Monday, October 1, 2018

അമ്മായിഅമ്മമാരും മരുമക്കളും

https://www.facebook.com/echmu.kutty/posts/923028427876452

ഇവര്‍ തമ്മിലുള്ള പോര് കുപ്രസിദ്ധമാണ്. അതിനിടയില്‍ പെട്ട് കഷ്ടപ്പെടുന്ന പുരുഷനെപ്പോലെ ദൈന്യത പേറുന്ന മറ്റൊരാളില്ല. എത്ര പുറം വേണമെങ്കിലും ഇക്കാര്യങ്ങളെപ്പറ്റി എഴുതാം . എന്നാല്‍ പോരു പോയിട്ട് ഒന്നു മുഖം കറുപ്പിക്കല്‍ കൂടിയില്ലാത്ത സ്നേഹനിധികളും അവരുടെ ഇടയില്‍ കഴിയുന്ന ഭാഗ്യവാന്മാരായ പുരുഷന്മാരും ഉള്ളപ്പോള്‍ ആ സ്നേഹഗാഥകള്‍ കൂടി എഴുതിവെയ്ക്കേണ്ടേ?

രണ്ടു തല തമ്മില്‍ ചേര്‍ന്നാലും നാലുമുല തമ്മില്‍ ചേരില്ല എന്ന പഴംചൊല്ലിലെ പതിരുകളെപ്പറ്റി പറയേണ്ടേ?

വേണം.

അപ്പോള്‍ കഥ... ഒന്ന്.

എന്‍റെ കൂട്ടുകാരന്‍റെ ബന്ധു ചേച്ചിയാണ് ഈ കഥയിലെ അമ്മായിയമ്മ. അപ്പോള്‍ ഞാനും അവരെ ചേച്ചിയെന്ന് തന്നെ വിളിക്കാം. ചേച്ചി ഇടുന്ന അത്രയും രുചികരമായ ചായ ഈ ലോകത്താര്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി ആരെങ്കിലും ഇടുമെന്ന് വാദിച്ചാലും ഞാന്‍ സമ്മതിക്കില്ല. ചായയോട് വലിയ താല്‍പര്യമില്ലാത്ത ഞാന്‍ ചേച്ചിയെ കാണുമ്പോഴെല്ലാം 'ഇട് ചേച്ചി, ചായ' എന്നു കൊഞ്ചി അവരെക്കൊണ്ട് ചായ ഇടുവിച്ച് ആസ്വദിച്ച് കുടിക്കും. ആ ചായ എന്‍റെ ഒരു ഭാഗ്യമായി, അനുഗ്രഹമായി കരുതാനാണ് എനിക്കിഷ്ടം.

ചേച്ചിയ്ക്ക് രണ്ടാണ്മക്കളുണ്ട്. മിടുക്കന്മാര്‍. വിദേശത്താണ് കുടുംബസമേതം താമസം. മക്കളും മക്കളുടെ ഭാര്യമാരും കേമമായിട്ട് പഠിച്ചവരും വലിയ വലിയ ഉദ്യോഗങ്ങള്‍ ഭരിക്കുന്നവരുമാണ്. പൌത്രീപൌത്രന്മാരെ കാണാനും അവര്‍ക്കൊപ്പം സന്തോഷിക്കാനും ചേച്ചി ഇടയ്ക്കൊക്കെ വിദേശങ്ങളിലേക്ക് പറന്നു പോകും.

ചേച്ചിയ്ക്ക് പോരൊന്നും ഒട്ടും വശമില്ല. മരുമക്കളുമായി വലിയ ഇഷ്ടത്തിലാണ്. അവരും ചേച്ചിയോട് അങ്ങനെ തന്നെ. വിദേശങ്ങളില്‍ നിന്ന് മണിക്കൂറു കണക്കിനു അമ്മായിഅമ്മയെ ഫോണ്‍ ചെയ്തു സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ഉമ്മകള്‍ അയക്കുകയും മറ്റും ചെയ്യും.

ചേച്ചിയുടെ ഒരു മരുമകള്‍ക്ക് സ്വന്തം ഭര്‍ത്താവിനെപ്പറ്റി ഒത്തിരി പരാതികളുണ്ട്. അതെല്ലാം അമ്മായിഅമ്മയോട് മരുമകള്‍ പങ്കുവെയ്ക്കും. ചേച്ചിയ്ക്കറിയാം മകന്‍റെ ശീലങ്ങള്‍. മരുമകളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും ചേച്ചി മനസ്സിലാക്കീട്ടുണ്ട്. അപ്പോള്‍ പിന്നെ ക്ഷമിച്ച് കേള്‍ക്കുകയേ വഴിയുള്ളു. മകന് ജോലിയാണ് പ്രാണന്‍ . ബാക്കിയെല്ലാം അതു കഴിഞ്ഞേ ഉള്ളൂ. പിന്നെ ബെര്‍ത് ഡേ , വെഡ്ഡിംഗ് ആനിവേഴ്സറി ഡേ ഇതുമാതിരി ദാമ്പത്യചരിത്രത്തിലെ പ്രധാന നാഴികകല്ലു തീയതികളൊന്നും ഓര്‍മ്മയുണ്ടാവില്ല. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നത്, ബില്ലുകള്‍ അടയ്ക്കുന്നത്, ജോലിക്കാരെകൊണ്ടുനടക്കുന്നത് .... അങ്ങനെ ഗൃഹഭരണം മുഴുവന്‍ മരുമകളുടെ മാത്രം തലയിലാണ്.

ചിലപ്പോഴൊക്കെ മരുമകള്‍ക്ക് വീട്ടു ചുമതലകള്‍ നിവര്‍ത്തിച്ച് വല്ലാതെ മടുക്കും. അതു തികച്ചും സ്വാഭാവികം. 'ഞാന്‍ വല്ലവഴിക്കും പോകു'മെന്ന് അവള്‍ അമ്മായിയമ്മയോട് പരിഭവിക്കും. അപ്പോള്‍ അമ്മായിയമ്മ പറയും.' പോയാലും എനിക്ക് ഫോണ്‍ ചെയ്യണം, എന്നെ കാണാന്‍ വരണം. എന്നോടുള്ള അടുപ്പത്തിലും സ്നേഹത്തിലും ഒരു കുറവും വരരുത്.... പിന്നെ നീ പോയാല്‍ എന്‍റെ മോന്‍ തകര്‍ന്ന് തരിപ്പണമാവും . അവന് നീയില്ലാതെ ജീവിക്കാന്‍ കഴിയില്ല. '

ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന ആ അമ്മായിഅമ്മയെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. മകന്‍റെ ദാമ്പത്യം സുരക്ഷിതമാക്കാന്‍ അമ്മ ചെയ്യേണ്ടത് മരുമകളോട് ദേഷ്യപ്പെടുകയും പോരെടുക്കുകയും കുത്തു വാക്കു പറയുകയുമൊന്നുമല്ല. ഇങ്ങനൊരു സ്നേഹമയിയായ അമ്മായിഅമ്മയെ വിട്ടിട്ടു പോവാന്‍ ഏതു മരുമകള്‍ക്ക് കഴിയും...

സ്നേഹത്തിന് എത്ര വര്‍ണങ്ങളാണ്...

കഥ രണ്ട്.

ഈ കഥയില്‍ അമ്മായിയമ്മ തികച്ചും ഗ്രാമീണയാണ്. നല്ല വിദ്യാഭ്യാസമൊക്കെയുണ്ട്. പക്ഷെ, വിവാഹം കഴിച്ചു വന്ന വീടും നാടും വിട്ട് എങ്ങും പോയിട്ടില്ല. ആ വീട്ടില്‍ വെച്ചു വിളമ്പി പാടത്തേയും പറമ്പിലേയും ജോലികള്‍ ചെയ്ത് മക്കളെ പെറ്റു വളര്‍ത്തി ഭര്‍ത്താവിനേയും വീട്ടുകാരേയും പരിചരിച്ച് അങ്ങനെ ജീവിച്ചു .

അങ്ങനെ അവിടേക്കെത്തി വിദേശത്ത് വളര്‍ന്ന മരുമകള്‍. കടുകു വറുക്കുന്നതു പോലെ ഇംഗ്ലീഷ് പറയുന്നവള്‍. മിടുമിടുക്കി. അമ്മയുടെ മകനൊപ്പമോ മകനേക്കാളുമോ കഴിവുള്ളവള്‍.

മകന്‍ നാട്ടില്‍ ജോലി നോക്കി ... മരുമകള്‍ കല്യാണം കഴിച്ചു വന്നിട്ടും മെട്രോസിറ്റിയി ല്‍ ഉപരി പഠനം തുടര്‍ന്നു.

അപ്പോഴാണ് മകന് ഒരു ഫോണ്‍ വന്നത്. അതു ഒരു ഭര്‍ത്താവിനും താങ്ങാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ഭാര്യയ്ക്ക് അവിടെ ഒരു സഹപാഠിയോട് സ്നേഹബന്ധമുണ്ടെന്ന്... വിളിച്ചു പറഞ്ഞത് ഭാര്യയുടെ റൂം മേറ്റ്സ് ആയ സ്ത്രീകളാണ്.

ഭാര്യയെ തികഞ്ഞ വിശ്വാസമായിരുന്നതുകൊണ്ട് അതൊന്നും ആ ഭര്‍ത്താവ് കാര്യമാക്കിയില്ല. എങ്കിലും ഭാര്യയോട് ഈ വിവരം പറയാതിരുന്നില്ല. ഒന്നു സൂക്ഷിക്കാനും ഉപദേശിച്ചു.

അപ്പോഴാണ് ആ സഹപാഠിയുടെ സ്നേഹം പിടിച്ചു പറ്റാന്‍ റൂം മേറ്റ്സ് കാണിക്കുന്ന താല്‍പര്യം ഭര്‍ത്താവ് അറിഞ്ഞത്. അയാളും അവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് പാര്‍ത്തിരുന്നത്. ഭാര്യയും ഭര്‍ത്താവും തമാശ പറഞ്ഞ് ചിരിച്ച് ആ കഥ അവിടെ അവസാനിപ്പിച്ചു.

മരുമകള്‍ അവധിയ്ക്ക് നാട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ അമ്മായിഅമ്മ ധാരാളം പൊതികള്‍ അവള്‍ക്കായി തയാറാക്കി. കൊണ്ടാട്ടം, അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍ അങ്ങനെ ആഹാരം സ്വാദിഷ്ഠമാക്കാന്‍ പറ്റിയ ഒത്തിരി ഉപദംശങ്ങള്‍... എല്ലാം സമൃദ്ധമായി തയാറാക്കി. കൂടെ താമസിക്കുന്ന ആ സഹപാഠിക്കും നല്‍കാന്‍ പറഞ്ഞു.

ഇപ്പോള്‍ ഞെട്ടിയത് മരുമകളാണ്.

'അതിനെന്താ.. അവനൊരു മനുഷ്യനല്ലേ? പിന്നെ അത്യാവശ്യം ഒരു സഹായത്തിനു അന്യനാട്ടില്‍ അവനുള്ളത് നല്ലതല്ലേ' എന്ന് വെറും നാടനായ അമ്മായിയമ്മ ആ സൌഹൃദത്തെ അംഗീകരിച്ചു. അവര്‍ക്ക് സ്വന്തം മരുമകളില്‍ അത്രയും വിശ്വാസമുണ്ടായിരുന്നു.

മകന്‍റെ ദാമ്പത്യം സുരക്ഷിതമാക്കാന്‍ അമ്മ ചെയ്യേണ്ടത് മരുമകളോട് ദേഷ്യപ്പെടുകയും പോരെടുക്കുകയും കുത്തു വാക്കു പറയുകയുമൊന്നുമല്ല.

അപ്പോള്‍ പഴംചൊല്ലില്‍ പതിരുണ്ട്. നാലുമുല തമ്മിലും ചേരും.

No comments: