Tuesday, October 16, 2018

സ്പോര്‍ട്സ് ആന്‍ഡ് ഗേംസ് ഡേ

https://www.facebook.com/echmu.kutty/posts/960045917508036

നന്നേ കുട്ടിയായിരിക്കുമ്പോള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗേംസ് ഡേ എന്ന് അമ്മീമ്മ പറഞ്ഞു കേട്ടുള്ള ഒരു പരിചയമാണ് ഉണ്ടായിരുന്നത്. ആ ദിവസങ്ങളില്‍ സ്ക്കൂളില്‍ നിന്നു വരുമ്പോള്‍ അമ്മീമ്മ എന്തെങ്കിലും പലഹാരം കൊണ്ടുവന്നിരുന്നു. സൂപ്പര്‍ വിഷനുള്ള ടീച്ചര്‍മാര്‍ക്ക് അങ്ങനെ വല്ലതും കൊടുത്തിരുന്നിരിക്കാം. എന്തായാലും സ്പോര്‍ട്സ് ആന്‍ഡ് ഗേംസ് ഡേ എന്നാല്‍ പലഹാരമാണെന്ന് ഞാന്‍ ചെറുപ്പത്തില്‍ ധരിച്ചുവെച്ചിരുന്നു.

ആദ്യമായി താല്‍പര്യം തോന്നിയത് ടെന്നീസു കളിയോടാണ്. ടി ഷര്‍ട്ട് എന്നാല്‍ ടെന്നീസ് ഷര്‍ട്ട് എന്ന അറിവോടെയാണ് ആ താല്‍പര്യം വന്നു കൂടിയത്. ടെന്നീസ് കളി എനിക്ക് കണ്ടാല്‍ മനസ്സിലാകുന്ന ഒന്നാണ്. ക്രിസ് എവര്‍ട്ട്, ബ്യോണ്‍ ബോര്‍ഗ്, ബോറിസ് ബെക്കര്‍, ജോണ്‍ മെക്കെന്‍റോ, പീറ്റ് സാം പ്രസ്, സ്റ്റെഫിഗ്രാഫ്, മരിയ ഷറപ്പോവ, സെറീന വില്യംസ്, വീനസ് വില്യംസ്, ആന്ദ്രെ അഗാസി, റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍.... അങ്ങനെ ടെന്നീസ് ചക്രവര്‍ത്തിമാരും ചക്രവര്‍ത്തിനിമാരും എന്‍റെ ഇഷ്ടക്കാരായിരുന്നു. മാര്‍ട്ടിന നവരാത്രിലോവ എന്ന് എന്‍റെ അച്ഛന്‍ പറയുന്നതു പോലെ പറയാനും താല്‍പര്യമായിരുന്നു. നമ്മുടെ അമൃതരാജ് സഹോദരന്മാരും, ലിയാന്‍ഡര്‍ പേസും, മഹേഷ് ഭൂപതിയും, സാനിയ മിര്‍സയും എന്‍റെ മനസ്സില്‍ ഇടം പിടിച്ചവര്‍ തന്നെ. സ്കോളര്‍ഷിപ്പ് ഒക്കെ മേടിച്ച് പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥിനി ആയതുകൊണ്ട് ജനറല്‍നോളജ് കുറെ കേമമായിരുന്നു. കളിക്കാരെയും കളികളേയും ഒക്കെ പറ്റി ചെറിയ ധാരണകള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ജോണ്‍ മെക്കന്‍റോയുടെ സീരിയസ് എന്ന ആത്മകഥയും അഗാസിയുടെ ഓപ്പണ്‍ എന്ന ആത്മകഥയും എന്നെ മോഹിപ്പിച്ച വായനകളാണ്.

സുനില്‍ ഗവാസ്ക്കറുടെ ആത്മകഥയായ സണ്ണി ഡേയ്സ് ശരിക്കും പലഹാരം തിന്നുമ്പോലെയാണ് വായിച്ചു തീര്‍ത്തത്. ക്രിക്കറ്റ് കളിയോട് വലിയ താല്‍പര്യം ഇല്ലായിരുന്നു. എന്നാലും കളിക്കാരെയൊക്കെ കേട്ട് പരിചയമായിരുന്നു. ക്രിക്കറ്റ് കളി ഇരുന്നു കാണുവാന്‍ എനിക്ക് ഒരിക്കലും മനസ്സുണ്ടായിട്ടില്ല. ബ്രയാന്‍ ലാറയുടെ ബീറ്റിംഗ് ദ ഫീല്‍ഡ്, ഇമ്രാന്‍ ഖാന്‍റെ ഇമ്രാന്‍, ഇയാന്‍ ബോതമിന്‍റെ ഹെഡ് ഓണ്‍, കപില്‍ ദേവിന്‍റെ സ്റ്റ്രെയിറ്റ് ഫ്രം ദ ഹാര്‍ട്ട് , വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ ദ ഡെഫെനിറ്റീവ് ഓട്ടോബയോഗ്രഫി ഇതൊക്കെ ഞാന്‍ കുത്തിയിരുന്നു വായിച്ചിട്ടുണ്ട്. ക്രിക്കറ്റ് കാണുന്നതിലും ഇഷ്ടം എനിക്ക് ബുക്കുകള്‍ വായിക്കാനായിരുന്നു. കളി എത്ര ശ്രമിച്ചിട്ടും എനിക്ക് ശരിക്ക് മനസ്സിലാകുമായിരുന്നില്ല. എന്നെ അതു മനസ്സിലാക്കിക്കാന്‍ തുനിഞ്ഞവരൊക്കെ പോടീ കഴുതേ എന്ന് പുലമ്പി എണീറ്റ് പോയിട്ടുണ്ട്.

പതിനഞ്ചു വയസ്സില്‍ ഞാന്‍ നന്നായി ബാഡ്മിന്‍റണ്‍ കളിക്കുമായിരുന്നു. അക്കാലങ്ങളില്‍ അമ്മയ്ക്കും അച്ഛനും കുഞ്ഞനിയത്തി ഭാഗ്യയ്ക്കും ഒപ്പമാണ് ഞാന്‍ പാര്‍ത്തിരുന്നത്. ടൌണിലെ സ്കൂളില്‍ ചേര്‍ന്ന എനിക്ക് അമ്മീമ്മയുടെ ഗ്രാമത്തിലെ വീട്ടില്‍ നിന്നുള്ള യാത്ര അനാരോഗ്യകരമാകുന്നുവെന്ന് അമ്മയ്ക്ക് തോന്നി. പിന്നെ പത്താംക്ലാസ്സല്ലേ.. കേമമായിട്ട് പഠിക്കണമല്ലോ. എനിക്ക് അമ്മീമ്മയെ വിട്ട് പോരാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എങ്കിലും പോരേണ്ടി വന്നു. പറ്റുമ്പോഴെല്ലാം ഞാന്‍ അമ്മീമ്മയേയും റാണിയേയും തേടിച്ചെന്നിരുന്നു. എന്നാലും അങ്ങനെ താമസം മാറ്റിയത് എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നായിരുന്നു. അമ്മീമ്മയ്ക്ക് എന്നെ മനസ്സിലാകാതെ വന്ന കാലം അങ്ങനെയാണ് ആരംഭിച്ചത്.

ടൌണിലെ വീട്ടിന്‍റെ അയല്‍പ്പക്കത്ത് താമസിച്ചിരുന്നത് ഡിസ്ട്രിക്ട് വെഹിക്കിള്‍ ഓഫീസര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ അനിയന്‍റെ ഒപ്പമായിരുന്നു എന്‍റെ ബാഡ്മിന്‍റണ്‍ കളി. കളിയിലുള്ള എന്‍റെ മിടുക്കും കഴിവും കണ്ട് ശരിക്കും ആ അനിയന്‍ അല്‍ഭുതപ്പെട്ടു. കാരണം എനിക്ക് കളിയില്‍ ഒരു ട്രെയിനിംഗും അതുവരെ ലഭിച്ചിട്ടുണ്ടായിരുന്നില്ല. എന്‍റൊപ്പം കളിക്കുക മാത്രമല്ല അച്ഛനോട് ഇങ്ങനെ ശുപാര്‍ശയും ചെയ്തു. 'ഇവളെ ഇനി കോളേജിലൊന്നുമല്ല ചേര്‍ക്കേണ്ടത്. ബാഡ്മിന്‍റണ്‍ കളിയില്‍ കോച്ചിംഗ് കൊടുത്ത് നല്ല ഒന്നാന്തരം ഒരു താരമാക്കണം. ഇവള്‍ക്കുള്ളില്‍ ആ കളിയുടെ തീയുണ്ട്. ഇവള്‍ നമ്മുടെ നാട്ടിനു ഒത്തിരി മെഡലുകള്‍ കൊണ്ടുവരും.'

അതൊന്നും ആരും ശ്രദ്ധിച്ചതു കൂടിയില്ല.

ബോളിവുഡ് സിനിമാതാരം ദീപികാ പദുക്കോണിന്‍റെ അച്ഛന്‍ പ്രകാശ് പദുക്കോണ്‍ മനസ്സിലിടം പിടിച്ചിരുന്നു വളരെക്കാലം. അദ്ദേഹത്തെക്കുറിച്ച് എഴുതിക്കാണുന്നതെല്ലാം ഞാന്‍ ആര്‍ത്തിയോടെ വായിച്ചിരുന്നു. എന്നാല്‍ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് തലയും കുത്തി വീണതോടെ ബാഡ്മിന്‍റണ്‍ കളിയോടും ആ താല്‍പര്യത്തോടും ഞാന്‍ സ്വയം വിട പറഞ്ഞു.


ഫുട്ബോള്‍ മല്‍സരത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 'കാല്‍പന്താട്ടുപോട്ടി' എന്ന തമിഴ് വാക്ക് എന്നെ ഒത്തിരി രസിപ്പിച്ചതുകൊണ്ടാണ്. അങ്ങനെ പറയുവാന്‍ തന്നെ എനിക്ക് നല്ല രസം തോന്നി. പെലെയെക്കുറിച്ച് വായിച്ചാണ് ഞാന്‍ ഫുട്ബോള്‍ കളിയില്‍ താല്‍പര്യമുള്ളവളായി മാറുന്നത്. സ്കൂളില്‍ ഉശിരോടെ ഫുട്ബോള്‍ കളിച്ചിരുന്ന സണ്ണിയും മാര്‍ക്കോസുമൊക്കെ എന്‍റെ ആരാധന പിടിച്ചു പറ്റിയിരുന്നു. മറഡോണയും സിദാനും ഡേവിഡ് ബെക്കാമും റൊനാള്‍ഡോയും മാത്രമല്ല, പാപ്പച്ചനും, സത്യനും, വിജയനുമെല്ലാം എന്‍റെ ഇഷ്ടക്കാരായിരുന്നു. ഉത്തരേന്ത്യന്‍ ജീവിതകാലത്ത് വളരെ അടുപ്പമുണ്ടായിരുന്ന ബംഗാളി സുഹൃത്തുക്കള്‍ക്കൊപ്പം രാവു പകലാക്കി, കട്ടന്‍ ചായയും കുടിച്ചിരുന്ന് ഫുട്ബോള്‍ മല്‍സരങ്ങള്‍ കാണുക സ്ഥിരം പതിവായിരുന്നു. ബംഗാളികള്‍ക്ക് ഫുട്ബോള്‍ രക്തത്തില്‍ കലര്‍ന്നു പോയ ഒരു വികാരമാണ്, മല്‍സ്യം പോലെ. എന്‍റെ ഏറ്റവും അടുത്ത ബംഗാളി സുഹൃത്ത് ഒരു കാലിഡപ്പ വെച്ച് ഫുട്ബോള്‍ കളിക്കുന്നത് കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്.

എല്ലാ കളികളോടും കളിക്കാരോടും പ്രത്യേക താല്‍പര്യവും തികഞ്ഞ ആരാധനയുമു ണ്ടെങ്കിലും എഴുത്തുകാരെപ്പോലെ അവരും മനുഷ്യത്വം കുറവായും അല്‍പത്തം കൂടുതലായും പ്രകടിപ്പിക്കുമ്പോള്‍ എനിക്ക് വല്ലാതെ വിഷമമാവാറുണ്ട്. പിന്നെ എല്ലാവര്‍ക്കും എപ്പോഴും പൊളിറ്റിക്കലി കറക്ട് ആവാന്‍ സാധിക്കില്ലെന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കും. എപ്പോഴും പൊളിറ്റിക്കലി കറക്ട് ആവുക ഏറ്റവും വിഷമം പിടിച്ച ഒരു നിലപാടാണ്. നമ്മള്‍ ഒറ്റപ്പെട്ടു പോകാന്‍ ആ നിലപാട് മാത്രം മതി.

എല്ലാവര്‍ക്കും നല്ലൊരു ഫുട്ബോള്‍ കാലം ആശംസിക്കുന്നു.

No comments: