Monday, May 4, 2020

'കൊറോണയാണ്.. ജോലിക്ക് വരണ്ട..

                
മുറ്റവും റോഡും തൂക്കാൻ വരുന്ന അമ്മാമ്മയും ഞാനും ചങ്ങാതിമാരാണ്. ഇടയ്ക്ക് ഒന്നു രണ്ടു നാളികേരം എൻറെ കണ്ണു വെട്ടിച്ച് അവർ എടുക്കുമെങ്കിലും ഞാനത് കാര്യമാക്കാറില്ല. ചായ, റസ്ക്ക്, കഞ്ഞി, തോരൻ ഇതൊക്കെ അമ്മാമ്മ വരുന്ന നേരമനുസരിച്ച് കൊടുക്കാറുമുണ്ട്. പിന്നെ കാലുവേദനക്ക് ആവി പിടിക്കാൻ വെള്ളം തിളപ്പിച്ചു കൊടുക്കാറുണ്ട്. തലവേദനക്ക് വിക്സും ടൈഗർബാമും കൊടുക്കും.

അമ്മാമ്മ പറയുന്ന കഥകളെല്ലാം ഞാൻ കുത്തിയിരുന്നു കേൾക്കുകയും ചെയ്യും... എനിക്ക് ഒരിക്കലും ബോറടിക്കാറില്ല.

'കൊറോണയാണ്.. ജോലിക്ക് വരണ്ട.. ശമ്പളം പിടിച്ചുവെക്കില്ല.. രണ്ടായിരം തരുന്നു ഇപ്പോൾ .. വീട്ടിൽ പോയി ഇരിക്കൂ 'എന്നു പറഞ്ഞു ഞാൻ..

'ഓ! എന്തരു പറയണത്.. പനികള് വരൂല്ലെന്ന്..മുറ്റം തൂത്തില്ലെങ്കീ പിന്നെ പാട്'

അമ്മാമ്മ പ്രതിഷേധിച്ചു.

'ഞാൻ തൂത്തോളാം.. വീട്ടിലിരിക്കു 'എന്ന് ഞാൻ കർക്കശമായി വിലക്കി..

'വീട്ടിലിരുന്നാല് പാട്, ഒരു തൊള്ളി വെള്ളം കിട്ടൂല്ല.. കടകള് ഇല്ല .ചായ കിട്ടൂല്ല..'

എനിക്കറിയാം.. അമ്മാമ്മയും മരുമകളും തമ്മിൽ പ്രശ്നങ്ങളുണ്ട്. അമ്മാമ്മ ചായ പോലും കുടിക്കാതെ രാവിലെ എണീറ്റ് നാലഞ്ചു കിലോമീറ്റർ നടന്ന് ജോലിസ്ഥലങ്ങളായ ഒന്നു രണ്ട് വീടുകളിൽ തൂത്തുതുടക്കലും കടയിൽ പോവലും ഒക്കെ കഴിഞ്ഞാണ് എൻറെ അടുത്ത് വരിക.. ഇതിനിടയിൽ പ്രാതലും ഉച്ചഭക്ഷണവും കഴിച്ചിരിക്കും. ഇവിടെയാണ് ഉച്ചമയക്കവും മിക്കവാറും നാലുമണിച്ചായയും.. അതു കഴിഞ്ഞ് നനയും കുളിയും.. പിന്നെ വീണ്ടും വീട്ടിലേക്ക് നടന്നുപോകും..

ഇറങ്ങി നടന്നാൽ പനി വരുമെന്ന് ഞാൻ അവരോടു പറഞ്ഞു. അത്യാവശ്യച്ചെലവിന് പൈസയുണ്ടല്ലോ.വിഷു വരുമ്പോഴേക്കും ഒക്കെ ശരിയാവും..

അവർ മിനുമിനാന്ന് എന്നെ നോക്കിയിരുന്നു.

'പൈസകൊണ്ട് മാത്തിരം ആയില്ലല്ല്.' അമ്മാമ്മ പിറുപിറുത്തു. പിന്നെ തിടുക്കത്തിൽ പൂർത്തിയാക്കി..' ആര് കേക്കണത്.. ചായ കുടിച്ചാ, ചോറുകള് കഴിച്ചാന്ന്.. ആര് ഇരിക്കണത് എൻറടുത്ത്..ആരോട് കഥകള് പറയണത്...പൈസ മാത്തിരം ആയില്ലല്ല് '

എൻറെ കണ്ണു നിറഞ്ഞു.

അമ്മാമ്മയോട് വർത്തമാനം പറഞ്ഞിരിക്കുന്നത് ഞാൻ മാത്രമാണെന്ന് അവർ എന്നോട് ഇതിനു മുമ്പും പറഞ്ഞിട്ടുണ്ട്. ഞാൻ അന്ന് അതത്ര കാര്യമാക്കിയില്ല..

അവരെ കാണാതെ എനിക്കും വിഷമമാകുന്നുണ്ട് ഇപ്പോൾ..

കൊറോണ ഒന്ന് ഇറങ്ങിപ്പോയാൽ മതിയായിരുന്നു..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കൊറോണക്കാലത്തെ ചില ജീവിതങ്ങൾ