വിദേശനിര്‍മിതമായ പാല്‍ക്കുപ്പികളാണിത്. അമ്മ വളരെ കാര്യമായി സൂക്ഷിച്ചു വെച്ചിരുന്നത്. ഇരുവശത്തും റബര്‍ നിപ്പിള്‍ ഇട്ട് അടയ്ക്കേണ്ടത്. ഇതിലാണ് ഞാനും അനിയത്തി റാണിയും അമ്മീമ്മയ്ക്കൊപ്പം താമസിക്കുമ്പോള്‍ പാല്‍ കുടിച്ചിരുന്നത്.
എനിക്ക് ആറു വയസ്സു വരെ ഈ കുപ്പിയില്ലാതെ പാലോ വെള്ളമോ ജൂസോ ഒന്നും കുടിക്കാന്‍ കഴിയുമായിരുന്നില്ല. ഗ്ലാസ് ചുണ്ടില്‍ തൊടീക്കാതെ ഗ്ല ഗ്ല എന്ന ശബ്ദത്തോടെ പാലും കാപ്പിയും വെള്ളവുമൊക്കെ കുടിക്കാന്‍ പഠിക്കണമെന്ന് അമ്മീമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. നമ്മള്‍ എന്തെങ്കിലും കുടിക്കുമ്പോള്‍ ഒരാള്‍ വന്നാല്‍ എച്ചില്‍ ആക്കാതെ കുടിച്ചാലേ അയാള്‍ക്കും അതു പങ്ക് വെക്കാനാവൂ. പഴമോ ബ്രഡോ പലഹാരങ്ങളോ ഒന്നും കടിച്ചു തിന്നാന്‍ അമ്മീമ്മ അനുവദിച്ചിരുന്നില്ല. അത് പൊട്ടിച്ച് തുണ്ടങ്ങളാക്കി വായിലിടണം. എപ്പോഴും പങ്കുവെയ്ക്കാന്‍ തയാറുള്ള ഒരു മനസ്സുണ്ടാവണമെന്നത് അമ്മീമ്മയുടെ ഉറച്ച തീരുമാനമായിരുന്നു. ഈ വിദ്യയെല്ലാം ആദ്യം സ്വായത്തമാക്കിയത് അനിയത്തി റാണിയാണ്. അവള്‍ മിടുമിടുക്കിയായപ്പോഴും ദുര്‍ബലയായ ഞാന്‍ ഈ പാല്‍ക്കുപ്പിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല.
ഞാന്‍ മുലപ്പാല്‍ ഒട്ടും തന്നെ കുടിച്ചിട്ടില്ലായിരുന്നു. എന്നാല്‍ റാണിയ്ക്ക് ആ ഭാഗ്യമുണ്ടായിരുന്നു. പക്ഷെ, ഒരു വയസ്സില്‍ അമ്മീമ്മയ്ക്കൊപ്പം താമസിച്ച് തുടങ്ങിയപ്പോള്‍ അവള്‍ക്കും മുലപ്പാല്‍ ഇല്ലാതായി. എങ്കിലും രാത്രി ഉറങ്ങണമെങ്കില്‍ മുല കുടിക്കണമെന്നത് അവളുടെ നിര്‍ബന്ധമായിരുന്നു. അമ്മീമ്മ തന്‍റെ ഒട്ടും ഉടയാത്ത, പുരുഷസ്പര്‍ശമേറ്റിട്ടില്ലാത്ത, ചുരക്കാത്ത മുലകള്‍ അവള്‍ക്ക് കുടിക്കാന്‍ കൊടുക്കും. ആ നിമിഷം തന്നെ അവള്‍ ഉറങ്ങുകയും ചെയ്യും.
എനിക്ക് ഒരുകാലത്തും മുലകുടിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടില്ല. റാണിക്ക് എന്ത് മണ്ണാങ്കട്ടയാണ് ഈ മുല കുടിക്കുന്നതില്‍ നിന്ന് കിട്ടുന്നതെന്ന് ഞാനൊത്തിരി സമയം ആലോചിച്ചിട്ടുണ്ട്. എന്‍റെ കുഞ്ഞ് മുല കുടിച്ചപ്പോഴാണ് അത് അമ്മയ്ക്ക് നല്‍കുന്ന നിര്‍വൃതിയെപ്പറ്റി ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. അന്ന് അമ്മീമ്മ എന്‍റെ മനസ്സില്‍ ഒരു പൂര്‍ണദേവിയായി ഉയര്‍ന്നു. എത്ര വലിയൊരു കാര്യമാണ് അമ്മീമ്മ ചെയ്തിരുന്നതെന്ന് അന്നാണ് എനിക്ക് ബോധ്യമായത്. പത്തു വയസ്സുവരെ അമ്മീമ്മയുടെ മുല കുടിച്ചാണ് റാണി എന്നും ഉറങ്ങിയിരുന്നത്. സ്വന്തം കുഞ്ഞിന് മടുക്കും വരെ, സ്വയം കുഞ്ഞ് അതു വേണ്ടെന്ന് വെയ്ക്കും വരെ മുലകൊടുത്ത് റാണി തന്‍റെ അമ്മധര്‍മ്മം പൂര്‍ണമായും നിറവേറ്റി. എനിക്ക് അതും സാധിച്ചില്ല.
ഇപ്പോള്‍ അമ്മ സൂക്ഷിച്ചുവെച്ച ഈ പാല്‍ക്കുപ്പികളും ഓര്‍മ്മകളും മാത്രം ബാക്കി... എന്നിട്ടും അതു കാണുമ്പോള്‍ ചെറിയൊരു സുരക്ഷിതത്വബോധം... അമ്മയുടേയും അമ്മീമ്മയുടേയും നെഞ്ചിടിപ്പുകള്‍ തന്നിരുന്ന സുരക്ഷിതത്വബോധം... സ്നേഹത്തിന്‍റെ അതീവ വശ്യമായ നറുമണം...
No comments:
Post a Comment