Wednesday, October 10, 2018

ഒരു കാപ്പിയുടെ ഓര്‍മ്മ

https://www.facebook.com/echmu.kutty/posts/935752713270690

അമ്മീമ്മ മരിച്ചു പോയതിനുശേഷം അധികം വൈകാതെ ആ വീട് അടച്ചിടേണ്ടി വന്നു. അമ്മ ജീവിച്ചിരുന്നപ്പോള്‍ ഇടയ്ക്കിടെ അവിടെ പോയി വീട് അടിച്ചു വാരിത്തുടപ്പിക്കുകയും പറമ്പ് വൃത്തിയാക്കിക്കുകയും ഒക്കെ ചെയ്തിരുന്നു. അമ്മ പൂര്‍ണമായും ബോധരഹിതയായി കിടപ്പിലായപ്പോള്‍ പിന്നെ അമ്മയെ നോക്കുക എന്നതല്ലാതെ ആ വീടിനെ അല്‍പം പോലും ശ്രദ്ധിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചതേയില്ല.

ഇപ്പോള്‍ ആ വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. മയിലുകള്‍ വലിയ പീലിക്കെട്ടുമായി സൈറ്റ് സൂപ്പര്‍ വിഷനു വരുന്നു. അതു കാണുമ്പോള്‍ എനിക്ക് സന്തോഷത്തിനു പകരം ഉല്‍ക്കണ്ഠയാണ് ഉണ്ടാവുന്നത്. വടക്കേ ഇന്ത്യക്കാര്‍ പറയും. മയില്‍ വരുന്നത് ഭാവിയിലെ വരള്‍ച്ചയുടെ, ഭാവിയിലെ മരുഭൂമിയുടെ സന്ദേശവുമായാണെന്ന്.. അങ്ങനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ഭയം തോന്നും. ആ പറമ്പ് എന്നും സസ്യശ്യാമളകോമളമായിരുന്നു. ഒരിക്കലും വറ്റാത്ത കിണറുണ്ട് അവിടെ. .... അവിടെ വിദൂരഭാവിയില്‍ പോലും മരുഭൂമിയുടെ പാദപതനങ്ങള്‍ കേള്‍ക്കുക എന്നത് എനിക്ക് സങ്കല്‍പിക്കാന്‍ വയ്യാത്ത കാര്യമാണ്.

കേശവനാശാരി ആയിരുന്നു ആ കെട്ടിടത്തിന്‍റെ മൂത്താശാരി. അദ്ദേഹം മരിക്കുവോളം മറ്റൊരാള്‍ അവിടെ ജോലി ചെയ്തിട്ടില്ല. അമ്മീമ്മ സമ്മതിക്കുമായിരുന്നില്ല. കേശവനാശാരിക്ക് ഒഴിവ് കിട്ടുന്നതു വരെ പണികള്‍ നീട്ടിവെയ്ക്കാന്‍ അമ്മീമ്മ തയാറായിരുന്നു. അതിപ്പോള്‍ ഒരു പട്ടിക നന്നാക്കുന്നതോ ഒരു ബുക്ക് ഷെല്‍ഫ് പിടിപ്പിക്കുന്നതോ ഒരു കുറ്റിയോ കൊളുത്തോ വെക്കുന്നതോ എന്തു തന്നെ ആയാലും.

ആ വീട് പണിയുമ്പോള്‍ ഉളി ആദ്യം കൈയിലെടുത്ത വേലായുധന്‍ ആശാരിക്ക് ആ വീടൊരു ഗുരുസ്ഥാനമായിരുന്നു. കേശവനാശാരി ഈ ഭൂമി വിട്ടു പോയപ്പോള്‍ മുതല്‍ വേലായുധനാശാരി ജോലികള്‍ ഏറ്റെടുത്തു. അമ്മ ഒന്നു ഫോണ്‍ ചെയ്താല്‍ മതി, അദ്ദേഹം പിറ്റേന്ന് ജോലിക്ക് ഹാജരാകും. എനിക്ക് പലപ്പോഴും അല്‍ഭുതം തോന്നീട്ടുണ്ട്. 'ഇവിടന്നാണ് പണി തുടങ്ങീത്. ഇത് എനിക്ക് ഒരു അമ്പലം തന്നെയാ' എന്നാണ് അദ്ദേഹം പറയുക. പണിയിലെ ഗുരുത്വം എന്ന വാക്ക് അദ്ദേഹമാണ് എനിക്കാദ്യം പഠിപ്പിച്ചു തന്നത്. ഗുരുത്വമുള്ള ആശാരി പുരപ്പുറത്ത് കയറിയാല്‍ കര്‍ക്കടക മഴ പോലും ശല്യം ചെയ്യാതെ മാറിനില്‍ക്കുമത്രേ.

ഞാന്‍ ജീവിതത്തിലാദ്യമായി കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നത് കേശവനാശാരിക്കാണ്. വിറകു പുരയുടെ പണി നടക്കുന്ന കാലമായിരുന്നു. ഞാന്‍ അഞ്ചാം ക്ലാസ്സിലോ മറ്റോ പഠിക്കുകയാണ്.

അമ്മീമ്മയുടെ കുംഭകോണം ഡിഗിരിക്കാപ്പി ഉണ്ടാക്കിത്തരാമെന്ന് ഞാന്‍ ഏറ്റു. അതിനൊരു കാരണവുമുണ്ടായിരുന്നു. എനിക്ക് ഒരു തോണിയും മുടി മെടഞ്ഞിട്ട ഒരു പാവയും വേണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കാപ്പി ഉണ്ടാക്കിത്തന്നാല്‍ ആലോചിക്കാമെന്നായി അദ്ദേഹം.

അമ്മീമ്മ സ്കൂളില്‍ നിന്ന് മടങ്ങി വന്നിരുന്നില്ല. മധ്യവേനല്‍ അവധിക്കാലമായിരുന്നു. പരീക്ഷാഫലങ്ങളുടെ തയാറെടുപ്പായിരുന്നു സ്കൂളില്‍. അങ്ങനെ ഞാന്‍ അടുക്കളയില്‍ കയറി.

ഉണ്ടാക്കി വന്നപ്പോള്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ കുടിക്കാനുള്ള കാപ്പി ഉണ്ട്. ഞാനും അനിയത്തിമാരും കുറെ കുടിച്ചു നോക്കി. അവരിരുവരും പറഞ്ഞു, ' സഹിക്കാന്‍ പറ്റ് ണില്ല. എന്നാലും നീ ഉണ്ടാക്കീതല്ലേ ഞങ്ങള്‍ എങ്ങനേങ്കിലും കുടിച്ച് തീര്‍ത്തോളാം . '

കേശവനാശാരിക്ക് കാപ്പി കൊടുക്കുമ്പോള്‍ എനിക്ക് നല്ല പരുങ്ങല്‍ ഉണ്ടായിരുന്നു. കാപ്പി കൊള്ളില്ല എന്നെനിക്ക് ബോധ്യമുണ്ട്. കാപ്പി കുടിച്ചാല്‍ തോണിയും പാവയും ഉണ്ടാക്കിത്തരില്ലെന്ന് പറഞ്ഞാലോ? അങ്ങനെ ആലോചിച്ചപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.

കാപ്പി കുടിച്ചിട്ട് അദ്ദേഹം പറഞ്ഞു. 'കാപ്പി ആദ്യം ഉണ്ടാക്കീതല്ലേ മോള്... നന്നായിട്ടുണ്ട്, ഇങ്ങനെ കുറച്ചു തവണ ഉണ്ടാക്കിക്കഴിയുമ്പോ അമ്മയെപ്പോലെ കാപ്പി ഉണ്ടാക്കാന്‍ പറ്റും.'

ഞാന്‍ സമാധാനിച്ചു.

അമ്മീമ്മയും കാപ്പി കുടിച്ചിട്ട് എന്നെ പ്രോല്‍സാഹിപ്പിച്ചു. ' ശ്രമിക്കു.. ഇനി ഉണ്ടാക്കുമ്പോള്‍ ഇതിലും നന്നാവും. '

എന്തായാലും കേശവനാശാരി തോണിയും ഒരു കുടവയറന്‍ പാവയും ഉണ്ടാക്കിത്തന്നു. മുടി മെടഞ്ഞിട്ട പാവയെ ഉണ്ടാക്കാന്‍ തടി ഇല്ലെന്നും തല്‍ക്കാലം കുടവയറനെ വെച്ച് കളിച്ചോളാനും അദ്ദേഹം പറഞ്ഞു.

ഞാനും അനിയത്തിമാരും തോണിയില്‍ പൂക്കള്‍ നിറച്ച് കുടവയറനെ കാവല്‍ ഇരുത്തി പറ്റാവുന്ന വെള്ളച്ചാലുകളിലെല്ലാം ഒഴുക്കി കളിച്ചു.

ഇപ്പോള്‍ ആരുമില്ല. എല്ലാവരും പോയി. തോണിയും കുടവയറന്‍ പാവയും എവിടേക്ക് യാത്ര പോയെന്ന് തീരെ അറിയില്ല. മയിലുകളാണെങ്കില്‍ ആരോടും അനുവാദം ചോദിയ്ക്കാതെ കടന്നു വരുന്നു. ....

ഇങ്ങനെയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന് പറയുകയായിരിക്കുമോ അവര്‍... കാരണം കുന്നുകളൊക്കെയും ലോറികളില്‍ കയറിപ്പോകുന്നത്, നെല്‍പ്പാടങ്ങളില്‍ നിറയെ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ മുളയ്ക്കുന്നത്, പുഴ മണല്‍ക്കുഴികള്‍ മാത്രമാവുന്നത്.... ഒക്കെ അവരും കാണുന്നുണ്ടല്ലോ.

നമുക്കല്ലേ കാര്യങ്ങള്‍ വളരെ പതുക്കെപ്പതുക്കെ മാത്രം വെളിവാകുക... വിവേചനബുദ്ധി ഒത്തിരിയുള്ള നമ്മള്‍ മനുഷ്യര്‍ക്ക്....

No comments: