ഏതെങ്കിലും അധികാരികള്‍ ഇക്കാര്യമനുവദിച്ചിട്ടുണ്ടോ? ഇല്ല... മതാധികാരികളോ രാഷ്ട്രീയാധികാരികളോ ഭരണാധികാരികളോ കുടുംബാധികാരികളോ ആരും അനുവദിച്ചിട്ടില്ല. മൌനമായി എല്ലാറ്റിനും വഴങ്ങുന്നവരെയും അങ്ങനെ തലയും കുനിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നവരേയുമാണ് എല്ലാ അധികാരികള്‍ക്കും (അല്‍പമെങ്കിലും അധികാരം രുചിച്ചിട്ടുള്ള ആര്‍ക്കും) താല്‍പര്യം.
ഒരു മൃദുഹിന്ദുത്വ മനോഭാവം ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളുള്ള നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ക്രിസ്ത്യാനിക്കും മുസ്ലിമിനും ബുദ്ധ ജൈന സിഖ് മതക്കാര്‍ക്കും യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും എന്നു വേണ്ട എല്ലാവര്‍ക്കും അതുണ്ട്. അത് സമാധാനമായി ജീവിച്ചു പോകാനുള്ള സാധാരണ മനുഷ്യന്‍റെ ജീവനതന്ത്രമാണ്.
ക്ഷേത്രങ്ങള്‍ ജീവിതത്തിലേക്ക് ശബ്ദമായും കാഴ്ചയായും കടന്നുകയറുന്നത് മുതല്‍ മതം തിരിച്ച് വാടകസ്ഥലങ്ങളും മാര്‍ക്കറ്റും മറ്റും തീരുമാനിക്കുന്നത്, പണം കൊടുത്ത് വാങ്ങിയ പശുവിനെ കൊണ്ടുപാവുമ്പോള്‍ മനുഷ്യരെ മതം നോക്കി അടിച്ചുകൊല്ലുന്നത്, കാറിലിരിക്കുന്നവര്‍ നടന്ന് പോകുന്നവരെ പിടികൂടി തലപ്പാവും തൊപ്പിയും മറ്റും വലിച്ചു കീറി ജയ് ശ്രീരാം എന്ന് വിളിപ്പിക്കുന്നത്... അതൊക്കെ സഹിച്ച് ജീവിച്ചു പോകുന്നത് നേരത്തെ പറഞ്ഞ ജീവനതന്ത്രം തന്നെയാണ്.
വേറെന്തു ചെയ്യാന്‍.. എന്ന് പാവം മനുഷ്യര്‍ നെടുവീര്‍പ്പിടും..
ജൂതന്മാരെയും ക്രിസ്ത്യാനികളേയും ഇഷ്ടമാണ് കാരണം അവര്‍ മുസ്ലിമുകളെ പാഠം പഠിപ്പിക്കുന്നുണ്ടല്ലോ എന്ന് വിചാരിക്കുന്ന ഹിന്ദുക്കള്‍ അനവധിയുണ്ട്. ഒരു പടി കൂടി കയറി ഇസ്രയേലിലും അമേരിക്കയിലും ആയതുകൊണ്ട് അവരെ സഹിക്കാമെന്നും എന്നാല്‍ ഇന്ത്യയില്‍ അവരെ സഹിക്കാന്‍ പറ്റുകയില്ലെന്നും പ്രഖ്യാപിക്കുന്ന മതവികാരം അങ്ങനെ കരുതുന്ന ഹിന്ദുക്കള്‍ക്കുണ്ട്. ചുട്ടുകൊന്നും ബലാല്‍സംഗം ചെയ്തും കുരിശ് തകര്‍ത്തും ഇതൊക്കെ സംശയലേശമെന്യേ തെളിയിച്ചവര്‍ ഹിന്ദുക്കളിലുണ്ടല്ലോ. എന്നാല്‍ അത് ശരിയെന്ന് കരുതുന്ന വളരെ കൌശലപൂര്‍വം മൌനമായിരിക്കുന്ന പലരും ചെയ്തവരേക്കാള്‍ കൂടുതലുണ്ടെന്ന അപകടം ഇപ്പോഴെങ്കിലും നമ്മള്‍ കാണാതിരുന്നു കൂടാ.
ഇസ്ലാം മതവിശ്വാസികളിലും ക്രിസ്തുമതവിശ്വാസികളിലും സ്വന്തം മതത്തിലെ ജീര്‍ണതകളെ ചോദ്യം ചെയ്യുന്നവരെ അംഗീകരിക്കാനുള്ള മനസ്സ് കുറവാണെന്ന് പൊതുവേ ഒരു വിശ്വാസമുണ്ട്. യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളിലും അത് അങ്ങനെ തന്നെയാണ്. എന്നാല്‍ ഹിന്ദുക്കളില്‍ വിരോധം പുറത്ത് കാണിക്കാതെ മൌനമായിരിക്കുന്ന ആളുകളുടെ എണ്ണം കൂടുതല്‍ ആവുമെന്നത് പ്രശ്നത്തിന്‍റെ ഗൌരവം വല്ലാതെ കൂട്ടുന്നു. ഭൂരിപക്ഷം വരുന്ന ജനതയില്‍ സൂക്ഷ്മമായ മതവികാരം മറ്റ് പൊതുകാര്യങ്ങള്‍ ഉപയോഗിച്ച് കത്തിക്കുന്നത് വളരെ ഗുരുതരമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. സ്ത്രീ വിരുദ്ധമല്ലാത്ത ഒരു പൊതുകാര്യവും നമുക്കില്ല. ഭാഷ മുതല്‍ ആചാരങ്ങള്‍ വരെ ... എല്ലാമെല്ലാം. എത്ര വേണമെങ്കിലും എണ്ണമെടുക്കാം. എന്നാല്‍ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ സൂക്ഷിക്കുന്നവര്‍ പോലും സൌകര്യം കിട്ടിയാല്‍ സ്ത്രീ വിരുദ്ധതയെന്ന ആയുധം കൈയിലെടുക്കും. എന്നിട്ട് പൊരുതുകയാണെന്ന വ്യാജേന കൂടുതല്‍ കൂടുതല്‍ സ്ത്രീവിരുദ്ധരാകും.
ഹിന്ദുമതത്തിലെ ഏറ്റവും വലിയ ജീര്‍ണതകളില്‍ ഒന്ന് ജാതിവ്യവസ്ഥയും രണ്ട് സ്ത്രീ വിരുദ്ധതയുമാണ്. ഏതാണ് ആദ്യം നശിക്കേണ്ടതെന്ന് ചോദിക്കരുത്. രണ്ടും ഒപ്പം നശിക്കണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സ്ത്രീവിരുദ്ധത സകല മതങ്ങളിലും പൊതുവേ ഉള്ളതാണ്. എന്നാല്‍ മറ്റു മതങ്ങളിലെ, മറ്റു വീക്ഷണങ്ങളിലെ സ്ത്രീവിരുദ്ധതയെ ആവശ്യമുള്ളപ്പോള്‍ ചൂണ്ടിക്കാട്ടുക വഴി സ്വന്തം മതത്തിലെ ജാതീയമായ സവര്‍ണതയുടെ അപ്രമാദിത്വത്തെ ഊട്ടിയുറപ്പിക്കലാണ് ഹിന്ദുമതം സ്ഥിരമായി ചെയ്തുപോന്നിട്ടുള്ളത്. സവര്‍ണതയുടെ ആയിരം നാവുള്ള കാപട്യത്തെ അവര്‍ണര്‍ ഒരിക്കലും , ഇപ്പോള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്നത് സവര്‍ണരെ ഹിന്ദുമതത്തിന്‍റെ പൂര്‍ണഅധികാരികളായി നിലനിറുത്തുന്നു.
മറ്റു എല്ലാ മതങ്ങളും അവരവര്‍ക്കാവശ്യമുള്ള പലതരം അധികാരങ്ങളെ ഉറപ്പിക്കാനും അതേപടി നിലനിറുത്താനും സ്ത്രീകളെ പറ്റാവുന്ന രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ആരാദ്യം ആരാദ്യം എന്ന മല്‍സരമേയുള്ളൂ മതങ്ങള്‍ തമ്മില്‍..
ജാതീയവും മതപരവുമായ ആധിപത്യങ്ങളുടെ ഭയാനകമായ വര്‍ദ്ധനവാണ് മല്‍സരമാണ് ഇനി എല്ലാ മേഖലയിലും സംഭവിക്കാന്‍ പോകുന്നത്. പുരുഷന്മാരേക്കാള്‍ ഇതിന്‍റെ അപകടങ്ങള്‍ സഹിക്കേണ്ടി വരിക നമ്മള്‍ സ്ത്രീകളായിരിക്കും. കാരണം എല്ലാത്തരം അധികാരങ്ങളും സ്വന്തം ബീഭല്‍സതയുടെ മാറ്റുരച്ചു നോക്കുന്നത് നമ്മള്‍ സ്ത്രീകളുടെയും നാം പ്രസവിച്ച കുഞ്ഞുങ്ങളുടെയും പുറത്താണ്.
1 comment:
ജാതി അങ്ങിനെ എളുപ്പമൊന്നും ഇല്ലാതാവില്ല. നിലവിലുള്ള കുടുംബ വ്യവസ്ഥിതിയാണ് ജാതിയെ ഊട്ടി ഉറപ്പിക്കുന്നത്
Post a Comment