ഒരു സാധാരണ സർക്കാർ ഒാഫീസിന്റെ മടുപ്പിക്കുന്ന അന്തരീക്ഷം അവിടെയില്ലായിരുന്നു.
ഒാഫീസിൽ നിന്നുളള പുറം കാഴ്ചകൾ അതിമനോഹരമായിരുന്നു. നന്നായി സംരക്ഷിക്കപ്പെടുന്ന ആ പാർക്ക് വർണ്ണങ്ങളൂടെയും സുഗന്ധങ്ങളുടെയും ഒരു ഉൽസവകാഴ്ചയായിരുന്നു. മീരയെ ആ ഒാഫീസിലേക്ക് ഏറ്റവും കൂടുതൽ ആകർഷിച്ചതും അതുതന്നെ.
നിയമന ഉത്തരവും കൊണ്ടു ഒാഫീസിന്റെ പടി കയറി എത്തിയ അന്നു ആ സുന്ദരകാഴ്ചകളുമായി പ്രണയത്തിലായതാണ്.
ഏഴു വർഷം കടന്നുപോയി. ജീവിതം ഇപ്പോൾ പുത്തൻ പ്രതീക്ഷകളോടെ വശ്യമായി പുഞ്ചിരിക്കുന്നു. പാർക്കിന്റെ ആകർഷണീയതയും വർധിച്ചിട്ടേയുള്ളൂ.
മീര പാർക്കിലേക്ക് ശ്രദ്ധ തിരിച്ചു.
വാകമരങ്ങൾ സമൃദ്ധമായി തണൽ വിരിക്കുന്നു. വൃത്തിയുള്ള ചാരുബെഞ്ചുകൾ. സന്ദർശകരോട് തലയാട്ടി സൌഹൃദം പ്രകടിപ്പിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള പൂച്ചെടികൾ. കാലുകളെ മൃദുലമായി പുണരുന്ന പച്ചപുൽപരവതാനി.
ആ അന്തരീക്ഷം സന്തോഷം മാത്രമെ നൽകിയിട്ടുള്ളൂ. ഇന്നു വരെ.
ഇന്നു രാവിലെയാണ് ഒരു വൃദ്ധനെ മീര പാർക്കിൽ കണ്ടത്. ഒാഫീസിന്റെ ജനലിനഭിമുഖമായുള്ള ചാരുബെഞ്ചിലാണയാൾ ഇരിക്കുന്നത്. അടുത്ത് ഒരു ചെറിയ ബാഗുമുണ്ട്. വെളുത്ത മുണ്ടും ഷർട്ടുമാണു വേഷം.
അയാൾ ക്ഷീണിതനാണെന്നവൾക്ക് തോന്നി.
ഒരു കൌതുകത്തിനു വേണ്ടി അവൾ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. ഉച്ചക്കും അയാൾ അവിടെയുണ്ട്. ഇടക്കിടക്ക് പാർക്കിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കുകയും മുഖം കഴുകുകയും ചെയ്യുന്നുണ്ട്.
ധാരാളം സർക്കാർ സ്ഥാപനങ്ങളുള്ള പ്രദേശമായതു കൊണ്ടു മീര കൂടുതലൊന്നും ആലോചിച്ചില്ല. എന്തെങ്കിലും കാര്യത്തിനു ഏതെങ്കിലും ഒാഫീസിൽ വന്നതായിരിക്കും. അവരുടെയൊക്കെ അത്താണിയാണ് പാർക്ക്.
വൈകുന്നേരം പോകാൻ തുടങ്ങുമ്പോഴും അയാൾ അവിടുണ്ട്. ആറുമണിക്കു ശേഷവും പ്രവർത്തിക്കുന്ന ചില ഒാഫീസുകൾ ഉണ്ടെന്നറിയാവുന്നത് കൊണ്ടു മീര ആകുലപ്പെട്ടതേയില്ല.
പിറ്റേ ദിവസം രാവിലെ ഒാഫീസിലെത്തി ജനാലയിലൂടെ നോക്കിയപ്പോൾ അയാൾ ബെഞ്ചിലിരിപ്പുണ്ട്.
ആശങ്ക അവളുടെ നെഞ്ചിൽ ചിറകടിച്ചു.
അപ്പോൾ അയാൾ എങ്ങും പോയിട്ടില്ല. ഇന്നു അടുത്തു ഒരു വെള്ളക്കുപ്പിയുണ്ട്. ഇടക്ക് അയാൾ അതിൽ നിന്നും വെള്ളം കുടിക്കുന്നു. ഇടക്ക് പോയി മുഖം കഴുകി നീട്ടി തുപ്പുന്നു.
ഇന്നു അയാൾ കൂടുതൽ ക്ഷീണിതനാണെന്നവൾക്ക് തോന്നി.
അയാൾ ഉച്ചക്ക് ഒന്നും കഴിക്കുന്നില്ല എന്നത് അവളെ വേദനിപ്പിച്ചു.
സ്വയം ഒന്നും കഴിക്കാനാവാതെ അവൾ ചോറ്റുപാത്രം അടച്ചു വെച്ചു.
അന്നു മുഴുവൻ ചിന്താഭാരത്തോടെ അവളിരുന്നു.
പിറ്റേന്നു തന്റെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും മറ്റൊരു പൊതി കൂടി കരുതാൻ അവൾ ഒാർമ്മിച്ചു.
അയാൾ അവിടെ തന്നെയുണ്ട്. ക്ഷീണം പ്രകടമാണ്.
അവൾ കൂടുതലൊന്നും ആലോചിക്കാതെ ഭക്ഷണപ്പൊതിയുമായി താഴേക്ക് ഒാടി.
അയാൾ ബെഞ്ചിൽ ചാരി കണ്ണടച്ചിരിക്കുകയാണ്.
നല്ല പ്രായമുണ്ടല്ലോ എന്നവൾ അതിശയത്തോടെ ഒാർത്തു. എഴുപതു വയസ്സെങ്കിലും ഉണ്ടാവും. ഇടതൂർന്ന വെളുത്ത മുടി. മെല്ലിച്ച ദേഹം. മുണ്ടും ഷർട്ടും വല്ലാതെ മുഷിഞ്ഞിരിക്കുന്നു. താനാദ്യം ശ്രദ്ധിച്ചപ്പോൾ അവ ഭേദപ്പെട്ട അവസ്ഥയിലായിരുന്നല്ലോ എന്നവളോർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്തിട്ടില്ല.
കാൽപ്പെരുമാറ്റം കേട്ടിട്ടാവണം അയാൾ ഞെട്ടി കണ്ണു തുറന്നു. കറുത്ത മുന്തിരി പോലത്തെ കണ്ണുകൾ. പക്ഷെ അവയിൽ തിളക്കത്തിനു പകരം ക്ഷീണമാണ്. മയങ്ങി വീണു പോകുന്നതു പോലെയുള്ള ക്ഷീണം.
അവളെ കണ്ടു അയാളുടെ മുഖത്ത് അതിശയം വിടർന്നു.
നല്ല വസ്ത്രം ധരിച്ച, പരിഷ്കൃതയായ ഈ പെൺകുട്ടി തന്റെ അരികിൽ എന്തു ചെയ്യുന്നു എന്ന ചോദ്യം ആ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.
"ചേട്ടാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം."
ഭക്ഷണപ്പൊതി നീട്ടികൊണ്ട് അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.
മനോഹരമായ ആ കറുത്ത കണ്ണുകൾ പെട്ടെന്നു നിറഞ്ഞു.
മീരക്ക് എന്തു ചെയ്യണമെന്നറിയാതെയായി. മറ്റെന്താണ് പറയുക എന്നും അറിഞ്ഞില്ല. വ്യക്തി ബന്ധങ്ങളിൽ എന്നും പുറകിലായിരുന്നു അവൾ. സമയോചിതമായി സംസാരിക്കാനും ആളുകളെ തന്നിലേക്കാകർഷിക്കാനും കഴിവില്ലാത്തവൾ. ഒരു സദസ്സിലും ശോഭിക്കാത്തവൾ.
ഒരു നിമിഷാർദ്ധം അങ്ങനെ കടന്നു പോയി.
അയാൾ ബാഗ് താഴെയിറക്കി വെച്ചു അവളെ ഇരിക്കാൻ ക്ഷണിച്ചു. നിറഞ്ഞ സ്നേഹത്തോടെയും ആദരവോടെയും അവളുടെ കയ്യിൽ നിന്നും പൊതി വാങ്ങി തുറന്നു. അഭിജാതമായ ചലനങ്ങളായിരുന്നു അയാളുടെ.
ചട്ട്ണിയിൽ മുക്കി ആദ്യത്തെ കഷണം ഇഡ്ഡലി വായിലേക്കിട്ടപ്പോൾ പക്ഷെ അയാൾ കൊച്ചു കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി.
മീര തടഞ്ഞില്ല.
ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ , തെണ്ടിയാക്കപ്പെട്ടവന്റെ വേദന ഭീകരമാണെന്നവൾക്കറിയാമായിരുന്നു. ഈ ലോകത്തെ മുഴുവൻ ആശ്വാസ വാക്കുകൾക്കും അർത്ഥമില്ലാതാകുന്ന നിസ്സഹായ നിമിഷം.
കുറച്ചു നേരം ഏങ്ങലടിച്ചിട്ടു അയാൾ സ്വയം നിയന്ത്രിച്ചു. സൂക്ഷ്മതയോടെ ചെറിയ കഷണങ്ങളാക്കി അയാൾ ഇഡ്ഡലി കഴിക്കാൻ തുടങ്ങി.. ഭക്ഷണം പെട്ടെന്നു തീർന്നു പോകുമോ എന്ന വേവലാതി അയാളെ അലട്ടുന്നുണ്ടോ എന്നവൾക്ക് സംശയം തോന്നി.
മീരയും കഴിച്ചു.
കഴിച്ചു തീർന്നപ്പോൾ അവൾ പറഞ്ഞു
"ചായ വാങ്ങി വരാം."
മറുപടിക്ക് അവൾ കാത്തുനിന്നില്ല.
ചൂടും മധുരവുമുള്ള ചായ അയാൾ ആസ്വദിച്ചു കുടിക്കുന്നത് നോക്കിക്കൊണ്ട് അവൾ അടുത്തിരുന്നു.. ഒന്നും സംസാരിക്കാൻ ശ്രമിച്ചില്ല.
അന്നു ചാരുബഞ്ചിൽ കിടന്നു അയാൾ ഉറങ്ങുന്നത് ഒട്ടൊരു ആശ്വാസത്തോടെ അവൾ മുകളിൽ നിന്നു നോക്കി കണ്ടു.
ഉച്ചക്ക് അവരൊരുമിച്ചു ഭക്ഷണം കഴിച്ചു.
അപ്പോഴും അവൾ ഒന്നും ചോദിച്ചില്ല.
വൈകുന്നേരം പോരുന്നതിനു മുൻപ് രാത്രിയിലേക്കുള്ള ചപ്പാത്തി അവൾ വാങ്ങി നൽകി.
ആ കണ്ണുകൾ പിന്നെയും നിറഞ്ഞു.
പിറ്റേന്നു നേരത്തെയെത്തി ഒാഫീസിലെ ശുചിമുറിയിലേക്ക് മീര അയാളെ നിർബന്ധിച്ചു കൊണ്ടു പോയി. മടിച്ചു മടിച്ചാണെങ്കിലും കുളിക്കാനും വസ്ത്രം മാറാനും അയാൾ തയ്യാറായി.
അയാൾ അല്പം ഭേദപ്പെട്ടെന്നു തോന്നിയപ്പോൾ അവൾ മെല്ലെ ചോദിച്ചു
"എവിടുന്നാ?"
"കുറെ ദൂരേന്നാ മോളെ. ബാലചന്ദ്രൻ. മക്കൾക്ക് ഭാരമായ അവർ കയ്യൊഴിഞ്ഞ ഒരച്ഛൻ. ഇനിയെന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയില്ല. എന്റെ കയ്യിൽ ഒന്നൂല്ല്യ."
മീര നിസ്സഹായയായി.
"അഞ്ചാറു ദിവസം മുൻപ് എനിക്ക് വീടുണ്ടായിരുന്നു എന്നോർക്കുമ്പോഴാ." അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മീര അന്നു അവരുടെ സാറിനോട് സംസാരിച്ചു. ജനലിൽ കൂടി ആ മനുഷ്യനെ നോക്കി "Shocking. Pathetic" എന്നുരുവിട്ടു കൊണ്ട് സാർ അസ്വസ്ഥനായി അങ്ങുമിങ്ങും നടന്നു.
"We must do something" എന്നു സാർ മീരയോടും സ്വയവും പറഞ്ഞു .
അന്നു മീര അയാൾക്ക് ഒരു കമ്പിളിപ്പുതപ്പ് വാങ്ങി നൽകി.
രണ്ടു ദിവസങ്ങൾക്കുള്ളിൽ നഗരപ്രാന്തത്തിലുള്ള ഒരഗതി മന്ദിരത്തിൽ അയാൾക്ക് താമസം ഏർപ്പാട് ചെയ്യാൻ അവർക്ക് കഴിഞ്ഞു.
ഒാഫീസിലെ ചെറിയ സംഘത്തിനോട് യാത്ര പറഞ്ഞ് തന്നെ കൊണ്ടു പോകാനെത്തിയ ജീപ്പിൽ കയറുന്നതിനു മുൻപ് മീരയുടെ കയ്യ് പിടിച്ച് അയാൾ ചോദിച്ചു.
"ഇടക്ക് എന്നെ കാണാൻ വര്വോ മോളൂ? "
മീര അമ്പരന്നു പോയി.
"എന്താ സംശയം. തീർച്ചയായും വരും. "
അവൾ ഉറപ്പ് നൽകി.
അയാൾ പുഞ്ചിരിച്ചു.
2 comments:
Chechiyeppole aniyathiyum nannayi ezhutunnu, oru sadassilum shobhikkathaval aa paragraph valare istappetu
കൊള്ളാം ..ഇഷ്ട്ടപ്പെട്ടു
Post a Comment