ഈ വിളക്കിന് ജീവിതത്തില്‍ വലിയ സ്ഥാനമായിരുന്നു അമ്മീമ്മയുടെ വീട്ടില്‍ താമസിക്കുന്ന കാലത്ത്. വീട്ടില്‍ അന്നേ വൈദ്യുതി ഉണ്ടായിരുന്നുവെങ്കിലും ഗ്രാമമായിരുന്നതുകൊണ്ട് എപ്പോഴും അതു മുടങ്ങുമായിരുന്നു. അമ്മീമ്മ എന്നും ഇരുട്ടും മുമ്പ് കോഴിമുട്ട വിളക്കുകളെ , ( മൂന്ന് വിളക്കുകള്‍ ഉണ്ടായിരുന്നു) തുടച്ച് തിരിയൊക്കെ തയാറാക്കി മണ്ണെണ്ണ ഒഴിച്ച് ഫാളിന്‍ ആക്കി നിറുത്തും. പിന്നെ ഒരു നിലവിളക്ക്, മൂന്നു ബാറ്ററിയുടെ ഒരു ടോര്‍ച്ച് ഇതൊക്കെ സൂര്യന്‍ ടാറ്റാ പറയും മുമ്പേ ഇരുട്ടിനെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുണ്ടാവും. നാമം ജപിക്കുന്നതു പോലെ നിത്യവും ഇത് തെറ്റാതെ ചെയ്ത് രാത്രി മുഖം വീര്‍പ്പിച്ചു കണ്ണടച്ചുകളയുന്ന വൈദ്യുതിയെ അമ്മീമ്മ ഭംഗിയായി തോല്‍പ്പിക്കും.
ഉത്തരവാദിത്തബോധവും ചുമതലയും ഇത്രയും കൃത്യമായി പുലര്‍ത്തിയിരുന്ന മറ്റൊരാളെ എനിക്ക് സങ്കല്‍പിക്കാന്‍ കൂടി ഇപ്പോള്‍ പറ്റുന്നില്ല. ജീവിതം മുന്നോട്ട് പോകുന്തോറും അമ്മീമ്മ എന്‍റെ മനസ്സില്‍ വളരെ വിശാലമായ ക്യാന്‍വാസില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു.
ഗ്ലാസ് ചിമ്മിനിയുടെ കോഴിമുട്ട ആകൃതിയാണ് വിളക്കിന് അങ്ങനൊരു വിളിപ്പേര്‍ കൊടുത്തത്. പതിനാലാം നമ്പര്‍ വിളക്കെന്നും പറയുമായിരുന്നു, മാതുവും പാറുക്കുട്ടിയും അമ്മീമ്മയുടെ മറ്റു വീട്ടുസഹായികളും ഒക്കെ. അതിന്‍റെ കാരണമെന്താണെന്ന് എനിക്കിപ്പോള്‍ ഒട്ടും ഓര്‍മ്മ വരുന്നില്ല.
ഞങ്ങള്‍ക്ക് പഠിക്കാന്‍ യാതൊരു ബുദ്ധിമുട്ടും വരരുതെന്ന് അമ്മീമ്മയ്ക്ക് തികഞ്ഞ നിര്‍ബന്ധമായിരുന്നു. അതിനായി രണ്ടുപേര്‍ക്കും ഓരോ വിളക്ക് എന്നും റെഡിയായിരിക്കും. പഠിത്തം കഴിഞ്ഞാലും ഞാന്‍ കുത്തിയിരുന്ന് പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ലോകക്ലാസ്സിക്കുകളില്‍ പലതും ഈ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഞാന്‍ കരണ്ടു തിന്നിട്ടുള്ളത് . പലപ്പോഴും ചുമരിലെ സ്വന്തം നിഴലിനെ നോക്കി ഞെട്ടുകയും ചെയ്തിട്ടുണ്ട്. ഭയം തോന്നാതിരിക്കാന്‍ ഒരു സൂത്രമെന്ന നിലയില്‍ അമ്മീമ്മയും റാണിയും ഉറങ്ങുന്ന കിടക്കകള്‍ക്കരികില്‍ ഇരുന്ന് ഞാന്‍ ഡ്രാക്കുളയേയും എക്സോര്‍സിസ്റ്റിനേയും ഭൂതരായരേയും മറ്റും പരിചയപ്പെട്ടു. എന്നിട്ട് പകല്‍ പോലും കിടുകിടാ വിറയ്ക്കുകയും ചെയ്തു.
ഒറ്റക്ക് താമസിച്ചിരുന്ന, അതും ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന ബ്രാഹ്മണരുടെയും സവര്‍ണരുടേയും എതിര്‍പ്പിനെ നേരിട്ടുകൊണ്ട് താമസിച്ചിരുന്ന അമ്മീമ്മയ്ക്ക് രാത്രികളിലെ ഈ വെളിച്ചമില്ലായ്മ വളരെ വൈഷമ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പാമ്പും എലിയും പെരുച്ചാഴിയുമൊക്കെ വലിയ പ്രശ്നങ്ങളായിരുന്നു. കൊച്ചുകുട്ടികളായിരുന്നതുകൊണ്ട് ഇവരെ കാണുമ്പോള്‍ ഭയപ്പെട്ട് ഉറക്കെ നിലവിളിച്ച് കരയുകയെന്നതല്ലാതെ വേറെ കാര്യമായ സഹായമൊന്നും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാനും പറ്റുമായിരുന്നില്ലല്ലോ .
പതിനഞ്ച് വയസ്സില്‍ രാത്രി രണ്ടു മണിക്ക് കിണറിനരികേയുള്ള മോട്ടോര്‍ഷെഡ്ഡില്‍ വീഴുന്ന മഴ മോട്ടോറിനെ നനയ്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ ധൈര്യമായി പുറത്തിറങ്ങിപ്പോയപ്പോള്‍ അമ്മീമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. 'എന്‍റെ മോള്‍ മുതിര്‍ന്നിരിക്കുന്നു'വെന്ന അഭിമാനം ആ കണ്ണുനീരില്‍ അന്ന് ഞാന്‍ കണ്ടു.
പാമ്പിനെ തുരത്താന്‍ എന്നും വൈകുന്നേരം വെളുത്തുള്ളിയും കായവുമൊക്കെ അരച്ചു കലക്കി വീട്ടിനു ചുറ്റും തളിക്കുമായിരുന്നു അമ്മീമ്മ. എന്നിട്ടും രണ്ടു മൂന്നു തവണ പാമ്പ് വീട്ടിന്‍റെ അടുത്ത പരിസരത്ത് വന്നിട്ടുണ്ട്. അടുക്കളയില്‍ പാമ്പ് കയറിയ ദിവസം അമ്മീമ്മ ഒരു പുതപ്പിട്ട് മൂടി അതിനെ അടിച്ചുകൊന്നു. അത് അവര്‍ക്ക് ഒത്തിരി മനോവിഷമം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു. വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ് അമ്മാതിരി അകൃത്യം ചെയ്യേണ്ടി വന്നതെന്ന് അവര്‍ പിന്നീട് ദു:ഖിച്ചിട്ടുണ്ട്. 'നീ എന്‍റെ അടുക്കളയില്‍ കയറി വന്നാല്‍ ഞാന്‍ പിന്നെ എന്തു ചെയ്യും ? ' എന്നായിരുന്നു അമ്മീമ്മ ശംഖുവരയന്‍ പാമ്പിനോട് ചോദിച്ചത്... എങ്കിലും ചെയ്തത് അതിക്രമമായിപ്പോയി, ജീവനെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ വളരെക്കാലം വിഷമിച്ചിരുന്നു. അവസാനമായി ഞാന്‍ കണ്ടപ്പോള്‍ പോലും സ്വന്തം അകൃത്യം അവര്‍ മറന്നിരുന്നില്ല.
ഒരു റാന്തല്‍ വിളക്ക് വാങ്ങണമെന്ന് അമ്മീമ്മ ഒത്തിരി ആഗ്രഹിച്ചിരുന്നു. അങ്ങനെ പണം സ്വരുക്കൂട്ടിവെച്ച് മോഹിച്ച് വാങ്ങിയ വിളക്കിലാകട്ടെ വളരെ പെട്ടെന്ന് ദ്വാരം വീണു . ദ്വാരം അടക്കാന്‍ കുറെ പരിശ്രമിച്ചെങ്കിലും അത് ഒരിയ്ക്കലും നടക്കുകയുണ്ടായില്ല. പിന്നീട് ആരു പറഞ്ഞിട്ടും റാന്തലിനെ വിശ്വസിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. കോഴിമുട്ട വിളക്ക് , പുത്തന്‍ റാന്തലിന്‍റെ പ്രഭയില്‍ മങ്ങിപ്പോയിരുന്ന സ്വന്തം പ്രതാപം അങ്ങനെ വീണ്ടെടുത്തു.
വൈദ്യുതി മുടങ്ങാത്ത വെളിച്ചം പരത്തുന്ന വീട് അമ്മീമ്മ എക്കാലവും സ്വപ്നം കണ്ടിരുന്നു. പക്ഷെ, അമ്മീമ്മ കടന്ന് പോകുമ്പോഴും ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പാകത്തില്‍ ഞങ്ങള്‍ മൂന്നു പേരില്‍ ആര്‍ക്കും പ്രാപ്തി നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് ആ വീടിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും വൈദ്യുതി മുടങ്ങാതെ കാക്കാനും എന്‍റെ കുഞ്ഞനിയത്തിക്ക് സാധിക്കുന്നുണ്ട്. പക്ഷെ, നിറദീപമായിരുന്ന നിത്യ ഐശ്വര്യമായിരുന്ന അമ്മീമ്മ ഇല്ല....
No comments:
Post a Comment