ഇതെല്ലാം അമ്മീമ്മയുടെ അളവ് പാത്രങ്ങളായിരുന്നു. സ്രഷ്ടാവ് അമ്മീമ്മയുടെ വീടുണ്ടാക്കിയ മഹാനായ കേശവനാശാരി തന്നെ.
നാഴികൊണ്ടാണ് അമ്മീമ്മ എന്നും ചോറു വെക്കാനുള്ള അരിയളന്നെടുക്കുക. നാഴി ശ്രേഷ്ഠമായ ഒരു പാത്രമായി കരുതപ്പെട്ടിരുന്നു. എന്നും ഭക്ഷണത്തിനാവശ്യമായ അരിയെടുത്തു തരുന്ന ജീവനുള്ള ഒന്നായിരുന്നു നാഴി. നാഴിയെ ആദരവില്ലാതെ സ്പര്‍ശിക്കുക, അതില്‍ ബലം പിടിക്കുക, അത് വലിച്ചെറിയുക, വെയിലത്തും മഴയത്തും വെക്കുക ഇമ്മാതിരി കാര്യങ്ങളൊക്കെ ആര് ചെയ്താലും ക്ഷമിക്കാന്‍ പാടില്ലെന്ന് അമ്മീമ്മ പറയുമായിരുന്നു. ഈ അളവുപാത്രങ്ങളെ അപഹസിക്കുന്നത് കര്‍ഷകനെ അപഹസിക്കുന്നത് പോലെയാണ്. കര്‍ഷകനെ കളിയാക്കുന്ന നാട്ടില്‍ ഉറപ്പായും ഭക്ഷ്യക്ഷാമം ഉണ്ടാകും എന്ന് അവര്‍ എപ്പോഴും താക്കീത് തരുമായിരുന്നു.
ഇടങ്ങഴി അങ്ങനെ നിത്യം ഉപയോഗിക്കേണ്ടി വരില്ല. കൂടുതല്‍ ആളുകളും ജോലിക്കാരും ഭക്ഷണം കഴിക്കാന്‍ ഉള്ളപ്പോഴാണ് ഇടങ്ങഴിയില്‍ അരി അളന്നെടുക്കുക. പലഹാരങ്ങള്‍ക്ക് അരിപ്പൊടി ഉണ്ടാക്കാനും അരിക്കൊണ്ടാട്ടവും ബ്ടാവും അപ്പളവും ഉണ്ടാക്കാനും ഇടങ്ങഴിയില്‍ അളന്നെടുക്കല്‍ പതിവുണ്ട്. അമ്മീമ്മയുടെ മേല്‍നോട്ടത്തില്‍ ച്യവനപ്രാശം ഉണ്ടാക്കാന്‍ ശങ്കരന്‍ നായരും ജാനകിയമ്മയും വരുമ്പോള്‍ ചില മരുന്നുകളൊക്കെ അളക്കുന്നതും ഇടങ്ങഴിയിലാണ്. നാഴിക്കു പറഞ്ഞ സകല ആദരവുകളും ഇടങ്ങഴിക്കും ഉണ്ട്.
പറയാണ് ഏറ്റവും മുന്തിയ ആള്‍. നെല്ല് അളക്കുന്നത് പറകൊണ്ടാണ്. അരിമാവുകൊണ്ട് കോലമെഴുതിയാണ് പറ എടുക്കുക തന്നെ. ഞങ്ങള്‍ക്ക് നല്ല ഒന്നാന്തരം കുത്തരിച്ചോറാണ് അമ്മീമ്മ നല്‍കിയിരുന്നത്. സര്‍ക്കാര്‍ രേഖകളില്‍ പഴയ ജന്മി ആയതുകൊണ്ട് റേഷന്‍ കാര്‍ഡ് വളരെക്കാലം പണിപ്പെട്ടിട്ട് മാത്രമേ അമ്മീമ്മയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. നെല്ലു വാങ്ങി പുഴുങ്ങി ഉണക്കി മില്ലില്‍ കൊണ്ടുപോയി കുത്തിക്കൊണ്ടു വന്ന്‍ കയ്ക്കുന്ന വേപ്പില, ഗ്രാമ്പു, കറുവാപ്പട്ട തുടങ്ങിയവയൊക്കെ അരിയില് ഇട്ട് കീടങ്ങള്‍ കേറാതെ അടച്ചു സൂക്ഷിക്കും. നെല്ലളക്കുന്ന വിദ്വാനായതുകൊണ്ടും അമ്പലത്തിലെ ദേവിയും ശാസ്താവുമൊക്കെ വീട്ടില്‍ വന്ന് പറയെടുക്കുമ്പോള്‍ എഴുന്നുള്ളിച്ച ആനയ്ക്കും തുള്ളുന്ന വെളിച്ചപ്പാടിനും മുന്നില്‍ അരിമാവിന്റെ കോലമണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതുകൊണ്ടും പറയ്ക്ക് ഒരു ദൈവിക പരിവേഷമായിരുന്നു.
ഈ മൂന്നു പേര്‍ക്കും ശരിക്കും ജീവനുണ്ടെന്നു കരുതിയിരുന്ന കാലമായിരുന്നു ബാല്യം. അതുകൊണ്ട് ആദരിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു. 'അയാള്‍ കൃഷിക്കാരനാ... പറമ്പില്‍ പണിയെടുത്ത് ജീവിക്കുന്നവനാ... അധ്വാനിയാ' എന്നൊക്കെ വലിയ ഗമയോടെ പറയേണ്ട കാര്യമാണെന്ന് അമ്മീമ്മ പഠിപ്പിച്ചിരുന്നു. പോസ്റ്റ് ഗ്രാജുവേഷനും എഞ്ചിനീയറിങ്ങുമൊക്കെ പഠിച്ചെങ്കിലും ഈ പാഠം ഞങ്ങള്‍ മൂന്നുപേരും ഇന്നും മറന്നിട്ടില്ല.
No comments:
Post a Comment