നല്ല കാര്യം തന്നെ. എല്ലാ വിവേചനങ്ങളും അവസാനിക്കുന്ന സമത്വ സുന്ദര ജനാധിപത്യ രാജ്യമായി ഇന്ത്യ മാറുന്നതിൽ ഒരു തരക്കേടുമില്ല. ആൺ പെൺ വിവേചനം, ലൈംഗിക വിവേചനം ഇക്കാര്യങ്ങളിലാണല്ലോ ഇപ്പോൾ പുരോഗമനപരമായ വിധി വന്നത്. എന്നാലും അൽഭുതം തോന്നുകയാണ്. ബി ജെ പി ഗവണ്മെൻറിൻറെ കീഴിൽ സുപ്രീംകോടതിക്ക് ഇത്ര സ്വാതന്ത്ര്യബോധമോ? ബഹുജനപ്രതിബദ്ധതയോ? ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പ് കാണാതിരിക്കുന്നില്ല. അതുകൊണ്ട് തന്നെ ചില ഉൽക്കണ്ഠകളും ഉണ്ട്. വിവേചനങ്ങൾ അവസാനിപ്പിക്കുന്നതുകൊണ്ട് എവിടെയും ഒരു കുഴപ്പവും സംഭവിക്കുകയില്ലെന്നിരിക്കേ പല ന്യായങ്ങൾ പറഞ്ഞ് അത് നിലനിറുത്തുന്നത് പലതരം അധികാരസമവാക്യങ്ങളെ അതേപടി സൂക്ഷിക്കുവാൻ മാത്രമാണ്. ഏറ്റവും വലിയ അധികാരം സമ്പത്തിൻറെയാണല്ലോ. ആ അധികാരത്തെ സുപ്രീംകോടതി അകന്നു കൂടിപ്പോലും തൊടുകയില്ല. 2019 ലെ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ജനപ്രിയവിധികളല്ലേ ഇതൊക്കെയെന്ന സംശയം ഉയരുന്നത് അതുകൊണ്ടാണ്.
ഇന്ത്യൻ ജനതയെ മൊത്തം പാപ്പരാക്കുന്ന ബാങ്ക് ചോർത്തലുകൾ,ഇന്ധന ങ്ങളുടെ കുതിച്ച് കയറുന്ന വില, അംബാനിയും അദാനിയും നീരവ് മോദിയും വിജയ് മല്യയും അങ്ങനെ ഒത്തിരിപ്പേരുണ്ട്. ഇന്ത്യൻ ജനതയുടെ സമ്പത്ത് കൈയടക്കി വെച്ചിട്ടുള്ളവർ. അവരെയൊന്നും കോടതിക്ക് കണ്ണുയർത്തി നോക്കാൻ പോലും സാധിക്കില്ല. അടിസ്ഥാന ആവശ്യങ്ങൾ പോലും നിവർത്തിക്കാൻ പറ്റാത്ത ദരിദ്രകോടികളെ കോടതിക്ക് സഹായിക്കാൻ കഴിയില്ല. അപ്പോൾ നമ്മൾ ഈ കോമഡികൾ കണ്ട് ചിരിക്കണോ അതോ കരയണോ? ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പ് ഈ വിധികളിലെ വലിയ പഴുതുകളാണ്. ആ പഴുതുകളെ അടിസ്ഥാന പ്പെടുത്തി ഈ കേസുകൾ ഇനിയും വാദിക്കപ്പെടും. അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ മാത്രം കാത്തിരുന്നാൽ മതിയെന്ന് തോന്നുന്നു
മുതലാളിത്തത്തിൻറെ അടുത്ത ബന്ധുവാണ് ഫാസിസം. ഈ ബന്ധുക്കളുടെ വളർച്ച ക്ക് വിശ്വാസവും ആചാരവും അത്യന്താപേക്ഷിതമായ മാർക്കറ്റാണ് . എന്നാൽ വിശ്വാസത്തെ വ്യക്തിസ്വാതന്ത്ര്യത്തിനു കീഴെയായിട്ടേ കാണുന്നുള്ളൂ എന്ന് വരുത്തിത്തീർത്ത് ശബരിമല പോലൊരു അന്ധവിശ്വാസ വാണിജ്യ കേന്ദ്ര ത്തിലേക്ക് ഹേ സ്ത്രീകളേ നിങ്ങൾക്കും പോകാം എന്ന് കോമഡി പറഞ്ഞിരിക്കുന്നു സുപ്രീംകോടതി. മനുഷ്യാവകാശ പ്രവർത്തകരെ വീട്ടുതടങ്കലിൽ വെക്കണമെന്നും കൂടി ഇന്ന് കോടതി പറഞ്ഞിട്ടുണ്ട്. വിവേചനങ്ങൾ അങ്ങനെ തീരുകയും മറ്റുമില്ല
No comments:
Post a Comment