Saturday, August 17, 2019

അമ്മച്ചിന്തുകൾ 36

                  
ഞങ്ങളോട് ചെറുപ്പം മുതൽ സകലമാനപേരും ഉപദേശിച്ചിട്ടുള്ളത് അമ്മയുടെ ഭാഗത്ത് അങ്ങനെ നില്ക്കരുതെന്നും അച്ഛൻറെ നൊമ്പരപ്പെടുന്ന വശം അറിയണമെന്നുമാണ്. അമ്മയുടെയും അമ്മീമ്മയുടേയും കുറ്റങ്ങൾ ഒരു നോട്ബുക്കിൽ എണ്ണമിട്ട് പകർത്തിവെക്കാനും ആ കുറ്റങ്ങൾ കൊണ്ടല്ലേ അച്ഛൻ. കോപാകുലനാകുന്നതെന്നും മനസ്സിലാക്കാൻ
ഞങ്ങളെ ഉപദേശിച്ച അനവധി ഡോക്ടർമാരും ചില ഐ എ എസ് ഉദ്യോഗസ്ഥരും ഉണ്ട്. അതിൽ സബ് കളക്ടർമാരും ആർ ഡി ഓ മാരും ഒക്കെ പെടും.

അങ്ങനെ ഞങ്ങൾ കുറ്റങ്ങൾ കണ്ടു പിടിച്ചു എഴുതി നോക്കി. അച്ഛനും അമ്മയും ഏറ്റവും സ്നേഹമായി ജീവിക്കേണ്ടത് ഈ ലോകത്ത് മറ്റാരേക്കാളും ഞങ്ങളുടെ ആവശ്യമല്ലേ...

നോട്ബുക്കെടുത്ത് കോളം വരച്ചു.

അമ്മീമ്മയുടെ കുററം.

1. ഒച്ച കൂട്ടി സംസാരിക്കും.
2. സാധാരണ സ്ത്രീകളെപ്പോലേ കരയുകയേ ഇല്ല. കടുപ്പക്കാരി എന്ന് അതുകൊണ്ട് എല്ലാവരും വിളിക്കും.
3.എല്ലാവരോടും ധാരാളമായി സംസാരിച്ചു നില്ക്കും.
4. വീട്ടിൽ ആരു വന്നാലും അവർക്ക് സ്ററോർ മുറി വരെ തുറന്നു കാണിക്കും.
5. ഞങ്ങളുടെ അച്ഛനെ 'ഒങ്കളോട് അപ്പാ 'എന്ന് പറയും. നിങ്ങളുടെ അച്ഛൻ എന്നല്ല പറയുക. ബന്ധക്കാരെയൊക്കെ തമിഴിലെ വിളിപ്പേരാണ് പറഞ്ഞു തന്ന് പരിചയമാക്കുക.
6. നോൺവെജ്, കുഞ്ഞുള്ളി, വെങ്കായം, വെളുത്തുള്ളി, പപ്പായ ഒന്നും കഴിക്കില്ല. ഞങ്ങൾക്ക് തരികയുമില്ല.
7.ധാരാളം മോര് ഒഴിച്ച് കഞ്ഞി പോലെയാക്കിയാണ് മോരും ചോറ് തരിക. അത് കഴിക്കണമെന്ന് നിർബന്ധിക്കും ഞങ്ങളെ.
8. യാതൊരു നഗരപരിഷ്ക്കാ
രവും തീണ്ടാത്തവരായാണ്, ബ്രാഹ്മണരുടെ അതും ബ്രാഹ്മണ സ്ത്രീകൾക്ക് വിലക്കപ്പെട്ട എല്ലാ ജപങ്ങളും മന്ത്രങ്ങളും അറിയുന്നവരായാണ് ഞങ്ങളെ വളർത്തിയത്.
8.വില കുറഞ്ഞ സാരി മേടിക്കും. വില കുറഞ്ഞ തുണികൊണ്ട് ( അന്ന് റേഷൻ കടകളിൽ തുണി കിട്ടുമായിരുന്നു. പഴുത്ത ചോളക്കുലയുടെയും ഇലകളുടേയും പ്രിൻറുള്ള നീല, ക്രീം പരുത്തിത്തുണിത്തരങ്ങൾ) ഞങ്ങൾക്ക് വസ്ത്രങ്ങൾ തയിച്ചു തരും.

ഈ കുറ്റങ്ങൾ ഒക്കെ അതിവ നിസ്സാരങ്ങളായാണ് എനിക്ക് തോന്നിയത്.ഇതുകൊണ്ടൊക്കെ സ്വന്തം ശമ്പളം കൂടി ഞങ്ങൾക്കായി ചെലവാക്കി ഞങ്ങളെ വളർത്തുന്ന അമ്മീമ്മ എങ്ങനെ പന്നയും ആ സ്ത്രീയും കല്യാണവും അച്ഛൻറെ കുടുംബം തകർത്തവളുമാവുമെന്ന് എനിക്ക് മനസ്സിലായില്ല.

അപ്പോൾ അച്ഛൻ എനിക്കത് പറഞ്ഞും എഴുതിയും മനസ്സിലാക്കിച്ചു തന്നു.

അമ്മീമ്മ എന്ന പന്ന സ്ത്രീ അമ്മയേയും അച്ഛനേയും സഹായിച്ചത്, സഹായിക്കുന്നത് അവർക്ക് അമ്മയെ ഇഷ്ട മായിട്ടല്ല, അമ്മീമ്മക്ക് സ്വന്തം വീട്ടുകാരോടുള്ള വിരോധം തീർക്കാനാണ്. അമ്മ അച്ഛൻ റെ കൂടെ സ്വർഗീയ ദാമ്പത്യ ത്തിൽ ജീവിക്കുന്നതു കണ്ട് ഭർത്താവില്ലാത്ത ആ സ്ത്രീ അസൂയപ്പെട്ട് അമ്മയെ അവരുടെ വരുതിയിലാക്കി. അമ്മ ആ കല്യാണം എന്ന സ്ത്രീ യുടെ വാക്കു കേൾക്കുന്നതാണ് പ്രശ്നം അച്ഛൻറേയും അമ്മയുടേയും ജീവിതത്തിലെ ഒരേയൊരു പ്രശ്‌നം.

അമ്മീമ്മക്ക് അസുഖം വന്നാൽ അച്ഛൻ ഡിസ്റ്റിൽഡ് വാട്ടർ കുത്തിവെച്ചിരുന്നത് ഡാറി ആൻറിയെപ്പോലെ ഭർത്താവ് അടുത്തില്ലാത്തതുകൊണ്ടാണെന്ന് എനിക്ക് അങ്ങനെ മനസ്സിലായി.ആത്മവിശ്വാസമില്ലാത്ത ആണുങ്ങളും പെണ്ണുങ്ങളും ചെയ്യുന്ന, പറയുന്ന ഏറ്റവും വളിച്ച ന്യായമായിട്ടാണ് എനിക്കത് എന്നും അനുഭവപ്പെട്ടത്. അനുഭവിക്കാവുന്ന സൗകര്യങ്ങൾ എല്ലാം അനുഭവിച്ചിട്ട്, എനിക്കതിൻറെ ആവശ്യമേയില്ലായിരുന്നു എന്ന് പറയുന്നവർക്ക് ആ സൗകര്യമൊന്നും നിലനിർത്തേണ്ട ബാധ്യതയോ ചുമതലയോ ഇല്ലല്ലോ. നിങ്ങളോടാരു പറഞ്ഞു എന്നെ സഹായിക്കാൻ എന്ന മട്ട്... അതിനെന്തുത്തരം അല്ലേ?

വെള്ളം കുത്തിവെക്കുന്നത് അറിയാതിരിക്കാൻ അമ്മീമ്മ പൊട്ടിയൊന്നും അല്ലല്ലോ. അമ്മീമ്മ പറ്റാവുന്നത്ര ആയുർവേദ മരുന്നുകൾ ശീലിച്ചു. ഞങ്ങൾക്കും അതു തരുമായിരുന്നു. പക്ഷേ ഞങ്ങൾക്ക് അസുഖം വന്നാൽ ഉടനെ അച്ഛനോട് വരാൻ പറയുമായിരുന്നു... ഒരു നിമിഷം വൈകാതെ...

പിന്നെ ഞങ്ങൾ അമ്മയുടെ കുറ്റങ്ങൾ നമ്പറിട്ട് എഴുതി.

1. അമ്മ ഇടക്ക് സാരി വാങ്ങും.
2. അമ്മയുടെ ഓഫീസ് ടൈമിംഗും ജോലിയും കുടുംബ ത്തിലെ ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
3. അമ്മ വെറും ക്ലർക്കാണ്.
4. അമ്മക്ക് അങ്ങനെ വലിയ വരുമാനം ഇല്ല.
5. അച്ഛനോടും അച്ഛൻറെ വീട്ടുകാരോടും ആദരവോ ബഹുമാനമോ ഇല്ല.
6. അച്ഛനു വേണ്ടതൊന്നും അമ്മ കൊടുക്കില്ല.

ഈ കുറ്റപത്രങ്ങൾ അച്ഛനും അച്ഛൻറെ വീട്ടുകാരും പറയുന്നതെല്ലാം കേട്ട് എഴുതിയതായിരുന്നു. അല്ലാതെ അമ്മയ്ക്കോ അമ്മീമ്മയ്ക്കോ എന്തെങ്കിലും കുറ്റമുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിട്ടേയില്ലല്ലോ. ഇങ്ങനെ പലരീതിയിലും ജീവിക്കാൻ ഉറ്റു ശ്രമിച്ചിട്ടും ഞങ്ങൾ മാനസികമായും ശാരീരികമായും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

രണ്ടു വർഷമാണ് അമ്മയുടെ കൈ പ്ളാസ്റ്ററിലിട്ടത്. പിന്നെ എഴുതാനാവുന്ന ചലനത്തിന് സഹായമായി ഇടുപ്പിലെ ഒരു കഷണം എല്ല് മുറിച്ച് റിസ്ററ് ബോൺ പോലെ ഡിസൈൻ ചെയ്തു അമ്മയുടെ കൈയിൽ പിടിപ്പിച്ചു. അങ്ങനെ അത്യാവശ്യം കാര്യങ്ങൾ അമ്മക്ക് ചെയ്യാൻ പാകത്തിൽ.. പക്ഷേ, റിസ്ററ് ചലിക്കുകയില്ലായിരുന്നു. അമ്മയുടെ വലതു കൈപ്പത്തി താഴുകയോ നിവരുകയോ ഇല്ല.അത് പകുതി മാത്രമേ തിരിയുകയുള്ളൂ. മരിക്കുന്ന അന്ന് വരെ അമ്മ പിന്നീട് അങ്ങനെയാണ് ജീവിച്ചത്. ഒരു മിഠായി പോലും ഞങ്ങളുടെ വായിലിട്ടു തരാൻ പിന്നീട് അമ്മക്ക് പറ്റുമായിരുന്നില്ല.റിസ്റ്റ് അനങ്ങില്ലല്ലോ. ചോറു കുഴച്ചു വാരിത്തരുന്നതൊക്കെ അച്ഛൻ ആഗ്രഹിച്ചപോലേ തന്നേ എന്നേക്കുമായി അവസാനിച്ചു.

കുറെ ദിവസത്തെ ഫിസിയോതെറാപ്പിക്കു ശേഷം അമ്മ തിരികെ ജോലിയിൽ പ്രവേശിച്ചു.

അത് ശരിക്കും വലിയ ഞെട്ടലായിത്തീർന്നു പലർക്കും. അമ്മ ജീവിക്കില്ല എന്ന് ഉറപ്പ് അത്രയും പേർ വെച്ചു പുലർത്തിയിരുന്നു. കഷ്ടമെന്ന് പറയട്ടെ അതിലധികവും അച്ഛൻറെ പെൺസുഹൃത്തുക്കളുമാ
യിരുന്നു. അതിൻറെ വേദനയും അപമാനവും ഞങ്ങൾ അറിയാനിരിക്കുന്നതേയുണ്ടായിരുന്നൂള്ളൂ

ഈ ചികിത്സാ ബുദ്ധിമുട്ടുകൾക്കിടയിൽ അമ്മയുടെ അമ്മ രുഗ്മിണി അമ്മാൾ ഒരു മകൻറെ കൂടെ ഹ്രസ്വ സന്ദർശനത്തിനായി തൃക്കൂരിലെ തറവാട്ട് മഠത്തിൽ വന്നു. അവർക്ക് നടക്കാൻ പറ്റുമായിരുന്നില്ല. കണ്ണിൻറെ കാഴ്ചയും കുറഞ്ഞിരുന്നു.

ഈ വിവരം അറിഞ്ഞപ്പോൾ അമ്മീമ്മ ഉൽക്കടമായി മോഹിച്ചു. അമ്മയെ ഒന്ന് കാണണമെന്ന്....അതിൽ എന്താണ് തെറ്റെന്ന് അന്നും മനസ്സിലായില്ല... ഇന്നും എനിക്ക് മനസ്സിലാവുന്നില്ല.. ഇനി എന്നെങ്കിലും മനസ്സിലാകുമെന്നും തോന്നുന്നില്ല.

അമ്മീമ്മയെപ്പോലെ ഇത്രയും പ്രശ്നങ്ങൾ, നിന്ദകൾ, അപമാനങ്ങൾ എല്ലാം നേരിട്ട ഒരു മകൾക്ക് പെറ്റമ്മയെ ഒന്നു കാണാൻ, ഒന്നു തൊടാൻ, ഒന്നു കെട്ടിപ്പിടിക്കാൻ ഒക്കെ ആശയുണ്ടാവില്ലേ.. അതു ആ അമ്മയുടേയും മകളുടേയും മിനിമം അവകാശമല്ലേ...

അമ്മ ചെക്കപ്പിന് പോയിരിക്കുന്ന സമയമായിരുന്നു. ഞങ്ങൾ മൂന്നു കവചങ്ങളേയും കൂട്ടി അമ്മീമ്മ ആട്ടിയിറക്കപ്പെട്ട ആ തറവാട്ടുമഠത്തിൽ ധൈര്യമായി കയറിച്ചെന്നു.

പരമഭീരുവായ ഞാൻ മുറ്റത്ത് നിന്നതേയുള്ളൂ. റാണിയും ഭാഗ്യവുമായിരുന്നു അമ്മീമ്മയുടെ കവചകുണ്ഡലങ്ങൾ..

രുഗ്മിണി അമ്മാളെ കണ്ടു പിടിക്കാൻ അമ്മീമ്മക്ക് രണ്ടു സെക്കൻഡു പോലും വേണ്ടി വന്നില്ല. ആ മഠത്തിൻറെ മുക്കും മൂലയും അവർക്കു ചിരപരിചിതമല്ലേ...

രുഗ്മിണി അമ്മാൾ ശോഷിച്ച് ശോഷിച്ച് മുറിപ്പെൻസിൽ പോലെ ആയിരുന്നു.... ആ അമ്മയും മകളും തമ്മിൽ കണ്ടിട്ട് അപ്പോഴേക്കും പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞിരുന്നു.

ആ അമ്മ ഉടനെ ചോദിച്ചു.. അവർക്ക് അമ്മീമ്മയുടെ ഗന്ധം കിട്ടിയിരിക്കണം.
'കല്യാണമാ.. ? കോന്തേ നീ എപ്പടി വന്തായ്?'

അമ്മീമ്മയുടെ നെഞ്ച് പൊട്ടിപ്പോയി. 'അമ്മയ്ക്ക് സുഖം താനാ ? ഇത് രാജത്തോട് കുഴന്തകളാക്കും' എന്ന് മറുപടി നല്കുമ്പോഴേക്ക് അമ്മീമ്മയുടെ ചേട്ടൻ ചാടിക്കുതിച്ചെത്തി.

'നീയാര്ടീ ഇങ്കേ വറതുക്ക്? എറങ്ക് ടീ വെളിയിലേ. 'എന്നലറി അമ്മീമ്മയുടെ നേരേ കൈയോങ്ങി. പക്ഷേ, രണ്ടു കവചകുണ്ഡലങ്ങൾ ഇടവും വലവും ഉണ്ടാരുന്നല്ലോ. അവരുടെ തീക്ഷ്ണമായ കുഞ്ഞിക്കണ്ണുകൾ ആ ബ്രാഹ്മണനെ ഒരിട മൗനിയാക്കി.

'നീ പോയ്ക്കോ കോന്തേ' എന്ന് അമ്മ പറഞ്ഞപ്പോൾ അമ്മീമ്മ ഒന്നും പറയാതെ മടങ്ങിപ്പോന്നു.

അമ്മയേം മക്കളേയും വേർപിരിച്ച് ദണ്ഡിപ്പിക്കുക എന്നത് എല്ലാ അമാനവികരുടേയും ഇഷ്ട വിനോദമാണ്. അതിന് കാലമോ ജാതിയോ മതമോ വിദ്യാഭ്യാസ മോ സാമൂഹിക പദവിയോ ഒന്നും തടസ്സമല്ല.ബന്ധങ്ങളും തടസ്സമല്ല..