ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ ഉണ്ടായിരുന്നു ഈ ഇളക്കം, അവനോട് മാത്രം ഒരു സ്പെഷ്യല്‍ സ്നേഹം. സ്ലേറ്റില്‍ അതീവ മൃദുലമായി എഴുതുന്ന വെളുത്ത പാല്‍പ്പെന്‍സില്‍, അച്ഛന്‍റെ മരുന്നലമാരയില്‍ നിന്ന് കിട്ടുന്ന ഒഴിഞ്ഞ ഇഞ്ക്ഷന്‍ കുപ്പി, ഷോ ബട്ടണ്‍, പിന്നെ ചോക്ലേറ്റ് ഇതെല്ലാം അവനായി ഞാന്‍ കരുതിവെയ്ക്കും. അവനും കൊണ്ടുവരും. വീട്ടില്‍ നിന്ന് ഒരച്ച് ശര്‍ക്കര, അത് ഞങ്ങള്‍ പങ്കിട്ട് കഴിക്കും. അവന്‍റടുത്താണ് ഞാന്‍ എപ്പോഴും ഇരിക്കുക. മാറിയിരിക്കാന്‍ ടീച്ചര്‍ പറയുമ്പോഴോക്കെ നെഞ്ചുപൊട്ടുന്ന സങ്കടമുണ്ടാവും. കണ്ണു നിറയുന്നതും ചുണ്ടു വിതുമ്പുന്നതും കാണുമ്പോള്‍ ടീച്ചര്‍ ഒടുവില്‍ സമ്മതിക്കും. അവനെ കാണാതെയും അവനോട് മിണ്ടാതെയും ജീവിക്കാന്‍ കഴിയുമെന്ന് അക്കാലങ്ങളില്‍ ഞാന്‍ കരുതിയിട്ടേയില്ലായിരുന്നു. സ്കുളില്‍ പോയിരുന്നത് അവനെ കാണാനും ഒപ്പം കളിക്കാനും വേണ്ടി മാത്രമായിരുന്നു. അല്ലാതെ പഠിക്കാനൊന്നുമായിരുന്നില്ല. ക്ലാസ്സില്‍ പഠിപ്പിക്കുന്നതൊക്കെ എനിക്ക് നേരത്തെതന്നെ അറിയാമായിരുന്നുവല്ലോ. തലമുടി നെറുകയില്‍ തെങ്ങുംതൈ കിളിര്‍ത്ത്ത് പോലെ കെട്ടിവെച്ച് അതിലൊരു റോസാപ്പൂവോ മുല്ലമാലയോ ചൂടി കണ്ണെഴുതി പൊട്ടും കുത്തിയാണ് സ്കൂളില്‍ പോവുക. കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് അവന്‍ പറഞ്ഞാലേ സന്തോഷമാകുമായിരുന്നുള്ളൂ.
ഒരു ദിവസം ക്ലാസ്സില്‍ ടീച്ചറില്ലാതിരുന്ന സമയത്ത് എല്ലാ കുട്ടികളും ബെഞ്ചിന്മേല്‍ കയറി ഓടിക്കളിക്കുകയായിരുന്നു. അന്നും ഇപ്പോഴത്തെ പോലെ ഭീരുവായതുകൊണ്ട് ഞാന്‍ അതില്‍കൂടിയില്ല. കൃത്യമായി ഹെഡ്മാസ്റ്റര്‍ ക്ലാസ്സിലെത്തി ഉരത്ത ശബ്ദത്തില്‍ നിശ്ശബ്ദരായിരിക്കാന്‍ ആവശ്യപ്പെട്ടു. തന്നെയുമല്ല ഓടിക്കളിച്ചവര്‍ക്കെല്ലാം ഓരോ അടിയും കൊടുത്തു. എനിക്ക് അടി കിട്ടിയില്ല. പക്ഷെ, അവനു കിട്ടി. അവന്‍ ഓടിക്കളിച്ചിട്ടില്ലായിരുന്നു . എന്‍റൊപ്പം വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. അന്നും ഞാന്‍ അവനൊരു പുതിയ വലിയ ബട്ടണ്‍ കൊടുത്തിരുന്നു. ഒരു ചിത്രശലഭത്തിന്‍റെ ആകൃതിയായിരുന്നു അതിന്. നല്ല തിളക്കവുമുണ്ടായിരുന്നു. വേറേ ഒന്നു രണ്ട് പേരും ചോദിച്ചു നോക്കിയെങ്കിലും അവനെന്‍റെ സ്പെഷ്യല്‍ സ്നേഹിതനായതുകൊണ്ട് ബട്ടണ്‍ ഞാന്‍ അവനു മാത്രമേ കൊടുത്തുള്ളൂ.
അതാണ് കുഴപ്പമായത്. ബട്ടണ്‍ കിട്ടാത്ത ദേഷ്യത്തിന് അതിലൊരാള്‍ അവനും ഓടിക്കളിച്ചുവെന്ന് ഗുരുവായൂരപ്പനെ വിളിച്ച് സത്യം ചെയ്തു പറഞ്ഞു.
അതു കേട്ട് ഞാന്‍ നീലിച്ചുനിന്നു പോയി.
അവന്‍റെ ഉള്ളംകൈയില്‍ ഹെഡ്മാസ്റ്റര്‍ ചൂരല്‍ കൊണ്ടടിച്ചപ്പോള്‍ നീറിയത് എനിക്കാണ്. എന്‍റെ കണ്ണില്‍ നിന്ന് കുടുകുടെന്ന് കണ്ണീരു വന്നു. അടിയുടെ വേദനയ്ക്കൊപ്പം ഞാന്‍ കരയുന്നതുകൂടി കണ്ടപ്പോള്‍ അവനു സഹിച്ചില്ല. ഷര്‍ട്ടിന്‍റെ തുമ്പ് കൊണ്ട് അവനെന്‍റെ കണ്ണുകള്‍ ഒപ്പി. 'കരയല്ലേ' എന്ന് ഗദ്ഗദകണ്ഠനായി.
ഗുരുവായൂരപ്പന്‍ എന്തിന് അങ്ങനെ മൌനം പാലിച്ചു അന്നേരത്തെന്ന് ഞാനും അവനും പിന്നീട് ഒത്തിരി നാള്‍ ആലോചിച്ചുവെങ്കിലും ഉത്തരമൊന്നും കിട്ടിയില്ല.
കാലം ഞങ്ങളെ ഇപ്പോള്‍ ഒരു പരിചയവുമില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. അവന്‍ തിരക്കുള്ള ഒരു ചാര്‍ട്ടേട് എക്കൌണ്ടന്‍റാണെന്ന് ആരോ പറഞ്ഞറിഞ്ഞു. അത്രമാത്രം.
--------------------------------------------
ഇളക്കങ്ങള്‍ 2
കാലം എന്നോടനുവാദമൊന്നും ചോദിക്കാതെ അങ്ങ് കടന്നു പോയി. മിടുക്കന്മായ ഒത്തിരി ആണ്‍ കുട്ടികള്‍ സഹപാഠികളായി വന്നുവെങ്കിലും അവര്‍ക്കൊന്നും എന്നോട് പ്രത്യേക സ്നേഹമൊട്ടും ഇല്ലായിരുന്നു. പിന്നെ നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ രണ്ടാം ക്ലാസ്സ് ആരംഭിക്കുമ്പോള്‍ തന്നെ ആണ്‍ പെണ്‍ വേര്‍തിരിവ് ഒരു നിര്‍ബന്ധമായി പുലര്‍ത്തിപ്പോരുമല്ലോ. അതുകൊണ്ടാവണം അങ്ങനെ ഒന്നും സ്പെഷ്യലായി ഇല്ലാതിരുന്നത്,
ഉശിരോടെ കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് തൂക്കം നല്‍കി പ്രസംഗിക്കുന്ന പീറ്റര്‍, ഒന്നാന്തരമായി പന്തു കളിക്കുന്ന മാര്‍ക്കോസ്, സണ്ണി എന്നിങ്ങനെ എല്ലാവരാലും ആരാധിക്കപ്പെടുന്ന ചില സീനിയര്‍ ചേട്ടന്മാര്‍ വലിയ ക്ലാസ്സുകളില്‍ ഉണ്ടായിരുന്നു. പക്ഷെ, അവരുടെ കണ്ണില്‍ എന്‍റെകുട്ടി ആരാധനയൊന്നും ഇടം പിടിച്ചില്ല. എന്‍റേത് ഒരു തലൈരാഗമായിരുന്നു.
ആയിടയ്ക്കാണ് ഞാന്‍ എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോള്‍ ഒരു ബസ് ഡ്രൈവര്‍ വന്നു ചേര്‍ന്നത്, അയാള്‍ക്ക് ഒത്തിരി പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എണ്‍പതു ശതമാനം മാര്‍ക്ക് വാങ്ങി എസ് എല്‍ എസ് സി പാസ്സായിട്ടും കോളേജില്‍ ചേരാത്ത ഒരാളായിരുന്നു അയാള്‍. ഹൈസ്കൂള്‍ ടീച്ചറുടെ മകനായിരുന്നു, വളരെ മാന്യതയോടെയും സംസ്ക്കാരത്തോടെയും മാത്രം എല്ലാവരുമായും ഇടപഴകിയിരുന്ന ഒരാള്‍ . അയാളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. തുടര്‍ന്ന് പഠിക്കേണ്ടെങ്കില്‍ കെ എസ് ആര്‍ ടി സി യില്‍ ജോലിക്ക് പോകാന്‍മുതിര്‍ന്ന യാത്രക്കാര്‍ എല്ലാവരും അയാളെ പറ്റുമ്പോഴൊക്കെ ഉപദേശിക്കുമായിരുന്നു. എല്ലാ പെണ്കുട്ടികള്‍ക്കും അത് കേള്‍ക്കുമ്പോള്‍ വല്ലാതെ സങ്കടം വരുമായിരുന്നുവെങ്കിലും...
ഞങ്ങളുടെ കണ്ണുകള്‍ ആദ്യമായി പരസ്പരം ഇടഞ്ഞ നിമിഷം കണ്ണുകള്‍ പിന്‍വലിക്കാന്‍ ഞങ്ങളിരുവരും അല്‍പം വൈകിപ്പോയി. എനിക്ക് ജീവിതത്തില്‍ ആദ്യമായിരുന്നു ആ അനുഭവം. ഞാന്‍ ശരിക്കും വല്ലാതായി. കഥകളും നോവലുകളും ഒക്കെ ഒത്തിരി വായിച്ചു കൂട്ടിയിട്ടുണ്ടെങ്കിലും ഫെലുദായേം ഷെര്‍ലക് ഹോംസിനെയും എന്‍റെ നിത്യകാമുകന്മാരായി വിചാരിച്ചിട്ടുണ്ടെങ്കിലും പരസ്പരം കണ്ണില്‍ കണ്ണ് കോര്‍ക്കുന്ന അനുഭവം എനിക്ക് ആദ്യമായിരുന്നു. തന്നെയുമല്ല അയാളുടെ കണ്ണുകള്‍ ആ ഒരു നിമിഷത്തില്‍ കയം പോലെ ആഴമാര്‍ന്നുവെന്നും എനിക്കറിയാന്‍ കഴിഞ്ഞു.
അയാള്‍ ഓടിക്കുന്ന ബസ്സില്‍ മാത്രം കയറുവാന്‍ ശ്രമിക്കുന്നത് പിന്നീട് എന്‍റെ ശീലമായി. ബസ്സിലിരുന്നും ലൈബ്രറി ബുക് വായിക്കുമായിരുന്ന എന്നെ പലപ്പോഴും അയാള്‍ റിയര്‍ വ്യൂ മിററിലൂടെ ശ്രദ്ധിച്ചു പോന്നു, അന്നേരമെല്ലാം ഞങ്ങളുടെ കണ്ണുകള്‍ കൃത്യമായി കൂട്ടിമുട്ടി. ഞാന്‍ തല താഴ്ത്തുമ്പോള്‍ അയാളുടെ ചുണ്ടില്‍ എനിക്കു വേണ്ടി മാത്രമായി ഒരു പുഞ്ചിരി വിരിഞ്ഞു. അതീവ സുഖദമായ ഒരു അനുഭവമായിരുന്നു അത്. പെണ്കുട്ടികളില്‍ ചിലരൊക്കെ ഇത് ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് സ്വാഭാവികമായും എന്നോട് കടുത്ത ഈര്‍ഷ്യയുണ്ടായി. അവരുടെ അമ്മമാരില്‍ നിന്ന് അമ്മീമ്മ വിവരമറിഞ്ഞു.
എനിക്ക് അമ്മീമ്മയില്‍ നിന്ന് ഒളിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടെന്ന് ഞാന്‍ അമ്മീമ്മയോടും പറഞ്ഞു. ' ഞാനറിയാത്ത കാര്യങ്ങള്‍ ഒന്നും കുട്ടിക്കുണ്ടാവാന്‍ പാടില്ല ' എന്ന് അമ്മീമ്മ ആ സംഭാഷണം അവസാനിപ്പിച്ചു.
ബസ്സില്‍ നല്ല തൊലി വെളുപ്പുള്ള ഒരാള്‍ കയറുമായിരുന്നു. അടിവസ്ത്രം ധരിക്കാതെ പെണ്കുട്ടികളെ മുട്ടിയുരുമ്മലായിരുന്നു അയാളുടെ ദു:ശീലം. മിക്കവാറും സ്ത്രീകള്‍ ഇയാളെക്കൊണ്ട് പൊറുതിമുട്ടിയിരുന്നു. ചൂടു ചോറുള്ള സ്റ്റീല്‍പാത്രം മേല്‍ മുട്ടിച്ചും സെഫ്റ്റി പിന്‍ കൊണ്ട് കുത്തിയും ഒക്കെ നോക്കിയിട്ടും അയാള്‍ ഒന്നും സംഭവിക്കാത്ത മാതിരി ഈ പരിപാടി തുടര്‍ന്നു പോന്നു.
അയാള്‍ ഒറ്റയ്ക്ക് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയാണെങ്കില്‍ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ച് വിടും. എന്നാല്‍ മറ്റ് യാത്രക്കാര്‍ ഉള്ളപ്പോള്‍ അതു പറ്റില്ലല്ലോ. അങ്ങനെ വര്‍ഷിക പരീക്ഷാ ക്കാലത്തിന്‍റെ അവസാന ദിവസത്തിലാണ്............ ഒരു കൊച്ചുകുഞ്ഞിനോടായിരുന്നു തൊലി വെളുപ്പന്‍റെ അന്നത്തെ പ്രകടനം, കുഞ്ഞ് നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുകയാണ്. അതു വല്ലാതെ ഭയന്നു പോയി. ' ഈ മാമന്‍ ഉമ്മാണ്ടി കൊണ്ട് കുത്തുന്നു ' എന്ന് പാവം കുട്ടി അലറിക്കരഞ്ഞു.
അന്നാണ് എന്‍റെ സ്നേഹിതനായ ഡ്രൈവറുടെ ഉശിരു കണ്ടത്. ബസ്സ് നിറുത്തി, കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് 'പോട്ടെ , പോട്ടെ' എന്ന് സമാധാനിപ്പിച്ച് അവളെ തോളത്തിരുത്തിക്കൊണ്ട് തന്നെ വെളുപ്പന്‍റെ കരണം പുകയുമാറ് നാലെണ്ണം അങ്ങ് പൊട്ടിച്ചു. ചില സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ ലാലുമൊക്കെചെയ്യുന്നതു പോലെ..
അതാവണം അയാളോടു തോന്നിയ ആ ആരാധന, ആ ഇളക്കം അത് ഇന്നും മാറിയിട്ടില്ല. പിന്നീട് ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ...
No comments:
Post a Comment