എന്നോട് ഈ ചോദ്യം പലരും ചോദിക്കും. പണം ഒന്നും തടയാത്ത ഈ എഴുത്ത് എന്തിനാണ്? സ്വന്തമായി കുറെ സമയമുണ്ടെന്ന് കരുതി ഇങ്ങനെ എഴുതേണ്ട കാര്യമുണ്ടോ? സ്ത്രീകളുടേതായ എല്ലാ പ്രശ്നങ്ങളും എന്നേക്കാള്‍ ഭംഗിയായി പുരുഷന്മാരും മറ്റ് സ്ത്രീകളും എഴുതിക്കഴിഞ്ഞു. ഞാന്‍ ചുമ്മാ കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന് നേരം കളയുന്നതിലും ഭേദമല്ലേ വീട് അടിച്ചു വാരുന്നത്? നല്ല ആഹാരം വെക്കുന്നത്? ഒന്നുമില്ലെങ്കില്‍ ഇരുന്ന് ഈശ്വരനാമം ജപിച്ചു കൂടെ?
ശരിയാണ്.
ഇതിനൊക്കെ ഉത്തരം എന്‍റെ പക്കല്‍ വേണ്ടേ ?
അതുകൊണ്ട് ഉത്തരമായി പിന്നെയും എഴുതുക എന്നത് മാത്രമാണ് ഒരേ വഴി.
ഇത്തവണ ഞാന്‍ മഹാരാഷ്ട്രയില്‍ പോയ സമയത്ത് എന്നെ കാണാന്‍ വേണ്ടി മാത്രം ചന്ദ്രികചേച്ചി Chandrika Valayil ഒരുപാട് സമയം യാത്ര ചെയ്തു വന്നു. ഒത്തിരി സംസാരിച്ചു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. ഞാന്‍ മഹാരാഷ്ട്രയില്‍ എവിടെയാണെങ്കിലും അങ്ങോട്ട് വന്ന് കാണാന്‍ ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ ആഹ്ലാദം തോന്നി. എത്ര നേരം സംസാരിച്ചിട്ടും മതി എന്ന തോന്നല്‍ ഇരുവര്‍ക്കും ഉണ്ടായില്ല. ഇനി മഹാരാഷ്ട്രയില്‍ പോകുമ്പോള്‍ താമസിക്കാന്‍ ചന്ദ്രികചേച്ചിയുടെ വീടുണ്ട്. നേരെ അങ്ങോട്ട് പോയാല്‍ മതി.
മിനി ചേച്ചിയെ Mini Ak ഞാന്‍ വീട്ടില്‍ പോയി കണ്ടു. എത്ര ഊഷ്മളമായാണ് അവര്‍ എന്നെ സ്വീകരിച്ചത്. വിഭവസമൃദ്ധമായ ആഹാരം തന്നു. മനസ്സു തുറന്ന് ഒത്തിരി സമയം സംസാരിച്ചിരുന്നു. എനിക്ക് മറ്റൊരു വീടു കൂടിയായി മഹാരാഷ്ട്രയില്‍ പോകുമ്പോള്‍ താമസിക്കാന്‍...
എഴുതിയില്ലായിരുന്നെങ്കില്‍ ഈ സൌഹൃദങ്ങള്‍ ഒരിക്കലും ഉണ്ടാവുകയില്ലായിരുന്നു.
'ഒറ്റച്ചരടിലെ പട്ടങ്ങള്‍' എന്ന പുസ്തകം സ്വാതിയാണ് Swathi Sasidharan അയച്ചു തന്നത്. അതു മറിച്ചു നോക്കുമ്പോള്‍ രണ്ടാമത്തെ കഥയായി 'പ്രണയമാപനികള്‍' കണ്ടു. അതെഴുതിയത് യതീന്ദ്രദാസാണ് Yathindradas Thrikkur ഒരു ടേമില്‍ എന്നെ മലയാളം പഠിപ്പിച്ച രാമന്‍ മാഷിന്‍റെ മകന്‍. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കേരളത്തിന്‍റെ പ്രകൃതി ഭംഗി വിവരിക്കാനായി പത്തു മാര്‍ക്കിന്‍റെ ഒരു ചോദ്യമുണ്ടായിരുന്നു. മാഷ് എനിക്ക് ഒമ്പതു മാര്‍ക്കാണിട്ടത് . എന്നില്‍ ഒരു എഴുത്തുകാരി ഉണ്ടെന്ന് ആ ഉത്തരക്കടലാസ്സ് കൈയില്‍ തരുമ്പോള്‍ മാഷ് ക്ലാസ്സില്‍ പ്രഖ്യാപിച്ചു.
യതീന്ദ്രദാസുമായി ആ പുസ്തകത്തിലൂടെ പരിചയം പുതുക്കാന്‍ കഴിഞ്ഞത് എഴുത്തുകൊണ്ടു മാത്രമാണ്. മാഷുടെ പ്രഖ്യാപനം മനസ്സിലോടിയെത്തിയത് ഞാന്‍ യതിയുമായി പങ്കു വെച്ചു.
എന്തൊക്കെ ആകസ്മികതകള്‍...
എത്ര വിലപിടിപ്പുള്ള ഓര്‍മ്മകള്‍...
എനിക്ക് എഴുത്തിലൂടെ കിട്ടുന്ന എല്ലാ അനുഭവങ്ങളും ഒത്തിരി അമൂല്യമാണ്. പണവും അവാര്‍ഡുകളും മാത്രമല്ലല്ലോ മനുഷ്യരുടെ സമ്പാദ്യം. എന്നെപ്പോലെ ഒരുവള്‍ക്ക് തീര്‍ച്ചയായുമല്ല...
മനുഷ്യബന്ധങ്ങളോളം വലുപ്പമുള്ള ഒരു അവാര്‍ഡുമില്ല... അതിലും ഉയര്‍ന്ന ഒരു സമ്പാദ്യവുമില്ല.
ശരിയല്ലേ?

19/05/2020
No comments:
Post a Comment