എറണാകുളത്തു നിന്ന് മടങ്ങുകയായിരുന്നു ഞാന്‍. എ സി ബസ്സാണ്. പതിവു പോലെ അതീവ സുന്ദരമായ മലയാളം ഗാനങ്ങള്‍. ... ഏ സിയുടെ നേരിയ തണുപ്പ്. സുഖകരമായ ഇരിപ്പിടം, പുലര്‍കാലം. ജീവിതത്തില്‍ നടക്കാതെ പോയ കാര്യങ്ങളെല്ലാം നടന്നുവെന്ന് ഞാന്‍ സങ്കല്‍പത്തില്‍ സന്തോഷിക്കുന്നത് ഇമ്മാതിരി ഏകാന്തയാത്രകളിലാണ്.
വൈറ്റില ഹബ്ബില്‍ നിന്ന് നന്നേ മെലിഞ്ഞൊട്ടിയ ഒരു അമ്മൂമ്മയെ രണ്ട് പുരുഷന്മാര്‍ ഇരുവശത്തും പിടിച്ചു നടത്തി മെല്ലെ മെല്ലെ ബസ്സില്‍ കയറ്റിയിരുത്തി. അമ്മൂമ്മ എന്‍റെ തൊട്ടടുത്താണിരുന്നത്. നന്നെ വെളുത്തു ആയിരം ചുളുക്കുള്ള തൊലിയുമായി ഒരു അമ്മൂമ്മ. ക്ഷീണം കൊണ്ട് ആ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇട്ടിരുന്ന നൈറ്റി തോളില്‍ നിന്ന് കിഴിഞ്ഞു പോയത് പുരുഷന്മാരില്‍ ഒരാള്‍ കയറ്റിയിട്ടു. സൌകര്യപൂര്‍വം ഇരുത്തി. ഒരാള്‍ പുറകിലെ സീറ്റില്‍ ഇരുന്നു. മറ്റേയാള്‍ താഴെയിറങ്ങിപ്പോയി ചൂടു ചായ കൊണ്ടുവന്നു അമ്മൂമ്മയ്ക്ക് കൊടുത്തു. അടുത്ത് നിരയിലെ സീറ്റില്‍ അയാളും ഇരുന്നു.
അമ്മൂമ്മയ്ക്ക് തണുക്കുന്നുണ്ടായിരുന്നു. ചായ കഴിഞ്ഞപ്പോള്‍ അയാള്‍ പേപ്പര്‍ഗ്ലാസു പുറത്ത് വേസ്റ്റ് ബാസ്ക്കറ്റില്‍ കൊണ്ടുകളഞ്ഞു. തിരികെ ബസ്സില്‍ വന്ന് ഒരു ഷാളെടുത്ത് അമ്മൂമ്മയെ പുതപ്പിച്ചു. മലയാളികളല്ല എന്നും ഹിന്ദി സംസാരിക്കുന്നവരാണെന്നും എനിക്ക് മനസ്സിലായി. അമ്മൂമ്മയുടെ ആണ്മക്കളാണ് ആ പുരുഷന്മാരെന്നാണ് ഞാന്‍ കരുതിയത്.
ബസ്സ് ഓടാന്‍ തുടങ്ങിയപ്പോള്‍ അമ്മൂമ്മ പതുക്കെ ഉറങ്ങാന്‍ തുടങ്ങി.. തല ചാഞ്ഞ് ചാഞ്ഞ് എന്‍റെ തോളിലേക്കായപ്പോള്‍ പുറകിലെ സീറ്റിലിരുന്നയാള്‍ എന്നോട് ക്ഷമ പറഞ്ഞുകൊണ്ട് അറിയിച്ചു. അവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് പോവുകയാണ്. അമ്മൂമ്മയെ ഡോക്ടറെ കാണിക്കാന്‍... അമ്മൂമ്മ അവരുടെ അമ്മായിയമ്മയാണ്. അവരുടെ ഭാര്യമാര്‍, അതായത് അമ്മൂമ്മയുടെ പെണ്മക്കള്‍ മരിച്ചു പോയി, അവരുടെ മക്കളെ വളര്‍ത്തിയത് അമ്മൂമ്മയാണ്. അതുകൊണ്ട് അമ്മയ്ക്ക് ഒപ്പമാണ് അവര്‍ക്കീ ഭാര്യാമാതാവ്.
എന്‍റെ കണ്ണ് നനഞ്ഞു.
മക്കള്‍ വലുതായി .... അവര്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷെ, അത്ര വലിയ ശമ്പളമുള്ള ജോലിയൊന്നുമല്ല. കഷ്ടിച്ചു കഴിഞ്ഞു കൂടി പോകുന്നവരാണവര്‍. എന്നാലും കേരളത്തിലെ താമസം സൌകര്യപ്രദമാണെന്ന് അയാള്‍ പറഞ്ഞു. നല്ല കൂലി കിട്ടുന്നുണ്ട്. പണിയുണ്ടെങ്കില്‍ ജീവിക്കാന്‍ ഒട്ടും പ്രയാസമില്ല. പിന്നെ വീട് നോക്കാന്‍ അമ്മൂമ്മ ഉണ്ടല്ലോ.
'ഇങ്ങനെ വയ്യാതിരിക്കുന്നതൊന്നും കാര്യമാക്കേണ്ട... ഷേറിണിയാണ് ( സിംഹി ) ആള്‍. വീട് നടത്തിക്കൊണ്ട് പോകാന്‍ എന്തു മിടുക്കാണെന്നോ, ഇത്തിരി കൊണ്ട് എല്ലാവരുടേയും വയറു നിറയ്ക്കും ' എന്ന് അയാള്‍ ശ്വശ്രുവിനെ കലവറയില്ലാതെ പുകഴ്ത്തി.
ഞാനവരുടെ സ്വന്തം മാതാപിതാക്കന്മാരെക്കുറിച്ച് ചോദിച്ചു. അവര്‍ മധ്യപ്രദേശില്‍ ഉണ്ടെന്നും സാധിക്കുമ്പോള്‍ പോയിക്കാണാറുണ്ടെന്നും അയാള്‍ ഉത്തരം നല്‍കി.
'പക്ഷെ, ഞങ്ങളുടെ മക്കളെ ഈ അമ്മയാണ് പോറ്റി വളര്‍ത്തിയത്. എന്തു തന്നെ പകരം ചെയ്താലും അധികമാവില്ല. ഇവരില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ മക്കള്‍ ശൈശവത്തിലേ അവരുടെ അമ്മമാരുടെ പുറകേ പോകുമായിരുന്നു' എന്ന് വാക്കുകള്‍ മുഴുമിക്കുമ്പോള്‍ വികാരഭാരത്താല്‍ അയാളുടെ കണ്ഠമിടറി.
പുറകിലത്തെ സീറ്റില്‍ മുന്നോട്ടാഞ്ഞിരുന്ന് , ഉറങ്ങുന്ന അമ്മായിഅമ്മയുടെ മുടി ഒതുക്കിയും തല വല്ലാതെ ആടിപ്പോകാതെ പതുക്കെ താങ്ങിക്കൊണ്ടുമാണ് ആ മരുമകന്‍ യാത്ര ചെയ്തിരുന്നത്. ...
ഞാന്‍ എന്‍റെ മരിച്ചു പോയ അമ്മയെ ഓര്‍ത്തു... മരുമക്കള്‍ അവര്‍ക്കെന്തെല്ലാം നല്‍കി എന്ന് ഞാന്‍ ഓര്‍ത്തു... അപ്പോള്‍ എത്ര നിയന്ത്രിച്ചിട്ടും എന്‍റെ കണ്ണുകള്‍ കവിഞ്ഞു... കവിഞ്ഞ് ഒഴുകി.
..
അന്നേരമെല്ലാം 'കുടുത്തു വെച്ചവള്‍' ( പുണ്യം ചെയ്തു വെച്ചവള്‍ ) എന്ന് അമ്മീമ്മ പറഞ്ഞിരുന്ന വാക്കിന്‍റെ അര്‍ഥം ആള്‍രൂപമായി എന്‍റെ തൊട്ടപ്പുറത്തെ സീറ്റില്‍ ഉറങ്ങിക്കിടന്നിരുന്നു.
No comments:
Post a Comment