Thursday, October 4, 2018

അന്നശാപം

https://www.facebook.com/echmu.kutty/posts/931353207043974

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്താണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. പരിസരത്ത് അതു കൂടാതെ കുറെ വലിയ ആശുപത്രികള്‍ വേറെയും ഉണ്ടല്ലോ. അതുകൊണ്ട് എപ്പോഴും പലതരം ആളുകള്‍ വരും . ഒരുപാട് തരം രോഗങ്ങളെക്കുറിച്ചു പറയും. കരയും. പണം ചോദിക്കും. എന്‍റെ പക്കല്‍ അധികം പണമൊന്നും ഉണ്ടാവില്ല. എന്നാലും എന്തെങ്കിലും കൊടുക്കും. അവരുടെ സങ്കടം വയറിലേയോ നെഞ്ചത്തേയോ മുഴകള്‍, വ്രണങ്ങള്‍ .... ഇതൊക്കെ കേട്ടും കണ്ടും അറിയും. ചിലര്‍ കഞ്ഞി ചോദിക്കും. ചിലര്‍ക്ക് ചായ മതി. കഞ്ഞിയായാലും ചായയാലും കുടിച്ച് കഴിയുമ്പോള്‍ എനിക്ക് നല്ലതു വരുമെന്ന് പറയും..

വരുമായിരിക്കും എന്ന് ഞാനും കരുതും..

ഇന്ന് പക്ഷെ, എനിക്ക് വല്ലാതെ സങ്കടം തോന്നി.

വയറ്റില്‍ വലിയ മുഴയുള്ള ഒരു അമ്മച്ചി വന്നു. ക്യാന്‍ സര്‍ ആണ്. ചികില്‍സ ചെയ്യുന്നുണ്ട്. പക്ഷെ, പണമില്ല. ആഹാരത്തിനു വകയില്ല. കഞ്ഞി തരാമോ?

ഞാനവരോട് ഇരിക്കാന്‍ പറഞ്ഞു. കഞ്ഞിയും ഇടിയഞ്ചക്കതോരനും കൊടുത്തു.

ഒരബദ്ധം പറ്റി.

ഞാന്‍ കഞ്ഞിയില്‍ ഉപ്പിടാതെ കുടിക്കുന്നതുകൊണ്ട് അവര്‍ക്കുള്ള കഞ്ഞിയിലും ഉപ്പിട്ടില്ല.

ഒരു കവിള്‍ കഞ്ഞി കുടിച്ചപ്പോള്‍ അവര്‍ വെറുപ്പോടെ പാത്രം നീക്കി വെച്ചു.

'ഉപ്പൊഴിക്കാത്ത കഞ്ഞി എന്തിനു തരണത്? തരാന്‍ ഇഷ്ടമില്ലെങ്കി പറഞ്ഞാല്‍പ്പോരേ' എന്ന് ചോദിച്ചു.

സത്യമായും എനിക്ക് വലിയ മനപ്രയാസം തോന്നി.

'ഞാന്‍ ഉപ്പ് കൊണ്ടുവരാം' എന്ന് ക്ഷമാപണത്തോടെ അകത്തേക്ക് തിരിഞ്ഞപ്പോള്‍ അവര്‍എണീറ്റു. 'മനസ്സില്ലാതെ ആര്‍ക്കും ഒന്നും കൊടുക്കരു ത് കൊച്ചേ. പാപം കിട്ടും' എന്ന് ശപിച്ച് ചടുപിടുന്നനെ അങ്ങിറങ്ങിപ്പോയി
.
ഞാന്‍ സ്തബ്ധയായി നിന്നു.

പാവപ്പെട്ട മനുഷ്യരുടെ സങ്കടം വേണ്ട പോലെ അറിയാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

2 comments:

vettathan said...

അതൊരു ഓര്‍മ്മത്തെറ്റാണ് ശാപത്തിനൊന്നും വകുപ്പില്ല

Muralee Mukundan , ബിലാത്തിപട്ടണം said...

പാവപ്പെട്ട മനുഷ്യരുടെ സങ്കടം വേണ്ട
പോലെ അറിയാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.