Wednesday, August 14, 2019

അമ്മച്ചിന്തുകൾ 20

                                                                 
പൊതുസമൂഹം വിവാഹത്തിനെ പുരുഷനും അവൻറെ വീട്ടുകാരും സ്ത്രീയോട് ചെയ്യുന്ന ഒരു ചാരിറ്റിയായാണ് എന്നും വിലയിരുത്തുന്നത്...

എന്തായാലും അവൻ കല്യാണം കഴിച്ചില്ലേ..

ഞങ്ങടെ മോൻറെ ഭാര്യ യാവാൻ പററിയില്ലേ..

അവളുടെ കുറവൊന്നും നോക്കീല... മോനിഷ്ടായി..അവളെ ഞങ്ങള് നിറഞ്ഞ മനസ്സോടെ അങ്ങ് സ്വീകരിച്ചു...

ഇങ്ങനെ സൗകര്യം കിട്ടുമ്പോഴൊക്കെ പുരുഷൻ വിവാഹം ചെയ്തു , അവൻറെ കുഞ്ഞിൻറെ അമ്മയാക്കി, ജീവിത സൗകര്യം തന്നു എന്ന പാട്ട് സ്ത്രീകൾ കേൾക്കണം. അവസാനമില്ലാത്ത നന്ദി യും വിധേയത്വവും സ്ത്രീകളിൽ നിന്നും ഈ ചാരിററിക്ക് പ്രതീക്ഷിക്കപ്പെടുന്നു.

അച്ഛനാൽ വിവാഹം ചെയ്യപ്പെട്ട അമ്മയിൽ നിന്നും എല്ലാവരും ഇതു മാത്രമേ കാംക്ഷിച്ചുള്ളൂ.

'ഡോക്ടർക്ക് സ്വജാതീന്ന് ഒരു ലേഡി ഡോക്ടറെ കിട്ടാനാണോ വിഷമം? എന്നിട്ടും അദ്ദേഹം നിങ്ങളെ ഏറ്റെടുത്തില്ലേ' എന്ന് എൻറെ അമ്മയോട് ചോദിക്കാത്ത മനുഷ്യർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ.

കേസുമായുള്ള പൊരുതലിനിടയിൽ, അച്ഛൻറെ ബഹളം കൂട്ടലിനിടയിൽ
അമ്മ ഭാഗ്യയെ പ്രസവിച്ചു. രാത്രി അമ്മക്ക് പ്രസവവേദന തുടങ്ങിയതും 'അമ്മ മരിച്ചു പോകുമോ അച്ഛാ' എന്ന ചോദ്യത്തോടെ ഞാനും അച്ഛനും കൂടി നഴ്സിനെ വിളിക്കാൻ പോയതും എനിക്കോർമ്മയുണ്ട്. രാവിലെ ഉണർന്നപ്പോൾ കണ്ട കുഞ്ഞുഭാഗ്യയേയും അമ്മീമ്മയുടെ ഒക്കിലിരുന്ന റാണിയേയും ഞാൻ മറന്നിട്ടില്ല. അവരുടെ ആ രൂപം മനസ്സിൽ നിന്ന് പോവാത്തതുകൊണ്ട് അവരെക്കുറിച്ച് മോശമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എൻറെ നെഞ്ചുരുകും, ഇന്നും...

ഭാഗ്യക്ക് പേരിടാൻ അച്ഛൻ കൂടിയില്ല. എനിക്ക് ചക്കി എന്നും റാണിക്ക് നീലി എന്നും പേരിടാനാണ് അച്ഛൻ പറഞ്ഞത്. എങ്കിലും ഞങ്ങളുടെ പേര് തീരുമാനിച്ചതും വിളിച്ചതും അച്ഛൻ തന്നെയാണ് കേട്ടോ. ഭാഗ്യയായപ്പോഴേക്കും അച്ഛന് സാമാന്യം നന്നായി ബോറടിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ഭാഗ്യയെ വീടിൻറെ ഭാഗ്യമെന്ന് പറഞ്ഞ് ചടങ്ങൊന്നുമില്ലാതെ തന്നെ ഭാഗ്യയാക്കി. പക്ഷേ, അവൾ കുറച്ച് വലുതായപ്പോൾ മുതൽ അച്ഛൻ അവളെ ലശ്മീന്നു വിളിച്ചു തുടങ്ങി.

റാണിയും ഭാഗ്യയും ചെറുപ്പത്തിൽ ഒരു ഡോക്ടറുടെ മക്കളാണെന്ന് തോന്നും വിധം തുടുത്തുരുണ്ട കുട്ടികളായിരുന്നു. എന്നെപ്പോലെ അല്പപ്രാണികളായിരുന്നില്ല. അച്ഛനൊപ്പം പുറത്തേക്ക് പോവാൻ ഞാൻ വാശി പിടിച്ചു കരഞ്ഞാൽ എന്നെ അടിക്കുമായിരുന്നു അച്ഛൻ. രണ്ടു തവണ അടിയും വഴക്കും കിട്ടുന്നതോടെ അത്തരം ആശകൾ കുട്ടികൾ ഉപേക്ഷിക്കും. മുതിർന്ന വർക്കാണെങ്കിൽ കുട്ടികൾക്കത്തരം ക്ഷതം പറ്റില്ല, അതൊക്കെ അവർ മറന്നോളും എന്നാണ് വിചാരം. എന്നിട്ട് ചോറു തന്നില്ലേ, ഫീസ് തന്നില്ലേ എന്നൊക്കെ ചോദിക്കുകയും ചെയ്യും.

അമ്മീമ്മ മെല്ലെ മെല്ലെ തൃക്കൂർ ഗ്രാമത്തിലെ തൻറെ ഏകാന്ത ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങി. ഏത് ജോലിയും എത്ര നേരം വരേക്കും യാതൊരു മടിയോ വിശ്രമമോ കൂടാതേ ചെയ്യാനാവുമെന്നതായിരുന്നു അമ്മീമ്മയുടെ ഏറ്റവും വലിയ കഴിവ്. ജോലി തീരുക എന്നതായിരുന്നു അമ്മീമ്മയുടെ ലക്ഷ്യം. അങ്ങനെ തൊട്ടാവാടിക്കാടായിരുന്ന പറമ്പ് പതുക്കെ ഹരിതശ്രീയണിഞ്ഞു. ആഹാരത്തിനു വേണ്ട പച്ചക്കറികൾ സ്വന്തം പറമ്പിൽ നിന്നു തന്നെ എടുക്കാവുന്ന, ധാരാളം പൂക്കൾ തലയാട്ടി പൊട്ടിച്ചിരിക്കുന്ന, മാവും പ്ളാവും തെങ്ങുകളുമുള്ള നല്ല ഒരു വീട്ടുപറമ്പായി അതു മാറി.

ഭാഗ്യ ജനിച്ചപ്പോൾ വീട്ടിലെ ജോലിക്ക് സഹായിക്കുന്നവർ ഇല്ലാതെയാവുകയും കുറച്ചു നാൾ ഡാറി ആൻറി വന്ന് നില്ക്കുകയും ചെയ്തു. പറ്റുമ്പോഴൊക്കെ അമ്മീമ്മയും വന്നു നിന്നു. നാഴിയും ചിരട്ടയും കയിലും പോലെയുള്ള മൂന്നു പെൺകുട്ടികൾ, കോടതിക്കേസ്സ്, ഉത്തരവാദിത്തമുള്ള ലീവ് കിട്ടാത്ത ജോലി, എപ്പോഴും വിമർശിക്കുകയും തരം കിട്ടിയാൽ തല്ലുകയും ചെയ്യുന്ന ഭർത്താവ്, വീട്ടുസഹായി ഇല്ലാത്ത ഒരവസ്ഥ... അമ്മ വല്ലാതെ കഷ്ടപ്പെട്ട ആ ദിവസങ്ങളിലാണ് മൂന്നു മാസത്തേക്ക് ഡാറി ആൻറി റാണിയെ പുത്തൻതോപ്പിൽ കൊണ്ടു പോയി വളർത്തിയത്....

അമ്മയുടെ ആ ഘോരമായ തെറ്റിനെ വിമർശിക്കാത്തവർ ആരുമില്ല... അച്ഛൻറെ പെങ്ങളുടെ ഭർത്താവ് അമ്മയോട് കയർത്തു. 'മക്കളെ വളർത്താൻ പറ്റില്ലെങ്കിൽ പെറാൻ പോകരുത്. കണ്ട മുക്കുവര് മക്കളെ നോക്കിയാൽ ചേട്ടനെങ്ങനെ സഹിക്കും?
ചേട്ടൻ പാവമായതുകൊണ്ട് സമ്മതിച്ചു. ഞാനാരുന്നെങ്കിൽ കുനിച്ചു നിർത്തി ഇടിക്കും'

ഇത് ഞങ്ങളുടെ വീട്ടിലെ ഒരു രീതിയാണ് അച്ഛൻറെ ബന്ധുക്കളും സുഹൃത്തുക്കളും സ്ത്രീ കളാവട്ടെ പുരുഷന്മാരാവട്ടെ അച്ഛൻ റെ മുന്നിൽ വെച്ച് ഞങ്ങളെ അനുസരണയും മര്യാദയും പഠിപ്പിക്കും. അത് കണ്ടുകൊണ്ട് ചില പ്രേംനസീർ സിനിമകളിലെന്ന പോലെ അടക്കിപ്പിടിച്ച ദു:ഖവുമായി, തല കുനിച്ചു പിടിച്ച് അച്ഛൻറെ ഒരു രക്തസാക്ഷി നിൽപ്പുണ്ട്. മറ്റു മനുഷ്യരുടെ നെഞ്ച് കത്തിപ്പോകും...

ഓ.. ഞങ്ങൾ ജീവിച്ച ആ ജീവിതം..

എങ്ങനെയാണ് ഞാനതിനെ പരിചയപ്പെടുത്തുക?

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...


ഓ.. ഞങ്ങൾ ജീവിച്ച ആ ജീവിതം..

എങ്ങനെയാണ് ഞാനതിനെ പരിചയപ്പെടുത്തുക?