Sunday, October 14, 2018

മഴ നൊമ്പരങ്ങള്‍

https://www.facebook.com/echmu.kutty/posts/941417689370859

'ദില്ലി മണ്‍സൂണ്‍ ഈസ് ഫോര്‍ ത്രീ ഡേയ്സ് 'എന്നാണ് അവിടത്തെ എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുമാരുമൊക്കെ പറയുക. അതുകൊണ്ട് കെട്ടിടം പണിയൊന്നും നിറുത്തിവെയ്ക്കേണ്ടതില്ല. മഴ അങ്ങു വരും... ആര്‍ത്തലച്ചു പെയ്യും.. എല്ലാ വഴികളിലും വെള്ളം കെട്ടി നില്‍ക്കും... പിന്നെ മഴ വന്നതു പോലെ പോകും.

ഞങ്ങള്‍ അത് വിശ്വസിച്ചു. അങ്ങനെ ഉഷാറായി വിവിധ ചേരികളിലെ പണികള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഒരു ആര്‍ക്കിടെക്ടും മൂന്ന് സിവില്‍ എന്‍ ജിനീയര്‍മാരും കണക്കെഴുത്തുകാരിയായ ഞാനും കുറെ തൊഴിലാളികളും... ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പലതരം ജോലിക്കാര്‍.. എല്ലാവരും ഉല്‍സാഹിച്ച് പണിയെടുക്കുകയാണ്. ലാറിബേക്കര്‍ ടൈപ്പ് കെട്ടിടനിര്‍മ്മാണരീതികള്‍ ഇന്ത്യന്‍ തലസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക ദൌത്യത്തിലായിരുന്നു ഞങ്ങള്‍.

ആ ദിവസം രാവിലെയാണ് മലയാളികളായ മേസന്മാരിലൊരാള്‍ ഓടി വന്ന് എന്നോട് ഓഫീസില്‍ നിന്ന് സൈറ്റിലേക്ക് വരാന്‍ പറഞ്ഞത്. അയാള്‍ക്ക് നല്ല കിതപ്പുണ്ടായിരുന്നു. മാത്രമല്ല കരച്ചിലും വരുന്നുണ്ടായിരുന്നു. 'എന്തു പറ്റീ' എന്ന് ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ ഗദ്ഗദത്തോടെ പറഞ്ഞു. 'മാഡം, താങ്ങാന്‍ പറ്റുന്നില്ല. ചോര പോലെ ഒരു കൊച്ചിനേം കൊണ്ട് പണിയെടുക്കാന്‍ വന്നിരിക്കയാണ്. അതിനെ മണ്ണില്‍ ഒരു തുണി വിരിച്ച് കിടത്തീട്ടുണ്ട്. ആ അമ്മേടേ മേലൊക്കെ ചോര... കണ്ടിട്ട് പേടിയാവുന്നു..'

ഞാന്‍ കരിങ്കല്ലുകള്‍ക്കും ഇഷ്ടികകള്‍ക്കും വാനം കോരിയിട്ട മണ്‍ കൂനകള്‍ക്കും ഇടയിലൂടെ ഓടി...

അവിടെച്ചെന്നു നോക്കുമ്പോള്‍ കഷ്ടിച്ച് പതിനെട്ട് തികഞ്ഞിട്ടുള്ള അമ്മ കരിങ്കല്ല് ഉയര്‍ത്തി തലയില്‍ വെയ്ക്കുകയും ചോര പൂക്കുറ്റി പോലെ കുതിച്ചൊഴുകുകയുമാണ്. അവള്‍ അത് കാര്യമാക്കുന്നില്ല. ചോരയല്ലേ ... അതൊഴുകും എന്ന മട്ടില്‍. അത്ര നിസ്സാരമായി. എലിയേക്കാള്‍ ചെറിയ ഒരു കുഞ്ഞ് തുണിക്കഷണത്തില്‍ കിടക്കുന്നു.

ചോദിച്ചറിഞ്ഞു വരുമ്പോള്‍ പ്രസവിച്ചിട്ട് നാലു ദിവസമായിട്ടേയുള്ളൂ. പെണ്‍ കുഞ്ഞിനെ പെറ്റിട്ടതുകൊണ്ട് ഭര്‍ത്താവ് കളഞ്ഞിട്ടു പോയി.

കഴിഞ്ഞ നാലു ദിവസമായി പട്ടിണിയായിരുന്നു. ഇന്നും വീട്ടിലിരുന്നാല്‍ പിന്നേം പട്ടിണിയാകും. ..

എനിക്ക് കണ്ണുകള്‍ വേവുന്നതു പോലെ തോന്നി. ഹൃദയം നിലയ്ക്കുമെന്ന് ഞാന്‍ ഭയന്നു.

അവളോട് ജോലി നിറുത്താനും വിശ്രമിക്കാനും ഭക്ഷണത്തിനുള്ള പണം തരാമെന്നും പറഞ്ഞ് രൂപ കൊടുത്ത് തല്‍ക്ഷണം ഞാന്‍ പറഞ്ഞു വിട്ടു. ഉച്ചയ്ക്ക് ബാക്കി എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും എനിക്കും ആ മേസനും ഒരു കഷണം റൊട്ടി പോലും ഇറങ്ങിയില്ല. ഞങ്ങളുടെ മുന്നില്‍ കുതിച്ചൊഴുകുന്ന ചോരയുടെ പേടിപ്പിക്കുന്ന നിറവും മടുപ്പിക്കുന്ന ഗന്ധവുമായിരുന്നു.

ഞങ്ങള്‍ എല്ലാവരും ആ സൈറ്റില്‍ തന്നെയാണ് താമസിച്ചിരുന്നത്. താല്‍ക്കാലിക പാര്‍പ്പിടങ്ങളില്‍... രാത്രി അപ്രതീക്ഷിതമായി ഇടി വെട്ടി.. ആകാശം കുത്തിത്തുറക്കുന്ന മാതിരി മിന്നലുണ്ടായി. ഞാന്‍ പേടിച്ചു വിറച്ചു. പിന്നെ മഴ പെയ്യാന്‍ തുടങ്ങി. അതങ്ങനെ നിസ്സാരമഴയൊന്നുമായിരുന്നില്ല. തുമ്പിക്കൈ വണ്ണത്തില്‍ വെള്ളം ചൊരിഞ്ഞുകൊണ്ട് ഭീകര മഴ. ആരെങ്കിലും കെട്ടിപ്പിടിക്കാന്‍ കൂടെയുണ്ടെങ്കില്‍ , ചോരാത്ത മേല്‍പ്പുരയുണ്ടെങ്കില്‍, വാതിലിനടിയിലൂടെ വെള്ളം അകത്തു കയറുന്നില്ലെങ്കില്‍, ചൂടു ചായയും പരിപ്പുവടയും തിന്നാനുണ്ടെങ്കില്‍, ചൂടു ചോറും കറിയും ഉണ്ടെങ്കില്‍ ഒക്കെ മാത്രമാണ് മഴയുടെ സൌന്ദര്യവും സൌരഭ്യവും നമുക്ക് മനസ്സിലാവുക. അല്ലെങ്കില്‍ ശരിക്കും പേടിയാകും...

അപ്പോഴാണ് എലി കരയുന്ന ശബ്ദത്തില്‍ ആരോ എന്‍റെ തകര ഷീറ്റടിച്ച വാതിലില്‍ തട്ടി വിളിച്ചത്. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അവളാണ്. ആ പതിനെട്ടുകാരിയായ അമ്മ... കൂടെ ചോരക്കുഞ്ഞുമുണ്ട്.. വീശിയടിക്കുന്ന തൂവാനത്തില്‍ അവള്‍ നനഞ്ഞൊലിക്കുകയാണ്. ...

വലിയ കഥയൊന്നുമില്ല... പെണ്ണിനെ പെറ്റവളെ ഭര്‍ത്താവിനു വേണ്ടാതായാല്‍ പിന്നെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കും വേണ്ട.. അതുകൊണ്ട് ഒരു കൂട്ടുകാരിയുടെ ഒറ്റമുറി വീട്ടില്‍ ഇരിക്കുകയായിരുന്നു. മഴ വന്നപ്പോള്‍ അവിടെ എല്ലാവര്‍ക്കും അകത്തു കിടക്കേണ്ടി വന്നു. അപ്പോള്‍ അവള്‍ക്ക് കിടക്കാന്‍ ഇടമില്ല... ഇന്ന് മാഡത്തിന്‍റെ ഒപ്പം നിറുത്താമോ? മുറിയുടെ ഒരു മൂലയില്‍ ഇരുന്നോളാം .... രാവിലെ അകന്ന ബന്ധത്തിലെ ആരോ എവിടേയോ ഉണ്ട്.. അങ്ങോട്ട് പോക്കോളാം..

എനിക്ക് മഴ വെറുത്തു.. തൂവാനം വെറുത്തു. തോക്കുണ്ടായിരുന്നെങ്കില്‍ ആകാശത്തേക്ക് വെടിവെച്ച് മഴയെ കൊല്ലണമെന്ന് , അങ്ങനെയെങ്കിലും ഒരു വിപ്ലവകാരിയാവണമെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് പ്രാപ്തിയില്ലല്ലോ.

എന്‍റെ പാവാടയും ഷര്‍ട്ടും ചോര തടുത്തു നിറുത്താന്‍ സാനിറ്ററി പാഡുകളും കൊടുത്ത് കുഞ്ഞിനെ തുടച്ച് പുതപ്പില്‍ പൊതിഞ്ഞ് അതിനു പാലുകൊടുക്കാന്‍ ഞാന്‍ അവളോട് പറഞ്ഞു. പിന്നെ ഞാന്‍ ചായ ഉണ്ടാക്കി ... മട്ടിയും ചായയും കഴിച്ച് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കിയിരുന്നു...

ഇന്ത്യാ മഹാരാജ്യത്തിന്‍റെ തലസ്ഥാനം മഴയില്‍ കുതിരുന്നുണ്ടായിരുന്നു അപ്പോഴും...
മധുരിമയാര്‍ന്ന മഴപ്പേച്ചുകള്‍ എനിക്ക് വഴങ്ങാത്തത് അവളും ആ കുഞ്ഞും എന്നില്‍ എപ്പോഴും ജീവിക്കുന്നതുകൊണ്ടാണ്.

No comments: