സര്‍വകാര്യങ്ങളും. നുള്ളു നുറുങ്ങ് മുതല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വരെ.. അമ്മയുടേയും അച്ഛന്‍റേയും ഞങ്ങളുടേയും ജീവിതത്തിന്‍റെ എല്ലാ വിശദീകരണങ്ങളും നിറഞ്ഞ ഡയറികള്‍... ആ വിശദീകരണങ്ങള്‍ എല്ലാം തന്നെ അച്ഛന്‍റെ കാഴ്ചപ്പാടില്‍ മാത്രം ഉള്ളതായിരുന്നു. അത് പിന്നങ്ങനയല്ലേ പറ്റൂ. ഡയറി എന്തായാലും അദ്ദേഹത്തിന്‍റെ ആത്മഭാഷണമാണല്ലോ.
എന്നാലും എത്രയായാലും ആ അക്ഷരങ്ങള്‍ കാണുമ്പോള്‍ ..... ഒരുപാട് ഓര്‍മ്മകള്‍ വേണ്ടതും വേണ്ടാത്തതുമായ ഓര്‍മ്മകള്‍ ഇരമ്പിക്കയറി വരുന്നു... ഞങ്ങളുടെ ദൈന്യജീവിതം പിന്നെയും രക്താംബരം പുതയ്ക്കുന്നു...
No comments:
Post a Comment