രണ്ടു പേര്‍ ഒരു ബോര്‍ഡിന്‍റെ ഇരുവശത്തും ഇരുന്ന് ബോര്‍ഡിലെ കുഴികളില്‍ മഞ്ചാടിമണി അല്ലെങ്കില്‍ പുളിങ്കുരു എണ്ണിയിട്ട് കളിക്കുന്ന ഒരു ഇന്‍ഡോര്‍ ഗെയിമാണത്. കൂടുതലും പെണ്‍കുട്ടികള്‍ കളിക്കുന്നത്. ഈ ബോര്‍ഡ് അമ്മീമ്മ കേശവനാശാരിയെക്കൊണ്ട് ഉണ്ടാക്കിക്കുകയായിരുന്നു. തറവാട്ടില്‍ ഉണ്ടായിരുന്ന പോലെ വലുപ്പമുള്ള ഒരു ബോര്‍ഡ് വേണമെന്ന് തന്നെയായിരുന്നു അമ്മീമ്മയുടെ ആഗ്രഹം. അതിനു വേണ്ടത്ര തടി വാങ്ങാനുള്ള പണമൊന്നും പക്കലുണ്ടായിരുന്നില്ലെങ്കിലും ഒരു ബോര്‍ഡ് ഉണ്ടാക്കാന്‍ അമ്മീമ്മ തീരുമാനിച്ചു. അങ്ങനെ കിട്ടിയതാണ് ഈ മിനിയേച്ചര്‍ പല്ലാങ്കുഴി ബോര്‍ഡ് .
അയല്‍പ്പക്കങ്ങളില്‍ ബ്രാഹ്മണഭൂരിപക്ഷമായിരുന്നതുകൊണ്ട് ഞങ്ങള്‍ ജാതിയില്ലാത്ത കുട്ടികള്‍ തീര്‍ച്ചയായും വല്ലാതെ ഒറ്റപ്പെട്ടിരുന്നു. ചെറുപ്പകാലങ്ങളില്‍ നേരിടേണ്ടി വരുന്ന ഇത്തരം ഭ്രഷ്ട് മനസ്സിലുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഒത്തിരി കാലമെടുക്കും. ഞങ്ങള്‍ക്ക് ആ മുറിവുകള്‍ ഉണങ്ങാനുള്ള അവസരം ജീവിതമൊരിക്കലും തന്നില്ല. ജാതിയും മതവും അല്‍പം അസാധാരണമായ കുടുംബബന്ധങ്ങളും എന്നും ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടിരുന്നു.... ജീവിതത്തിലെ സകല ബന്ധങ്ങളിലും, അപമാനവും നിന്ദയും നിത്യപ്പരിചയമായാല്‍ പിന്നെ അവയെ നേരിടാന്‍ നമ്മളറിയാതെ തന്നെ ഒരു പ്രതിരോധം തയാറായിക്കഴിയും. അങ്ങനെ ജാതിയും മതവും ഇല്ലായ്മകളും ചൂണ്ടിക്കാട്ടി അധിക്ഷേപിക്കാത്തവരോടാണെങ്കില്‍ അനല്‍പമായ ആദരവും ഞങ്ങളറിയാതെ തന്നെ ഉണ്ടാകും.
പല്ലാങ്കുഴി കളിക്കാന്‍ ഞാനും അനിയത്തിയും മാത്രം മതിയല്ലോ. ഞങ്ങള്‍ പരസ്പരം വാശിയോടെ കളിച്ചു രസിക്കുമായിരുന്നു. തുടര്‍ച്ചയായി ഞാന്‍ ജയിച്ചാല്‍ റാണി ഏങ്ങലടിച്ചു കരയും . അതുകൊണ്ട് ഇടയ്ക്കിടെ ഞാന്‍ തോറ്റുകൊടുക്കുമായിരുന്നു. അവള്‍ പിണങ്ങിയാല്‍, കരഞ്ഞാല്‍ പിന്നെ ഞാന്‍ ആരുടെ കൂടെ കളിക്കും? അതുകൊണ്ടു കൂടിയായിരുന്നു മന:പൂര്‍വമുള്ള എന്‍റെ തോല്‍വി.
മഞ്ചാടിമണികള്‍ പെറുക്കാന്‍ റാണി അതിവിദഗ്ദ്ധയായിരുന്നു. ചപ്പു ചവറൊക്കെ മാറ്റി മഞ്ചാടിമണികള്‍ ഒരു നിധി കിട്ടിയ സന്തോഷത്തോടെ അവളുടെ കുഞ്ഞിക്കൈകള്‍ നിറച്ചും പെറുക്കിക്കൊണ്ടു വരും. ചപ്പു ചവറുകള്‍ക്കിടയില്‍ പാമ്പുണ്ടാവുമോ പഴുതാരയുണ്ടാവുമോ കട്ടുറുമ്പുണ്ടാവുമോ എന്നൊന്നും അവള്‍ ഉല്‍ക്കണ്ഠപ്പെട്ടിരുന്നില്ല. മേല്‍നോട്ടം വഹിക്കുമെങ്കിലും എനിക്ക് ഭയമായിരുന്നു അതിനൊക്കെ. എന്നാല്‍ കളിക്കാനുള്ള കോപ്പുകള്‍ അതെന്തു തന്നെയായാലും ഒരുക്കു കൂട്ടാന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഇരുപത്തിനാലു മണിക്കൂറും എന്തെങ്കിലുമൊക്കെ കളിക്കാന്‍ അവള്‍ തയാറുമായിരുന്നു.
ഇനി പല്ലാങ്കുഴിയുടെ ചരിത്രം കുറച്ച് വിശദീകരിക്കാം. തെക്കേ ഇന്ത്യ മുഴുവന്‍ പ്രചാരമുള്ള ഒരു ഗെയിമാണിത്. തമിഴില്‍ പല്ലാങ്കുഴി എന്നും മലയാളത്തില്‍ കുഴിപ്പറ എന്നും കന്നഡയില്‍ അലിഗുലിമനെ എന്നും തെലുങ്കില്‍ വാമനഗുണ്ടലു എന്നുമാണീ കളിക്ക് പേര്. തെക്കേ ഇന്ത്യക്കാര്‍ അതിലും തമിഴര്‍ കൂട്ടമായി കുടിയേറിയ പല വിദേശരാജ്യങ്ങളിലും അതായത് ശ്രീലങ്കയിലും മലേഷ്യയിലും ട്രിനിടാഡിലും ഗയാനയിലും ഇന്‍ഡോനേഷ്യയിലും സുമാത്രയിലും ജാവയിലും ഒക്കെ ഈ കളിയുണ്ട്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ സിനിമ പോലെ...
രണ്ടു പേരാണ് ഇത് കളിക്കുക. ബോര്‍ഡിന്‍റെ ഇരുവശത്തും ഏഴു കുഴികള്‍ വെച്ച് പതിനാലു കുഴികള്‍ ഉണ്ടാകും. പതിനാലുകുഴിയാണ് പറഞ്ഞു പറഞ്ഞു പല്ലാങ്കുഴി ആയത്. നൂറ്റിനാല്‍പത്താറു മഞ്ചാടിക്കുരുക്കളോ പുളിങ്കുരുക്കളോ വേണം . ഏറ്റവും കൂടുതല്‍ കുരുക്കള്‍ കളിച്ചു സമ്പാദിക്കുന്നയാള്‍ ജയിക്കും.
നടുവിലുള്ള കുഴിയില്‍ രണ്ട് കുരുക്കള്‍ മാത്രം ഇട്ട് ബാക്കി കുഴികളിലൊക്കെ പന്ത്രണ്ട് കുരുക്കള്‍ വീതം നിറക്കും. ആദ്യം കളിക്കുന്നാള്‍ തന്‍റെ ഏതേലും കുഴിയില്‍ നിന്ന് കുരുക്കള്‍ എടുത്ത് വലതു വശത്തേക്കുള്ള കുഴികളില്‍ ഓരോ കുരു വീതം ഇട്ട് കളി ആരംഭിക്കും. സ്വന്തം ഭാഗത്തെ കുഴികള്‍ തീര്‍ന്നാല്‍ എതിരാളിയുടെ കുഴികളില്‍ കുരുക്കള്‍ ഇടാം. അങ്ങനെ കുരുക്കള്‍ ഇട്ട് സ്വന്തം വശത്തെ ഒരു കുഴി ഒഴിഞ്ഞാല്‍ അതിനപ്പുറത്തെ കുഴിയിലെ കുരുക്കള്‍ കളിക്കുന്ന ആളുടെ സ്വത്തായിത്തീരും. അതുപോലെ കുരു ഇടുമ്പോള്‍ ഒരു കുഴിയില്‍ ആറു കുരുക്കള്‍ വന്നാല്‍, ആ കുരുക്കള്‍ മുഴുവന്‍ കുരു ഇട്ടയാള്‍ക്ക് എടുക്കാം. അടുത്ത കുഴിയിലെ കുരുക്കള്‍ നേരത്തേതു പോലെ ഇട്ടുകൊണ്ട് കളി പിന്നെയും തുടരാം. എന്നാല്‍ തുടര്‍ച്ചയായി രണ്ട് കുഴികള്‍ ഒഴിഞ്ഞാല്‍ പിന്നെ കുരുക്കള്‍ നേടാനോ കളി തുടരാനോ കഴിയില്ല. അപ്പോള്‍ അടുത്ത ആള്‍ ഈ രീതിയില്‍ കളി ആരംഭിക്കും. എല്ലാ കുരുവും വിന്യസിച്ചു തീരുമ്പോള്‍ ഒരു വട്ടം കളി പൂര്‍ത്തിയാകും.
രണ്ടാം വട്ടം കളിയിലാണ് പ്രശ്നങ്ങള്‍. കൂടുതല്‍ കുരുക്കള്‍ കൈയിലുള്ള ആള്‍ക്കായിരിക്കും കളിയില്‍ മേല്‍ക്കൈ. ആദ്യവട്ടം കളിയില്‍ തോറ്റയാള്‍ക്ക് കുഴികള്‍ നിറക്കാന്‍ മാത്രം കുരുക്കള്‍ കൈവശം ഉണ്ടാവില്ല. ഒഴിഞ്ഞ കുഴികള്‍ വെറും കുഴികളായി അറിയപ്പെടും. ആദ്യവട്ടം കളിയില്‍ ആദ്യം കളിച്ചയാള്‍ രണ്ടാം വട്ടം കളിയില്‍ രണ്ടാമതേ കളിക്കു. വെറും കുഴികള്‍ കളിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. കളിച്ച് കുരുക്കള്‍ നേടി വെറും കുഴികള്‍ നിറയ്ക്കാന്‍ പറ്റുകയാണെങ്കില്‍ അവ പിന്നെയും കളിയില്‍ ചേര്‍ക്കാം . കളിച്ച് കളിച്ച് ഒരു കുഴിയില്‍ നിറയ്ക്കാന്‍ ആറു കുരുക്കള്‍ തികയുന്നില്ലാത്ത സ്ഥിതി വന്നാല്‍ അവിടെ കളി തീരും.
കണക്കില്‍ ഞാന്‍ മോശമായിരുന്നെങ്കിലും ഈ കളിയില്‍ ഞാന്‍ മിടുക്കിയായിരുന്നു. പക്ഷെ, കളിയില്‍ തോറ്റ് റാണി കരയുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ മണ്ടന്‍കളിച്ച് അവളെ ജയിപ്പിക്കും. ഞങ്ങള്‍ക്ക് ഞങ്ങളല്ലേ കളിക്കാന്‍ കൂട്ടുണ്ടായിരുന്നുള്ളൂ
No comments:
Post a Comment