Friday, August 31, 2018

വിഷാദം... അതുണ്ടാകുന്നത്...

https://www.facebook.com/echmu.kutty/posts/854558584723437

വ്യക്തികളില്‍ വിഷാദമെന്ന അവസ്ഥ എത്ര ഭീകരമാണെന്ന് എനിക്കറിയാം. ജീവിതമേ ആവശ്യമില്ലെന്ന് തോന്നുന്ന, ജീവിതത്തില്‍ ഒന്നും നമ്മെ ആകര്‍ഷിക്കാത്ത ആ നിസ്സഹായത അനവധി കാലങ്ങളോളം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അനുഭവിക്കുന്നുണ്ട്. മരണത്തോളം പോന്ന ശൂന്യതയാണത്. മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്ന ഒരു കാര്യവുമല്ല അത്. കാരണം അതു മനസ്സിലാക്കാനും പ്രത്യേകമായ ഒരു മാനസികാവസ്ഥ ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ ആ മാനസികാവസ്ഥയുള്ളവരെ കണ്ടുകിട്ടുക തീരെ എളുപ്പമല്ല. ഒരേ തരംഗ ദൈര്‍ഘ്യമുള്ള മനസ്സുകള്‍ക്ക് മാത്രമേ വിഷാദത്തെ തിരിച്ചറിയാനും അതനുഭവിക്കുന്നവരെ അസാമാന്യമായ ക്ഷമയോടെയും മനക്കരുത്തോടേയും പുഞ്ചിരിയുടെ ലോകത്തേക്ക് മടക്കി വിളിക്കാനും കഴിയൂ. അവരെ ചിലപ്പോള്‍ നമ്മള്‍ ദൈവമെന്ന് വിളിച്ചു പോകും. അവരുടെ പടം, ശബ്ദം ഒക്കെയും ചിലപ്പോള്‍ നമ്മെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തും.

വളരെ സാധാരണമായി ആലോചിക്കുമ്പോള്‍ ഇതൊന്നും തലയില്‍ കയറണമെന്നില്ല. 'നിനക്കെന്തിന്‍റെ കുറവാണ്? സങ്കടാനുഭവങ്ങള്‍ കഴിഞ്ഞു പോയില്ലേ? ഇപ്പോ ഒന്നുമില്ലല്ലോ ... കഴിഞ്ഞതോര്‍ത്ത് സങ്കടപ്പെടുന്നത് വേറെ ജോലിയില്ലാത്തതുകൊണ്ടാണ്. ചുട്ട അടി കിട്ടാഞ്ഞിട്ടാണ്' എന്നൊക്കെ ആ മനസ്സുകളെ നമ്മള്‍ നിസ്സാരപ്പെടുത്തും. എന്നോടും എല്ലാവരും അങ്ങനെ തന്നെ പറയാറുണ്ട്.

കുട്ടിക്കാലത്തെ ലൈംഗിക പീഡനങ്ങള്‍, അതിരു കവിഞ്ഞും വേദനിപ്പിച്ചിട്ടുള്ള ജീവിതാനുഭവങ്ങള്‍, എപ്പോഴും വിമര്‍ശനങ്ങളുടെ കത്തിമുനയില്‍ നില്‍ക്കുകയും എന്നാല്‍ ഏറ്റവും ഗംഭീരമായി പെര്‍ഫോം ചെയ്യേണ്ടി വരികയും ചെയ്യുന്ന ജീവിതപരിതസ്ഥിതികള്‍ , ശാരീരികമായി ഏതു നിമിഷവും പരിക്കേല്‍ക്കപ്പെടാമെന്നുള്ള അവസ്ഥ, നിങ്ങള്‍ കരുതുന്ന ആളല്ല ഞാന്‍ എന്ന് എപ്പോഴുമെവിടേയും തെളിയിക്കേണ്ടി വരല്‍ - എന്നെ തീവ്ര വിഷാദത്തിലേക്ക് തള്ളിയിട്ടിട്ടുള്ള ചില കാര്യങ്ങളാണിവ.

നമ്മുടെ നാട്ടിലെ നിയമങ്ങളുമായി ഇടപെടുമ്പോള്‍, പോലീസോ പട്ടാളമോ കോടതിയോ എന്തുമാവട്ടേ.. ഇന്ത്യന്‍ ആര്‍മി റേപ് അസ് എന്ന് വിളിച്ചു പറഞ്ഞ് നഗ്നരായി നിന്ന മണിപ്പൂരിലെ അമ്മമാരെയും പോലീസുകാരാല്‍ യോനിയില്‍ കല്ലടിച്ചു കയറ്റപ്പെട്ട സോണി സോറനെയും ഞാന്‍ പലവട്ടം ഓര്‍ത്തു പോയിട്ടുണ്ട്. വ്യാജഏറ്റുമുട്ടലുകള്‍ നടത്തി പ്രമോഷന്‍ നേടുന്ന ഉദ്യോഗസ്ഥരെ.യും അവരെല്ലാമാണ് ശരിയെന്ന് പ്രഖ്യാപിക്കുന്ന സിനിമകളെയും കലാരൂപങ്ങളെയും സംഭാഷണങ്ങളേയും ഭ്രാന്തോളം വെറുത്തിട്ടുണ്ട്.

സ്ത്രീയെ അഗ്നിപരീക്ഷയ്ക്ക് സമര്‍പ്പിക്കുന്നതും പണയത്തിനു വെയ്ക്കുന്നതുമാണ് ഉന്നതമായ സംസ്ക്കാരം എന്ന് വാഴ്ത്തുന്ന ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥങ്ങള്‍ എന്ന അറിയിപ്പിനെ ഒരു കാലത്തും എനിക്ക് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. മതങ്ങളും ജാതികളുമെല്ലാം പെണ്ണിനെ അടിമ കിടത്താന്‍ പരസ്പരം മല്‍സരിക്കുന്നവയാണെന്ന് കുട്ടിക്കാലത്തേ കണ്ടൂ മനസ്സിലാക്കിയിട്ടുണ്ട് . ഇപ്പോള്‍ പിന്നെ സംസാരിച്ചാല്‍ എഴുതിയാല്‍ ചോദ്യം ചോദിച്ചാല്‍ ഒരു വെടിയുണ്ട നിനക്കായി ഞങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്ന അറിയിപ്പു കിട്ടുന്ന സുവര്‍ണകാലമാണല്ലോ. അങ്ങനെ മരിച്ചു പോയവരും ജയിലിലാക്കപ്പെടുന്നവരും ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ നമ്പറുകളായി കൂടി വരികയാണല്ലോ.

അമ്പലങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും ദര്‍ഗകളിലുമെല്ലാം പോയി ഞാന്‍ കുറേ പ്രാര്‍ഥിച്ചിട്ടുണ്ട്, ശ്ലോകങ്ങള്‍ ചൊല്ലുകയും വ്രതങ്ങള്‍ നോല്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. എനിക്കായി മാത്രമല്ല കരയുന്ന പലര്‍ക്കു വേണ്ടിയും .. ആ വേദനയില്‍ നിന്നു രക്ഷപ്പെടാന്‍ ഭ്രാന്തു പോലെ ജോലിയെടുക്കുകയും ശരീരത്തെ അങ്ങേയറ്റം ക്ഷീണിപ്പിക്കുകയും ചെയ്തു നോക്കുമ്പോഴും വിഷാദം ഒരു സാഗരം പോലെ ഉള്ളില്‍ തിരയടിക്കും. ഉറക്കം അകലെ മാറി നില്‍ക്കും. സംഭവിച്ചതും , സംഭവിക്കുന്നതുമായ തീരാനഷ്ടങ്ങള്‍ കണ്ണീരായി വിഷാദക്കടലിലലിയും.

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായിത്തുടങ്ങി ദൈവത്തിനിക്കാര്യത്തില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്ന്.. മനുഷ്യര്‍ .. അവരുടെ ദുരാഗ്രഹങ്ങള്‍, ദുര്‍വാശികള്‍, മറ്റുള്ളവരുടെ ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കാന്‍ സാധിക്കാത്ത ഈഗോ, അടിച്ചമര്‍ത്തിയും ശിക്ഷിച്ചും ഭരിച്ചും ആളാകുന്നതില്‍ ഉണ്ടെന്ന് തോന്നുന്ന കേമത്തം, അധികാരമെന്ന ഏറ്റവും വീര്യം കൂടിയ മദ്യത്തിന്‍റെ ലഹരി, എത്ര അപേക്ഷിച്ചാലും ന്യായം തിരിച്ചറിയാത്തവരുടെ മുന്നിലെ അവസാനിക്കാത്ത യാചന ഇതു പോലെയുള്ള പല കാര്യങ്ങളുമാണ് എന്നെ വിഷാദത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നതെന്ന്... ഇതൊന്നും ഒരിയ്ക്കലും മാറുകയില്ല. പിന്നെ വിഷാദം മാറ്റിയെടുക്കേണ്ടതും ഈ ജീവിതമേളയില്‍ പങ്കെടുക്കേണ്ടതും എന്‍റെ മാത്രം ചുമതലയാണ്

അതുകൊണ്ട് ഞാനുറ്റു ശ്രമിക്കുന്നു. ജീവിതവും മനസ്സും കൈവിട്ടു പോകുമെന്ന് തോന്നുമ്പോള്‍ സുഹൃത്തായി മാറിയ ഡോക്ടറുടെ ഫോണ്‍ നമ്പര്‍ അന്വേഷിക്കുന്നു. ഓടിച്ചെല്ലുന്നു. പൊട്ടിക്കരയുന്നു , പിച്ചും പേയും പറയുന്നു. എനിക്ക് മരിച്ചാല്‍ മതി ... ഈ ജീവിതമെനിക്ക് വേണ്ട - ഈ നാടെനിക്ക് വേണ്ട - എനിക്ക് താങ്ങാന്‍ വയ്യ.. എന്ന് നെഞ്ചിലിടിക്കുന്നു.
..
എന്നിട്ടും ഞാന്‍ ഇങ്ങനെ ബാക്കിയാവുന്നത് ഡോക്ടറെന്ന മനുഷ്യരൂപത്തില്‍ ദൈവം എന്നോട് സംസാരിക്കുന്നതുകൊണ്ടാണ്. ഇപ്പോഴും ഇങ്ങനെ ജീവിച്ചിരിക്കുന്നത് ആ ഒരു രൂപമരുളുന്ന വരത്തിലാണ്....

ഞാൻ. എൻറെ ചക്രവർത്തിനിയുടേ പുന്നാരക്കുട്ടി

https://www.facebook.com/photo.php?fbid=853609808151648&set=a.526887520823880.1073741826.100005079101060&type=3&theater

ചില ആഹ്ലാദങ്ങള്‍ ഇങ്ങനെ

https://www.facebook.com/echmu.kutty/posts/852476118265017


കോട്ടയം സി എം എസ് കോളേജിലെ നോവല്‍ വായനയില്‍ പങ്കെടുത്തപ്പോള്‍ എബ്രഹാമിന്‍റെ ഊരിലാണ് താമസിച്ചത്. വാര്‍ദ്ധക്യം, ഏകാന്തത , കാത്തിരിപ്പ്, പ്രതീക്ഷ ഇതൊക്കെ വയസ്സായവരെ വലിയ തോതില്‍ വേദനിപ്പിക്കുകയും വിഷാദത്തില്‍ ആഴ്ത്തുകയും ചെയ്യുന്നുണ്ടെന്ന കാര്യങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. പുറത്ത് ഓഖി ചുഴലിക്കാറ്റിന്‍റെ അകമ്പടിയായി വന്ന മഴ തിമിര്‍ത്തു പെയ്യുന്നു. ഇടിവെട്ടുന്നു. ... വയസ്സായവര്‍ക്ക് ഭയം തോന്നുന്ന അന്തരീക്ഷം.. കുട്ടികള്‍ക്ക് ഭയം തോന്നുന്ന അന്തരീക്ഷം. കുട്ടികളും വയസ്സായവരും ചിലപ്പോഴെങ്കിലും ചില കാര്യങ്ങളിലെങ്കിലും ഒരു പോലെയാണെന്ന് പറയാന്‍ തോന്നുന്ന അന്തരീക്ഷം.

അപ്പോഴാണ് ഫോണ്‍ വന്നത്. ഹൈദരാബാദില്‍ നിന്നായിരുന്നു അത്. ഇന്‍റര്‍നെറ്റില്‍ ഊരിനെപ്പറ്റി വായിച്ചറിഞ്ഞ് ഒരാഴചത്തെ താമസത്തിനായി വരാന്‍ ആഗ്രഹിക്കുകയാണ് അവര്‍. രണ്ട് പെണ്‍ കുട്ടികള്‍, വീല്‍ചെയറിലിരിക്കുന്ന അമ്മൂമ്മയും അമ്മയും വാക്കിംഗ്സ്റ്റിക്കുമായി നടക്കുന്ന അച്ഛന്‍. കേട്ടപ്പോള്‍ അന്തം വിട്ടുപോയി. അറിയുന്തോറും ആദരവ് വര്‍ദ്ധിച്ചു.

ആ പെണ്‍ കുട്ടികള്‍ പറയുകയായിരുന്നു. വീട്ടിനു പുറത്തിറങ്ങാതെ അവര്‍ മൂന്നു പേരും തടവുകാരെപ്പോലെ.. ഒന്നു പുറത്തിറങ്ങി യാത്ര ചെയ്യുന്നത് അവര്‍ക്ക് ആഹ്ലാദകരമായിരിക്കുമെന്ന് മനസ്സിലാക്കി, കുറെ നാളായി പ്ലാന്‍ ചെയ്യുന്നതാണീ യാത്ര. കൊച്ചിയില്‍ വന്നിട്ട് മൂന്നാര്‍ പോകും മൂന്നാറില്‍ നിന്ന് തേക്കടി പിന്നെയാണ് ഊരില്‍ താമസിക്കാന്‍ വരുന്നത്.

യൌവനത്തിന്‍റെ താങ്ങും സ്നേഹവും സംരക്ഷണവുമുള്ള വാര്‍ദ്ധക്യം ... അത് എല്ലാവര്‍ക്കും കിട്ടുക എളുപ്പമല്ലെന്ന തോന്നലില്‍ ആ പെണ്‍ കുട്ടികളെക്കുറിച്ച് നല്ലതു മാത്രം ഓര്‍ത്തുകൊണ്ട് ആഹ്ലാദത്തോടേ ഞാനുറങ്ങാന്‍ കിടന്നു.

ബ്രാഹ്മണജാതിയും ഹിന്ദുമതവും ഒരു സ്ത്രീയോടും അവരുടെ തൊഴിലിനോടും ചെയ്തത്…



 

തഞ്ചാവൂരില്‍ താമസിച്ചിരുന്ന അമ്മീമ്മയുടെ ഏറ്റവും മൂത്ത ജ്യേഷ്ഠത്തി വല്ലപ്പോഴും ഓരോ കത്തുകളയച്ചിരുന്നു. സ്വന്തം അനിയത്തിയോട് തമിഴില്‍ സംസാരിക്കുന്ന രീതിയില്‍, അക്ഷരപ്പിശകുകള്‍ സുലഭമായ മലയാളം ലിപിയില്‍, നല്ല വടിവൊത്ത കൈപ്പടയിലുള്ള എഴുത്തുകള്‍.

ആ കത്തുകള്‍ വായിച്ച് ഞാനും എന്റെ അനിയത്തിമാരും അതെഴുതിയ ആളുടെ വിവരമില്ലായ്മയെച്ചൊല്ലി പൊട്ടിച്ചിരിക്കും. ചിരിച്ച് ചിരിച്ച് ഞങ്ങള്‍ക്ക് ശ്വാസം മുട്ടുകയും കണ്ണില്‍ നിന്ന് വെള്ളം വരികയും ചെയ്യുമായിരുന്നു.

അഗ്രഹാരമെന്നതിന് ‘അക്കരക്കാര’മെന്നും ഫ്രണ്ട് ഓഫീസ് എന്നതിന് ‘വണ്ടാവിസ്സാ’ എന്നും അവര്‍ എഴുതി. അത് വായിച്ച് ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.

അവര്‍ സ്‌കൂളില്‍ പോയിട്ടില്ലെന്നും സ്വന്തം പേരെഴുതുവാന്‍ പോലും അവര്‍ക്കറിയുമായിരുന്നില്ലെന്നും അമ്മീമ്മ പറഞ്ഞു തന്ന ദിവസം ഞങ്ങളുടെ ചിരി മാഞ്ഞു. അവരുടെ കഠിന പ്രയത്‌നം കൊണ്ട് മാത്രമാണ് തെറ്റുകള്‍ നിറഞ്ഞ ഈ കത്തെങ്കിലും എഴുതുവാന്‍ അവര്‍ക്ക് സാധിക്കുന്നത് എന്നും അമ്മീമ്മ പറഞ്ഞു.

അക്കാലത്ത് അമ്മീമ്മയുടെ മഠത്തിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഒരാവശ്യമേ ആയിരുന്നില്ല. അവര്‍ക്ക് അടുക്കളയാണ് ലോകം. പിന്നെ ഭര്‍ത്താവിന്റെ ഇംഗിതമനുസരിച്ച് എത്ര വേണമെങ്കിലും പ്രസവിക്കാം, തറയില്‍ മുട്ട് മടക്കിയിരുന്ന് വത്തല്‍ക്കുഴമ്പും പൊരിയലും കൂട്ടി ഒരില ചോറുണ്ണാം. വേറെ എന്താണ് കോശാപ്പുടവയുടുക്കുന്ന ഒരു പെണ്ണിനു വേണ്ടത്?

പന്ത്രണ്ടു വയസ്സില്‍ ഒരു മുപ്പതുകാരനെ രക്ഷിതാക്കളുടേയും വാധ്യാരുടേയും ആശീര്‍വാദങ്ങളോടെ വിശദമായ പൂജകളോടെ ഭര്‍ത്താവായി സ്വീകരിച്ചിട്ടും, വെറും നാലു ദിവസത്തില്‍ ആ മഹാ ബ്രാഹ്മണനാല്‍ ഉപേക്ഷിക്കപ്പെടുവാന്‍ ഇടവന്ന ഒരു സ്ത്രീയായിരുന്നു അമ്മീമ്മ .

അതിനു ശേഷം സ്വന്തം പിതൃ ഭവനത്തില്‍ അവര്‍ അനവധി നീണ്ട വര്‍ഷങ്ങള്‍ ജീവിച്ചു. അവരുടെ വിദ്യാസമ്പന്നരായ ജ്യേഷ്ഠാനുജന്മാര്‍ വലിയ ഉദ്യോഗങ്ങളില്‍ പ്രവേശിക്കുകയും വിവാഹം കഴിയ്ക്കുകയും അച്ഛന്മാരാവുകയും ചെയ്തു. അനുജത്തിമാരും വിവാഹിതരായി, അമ്മമാരായി.

അമ്മീമ്മയുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. അമ്പലത്തിലും അടുക്കളയിലും പശുത്തൊഴുത്തിലും തീണ്ടാരിപ്പുരയിലും കുളിക്കടവിലുമായി അവര്‍ സമയം ചെലവാക്കി. കൂടപ്പിറപ്പുകളുടെ മക്കളെ അത്യധികം സ്‌നേഹത്തോടെയും നിറഞ്ഞൊഴുകുന്ന വാത്സല്യത്തോടെയും പരിചരിച്ചു.

‘നീ വളര്‍ന്ന പെണ്ണാണ്, ആരോടും സംസാരിച്ച് നിന്ന് കുടുംബത്തിനു മാനക്കേടുണ്ടാക്കരുതെ’ന്ന് എല്ലാവരും അവര്‍ക്ക് എന്നും താക്കീത് നല്‍കി. ഭര്‍ത്താവില്ലാത്തതു കൊണ്ട് വാഴാവെട്ടി എന്നും പ്രസവിക്കാത്തതുകൊണ്ട് മച്ചി, മലട് എന്നും വിളിച്ച് ക്രൂരമായി അവരെ അപഹസിയ്ക്കാന്‍ ആര്‍ക്കും വിഷമമൊന്നുമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് അമ്മീമ്മയുടെ ജീവിതത്തില്‍ ഒരു അത്ഭുതമുണ്ടായത്. അത് ബോംബെ നഗരത്തിലെത്തിപ്പെടാനുള്ള അവരുടെ തലേലെഴുത്തായിരുന്നു.

ഇന്ന് മുംബൈ എന്നു പേരു വിളിക്കുന്ന പഴയ ബോംബെ നഗരത്തെപ്പറ്റി ഏറ്റവും കാല്‍പനികമായ നിറച്ചാര്‍ത്തോടെയുള്ള സ്വപ്നങ്ങള്‍ എനിക്കു പകര്‍ന്നു തന്നിട്ടുള്ളത് ഞാന്‍ കണ്ടു തീര്‍ത്ത ഹിന്ദിസിനിമകളോ സ്വപ്നാത്മകമായ വിചിത്ര ഭാവനകളോടെ ഞാന്‍ വായിച്ചവസാനിപ്പിച്ച ഹിന്ദി നോവലുകളോ സ്ഥിരം മുംബൈക്കാര്‍ ആയ എന്റെ അനവധി സുഹൃത്തുക്കളോ അല്ല.

അമ്മീമ്മയാണ്.

അമ്മീമ്മയുടെ മനസ്സിന്റെ ഒരു ഭാഗം എന്നും ബോംബെയെ ധ്യാനിച്ചിരുന്നു. ആ നഗരത്തെപ്പറ്റിയുള്ള ഏതു വര്‍ത്തമാനവും അവര്‍ എപ്പോഴും താല്‍പര്യപൂര്‍വം അറിഞ്ഞു. ദേവാനന്ദ് പാടിയഭിനയിച്ച പാട്ടുകള്‍ റേഡിയോയില്‍ കേള്‍ക്കുന്നത് അമ്മീമ്മയുടെ ഒരു ദൗര്‍ബല്യമായിരുന്നു. പില്‍ക്കാലത്ത് ടി വിയില്‍ ദേവാനന്ദിനെ കാണുവാന്‍ സാധിക്കുമ്പോഴൊക്കെയും അമ്മീമ്മ ഏറെ ആഹ്ലാദവതിയായി. ‘ഖൊയാ ഖൊയാ ചാന്ദ് ഖുലാ ആസ്മാന്‍’ എന്ന പാട്ടു കേള്‍ക്കുമ്പോള്‍ ആ മുഖം അല്‍പം ലജ്ജയുടെ ചുവപ്പു പുരണ്ട് അതീവ സുന്ദരമായിത്തീരുന്നത് ഞങ്ങള്‍ തമാശയോടെ വീക്ഷിച്ചു. അമ്മീമ്മയുടെ യൗവനത്തിലെ മൃദുലസ്വപ്നങ്ങളെ ഏതെങ്കിലും ഒരു കാലത്ത് ദേവാനന്ദ് വര്‍ണാഭമാക്കിയിരുന്നിരിക്കണം…

ഇരുപതുവയസ്സുകളിലെ കുറെക്കൊല്ലങ്ങള്‍ അമ്മീമ്മ ബോംബെ നഗരത്തില്‍ ചെലവാക്കിയിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. ആചാരങ്ങളിലും മാമൂലുകളിലും ഉറച്ചു വിശ്വസിച്ചിരുന്ന അമ്മീമ്മയുടെ മഠത്തില്‍ നിന്ന് അക്ഷരമറിയാത്ത അവര്‍ എങ്ങനെ ബോംബെയില്‍ എത്തിപ്പെട്ടുവെന്നും അവിടെ എങ്ങനെ ജീവിച്ചുവെന്നും ഞാന്‍ അതിശയിച്ചിട്ടുണ്ട്. മലയാളവും തമിഴുമൊന്നും എഴുതാനറിയാതിരുന്ന അവര്‍ ബോംബെയില്‍ വെച്ച് ചില അയല്‍പ്പക്കക്കാരികളായ സ്ത്രീകളില്‍ നിന്ന് ഹിന്ദി എഴുതാനും വായിക്കാനും പഠിക്കുകയും ഏതാനും ചില ചെറിയ ഹിന്ദി പരീക്ഷകള്‍ പാസ്സാവുകയും ചെയ്തു. തുച്ഛ വരുമാനമായിരുന്നെങ്കിലും, ആ പരീക്ഷകളുടെ ബലത്തില്‍, നന്നെ ചെറിയ ചില ജോലികളും അവര്‍ അവിടെ ചെയ്യുകയുണ്ടായി.

അമ്മീമ്മയുടെ സഹോദരന്മാരാണ് അവരെ ബോംബെയിലേക്ക് കൊണ്ടു പോയത്. ഭര്‍ത്താവില്ലാത്ത പെണ്ണ് അടുക്കളക്കെട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന്, അരവയര്‍ ഭക്ഷിച്ച്, തെരുതെരെ നാമം ചൊല്ലി താഴോട്ടു മാത്രം നോക്കി കഴിഞ്ഞു കൂടണമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അവരെ ഇമ്മാതിരിയൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്തായിരിക്കും.?

അമ്മീമ്മയ്ക്ക് വായിച്ചറിയാന്‍ പോലും സാധിക്കാതെ പോയ രണ്ടു പ്രണയലേഖനങ്ങളായിരുന്നുവത്രേ ആ പ്രേരണ !

അമ്മീമ്മയുടെ അപ്പാ ഗ്രാമത്തിലെ ഒരു മുഖ്യനായിരുന്നു. ധാരാളം പണം, കനത്ത ഭൂസ്വത്ത്, ആണ്‍ മക്കള്‍ക്കെല്ലാം വന്‍നഗരങ്ങളില്‍ വലിയ ഉദ്യോഗങ്ങള്‍… ഇതൊക്കെയല്ലേ സാധാരണ ഗതിയില്‍ ഒരാളെ മുഖ്യനാക്കി മാറ്റുന്നത്? ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ആശ്രിതരുമായി അനവധി പേര്‍ എപ്പോഴും ആ മഠത്തിലുണ്ടാകുമായിരുന്നു.

അവരില്‍ രണ്ടുപേരാണ് ആ കുഴപ്പമുണ്ടാക്കിയത്.

ഒരാള്‍ പെട്ടെന്നു പെട്ടെന്ന് കവിത കെട്ടിയുണ്ടാക്കുന്ന മിടുക്കനായിരുന്നു. എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും പ്രേമം തുളുമ്പുന്ന വരികള്‍ ചൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ഭാര്യയും അനവധി മക്കളുമുണ്ടായിരുന്ന അയാള്‍ ഉയര്‍ന്ന ജാതിക്കാരനായ ഒരു ജന്മിയായിരുന്നുവത്രെ.

മറ്റൊരാള്‍ ആയുര്‍വേദം അരച്ചു കലക്കിക്കുടിച്ചിരുന്ന ഒരു വൈദ്യനായിരുന്നു. ഒറ്റമൂലികളില്‍ സമര്‍ഥനായിരുന്ന അയാളും ഉന്നത ജാതിക്കാരനും ഒരു ഭര്‍ത്താവും കുറെ കുട്ടികളുടെ അച്ഛനുമായിരുന്നു. അയാള്‍ക്കും നല്ല ധനശേഷിയുണ്ടായിരുന്നു.

‘പടിപ്പുരയുടെ ചുവരിനരികിലായി ഭംഗിയുള്ള ഒരു കടലാസ് വെച്ചിട്ടുണ്ട് . എടുത്ത് നോക്കു’ എന്നായിരുന്നു കവി വചനമെങ്കില്‍, വൈദ്യന്‍ ‘മുഖക്കുരുവിനുള്ള മരുന്ന് കടലാസ്സില്‍ വെച്ചിട്ടുണ്ട്. തൊഴുത്തിനടുത്താണ് അത് വെച്ചിരിക്കുന്നത്. ആരും കാണാതെ പോയി അതെടുത്തോളൂ. പിന്നെ വിവരം തന്നാല്‍ മതി’ എന്നാണ് പറഞ്ഞത്.

അമ്മീമ്മ രണ്ടു കടലാസ്സും പോയി എടുക്കുകയും അതീവ വിഷണ്ണയാവുകയും ചെയ്തു. കാരണം അതില്‍ എഴുതിയിരുന്നതെന്താണെന്ന് വായിച്ചു മനസ്സിലാക്കാനുള്ള അറിവ് അവര്‍ക്കില്ലായിരുന്നു. അക്ഷരമറിയാത്തവളാണ് അമ്മീമ്മയെന്ന് എഴുത്തുകള്‍ എഴുതിയവര്‍ അറിഞ്ഞിരുന്നുമില്ല. ജീവിതത്തിലാകെക്കൂടി കിട്ടിയ രണ്ട് പ്രണയലേഖനങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ പോലും കഴിയാതിരുന്നതാണ് അമ്മീമ്മയുടെ പ്രണയഭാഗ്യം.

അമ്മീമ്മ പക്ഷെ, കൃത്യമായി പിടിക്കപ്പെട്ടു.

മഠത്തില്‍ പേമാരിയും കൊടുങ്കാറ്റും മാത്രമല്ല അഗ്‌നിപാതവും ഉണ്ടായി. അമ്മീമ്മ പിഴച്ചുവെന്നതിന്റെ അല്ലെങ്കില്‍ പിഴയ്ക്കാന്‍ കൊതിച്ചുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നുവല്ലോ ആ കത്തുകള്‍.

ഒരേ ദിവസം രണ്ട് പുരുഷന്മാരില്‍ നിന്ന് കത്തുകള്‍ കിട്ടുന്ന പെണ്ണോ… അവള്‍ ഭയങ്കരി തന്നെ.

ഇത്തിരി തീയില്ലാതെ ഇത്തിരി പുകയുണ്ടാവുമോ!

ആണുങ്ങളെ കണ്ണു കാണിച്ചാല്‍ ഏതു സുന്നരീടെ ഭര്‍ത്താവായാലും എത്ര മക്കളുടെ അച്ഛനായാലും അവര്‍ കത്തെഴുതി കൊടുക്കില്ലേ.. പെണ്ണല്ലേ കരുതിയിരിക്കേണ്ടത്…

ഇതിനു മുന്‍പ് ആരൊക്കെ കത്തു കൊടുത്തിട്ടുണ്ടെന്ന് ആര്‍ക്കറിയാം..

അല്ലെങ്കിലും ആണുങ്ങളുള്ള ഭാഗത്ത് ചുറ്റിപ്പറ്റി നില്‍ക്കലുണ്ട് ഇവള്‍ക്ക്…

ഇങ്ങനെ വാക്കുകള്‍ കൊണ്ട് ക്രൂരമായി ആക്രമിക്കുമ്പോഴും നീണ്ട മുടിപിടിച്ചുലയ്ക്കുമ്പോഴും കരണത്തടിയ്ക്കുമ്പോഴും മുറിയില്‍ പൂട്ടിയിടുമ്പോഴും കിട്ടിയ കത്തുകള്‍ ആ പെണ്‍കുട്ടിയ്ക്ക് വായിക്കാന്‍ കൂടി കഴിയില്ലെന്ന് ആരും ഓര്‍മ്മിച്ചില്ല.

അക്ഷരമറിയാത്തതിന്റെ ദണ്ഡമെന്നത് ചിലപ്പോഴൊക്കെ അങ്ങനെയും കൂടിയാണ്.

‘ഈ സങ്കടമൊക്കെ കുടിച്ചിറക്കുമ്പോള്‍ മരിക്കാന്‍ തോന്നിയിട്ടില്ലേ’ എന്ന ചോദ്യത്തിനുത്തരമായി ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കള്‍ എന്നും മറ്റും വിളിച്ച് പരിഹസിക്കരുതെന്നും ആത്മഹത്യ കലയായും ചിലപ്പോള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായും മാറാറുണ്ടെന്നും അപ്പോഴാണ് അമ്മീമ്മ പറഞ്ഞു തന്നത്. പൊതുസമൂഹത്തിന്റെ മിക്കവാറും എല്ലാ മുന്‍വിധികളോടും പഴഞ്ചൊല്ലുകളോടും അമ്മീമ്മ എന്നും ഇടം തിരിഞ്ഞുനിന്നിരുന്നു. നിശിതമായി ആലോചിക്കാതെ ആ പഴഞ്ചൊല്ലുകളും മുന്‍വിധികളും അങ്ങനെ എല്ലാവരേയും പോലെ എടുത്തുപയോഗിക്കുന്നത് അവര്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങള്‍ കുട്ടികളിലും ആ ശീലം വളര്‍ത്താന്‍ അവര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു.

സഹോദരന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാണ് അമ്മീമ്മ ആദ്യമായി ബോംബെയിലേക്ക് പോയത്. അമ്മീമ്മ പിഴച്ചു പോവാതിരിക്കാന്‍, മഠത്തിനു ചീത്തപ്പേരു വരാതിരിക്കാന്‍, എന്ന ന്യായം സഹോദരന്മാരുടെ ആ പ്രവൃത്തിയെ തികഞ്ഞ ഉപകാരമായി കാണാന്‍ എല്ലാവരേയും പ്രേരിപ്പിച്ചു. പിന്നീട് ആറേഴു വര്‍ഷങ്ങള്‍ക്ക് ശേഷമേ സഹോദരന്മാര്‍ അമ്മീമ്മയെ ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുവന്നുള്ളൂ. അപ്പോഴേക്കും സഹോദരഭാര്യമാരുടെ പ്രസവങ്ങള്‍ നിലയ്ക്കുകയും ശുശ്രൂഷകള്‍ വേണ്ടാതാവുകയും കുട്ടികള്‍ മുതിരുകയും ചെയ്തുകഴിഞ്ഞിരുന്നു.

പ്രസവ ശുശ്രൂഷ വിചിത്രമായ ഒരനുഭവമാണെന്ന് അമ്മീമ്മ പറഞ്ഞു. തികച്ചും അവശയായ സ്ത്രീക്ക് ശുശ്രൂഷയും ശുശ്രൂഷിക്കുന്ന സ്ത്രീയും ഹൃദ്യമായി തോന്നാമെങ്കിലും അവശത കുറയുന്നതനുസരിച്ച് ഹൃദ്യതയും സ്വീകാര്യതയും കുറഞ്ഞുകുറഞ്ഞു വരും. പിന്നെപ്പിന്നെ സഹായിയായി തോന്നിയ സ്ത്രീ അനാവശ്യവും എത്രയും പെട്ടെന്ന് നാടു കടത്തപ്പെടേണ്ടവളും കുടുംബത്തിലെ ശല്യവും ആയിത്തീരും. അവള്‍ അനാഥയാണെങ്കില്‍ പിന്നെ, തികച്ചും വെറുക്കപ്പെട്ടവള്‍ ആയതു തന്നെ. അവള്‍ക്കു വേണ്ടി ചെലവാക്കപ്പെടുന്ന അരിമണികളും തുണിക്കഷണങ്ങളുമെല്ലാം കുടുംബവരുമാനത്തിന്റെ താളം തെറ്റിക്കും.

ഹിന്ദിയില്‍ ബില്ലെഴുതുന്ന ചില്ലറക്കടകളില്‍ പാര്‍ട്ട് ടൈം ജോലിക്കു പോവാന്‍ അമ്മീമ്മയ്ക്ക് കഴിഞ്ഞത് ഈ അനാവശ്യതയും വെറുപ്പും അനാഥത്വവും ഒഴിവാക്കപ്പെടലും ഒക്കെക്കൊണ്ടു തന്നെയായിരുന്നു.

വിക്ടോറിയ ടെര്‍മിനസ്സും ഫ്‌ലോറാ ഫൗണ്ടനും ചര്‍ച്ച് ഗേറ്റും ജൂഹു ബീച്ചും അമ്മീമ്മയുടെ ബോംബെ സ്മരണകളില്‍ നിറഞ്ഞുനിന്നു. ബോബെയുടെ നിരത്തുകളിലെയും റെയില്‍വേ സ്‌റ്റേഷനുകളിലെയും അനുസ്യൂതമായ ജനപ്രവാഹത്തെപ്പറ്റിയും ഡബ്ബാവാലകളുടെ മാനേജുമെന്റ് സ്‌കില്ലിനെപ്പറ്റിയും അവര്‍ വിശദീകരിച്ചു. ബോംബെയിലെ ചേരികളില്‍ അടിഞ്ഞു കൂടുന്ന ഇന്ത്യന്‍ ജനതയുടെ കഠിനയാതനകളെപ്പറ്റി വെറുതേയുള്ള നിരീക്ഷണങ്ങളിലൂടെ മാത്രം അവര്‍ ശരിയായി മനസ്സിലാക്കിയിരുന്നു. ദാദര്‍, താനെ, ചെമ്പൂര്‍, മാട്ടുംഗ, സയാണ്‍, ബാന്ദ്ര, മലബാര്‍ ഹില്‍സ്, മലാഡ്, ഗോരെഗാണ്‍, വൈലെപാര്‍ലേ എന്നൊക്കെയുള്ള സ്ഥലപ്പേരുകളും അവര്‍ കൃത്യമായി ഓര്‍മ്മിച്ചിരുന്നു. മൈഥിലീ ശരണ്‍ ഗുപ്തയുടെയും ഹരിവംശറായ് ബച്ചന്റെയും കവിതകള്‍ അവര്‍ ചൊല്ലിക്കേള്‍പ്പിച്ചിട്ടുണ്ട്. പ്രേംചന്ദിന്റെ കഥകളും അവര്‍ക്കറിയാമായിരുന്നു. ഷണ്‍മുഖാനന്ദ ഹാളില്‍ കമലാലക്ഷ്മണന്റെയും ലളിതാ പത്മിനിമാരുടേയും ബാല സരസ്വതിയുടേയും വൈജയന്തിമാലയുടേയും നൃത്തപരിപാടികള്‍ ഉണ്ടാകുന്നതിനെപ്പറ്റിയും അത് കാണാന്‍ അവര്‍ മോഹിച്ചിരുന്നതിനെപ്പറ്റിയും ഒക്കെ അമ്മീമ്മ വാചാലയായിരുന്നു. എം എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാനും അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.

പാഴ്‌സികളുടെ ശ്മശാനമായ ടവര്‍ ഓഫ് സൈലന്‍സിനെപ്പറ്റിയും ശവശരീരം കഴുകന്മാര്‍ക്കും മറ്റും തിന്നാന്‍ നല്‍കി സംസ്‌കരിക്കുന്നതിനെപ്പറ്റിയും അമ്മീമ്മ പറഞ്ഞു തന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും അസ്വസ്ഥരായി. ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല, കേട്ടുകൊണ്ടിരുന്ന മുതിര്‍ന്നവര്‍ക്കു പോലും ആ ശവസംസ്‌ക്കാരരീതി കഠിനമായി തോന്നി. ഗ്രാമത്തിന്റെ ചുരുങ്ങിയ വട്ടത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ലോകവും അതിലെ മനുഷ്യരും എത്രമാത്രം വൈവിധ്യപൂര്‍ണമാകാമെന്ന് മനസ്സിലാക്കിത്തരികയായിരുന്നു അമ്മീമ്മ. ദാരുവാല, ഘീവാല, ഊണ്‍വാല എന്നൊക്കെ കുടുംബപ്പേരുകളുള്ള പാഴ്‌സികളെപ്പറ്റി, ബ്രിട്ടിഷ് ഇന്ത്യയില്‍ താജ് മഹല്‍ എന്ന ഹോട്ടല്‍ നിര്‍മ്മിച്ച് അതിനു മുന്നില്‍ ‘ഇംഗ്ലീഷുകാര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല’ എന്ന് ഒരു ദിവസമെങ്കില്‍ ഒരു ദിവസം ബോര്‍ഡ് തൂക്കാന്‍ ധൈര്യം കാണിച്ച ടാറ്റ എന്ന പാഴ്‌സിയെപ്പറ്റിയൊക്കെ അമ്മീമ്മ വിശദമായി സംസാരിച്ചിരുന്നു. കടം കയറി തരിപ്പണമായതുകൊണ്ട് ജുഹു ബീച്ചില്‍ ചെന്ന് കുടുംബസമേതം ആത്മഹത്യ ചെയ്ത അയല്‍ക്കാരും അവരുടെ പിഞ്ചുകുഞ്ഞുങ്ങളും എന്നും അമ്മീമ്മയുടെ നൊമ്പരമായി. കോളിളക്കം സൃഷ്ടിച്ച നാനാവതി കൊലക്കേസിനെ ക്കുറിച്ചും അമ്മീമ്മ പറഞ്ഞു തന്നിട്ടുണ്ട്.

കുറെനാള്‍ ബോബെയില്‍ ജീവിച്ച, വ്യത്യസ്തമായ അനവധി ചിന്തകളുള്ള അമ്മീമ്മ എന്തുകൊണ്ട് ഒരു പ്രണയത്തിലകപ്പെട്ടില്ല ആരെയെങ്കിലും വിവാഹം കഴിച്ചില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എന്നിലുയര്‍ന്നു വന്നിട്ടൂണ്ട്. പ്രണയകഥകളും പുരുഷന്റെ മധുരകരമായ സ്‌നേഹവുമൊക്കെ വായനകളില്‍ ധാരാളമായി കടന്നു വന്ന യൗവനാരംഭത്തില്‍, തീര്‍ച്ചയായും എന്നിലും അനിയത്തിമാരിലും ഈ ചോദ്യങ്ങളുണ്ടായിരുന്നു.

അമ്മീമ്മ തന്ന മറുപടി എനിക്കൊരിക്കലും മറക്കാനും കഴിഞ്ഞിട്ടില്ല.

‘പ്രണയം ഒരു യുദ്ധമാണ് കുട്ടീ. അതിലേര്‍പ്പെടുവാന്‍ ഒരുപാട് ധൈര്യം വേണം. അത് സാക്ഷാത്കരിക്കാന്‍, നിലനിറുത്താന്‍, അത് നഷ്ടപ്പെടുത്താന്‍ എല്ലാറ്റിനും അസാമാന്യമായ ധൈര്യം ആവശ്യമാണ്. പ്രേമിക്കാന്‍ കഴിവുള്ളവരാകുന്നത് ശരിക്കും വളരെക്കുറച്ചു പേര്‍ മാത്രമാണ്. അധികം പേരും പ്രേമം പോലെ തോന്നിപ്പിക്കുന്ന എന്തോ ചില കുഞ്ഞ് ആകര്‍ഷണങ്ങളില്‍ കുടുങ്ങി കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വെല്ലുവിളികളുടെ കഠിന സന്ദര്‍ഭങ്ങളില്‍ പ്രേമമില്ലെന്ന് തിരിച്ചറിഞ്ഞ് നെഞ്ചത്തടിക്കുന്നത് ‘

പ്രേമിക്കാനുള്ള ധൈര്യമില്ലായിരുന്നുവെന്ന്, പ്രേമത്തിനു വേണ്ടി ലോകത്തെ ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസം പകരാനാവുന്ന ഒരു വ്യക്തിയേയും ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയതുമില്ലെന്ന്, അമ്മീമ്മ തുറന്നു സമ്മതിച്ചു…

തിരികെ നാട്ടിലേയ്ക്ക് വന്നപ്പോഴാണ് മുപ്പത് വയസ്സ് തികഞ്ഞിട്ടും, സ്വന്തം പേരു പോലും മലയാളത്തില്‍ എഴുതാനാകാത്ത, നിസ്സഹായത അമ്മീമ്മയെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയത്. പഠിച്ച് സ്വയം പര്യാപ്തത നേടണമെന്നും ഒരു വിലയും നിലയും സമ്പാദിയ്ക്കണമെന്നുമുള്ള ആഗ്രഹം തന്നില്‍ ഒരു തീവ്രമായ പ്രതിഷേധമായും വേദനയായും അപ്പോഴാണ് മാറിയതെന്ന് അമ്മീമ്മ പറഞ്ഞിരുന്നു. ഭാര്യയായും അമ്മയായും ഒക്കെ മറ്റുള്ള സ്ത്രീകള്‍ നേടുന്ന പദവിയൊന്നും അമ്മീമ്മയ്ക്ക് ലഭിയ്ക്കുമായിരുന്നില്ലല്ലോ.

‘ഒരു പൊണ്ണുണ്ടോടീ വക്കീല്? ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടീ!!!’

അങ്ങനെ , അക്ഷരം പഠിയ്ക്കണമെന്ന് ശാഠ്യം പിടിച്ച് നിരാഹാരമിരുന്ന അമ്മീമ്മയെ മഠത്തിലെ പുരുഷന്മാര്‍ അപഹസിച്ചത് ഈ ചോദ്യങ്ങളുതിര്‍ത്തുകൊണ്ടായിരുന്നുവത്രെ.

അക്ഷരവിദ്യ പഠിയ്ക്കാനുള്ള അനുവാദത്തിനായി നിരാഹാരമനുഷ്ഠിച്ച് ക്ഷീണിതയായ അവരുടെ വലതു കൈ തല്ലി തകര്‍ക്കാനും അവരെ മുറിയിലിട്ട് പൂട്ടാനും സംസ്‌ക്കാര സമ്പന്നരെന്ന് എപ്പോഴും അവകാശപ്പെടുന്ന ബ്രാഹ്മണര്‍ മുതിര്‍ന്നുവെന്നറിയുമ്പോഴാണ് ആ ഒരുവള്‍ സമരത്തിന്റെ വീറ് എത്ര മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുക. സ്ത്രീകള്‍ക്ക് സ്വന്തമായി നിലപാടുകള്‍ ഉണ്ടാകുന്നതും അവര്‍ പ്രതിഷേധിക്കുന്നതും അന്നും ഇന്നും മാപ്പര്‍ഹിയ്ക്കാത്ത കുറ്റമാണല്ലോ.

അധ്യാപകനായിരുന്ന പെരിയപ്പാവാണത്രെ കോപാകുലരായ ബ്രാഹ്മണരെ പിന്തിരിപ്പിച്ചത്.

അമ്മീമ്മയുടെ ഏറ്റവും ചെറിയ അനുജത്തിയായ എന്റെ അമ്മയില്‍ നിന്നാണ് അവര്‍ മലയാള അക്ഷരം എഴുതുവാന്‍ പഠിയ്ക്കുന്നത്. ആ കാലമായപ്പോഴേയ്ക്കും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിച്ചു തുടങ്ങിയിരുന്നു.

തന്നേക്കാള്‍ പതിനഞ്ചും ഇരുപതും വയസ്സ് കുറവുള്ള കുട്ടികള്‍ക്കൊപ്പമിരുന്ന് അമ്മീമ്മ സ്‌കൂള്‍ ഫൈനലും ടി ടി സിയും പാസ്സായി. അമ്മീമ്മയ്ക്ക് മുന്‍പേ എന്റെ അമ്മ കേന്ദ്രഗവണ്‍മെന്റ് ജോലിക്കാരിയായി മാറിയിരുന്നു. അങ്ങനെ വളരെ ഏറെ വൈകിയാണെങ്കിലും ഗ്രാമത്തിലെ ബ്രാഹ്മണ മാനേജ്‌മെന്റ് സ്‌കൂളില്‍ അമ്മീമ്മ പഠിപ്പിക്കാന്‍ തുടങ്ങി.

‘അപ്പടി ഒരു പൊണ്ണ് ടീച്ചറാനാള്‍!!!’

അങ്ങനെ ഒരു ദശകം കഴിഞ്ഞുപോയി. ഗ്രാമത്തില്‍ അമ്മീമ്മയ്ക്ക് അനവധി ശിഷ്യകളും ശിഷ്യന്മാരുമുണ്ടായി. മഠത്തിന്റെയും അപ്പാവിന്റെയും പേരിലല്ലാതെ അമ്മീമ്മ സ്വന്തം പേരില്‍ ടീച്ചര്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

അപ്പോഴാണ് എന്റെ അമ്മ ജാതിമാറി കല്യാണം കഴിച്ചതിന്റെ കുറ്റം അമ്മീമ്മയുടെ തലയില്‍ കെട്ടിവെയ്ക്കപ്പെട്ടത്. വ്യത്യസ്ത ചിന്താഗതിയുള്ള സ്ത്രീ, വിപ്ലവകാരിയായ സ്ത്രീ, വാശി പിടിച്ച് പഠിയ്ക്കാനും ഉദ്യോഗത്തിനും പോയ സ്ത്രീ എന്ന അമ്മീമ്മയുടെ ലേബലും അതിനു കാരണമായിട്ടുണ്ടാവാം.

അപ്പാവിന്റെ മരണ ശേഷം തറവാട്ടു മഠത്തില്‍നിന്ന് പുറത്താക്കപ്പെട്ട അമ്മീമ്മ ഒരു ബ്രാഹ്മണപ്പാട്ടിയുടെ ഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ താമസിക്കുന്ന ദുരിതകാലമായിരുന്നു അത്. അമ്മീമ്മയ്ക്ക് അപ്പാ ഒരു വീടുണ്ടാക്കി കൊടുത്തിരുന്നുവെങ്കിലും അതില്‍ വാടക്കക്കാരുണ്ടായിരുന്നു. അവര്‍ ഒഴിയാന്‍ കൂട്ടാക്കിയിരുന്നില്ല.

ഇണചേരുകയും പ്രസവിക്കുകയും മുലയൂട്ടുകയും ഒക്കെ ചെയ്താല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്തെ പ്രയാസങ്ങള്‍ ഇല്ലാതായിത്തീരുമെന്നാണ് പെണ്ണുങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത്. ഇക്കാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിയ്ക്കലും അനുഭവിയ്ക്കാത്ത അമ്മീമ്മയ്ക്ക് ആര്‍ത്തവം എന്നുമൊരു ദുരിതമായിരുന്നു. തലവേദന, വയറുവേദന, മയക്കം, ഛര്‍ദ്ദി … ഇതൊക്കെ പതിവായിരുന്നു. ഒരു ദിവസം സ്‌കൂളില്‍ വെച്ച് ഇങ്ങനെയൊക്കെ സംഭവിച്ചപ്പോള്‍ നഗരത്തിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്ന എന്റെ അച്ഛനേയും അമ്മയേയും വിവരമറിയിക്കുകയാണ് ബ്രാഹ്മണനായ ഹെഡ് മാസ്റ്റര്‍ ചെയ്തത്. എന്തായാലും അമ്മയും അച്ഛനും കാറോടിച്ച് പാഞ്ഞു വന്നു. രോഗിണിയെന്ന നിലയില്‍ അമ്മീമ്മയെ കൂട്ടിക്കൊണ്ടു പോവുകയും ചികില്‍സിക്കുകയും ചെയ്തു. അതൊരു പനിയായി രൂപാന്തരപ്പെട്ടതുകൊണ്ട് ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞ് തിരികെ എത്തിയ അമ്മീമ്മ ഇടിഞ്ഞു പൊളിഞ്ഞ ആ വിറകു പുരയില്‍ നിന്ന് നിര്‍ദ്ദാക്ഷിണ്യം പുറത്താക്കപ്പെട്ടു. കുറഞ്ഞ ജാതിക്കാരനായ അച്ഛന്റെ സഹായം സ്വീകരിച്ച് ഭ്രഷ്ടയായ അമ്മീമ്മയെ സഹിക്കാന്‍ വിറകുപുരയുടെ ഉടമസ്ഥയായ ബ്രാഹ്മണപ്പാട്ടി ഒരുക്കമായിരുന്നില്ല.

അമ്മീമ്മ ജനിച്ച് വളര്‍ന്ന ആ നാട്ടില്‍ അവര്‍ക്ക് താമസിക്കാന്‍ അങ്ങനെ ഒരു വീടു പോയിട്ട് ഒരു വരാന്ത പോലും ഇല്ലാതായി.

സ്‌കൂളില്‍ അതിലും വലിയ ഒരു ഭൂകമ്പമായിരുന്നു അവരെ കാത്തിരുന്നത്. സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു ടീച്ചറും സുന്ദരനും ചെറുപ്പക്കാരനുമായ ഒരു മാസ്റ്ററും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരു കഥ സ്‌കൂളില്‍ പരന്നിരുന്നു. നമുക്ക് പ്രണയമെന്നാല്‍ കടുത്ത അപവാദമാണല്ലോ. അത് അമ്മീമ്മയാണ് പറഞ്ഞുണ്ടാക്കിയതെന്ന കുറ്റമാരോപിച്ച് ബ്രാഹ്മണനായ ഹെഡ്മാസ്റ്റര്‍ അമ്മീമ്മയെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് മൂന്നു മാസം അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ അവര്‍ക്ക് ഒപ്പ് വെയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അത് അനുവദിച്ചില്ല. സ്‌കൂള്‍ മാനേജര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചപ്പോഴാണ് ഹെഡ് മാസ്റ്റര്‍ മൂന്നു മാസത്തിനുശേഷം ഒപ്പ് വെയ്ക്കാന്‍ അമ്മീമ്മയ്ക്ക് അനുവാദം നല്‍കിയത്.

താമസിയ്ക്കാന്‍ സ്ഥലമില്ലാതായ ആ ദിവസം അതിഭയങ്കരമായിരുന്നു എന്ന് അമ്മീമ്മ പറഞ്ഞിട്ടുണ്ട്. പ്രളയമുണ്ടാവണമെന്നും കൊടുങ്കാറ്റടിയ്ക്കണമെന്നും അഗ്‌നിയാളിപ്പടരണമെന്നും ആകാശം കുത്തിത്തുറന്ന് ദൈവം നീതി നടപ്പാക്കണമെന്നും ഒക്കെ അന്ന് അമ്മീമ്മ പ്രാര്‍ഥിക്കാതിരുന്നില്ല. എങ്കിലും ദൈവം ആ പ്രാര്‍ഥനയൊന്നും കേള്‍ക്കുകയുണ്ടായില്ല. ക്രിസ്തുമതക്കാരനായ ഒരു ധീര ശിഷ്യന്‍ന്റെ വീട്ടില്‍ അന്നവര്‍ താമസിച്ചു. അയാള്‍ പിന്നീടുള്ള ജീവിതകാലമത്രയും അമ്മീമ്മയെ അമ്മയായി കരുതി. എന്റെ ടീച്ചറെ എന്നയാള്‍ അമ്മീമ്മയെ വിളിക്കുമ്പോള്‍ തുളുമ്പിയിരുന്ന ആത്മാര്‍ഥത ഞങ്ങളെ കുട്ടികളെപ്പോലും എപ്പോഴും അസൂയപ്പെടുത്തിയിട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ അമ്മയും അച്ഛനും അമ്മീമ്മയെ നഗരത്തിലെ താമസസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അങ്ങനെ അമ്മീമ്മ എല്ലാ അര്‍ഥത്തിലും ഗ്രാമത്തില്‍ ഒരു ഭ്രഷ്ടയായിത്തീര്‍ന്നു.

ഈ സസ്‌പെന്‍ഷന്‍ നിമിത്തം വന്ന ഗ്യാപ് ഒരിയ്ക്കലും ശരിയായില്ല. അതുകൊണ്ട് അമ്മീമ്മയുടെ ഇന്‍ക്രിമെന്റുകള്‍ മുടങ്ങി. എ ഇ ഒ, ഡി, ഇ, ഒ, ആര്‍, ഡി , ഡി, ഡി, പി, ഐ, സ്‌ക്കൂള്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് തുടങ്ങിയ ഓഫീസുകളുടെയും ആ ഓഫീസര്‍മാരുടേയും പേരുകളും അവ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളും ഞങ്ങള്‍ കുട്ടികള്‍ക്ക് പോലും സുപരിചിതങ്ങളായിരുന്നു. ഞാനും അനിയത്തിമാരും അമ്മീമ്മയ്‌ക്കൊപ്പം ഈ ഓഫീസുകളില്‍ പലവട്ടം പോയി. സുന്ദരനും ചെറുപ്പക്കാരനും ആരോപിത കാമുകനുമായ ആ അധ്യാപകന്‍ ഗവണ്‍മെന്റ് ജോലിക്കാരാനായി സ്ഥലം മാറിപ്പോവുകയും സുന്ദരിയും ചെറുപ്പക്കാരിയും ആരോപിത കാമുകിയുമായ ആ അധ്യാപിക ഉയര്‍ന്ന ഒരുദ്യോഗസ്ഥനെ വിവാഹം കഴിച്ച് ഇരുവട്ടം മാതാവാകുകയും ചെയ്തുവെങ്കിലും ഈ സസ്‌പെന്‍ഷന്‍ കാര്യത്തില്‍ അനവധി തവണ സര്‍ക്കാര്‍ എന്‍ക്വയറികള്‍ നടത്തിയെങ്കിലും ഇതൊരു അനാവശ്യമായ സസ്‌പെന്‍ഷനാണ്, ഇത് റദ്ദാക്കിയിരിക്കുന്നു എന്ന രണ്ടേ രണ്ട് വരി എഴുതുവാന്‍ ധൈര്യവും ചങ്കുറപ്പുമുള്ള ഒറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആ ഓഫീസുകളില്‍ ഉണ്ടായിരുന്നില്ല.

കാര്യങ്ങള്‍ അനന്തമായി അങ്ങനെ നീണ്ടു പോവുമ്പോള്‍ അഞ്ചാംക്ലാസ്സില്‍ പഠിയ്ക്കുന്ന ഞാന്‍ അമ്മീമ്മയുടെ ഈ സസ്‌പെന്‍ഷന്‍ സങ്കടത്തെപ്പറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഒരു കത്തയച്ചു. ഒന്നും സംഭവിച്ചില്ലെന്നു പറഞ്ഞു കൂടാ. ഡി ഇ ഒ സ്‌കൂളില്‍ എത്തി. പതിവ് ഇന്‍സ്‌പെക്ഷനു ശേഷം എന്നെ കാണണമെന്ന് അവര്‍ പറഞ്ഞു. ഹെഡ് മാസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍..

പ്രധാനമന്ത്രിയ്ക്ക് എഴുത്ത് എഴുതാന്‍ കുട്ടി ആരാണ്?

എനിക്കുത്തരമില്ലായിരുന്നു.

വിദ്യാഭ്യാസവകുപ്പിനെ മോശമാക്കി എഴുതാന്‍ കുട്ടിയ്ക്ക് എന്താണ് അധികാരം?

എനിക്കപ്പോഴും ഉത്തരമില്ലായിരുന്നു.

കുട്ടീടെ അമ്മീമ്മ പറഞ്ഞിട്ടാണോ ഇത്ര വലിയ തെറ്റ് കുട്ടി ചെയ്തത്?

അപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ല.

പിന്നാരു പറഞ്ഞു ഇങ്ങനെ എഴുതാന്‍?

ഞാന്‍ സത്യം വെളിവാക്കി. എന്റെ അച്ഛനാണ് പറഞ്ഞത്.

ഡി ഇ ഒ വെട്ടിലായി. കാര്യമെന്താണെന്ന് വെച്ചാല്‍ അവര്‍ അച്ഛന്റെ അടുത്ത ബന്ധുവായിരുന്നു. അമ്മീമ്മയുടെ പേര് പറഞ്ഞു കിട്ടിയാല്‍ സ്വന്തം അധികാരമുപയോഗിച്ച് അവര്‍ അമ്മീമ്മയെ താക്കീതു ചെയ്യുമായിരുന്നു. അമ്മീമ്മയുടെയും അമ്മയുടേയും ബ്രാഹ്മണ്യം അവര്‍ക്കും ചൊറിച്ചിലുണ്ടാക്കുന്ന ഒരു വെറുക്കപ്പെട്ട വസ്തുവായിരുന്നുവല്ലോ.

ഗൗരവം വിടാതെ ഡി ഇ ഒ എന്നോട് കടന്നു പോകാന്‍ പറഞ്ഞു.

ഇതിനൊപ്പം മറ്റൊരു പ്രശ്‌നം കൂടി ബ്രാഹ്മണ്യം അമ്മീമ്മയെ കീഴ്‌പ്പെടുത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്നു. അത് ഒരു വിചിത്ര ജാതകമായിരുന്നു. അതനുസരിച്ച് അമ്മീമ്മയ്ക്ക് പത്തു വയസ്സ് കൂടുതലായിരുന്നു. അമ്മീമ്മയുടെ സഹോദരന്മാര്‍ ഈ ജാതകം ഇടയ്ക്കിടെ വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പല പേരുകള്‍ വെച്ച് അയച്ച് കൊടുക്കും. അമ്മീമ്മയ്ക്ക് പ്രായം അധികമായി എന്നും അവരെ ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചയയ്ക്കണമെന്നും അധിക ശമ്പളം പറ്റിയത് തിരിച്ചു വാങ്ങണം എന്നും ആയിരുന്നു അവരുടെ ആവശ്യം. ഈ കത്ത് കിട്ടിയാലുടന്‍ എന്‍ക്വയറി ആരംഭിക്കുകയായി. തെളിവില്ലാതെ ഫയല്‍ മടക്കുകയായി. പിന്നേം കത്തു വരും… പിന്നേം എന്‍ക്വയറി വരും.. പിന്നേം ഫയല്‍ മടക്കും. ഇന്നിതെഴുതുമ്പോള്‍ തോന്നുന്ന വികാരമായിരുന്നില്ല അന്ന്. അമ്മീമ്മ ദു:ഖിതയായും അപമാനം കൊണ്ട് വേദനിക്കുന്ന ഹൃദയവുമായി പരവശയായും കാണപ്പെടുമ്പോള്‍ ഒരിയ്ക്കലും ആര്‍ക്കും പൂരിപ്പിയ്ക്കാനാവാത്ത സുരക്ഷിതത്വമില്ലായ്മ എന്റെയും അനിയത്തിയുടേയും മനസ്സിനെ കാര്‍ന്നു തിന്നാറുണ്ടായിരുന്നു.

അങ്ങനെ അമ്മീമ്മ അടുത്തൂണ്‍ പറ്റിപ്പിരിയാന്‍ ഒരു വര്‍ഷം ബാക്കിയായി. അന്നും സസ്‌പെന്‍ഷന്‍ പ്രശ്‌നം ശരിയായിട്ടില്ല. ഒടുവില്‍ വിദ്യാഭ്യാസവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അച്ഛന്റെ ഒരു സുഹൃത്തുമായിരുന്ന ഐ എ എസ്‌കാരനാണ് ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്യുവാന്‍ ഉപദേശം നല്‍കിയത്. അതും അത്ര എളുപ്പമൊന്നുമായിരുന്നില്ല. കാരണം സ്വന്തം അപ്പാ അമ്മീമ്മയ്ക്ക് നല്‍കിയ വീട് മടക്കിക്കിട്ടണമെന്ന ആവശ്യത്തില്‍, അപ്പാ എഴുതിവെച്ച വില്‍പത്രം റദ്ദാക്കണമെന്ന ആവശ്യത്തില്‍ സഹോദരന്മാര്‍ കൊടുത്ത മുപ്പത് വര്‍ഷം നീണ്ട സിവില്‍ കേസ് അമ്മീമ്മയുടേയും അമ്മയുടേയും വരുമാനത്തിന്റെ സിംഹഭാഗവും വക്കീല്‍ ഓഫീസുകളില്‍ ചെലവഴിപ്പിച്ചിരുന്നു.

എങ്കിലും അമ്മീമ്മ മാല പണയം വെച്ച് വക്കീലിനു ഫീസ് കൊടുത്ത് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.

ഒടുവില്‍ അമ്മീമ്മ റിട്ടയര്‍ ചെയ്യുന്നതിനു രണ്ട് മാസം മുമ്പ് ഹൈക്കോടതി അത്ഭുതത്തോടെ വിധി പ്രസ്താവിച്ചു…

ഇത് കേരളമോ? ഇവിടേ ജാതിയില്ലെന്നും മതമില്ലെന്നും ഒക്കെ ആരാണ് പറഞ്ഞത്? ഇവിടെ പുരോഗമനമുണ്ടെന്ന് ആരാണ് ദു:സ്വപ്നം കണ്ടത്? ഏകാകിനിയായ ഒരു സ്ത്രീയോട് ഇത്രയുമൊക്കെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ഉത്തുംഗ സംസ്‌കാരത്തിന്റെ പേരെന്താണ്?

ഹെഡ്മാസ്റ്ററുടെ അധികാര ദുര്‍വിനിയോഗത്തേയും വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥതയേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തടഞ്ഞു വെയ്ക്കപ്പെട്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും പൂര്‍വകാല പ്രാബല്യത്തോടെ അമ്മീമ്മയ്ക്ക് അനുവദിക്കുകയും ചെയ്തു.

ജീവിച്ചിരുന്ന കാലമത്രയും ഇരുപതു വയസ്സുകളില്‍ ജീവിച്ച ബോംബെ നഗരം വീണ്ടും കാണണമെന്ന് അമ്മീമ്മ മോഹിച്ചിരുന്നു. പക്ഷെ, ആ മോഹമൊരിക്കലും പൂവണിയുകയുണ്ടായില്ല. അതിനുള്ള കഴിവ് ഞങ്ങള്‍ മൂന്നു സഹോദരിമാര്‍ക്കും ഒരു കാലത്തും നേടാന്‍ കഴിഞ്ഞില്ല.

Thursday, August 30, 2018

ചില രാത്രികളില്‍ ചിലര്‍ പഠിപ്പിക്കുന്നത്




എല്ലാം ഒറ്റമുറി പാര്‍പ്പിടങ്ങളായിരുന്നു. എല്ലാറ്റിന്‍റേയും ഉടമ ഒരാളുമായിരുന്നു. വെളുത്ത എരുമയെ ഓര്‍മ്മിപ്പിക്കുന്ന മുഖമുള്ള ഒരു മനുഷ്യന്‍. അയാള്‍ ഇടിവെട്ടുന്ന ഒച്ചയില്‍ സംസാരിച്ചു. വാടകക്കാരോടൊക്കെ അയാള്‍ക്ക് പരമപുച്ഛമായിരുന്നു. അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്ര പ്രധാനവ്യക്തികളൊന്നുമല്ല ആ മുറികളില്‍ വാടകയ്ക്ക് പാര്‍ത്തിരുന്നത്. വെണ്ടയ്ക്കയുടേ സബ്ജി കഴിക്കാന്‍ പറ്റിയെന്നും പുഴുങ്ങിയ കോഴിമുട്ട രണ്ടെണ്ണം തിന്നുവെന്നും അമ്പതു രൂപയ്ക്ക് നല്ല സ്വറ്റര്‍ കിട്ടിയെന്നും മറ്റും അതീവ സന്തോഷത്തോടെ പറയുന്ന മനുഷ്യരായിരുന്നു അവിടെ താമസിച്ചിരുന്നത്. ഒരു മുറിയിലും ആവശ്യത്തിനു വെന്‍റിലേഷന്‍ ഉണ്ടായിരുന്നില്ല. ഒരു ചെറിയ കനം കുറഞ്ഞ ചില്ലു ഗ്ലാസിലെ വാട്ടവെള്ളം പോലെയുള്ള ചായയില്‍ പാര്‍ലെ ജിയോ ടൈഗര്‍ ബിസ്ക്കറ്റോ മുക്കിത്തിന്ന് ജോലിക്ക് പോകുന്ന പാവങ്ങള്‍. അവരെ ആരു ബഹുമാനിക്കും? ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നുമുള്ള മനുഷ്യര്‍ അവിടെ ഉണ്ടായിരുന്നു. മിക്കവാറും പേര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ചിലര്‍ക്ക് ഭാര്യമാരും ഭര്‍ത്താക്കന്മാരും എപ്പോഴും വിശന്ന് കരയുന്ന കുട്ടികളും ഉണ്ടായിരുന്നു. എന്തായാലും ദാരിദ്ര്യമായിരുന്നു ആ ഒറ്റ മുറി പാര്‍പ്പിടങ്ങളുടെ മുഖമുദ്ര.

എരുമച്ചാണകത്തിന്‍റെ മണമായിരുന്നു അവിടമാകെ. ആകെ ഒരാശ്വാസമായി ഉണ്ടായിരുന്നത് പടര്‍ന്ന് പന്തലിച്ച ആര്യവേപ്പ് മരമായിരുന്നു. അതില്‍ അസംഖ്യം കിളികള്‍ കലപിലെ കൂട്ടിക്കൊണ്ട് താമസിച്ചു.

എരുമത്തൊഴുത്തില്‍ ഫാനും എയര്‍ കൂളറുമൊക്കെ വീട്ടുടമസ്ഥന്‍ പിടിപ്പിച്ചിരുന്നെങ്കിലും വാടകക്കാരായ മനുഷ്യര്‍ക്ക് അതിനൊന്നും സൌകര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് വേനല്‍ക്കാലത്ത് വാടകക്കാര്‍ എല്ലാവരും കൊതുകുകടിയുമേറ്റ് ആര്യവേപ്പിന്‍റെ ചുവട്ടില്‍ ഉറങ്ങി. തണുപ്പ് കാലത്ത് മുറിക്കുള്ളിലും.

ആ വിശാലമായ പറമ്പില്‍ വീട്ടുടമസ്ഥന്‍റെ ഹവേലിയും ഉണ്ടായിരുന്നു. അനവധി മുറികളുള്ള ഒരു മൂന്നുന്നു നിലക്കെട്ടിടമായിരുന്നു അത്. കാര്‍ഷെഡ്ഡിലും പോര്‍ച്ചിലുമായി കുറേ വണ്ടികള്‍ വിശ്രമിച്ചു. അവിടെ നിന്ന് നെയ്യിന്‍റെയും മറ്റു മസാലകളുടേയും സ്വാദേറിയ സുഗന്ധം അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍ വാടകക്കാരുടെ മക്കള്‍ വിശപ്പുകൊണ്ടും കൊതികൊണ്ടൂം വലിയ വായിലേ കരഞ്ഞു. അമ്മമാര്‍ പല്ലിലെ വെള്ളം നൊട്ടിനുണയ്ക്കുകയും കുട്ടീകളുടെ കരച്ചില്‍ അസഹ്യമാകുമ്പോള്‍ ഒരു ചെറു പഴമോ പേരയ്ക്കയോ മറ്റോ കൊടുത്ത് അടഞ്ഞ ശബ്ദത്തില്‍ താരാട്ട് പാടി കുട്ടികളെ ഉറക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ദിവസങ്ങള്‍ ഓരോന്നായി ഇങ്ങനെ കൊഴിഞ്ഞു തീരുമ്പോഴാണ് ഒരു നാള്‍ സന്ധ്യയ്ക്ക് വീട്ടുടമസ്ഥന്‍ ക്രുദ്ധനായി അലറി വിളിച്ചുകൊണ്ട് ഒരു താമസക്കാരനെ പുറത്താക്കിയത്. 'കമരാ ഖാലി കര്‍ കുത്തേ' എന്ന് മാത്രമേ പുറത്തേക്ക് കേട്ടുള്ളൂ. ഞെണുങ്ങിയ ഒന്നു രണ്ട് അലുമിനിയപ്പാത്രങ്ങളും കുപ്പിഗ്ലാസ്സും സ്റ്റൌവും പായും തലയണയും ബക്കറ്റും മഗുമെല്ലാം അന്തരീക്ഷത്തിലേക്ക് പറന്നെത്തി പുറകെ അഞ്ചടി ഉയരമുള്ള ഒരു ചെറുപ്പക്കാരന്‍ മുറ്റത്തേയ്ക്ക് കമിഴ്ന്നടിച്ചു വീണു.

മുറി ഒഴിവായിക്കഴിഞ്ഞു. ഇനി ആ ചെറുപ്പക്കാരന് അവിടെ പാര്‍ക്കാന്‍ കഴിയില്ല. അയാള്‍ നേരത്തിനു വാടക കൊടുക്കാത്തതാവാം കാരണം. പെണ്ണുങ്ങളെപ്പോലെ വ്യഭിചാരക്കുറ്റം ആണുങ്ങളുടെ തലയില്‍ വരാറില്ലല്ലോ. അയാള്‍ മദ്യപിക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. അപ്പോള്‍ പണം മാത്രമാവണം കാരണം.

ചെറുപ്പക്കാരന്‍ രക്തം വരുന്ന ചുണ്ടുകള്‍ പതുക്കെ തുടച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു നിന്നു. സാധനങ്ങള്‍ പെറുക്കിക്കൂട്ടി. എന്നിട്ട് ആ മുറ്റത്ത് തന്നെ കുന്തിച്ചിരുന്നു. സമരം ചെയ്യാനും ബഹളം കൂട്ടാനുമൊന്നുമല്ല. എവിടെപ്പോകും എന്നറിയാത്തതുകൊണ്ടാണ്. ഈ നേരത്ത് ആരു മുറി തരും ? കഷ്ടിച്ച് ജീവിച്ച് പോകുന്ന മനുഷ്യര്‍ക്ക് സഹായഹസ്തം നീട്ടാന്‍ അത്ര എളുപ്പത്തിലൊന്നും ആരും തയാറാവില്ല.

ആ കെട്ടിടത്തില്‍ പാര്‍ക്കുന്ന എല്ലാവരും അയാളെ കണ്ടീല്ലെന്ന് നടിച്ച് സ്വന്തം ജോലികളില്‍ വ്യാപൃതരായി. പതുക്കെപ്പതുക്കെ ഓരോ മുറിയിലേയും വിളക്കുകള്‍ അണഞ്ഞു. എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു.

ഞാന്‍ തലയില്‍ പൊള്ളുന്ന ഒരു തീച്ചട്ടി ചുമക്കുന്ന കെട്ടകാലമായിരുന്നു അത്. അക്കാലങ്ങളില്‍ എനിക്കുറക്കം വരാറില്ല. വിശപ്പ് തോന്നാറില്ല. കഷ്ടിച്ച് നാല്‍പത്തഞ്ചു കിലോ തൂക്കമുണ്ടായിരുന്ന എന്‍റെ ശരീരത്തിന് ഒരു ചോളം ചുട്ടതും ഒരു ഗ്ലാസ് വെള്ളവും മതിയായിരുന്നു ആത്മാവ് കൂട്ടീല്‍ക്കിടക്കാന്‍...

ഞാന്‍ ഉറങ്ങിയില്ല. തുറന്നിട്ട ജനലിലൂടേ അയാളെ തന്നെ നോക്കിക്കൊണ്ട് ഞാന്‍ മുറിയില്‍ കിടന്നു. എണീറ്റ് പോയി അയാളോട് സംസാരിക്കാനോ അയാള്‍ക്കെന്തെങ്കിലും ഭക്ഷണം കൊടുക്കാനോ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഞാന്‍ മുറിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന ഭീതി എന്നെ വേട്ടയാടി.

അപ്പോഴാണ് ഞാന്‍ കാത്തിയെ കണ്ടത്. അവള്‍ മിസ്സോറാം കാരിയാണ് . അവള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കുന്നതും കൂടേയിരുന്ന് വര്‍ത്തമാനം പറയുന്നതും ഞാന്‍ കണ്ടു. അവള്‍ അല്‍പം പിശകാണെന്ന് അവിടെ ചില സ്ത്രീകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നോര്‍ത്തീസ്റ്റേണ്‍ സ്റ്റേറ്റ്സില്‍ നിന്ന് വരുന്ന പെണ്ണുങ്ങളേയും ആണുങ്ങളേയും പിശകുകളെന്ന് വിളിക്കുന്നത് ഉത്തരേന്ത്യയില്‍ സര്‍വസാധാരണമാണ്. സ്ത്രീകളെ തരം കിട്ടിയാല്‍ ബലാല്‍സംഗം ചെയ്യുകയും പുരുഷന്മാരെ പട്ടികളെപ്പോലെ അടിച്ചുകൊല്ലുകയും ചെയ്യും. പോലീസുകാര്‍ക്കും ഭരിക്കുന്നവര്‍ക്കും നാട്ടുകാര്‍ക്കും അക്കാര്യത്തില്‍ വിഷമമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. അടി കൊണ്ടാലും ആട്ടിപ്പുറത്താക്കപ്പെട്ടാലും ബലാല്‍സംഗം ചെയ്യപ്പെട്ടാലും അപാരമായ ശേഷിയോടേയും മനസ്ഥൈര്യത്തോടെയും പിടിച്ചു നില്‍ക്കുന്നവരാണ് നോര്‍ത്തീസ്റ്റേണ്‍ സ്റ്റേറ്റ്സില്‍ നിന്ന് വരുന്നവര്‍. അവര്‍ ഇന്ത്യയെ സ്നേഹിക്കുന്നില്ല എന്നൊരു ആക്ഷേപം പോലീസുകാരും ഭരണാധികാരികളും നാട്ടുകാരും ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. അവര്‍ എങ്ങനെ ഇന്ത്യയെ സ്നേഹിക്കുമെന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല.

കാത്തി അന്നു മുഴുവന്‍ അയാള്‍ക്ക് കൂട്ടിരുന്നു. പിറ്റേന്ന് പുലര്‍ന്നപ്പോള്‍ സാധനങ്ങള്‍ ഒക്കെ പെറുക്കിയെടുത്ത് അയാള്‍ സ്ഥലം വിടുകയും ചെയ്തു. എങ്ങനെ അയാള്‍ക്ക് കൂട്ടിരിക്കാനുള്ള ധൈര്യം വന്നുവെന്ന് ചോദിച്ചപ്പോള്‍ കാത്തി ചിരിച്ചു. എന്നെ കളിയാക്കി. 'ആരുമില്ലാതായിപ്പോയ ഒരു പാവത്തിന് ഇത്തിരി ചോറും കറിയും കുറച്ചു വര്‍ത്തമാനവും കൊടുക്കാന്‍ അത്ര പ്രയാസമൊന്നുമില്ല പെണ്ണേ.. അയാള്‍ കൂടുതല്‍ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിലും ഞാന്‍ കൊടുത്തേനേ... ആരുമില്ലാത്തവര്‍ക്കും ഒന്നും മടക്കിത്തരാന്‍ കഴിവില്ലാത്തവര്‍ക്കും എന്തു നല്‍കുന്നതും പുണ്യമല്ലേ... ? '

എന്നിലെ ഇന്ത്യാക്കാരിയുടെ വായടഞ്ഞു പോയി.

എന്‍റെ കഥാപാത്രങ്ങള്‍ എന്നെ ഉന്മാദിനിയാക്കിയ പകല്‍

https://www.facebook.com/echmu.kutty/posts/846578698854759
                                         
                                                          

നവംബര്‍ ഇരുപത്തൊമ്പതിനു തന്നെ ഞാന്‍ യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു കോട്ടയം സി എം എസ് കോളേജിലെ യു ജി സി സെമിനാറില്‍ പങ്കെടുക്കാന്‍.. ആ കോളേജില്‍ ഒരു ക്ഷണിതാവായി ചെല്ലുക എന്നത് എന്നില്‍ വലിയ അഭിമാനവും സന്തോഷവും ഉളവാക്കിയെന്നത് സത്യമാണ്. നേരത്തെ മഹാരാജാസ് കോളേജിലും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജിലും വിക്ടോറിയ കോളേജിലുമൊക്കെ കുട്ടികളുമായി സംവദിച്ചിരുന്നുവെങ്കിലും സി എം എസ് കോളേജിന്‍റെ സിനിമാദൃശ്യങ്ങള്‍ മനസ്സിലുണര്‍ത്തിയ കാല്‍പനികത എനിക്ക് തന്നെ അതീവ സുന്ദരമായി അനുഭവപ്പെടുന്നുണ്ടായിരുന്നു.

ട്രെയിനിറങ്ങി ഭക്ഷണം കഴിച്ച ശേഷം അടുത്ത സുഹൃത്തായ എബ്രഹാമിനൊപ്പം ശബരിമലയിലേക്കുള്ള വഴിയിലൂടെ ഒരു ഡ്രൈവിനു പോയി. കാടിന്‍റെ പച്ചമണമേറ്റുകൊണ്ടുള്ള ആ യാത്ര എന്‍റെ മനസ്സിലെ വിഷാദചിന്തകളേയും ആകുലതകളേയും എല്ലാം പതിയെപ്പതിയെ തൂത്തെറിഞ്ഞു. പമ്പാനദിയ്കൊപ്പമുള്ള യാത്ര തീര്‍ത്തും മനോഹരമായിരുന്നു.

എബ്രഹാമിന്‍റെ ഊരിലാണ് അന്നു രാത്രി ഞാന്‍ താമസിച്ചത്. എണ്‍പത്താറും തൊണ്ണൂറ്റൊന്നും എഴുപത്തഞ്ചും വയസ്സുള്ളവരൊക്കെയായിരുന്നു സഹമുറിയര്‍. അല്‍പം ഓര്‍മ്മക്കുറവ്, ഒന്നു വീണതുകൊണ്ട് കൈയിനു പറ്റിയ ചെറിയ പരിക്ക് , അല്‍പമൊരു ബലക്കുറവ് ഇതൊക്കെ ഒഴിച്ചാല്‍ അവരെല്ലാം തികഞ്ഞ ജീവിതങ്ങളായിരുന്നു. വേര്‍ഡ്സ് വര്‍ത്തിനെയും ഹെന്‍റി ഡേവിഡ് തോറോയേയും പറ്റി, മൊബൈല്‍ ഫോണ്‍ എന്ന പലകകളെപ്പറ്റി, ഊരിനു ചുറ്റും ഹരിതാഭ നിറഞ്ഞൊഴുകുന്ന പ്രകൃതി സൌന്ദര്യത്തികവിനെപ്പറ്റി എല്ലാമെല്ലാം അവര്‍ വാചാലരായി. അവര്‍ക്കു പറയാനും എനിക്ക് കേള്‍ക്കാനും ഇഷ്ടം. അതുകൊണ്ട് താമസവും ആനന്ദകരമായിരുന്നു.

മുപ്പതിനു രാവിലെ സി എം എസ് കോളേജില്‍ ചെല്ലുമ്പോള്‍ എനിക്കാദ്യമായി കോളേജില്‍ പോകുന്ന ഒരു വിദ്യാര്‍ഥിനിയുടേ കൌതുകമുണ്ടായി. ആ കലാലയ മുത്തശ്ശിയെ ഞാന്‍ കണ്ണെടുക്കാതെ നോക്കി. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്ത്രീ വിദ്യാഭ്യാസവും ഒക്കെ നടപ്പിലാക്കിയ ഇരുനൂറുകാരി ഇന്നും നിറഞ്ഞ യൌവനത്തികവില്‍ തന്നെ. സെമിനാര്‍ ഹാളിലായിരുന്നു ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ ആന്‍ഡ് ജെന്‍ഡര്‍ ഐഡന്‍റിറ്റി എക്സ്പ്ലോറിംഗ് ഡൈവേഴ്സിറ്റീസ് ഓഫ് ക്യുര്‍ സ്പേസ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന യു ജി സി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. റാന്നി സെന്‍റ് തോമസ് കോളേജ് പ്രിന്‍ സിപ്പലായ പ്രൊഫസര്‍ ഡോക്ട്രര്‍ ലതാ മറീന വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. അവര്‍ ഈ വിഷയത്തില്‍ ഗഹനമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. ഡോ . റോയ് സാം ഡാനിയല്‍, പ്രൊഫസര്‍ സിനി റേച്ചല്‍ മാത്യു, പ്രോഫസര്‍ ജേക്കബ് കുന്നത്ത് , ഡോ. ജോജി ജോണ്‍ പണിക്കര്‍ എന്നിവരുടെ പ്രസംഗങ്ങളുമുണ്ടായിരുന്നു.

സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആറു ട്രാന്‍ സ് ജെന്‍ ഡേര്‍സ് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. പരിപാടികള്‍ ആരംഭിക്കും മുന്‍ പേ ഞാനും അവരും പ്രൊഫസര്‍ ജേക്കബ് കുന്നത്തും തമ്മില്‍ ഒരു പരിചയപ്പെടല്‍ അല്ലെങ്കില്‍ മഞ്ഞുരുകല്‍ സെഷന്‍ ഉണ്ടായിരുന്നു. അത് അവരേയും എന്നേയും ഒരേ പോലെ സെമിനാറുമായുള്ള മനപ്പൊരുത്തത്തിനിടവരുത്തി. ജുവല്ലറി ഡിസൈനിംഗ് ചെയ്യുന്ന തൃപ്തി, അമ്മ അല്ലെങ്കില്‍ ഗുരുവായ, എയിഡ്സ് കണ്ട്റോള്‍ സെല്ലിലും കുടുംബശ്രീയിലും പ്രവര്‍ത്തിക്കുന്ന അഭിരാമി, ഒരു പുരുഷനെ വിവാഹം കഴിച്ച് ഭാര്യയും വീട്ടമ്മയുമായ ലക്ഷ്മി ഗോപന്‍, നര്‍ത്തകിയായ വൈഗ, മെട്റോ റെയില്‍ വെയില്‍ ജോലി ചെയ്യുന്ന ജാസ്മിന്‍, സി എ വിദ്യാര്‍ഥിനിയായ ശ്രുതി ഇത്രയും പേരായിരുന്നു ട്രാന്‍ സ് ജെന്‍ ഡേര്‍ സ്.
ചിന്തിയെറിയപ്പെടുന്ന ഓടപ്പഴങ്ങള്‍ എന്ന അഞ്ചാം അധ്യായം വായിച്ചുകൊണ്ടാണ് ഞാന്‍ സെമിനാറില്‍ പങ്കെടുത്തത്. പലരും കണ്ണീര്‍ തുടയ്ക്കുന്നത് ഞാന്‍ കണ്ടു. പിന്നീട് വളരെ വിശദമായുള്ള ഒരു പ്രസംഗത്തിന്‍റെ ആവശ്യം ഉണ്ടായില്ലെന്നതാണ് സത്യം.
തൃപ്തിയും അഭിരാമിയും ലക്ഷ്മിയും വൈഗയും ജാസ്മിനും ശ്രുതിയും അവരവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.

വേദനാജനകമെങ്കിലും എന്നിലെ എഴുത്തുകാരിയെ അനുനിമിഷം ഹൃദയംഗമാമായി അംഗീകരിക്കുന്ന അനുഭവങ്ങളായിരുന്നു അവയെല്ലാം. ട്രാന്‍ സ് ജെന്‍ ഡേര്‍ സിനെക്കുറിച്ചും ഇന്ത്യന്‍ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചുമുള്ള എന്‍റെ ബോധ്യങ്ങള്‍ എത്രമാത്രം ശരിയാണെന്ന് അവര്‍ തുറന്നു പറയുമ്പോള്‍ നോവലിസ്റ്റ് എന്ന നിലയില്‍ ഞാനനുഭവിച്ച ഉന്മാദം സീമകള്‍ക്കപ്പുറത്തായിരുന്നു. കുട്ടികള്‍ വളരെ താല്‍പര്യപൂര്‍വം തൃപ്തിയോടും അഭിരാമിയോടും ലക്ഷ്മിയോടും വൈഗയൊടുമെല്ലാം ഒത്തിരി ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്തു.

ഞങ്ങള്‍ ഏഴുപേരും ഒന്നിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്.
ക്ലാസ്മേറ്റ്സ് സിനിമ ഷൂട്ട് ചെയ്ത ആ കോളേജ് കെട്ടിടങ്ങളും ചാപ്പലും ലവേഴ്സ് പാത്തും എല്ലാം നനഞ്ഞൊട്ടുന്ന മഴയിലും ഞാന്‍ കാണാതിരുന്നില്ല. സുഹൃത്തുക്കളായ ഏബ്രഹാമും പ്രൊഫസര്‍ ജേക്കബും പ്രൊഫസര്‍ ആനും എനിക്കൊപ്പമുണ്ടായിരുന്നു.
സത്യത്തില്‍ മനസ്സില്ലാമനസ്സോടെയാണ് ആ പെരുമഴയില്‍ കുതിര്‍ന്നാണെങ്കിലും എന്‍റെ ആറു സുഹൃത്തുക്കളോടും ആ കലാലയ മുത്തശ്ശിയോടും ഞാന്‍ യാത്ര പറഞ്ഞത്.

നോവലിസ്റ്റ് എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും തികച്ചും ആനന്ദകരമായ അഭിമാനകരമായ ഒരു ദിവസമായിരുന്നു അത്...

സി എം എസ്സ് ഇംഗ്ലീഷ് വിഭാഗത്തിന്റെ

https://www.facebook.com/photo.php?fbid=845977938914835&set=a.526887520823880.1073741826.100005079101060&type=3&theater


സി എം എസ്സ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശിയ സെമിനാര്‍ പ്രൊഫസര്‍ ഡോ. ലതാ മരീനാ വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്യുന്നു. (30/11/17)

                                       



https://www.facebook.com/jacob.kunnath.5/posts/10156102138034617?__xts__[0]=68.ARDyRAERLJOxHQxui4dqUyAn4SL19IBaKvYdTe3-nCCY5Z39TpU3D421BcU1aTcdxoXh83K-AxOAI-Qcwus68D2QhjOjqjnI0_bkiQHxxZ2AcxODP0JlIgYbZaDr5y11JGLYm5g&__tn__=C-R
അവനിലെ അവളെയും അവളിലെ അവനെയും ശരീരത്തിന്റെ ഭാഷയിലൂടെയും മനസ്സിന്റെ ഭാഷണത്തിലൂടെയും വെളിപ്പെടുത്തുന്ന അത്യസാധാരണമായ നോവൽ...

ട്രാൻസ്‌ജെൻഡർ ജീവിതം പെൺതൂലികയ്ക്ക് വിഷയമാവുന്ന മലയാളത്തിലെ ഈ ആദ്യനോവലിന്റെ രചയിതാവായ എച്മുകുട്ടി. നാളെ (30 നവമ്പർ) കോട്ടയം സി എം എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം ക്രമീകരിക്കുന്ന ദേശീയസെമിനാറിൽ പങ്കെടുക്കുന്നു...

                                 

Wednesday, August 29, 2018

അടുക്കളവിചാരങ്ങള്‍ - മൂന്ന്

https://www.facebook.com/echmu.kutty/posts/847534858759143

ഇതൊരു ആധുനിക അടുക്കളയാണ്. ഒറ്റയ്ക്ക് തികച്ചും ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുപ്പതുകാരിയുടേ അടുക്കള. ഒറ്റയ്ക്ക് പാര്‍ക്കുന്നവര്‍ എന്തുണ്ടാക്കാനാ ? ഒറ്റയ്ക്ക് കഴിയ്ക്കാന്‍ ഒരു സുഖവുമില്ല, ഒറ്റയ്ക്ക് പാചകം ചെയ്യാനുള്ള മടി കൊണ്ട് ഞാന്‍ ഒരു ഗ്ലാസ് പാല്‍ കുടിച്ച് കിടന്നുറങ്ങി , ഒറ്റയ്ക്ക് പാര്‍ക്കണേടത്ത് എന്ത് വീട്ടു പണിയാ എന്ത് അടുക്കളപ്പണിയാ, ആണുങ്ങള്‍ കഴിക്കാനില്ലെങ്കില്‍ പിന്നെ വെച്ചു വിളമ്പാന്‍ ഒരു രസവുമില്ല എന്നും മറ്റും എല്ലാവരും പല രീതിയില്‍ അതീവ നിസ്സാരമാക്കുന്ന ഒരു ഒറ്റപ്പെണ്ണിന്‍റെ അടുക്കള.

അവള്‍ ജോലിക്കു പോകുന്നു. വൈകുന്നേരം ക്ഷീണിച്ച് മടങ്ങുന്നു. അവള്‍ക്കായി ആരും കാപ്പിയും പലഹാരങ്ങളും തയാറാക്കി പൂമുഖവാതില്‍ക്കല്‍ പുഞ്ചിരി തൂകുന്നില്ല. അവള്‍ തനിയെ കാപ്പിയിട്ട് കുടിക്കുന്നു. കുറച്ചു നേരം വിശ്രമിക്കുന്നു. പിന്നെ അത്താഴത്തിനു വേണ്ട പരിശ്രമങ്ങള്‍ തുടങ്ങുന്നു.

അവളുടെ അടുക്കളയില്‍ ആധുനിക ഉപകരണങ്ങള്‍ എല്ലാമുണ്ട്. നല്ല പാത്രങ്ങളുണ്ട്. സൌകര്യങ്ങളുണ്ട്. വെടിപ്പും വൃത്തിയും സംഗീതവുമുണ്ട്. എല്ലാം അവള്‍ക്കായി മാത്രമാണ്. അവിടെ കടന്നു ചെന്ന് ആര്‍ക്കും അവളെ നിന്ദിക്കാനോ പരിഹസിക്കാനോ പറ്റില്ല. ആരുടേ രുചിഭേദത്തിനനുസരിച്ചും അവള്‍ക്ക് മസാലക്കൂട്ടോ പച്ചക്കറിക്കഷണങ്ങളോ മല്‍സ്യമാംസങ്ങളോ മാറ്റേണ്ടതില്ല. സ്വാതന്ത്ര്യമുള്ള അടുക്കള... അപ്പോള്‍ മറ്റുള്ളവര്‍ പൂരിപ്പിക്കും അല്ല, ഏകാന്തമായ അടുക്കള.

എന്തും പരീക്ഷിച്ചു നോക്കാമെന്നതാണ് അവളുടെ അടുക്കളയുടേ ഏറ്റവും വലിയ സൌകര്യം. ബിയറോ ബ്രാന്‍ ഡിയോ റമ്മോ ബീഫോ ഒന്നും അടുക്കളയില്‍ വിലക്കപ്പെട്ടില്ല. ആവശ്യമുള്ളപ്പോള്‍ എത്ര വേണമെങ്കിലും ജോലി ചെയ്യാമെന്നതു പോലെ തോന്നുമ്പോഴൊക്കെ ഒന്നും ചെയ്യാതിരിക്കാമെന്നതും ആ അടുക്കളയുടേ ഒപ്പില്‍ പെടും. കാരണം അവള്‍ മാത്രമാണല്ലോ അടുക്കളയുടെ ചക്രവര്‍ത്തിനി.

അവള്‍ ആസ്വദിച്ചു പാചകം ചെയ്തു, ഭക്ഷണത്തെ ഭംഗിയായി അലങ്കരിച്ചു. ഫോട്ടോ എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചു. പാട്ടു കേട്ടുകൊണ്ട് ഓരോ തരി ആഹാരവും രുചിച്ചു കഴിച്ചു. ആഹാരം അവളുടേ ദേഹത്ത് പിടിക്കാതിരുന്നില്ല. വഴക്കോ വിമര്‍ശനമോ പരിഹാസമോ നിന്ദയോ താരതമ്യമോ ഇല്ലാതിരുന്നതുകൊണ്ട് പാചകവും ആഹാരവും അവള്‍ക്ക് ആനന്ദം മാത്രം നല്‍കുന്ന അനുഭവങ്ങളായിത്തീര്‍ന്നു.

അതുകൊണ്ടൊക്കെയാണ് പുതിനയുടേയും മല്ലിയിലയുടേയും സുഗന്ധം പരത്തുന്ന പനീര്‍ അവള്‍ ഉണ്ടാക്കിയത്. കാട്ടുതേന്‍ ചേര്‍ത്ത ചായ ആസ്വദിച്ചത്. റഷ്യന്‍ , മെക്സിക്കന്‍ സലാഡുകള്‍ പരീക്ഷിച്ചത്, മെക്ഡൊണാള്‍ഡ്സിന്‍റെ പിറ്റ്സയും കെ എഫ് സിയുടേ ചിക്കനും സ്വയം നിര്‍മ്മിച്ചത്... അവളുടെ കൂട്ടുകാര്‍ അന്തം വിട്ടിരുന്നുകൊണ്ട് എല്ലാ ഭക്ഷണവും ആസ്വദിച്ചു കഴിച്ചു. അവള്‍ക്ക് അഭിനന്ദനപ്പൂക്കൂടകള്‍ സന്തോഷത്തോടേ സമര്‍പ്പിച്ചു.

അവള്‍ അങ്ങനെയായിരുന്നു. കൈപ്പുണ്യവും ഭാവനയും പാചകത്തിനോടുള്ള അര്‍പ്പണബോധവും അവളെ ഒന്നാന്തരമൊരു പാചകക്കാരിയാക്കി മാറ്റി. വെറും നാടന്‍ ചമ്മന്തി മുതല്‍ ഇന്‍റര്‍നാഷണല്‍ ലെവലിലുള്ള വിഭവങ്ങള്‍ കൂടി അവള്‍ അനായാസം ഉണ്ടാക്കി.. ആസ്വദിച്ചു കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തു.

സ്വാതന്ത്ര്യമാണ് പുതുമയുടെ വാതിലുകള്‍ക്കും നിര്‍മ്മിതികള്‍ക്കും പ്രചോദനം നല്‍കുന്നത്. അടിച്ചൊതുക്കുമ്പോള്‍ പരീക്ഷണ സ്വാതന്ത്ര്യങ്ങള്‍ തകര്‍ന്നു പോകുന്നു. പരീക്ഷിക്കാനുള്ള കണ്ടുപിടിക്കാനുള്ള ത്വരയും നഷ്ടമാവുന്നു.

ചങ്ങലക്കെട്ടുകള്‍ക്കിടയില്‍ നിന്ന് വീര്‍പ്പുമുട്ടിക്കൊണ്ടും പുതുമയുടെ വാതിലുകള്‍ തുറക്കുന്നവരുണ്ട്. അവര്‍ കിതപ്പോടെ ദീര്‍ഘനിശ്വാസത്തോടെ വിങ്ങലൊടേ ആവും അതു ചെയ്യുക.

സ്വാതന്ത്ര്യത്തിന്‍റെ വിലയെ ഭംഗിയായി അറിയുന്നവള്‍ അതില്‍ ആഹ്ലാദിക്കുന്നവള്‍

അവള്‍ എന്‍റെ സ്നേഹിത ... സ്നേഹമുള്ളവള്‍... സ്നേഹ

( അവസാനിച്ചു )

അടുക്കളവിചാരങ്ങള്‍ - രണ്ട്

https://www.facebook.com/echmu.kutty/posts/843667599145869?pnref=story

ഇത് അമ്മയുടെ അടുക്കളയാണ്. ദീനമായ ആത്മവിശ്വാസമില്ലാത്ത ഒരു പാവം അടുക്കള. എപ്പോഴും കുറ്റവാളിയെപ്പോലെ തല കുമ്പിട്ട് നിന്നിരുന്ന ഒരടുക്കള.

എല്ലാമുണ്ടായിരുന്നു ആ അടുക്കളയില്‍ ... പക്ഷെ, ജീവനുണ്ടായിരുന്നില്ല. അതെന്നും ലഭിക്കാത്ത അംഗീകാരത്തിനു കണ്‍ പാര്‍ത്തു നിന്നു. എന്നും നിരാശയോടെ മുഖം കുനിച്ചു. ആ അടുക്കളയുടെ ഒപ്പ് അതായിരുന്നു.

അമ്മ ചെയ്തിരുന്നത് പാചകമാണെന്ന് അച്ഛനു തോന്നിയിരുന്നില്ല. നോണ്‍ വെജില്ലാത്ത അടുക്കളയെ അംഗീകരിക്കാന്‍ അദ്ദേഹം ജീവിതത്തിലൊരിക്കലും തയാറായതുമില്ല. അമ്മ ഉണ്ടാക്കുന്ന സസ്യഭക്ഷണവും പലഹാരങ്ങളും എല്ലാം ഭംഗിയായി കഴിച്ചിരുന്നുവെങ്കിലും അതൊന്നും ഭക്ഷണമായി അച്ഛന്‍ കരുതിയില്ല. അമ്മ അടുക്കളയില്‍ ആകെക്കൂടി പാല്‍ തിളപ്പിക്കും എന്ന് മാത്രം അച്ഛന്‍ സമ്മതിച്ചിരുന്നു. അച്ഛന്‍റെ വനിതാ സുഹൃത്തുക്കളും ബന്ധുക്കളൂം അച്ഛനോടുള്ള സ്നേഹവും കരുതലും ധാരാളം നോണ്‍ വെജ് വിഭവങ്ങള്‍ തയാറാക്കി നല്‍കിയാണ് പ്രകടിപ്പിച്ചിരുന്നത്. ഇഷ്ടമുള്ള ആഹാരം ലഭിക്കാത്ത അച്ഛന്‍റെ ഹൃദയവേദന അവരെല്ലാവരും കൃത്യമായി മനസ്സിലാക്കിയിരുന്നു. അന്നൊക്കെ സ്ത്രീകള്‍ എന്നാല്‍ , ഇഷ്ടപ്പെട്ട ആഹാരം കഴിയ്ക്കാന്‍ കിട്ടാത്ത പുരുഷന്‍റെ ഹൃദയവേദന മാത്രം മനസ്സിലാക്കുന്നവരാണെന്നായിരുന്നു എന്‍റെ വിചാരം.

അമ്മയ്ക്ക് നോണ്‍ വെജ് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് എനിക്ക് ബോധ്യമായിരുന്നു. ചോരയുടെ നിറവും ഗന്ധവും ഒന്നും അമ്മയ്ക്ക് സഹിക്കാന്‍ പറ്റിയിരുന്നില്ല. അമ്മ വലിയ ശബ്ദത്തില്‍ ഓക്കാനിക്കുമായിരുന്നു. അമ്മയുടെ വലിയ കണ്ണുകള്‍ നിറഞ്ഞ് ഒഴുകിയിരുന്നു. അമ്മ സങ്കടപ്പെടുകയായിരുന്നിരിക്കണം അപ്പോഴെല്ലാം. ഭക്ഷണം സന്തോഷകരമായ ഒരു അനുഭവമായി ഞങ്ങളില്‍ വേരു പിടിക്കാതിരുന്നതും അതുകൊണ്ടാവണം. അമ്മീമ്മയുടെ ചെറിയ അടുക്കളയില്‍ കിട്ടിപ്പോന്ന വൈകാരിക സുരക്ഷിതത്വവും സംതൃപ്തിയും എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള അമ്മയുടെ അടുക്കളയില്‍ കിട്ടിയിരുന്നില്ല. ഭക്ഷണത്തെച്ചൊല്ലി ഏതു നിമിഷവും ഒരു വലിയ കലഹം രൂപപ്പെടാമെന്ന ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. അച്ഛനിഷ്ടമുള്ള ആഹാരം വെച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു കിട്ടുന്നിടം നോക്കി അച്ഛന്‍ പോകുമെന്ന് അമ്മ ഓര്‍മ്മവെയ്ക്കണമെന്നായിരുന്നു അച്ഛന്‍റെ വനിതാസുഹൃത്തുക്കള്‍ അമ്മയെ എപ്പോഴും ഭയപ്പെടുത്തീരുന്നത്. അത് ഒരു വാള്‍ത്തലപ്പായി പലപ്പോഴും ഞങ്ങളുടെ വൈകാരിക സുരക്ഷിതത്വത്തെ കുത്തി മുറിവേല്‍പ്പിച്ചു.

എന്നാലും അമ്മ പൂ പോലെയുള്ള ഇഡ്ഡലികളും അപ്പത്തരങ്ങളും ഉണ്ടാക്കി, മൊരിഞ്ഞ ദോശയും മൃദുലമായ നൂലപ്പവും തന്നു. അമ്മയുടെ ഉപ്പുമാവിന് അസാധ്യ രുചിയായിരുന്നു. സാമ്പാറും അവിയലും എരിശ്ശേരിയും തീയലും കേമമായിരുന്നു. കൊഴുക്കട്ടയും ഇലയടയും ചക്ക വരട്ടിയതും മധുരത്തിന്‍റെ ഉല്‍സവം വായിലലിയിച്ചു. ഭംഗിയും രുചിയുമുള്ള തോരനുകളും മൊരിഞ്ഞ മെഴുക്കുപുരട്ടികളും അമ്മ വിളമ്പി. അമുല്‍ ബട്ടറും ബ്രഡും ടീകേക്കും അതു പോലെ പല ബേക്കറി പലഹാരങ്ങളും പരിചയപ്പെടുത്തിയതും അമ്മയാണ്.

അച്ഛനും അമ്മീമ്മയും മരിച്ചു പോയിട്ട് പിന്നെയും പത്തു പതിമ്മൂന്ന് വ്ര്‍ഷങ്ങള്‍ കൂടി അമ്മ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ആ കാലങ്ങളില്‍ ആരോഗ്യം അനുവദിച്ച സമയത്തെല്ലാം അമ്മ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി തന്നുകൊണ്ടിരുന്നു. 'നല്ല സ്വാദ്' എന്ന് പറഞ്ഞ് തിന്നു തീര്‍ത്തതല്ലാതെ അമ്മയുടെ വ്രണിത മനസ്സിനെ വേണ്ടത്ര സമാധാനിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ആഹ്ലാദിപ്പിക്കുകയോ ഒന്നും ചെയ്തില്ലെന്ന് ഇപ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്.

ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ക്കൊന്നും അമ്മയുടെ പാചകത്തെയോ അമ്മയെ തന്നെയുമോ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അവരാരും അമ്മയെ അമ്മ എന്ന് വിളിക്കുക കൂടി ചെയ്തില്ല. ആവശ്യമുള്ളപ്പോള്‍ ഒന്നു തൊട്ടില്ല. കാരണം അവരുടെ സങ്കല്‍പത്തിലെ അമ്മമാര്‍ അവര്‍ക്കുണ്ടായിരുന്നു. അമ്മായിഅച്ഛന്‍ അംഗീകരിക്കാത്ത അമ്മായിഅമ്മയെ മരുമക്കള്‍ക്ക് ബോധ്യമാവുകയില്ല. പിന്നെ പുരുഷന്മാരുടെ സങ്കല്‍പങ്ങളില്‍ അമ്മായിഅമ്മമാര്‍ പൊതുവേ ഇല്ലായിരിക്കാം. അവരെ അങ്ങനെ ആരും പഠിപ്പിക്കുകയില്ലല്ലോ. അമ്മായിയമ്മ ജാമാതാവിനെ ബഹുമാനിക്കുക എന്നതാണല്ലോ നമ്മുടെ രീതി. ഞങ്ങളുടെ അനുഭവം ജാമാതാക്കള്‍ ബഹുമാനം പോരാ എന്ന് രോഷാകുലരാകുന്നതായിരുന്നു. അതും ഞങ്ങളുടെ ജീവിതത്തിലെ ഒടുങ്ങാത്ത അനാഥത്വത്തിന്‍റെ ഒരു ഭാഗമാണെന്ന് ഞാന്‍ വേഗം തന്നെ മനസ്സിലാക്കി.

അമ്മയുടെ അടുക്കള എന്‍റെ മനസ്സില്‍ എന്നും ഒരു വേദനാച്ചിത്രമായി നിലകൊള്ളുന്നു. ഒത്തിരി വിഭവങ്ങള്‍ അതീവ രുചിയോടെ ഉണ്ടാക്കപ്പെട്ടിട്ടും യാതൊരു അംഗീകാരവും ആരില്‍ നിന്നും ഒരു കാലത്തും ലഭിയ്ക്കാതെ പോയ ഒരു പാവം അടുക്കള.

( തുടരും )

അടുക്കള വിചാരങ്ങള്‍ - ഒന്ന്

a

ഓരോ അടുക്കളയ്ക്കും അതില്‍ പെരുമാറുന്നവരുടെ ഒരു ഒപ്പുണ്ടാകും. പാത്രങ്ങള്‍ കഴുകി വെക്കുന്നതിലും അടച്ചു വെക്കുന്നതിലും ഉപയോഗിക്കുന്നതിലും ഒക്കെയുണ്ടാവും ഈ വ്യതിരിക്തത. അതു സൂക്ഷിച്ചു നോക്കിയാലേ കാണാന്‍ പറ്റൂ. അല്ലെങ്കില്‍ എന്ത്... അടുക്കളകളെല്ലാം ഒരു പോലെ എന്ന് നിസ്സാരവല്‍ക്കരിക്കാം.

അമ്മീമ്മയുടെ അടുക്കളയ്ക്ക് അവരുടെ മണമായിരുന്നു. വലിയ ടിന്നുകളിലായിരുന്നു അമ്മിമ്മ സാധനങ്ങള്‍ ഇട്ടുവെയ്ക്കാറ്. ചെറിയ കുപ്പികള്‍ അവര്‍ക്ക് പഥ്യമായിരുന്നില്ല. വേഗം ഇടാന്‍ കഴിയണം.. ഓരോ സ്പൂണായി കോരിയിടാനൊന്നും നേരമില്ല. പാക്കറ്റ് തുറന്ന് ഠപ്പേന്ന് ടിന്നിലേക്ക് കമിഴ്ത്തി ടിന്ന് മുറുക്കെ അടച്ചു വെയ്ക്കണം. പണി കഴിഞ്ഞു. ഇതായിരുന്നു അമ്മീമ്മയുടെ നിലപാട്. വലിയ പാത്രമാവുമ്പോള്‍ കുറെ ചെലവ് ചെയ്യും. ചെറുതാകുമ്പോള്‍ അതനുസരിച്ച് കുറയും എന്ന് പറഞ്ഞാല്‍ അമ്മീമ്മ സമ്മതിക്കില്ല. നാലു സാരിയുണ്ടെങ്കില്‍ നാലും ഒന്നിച്ചു ഉടുക്കണോ എന്ന് ചോദിക്കും. എല്ലാം ആവശ്യത്തിനു മിതമായി ചെലവാക്കി അന്തസ്സായി ജീവിക്കണം എന്ന് അമ്മീമ്മ നയം വ്യക്തമാക്കും.

പാചകം നല്ല വേഗതയില്‍ ചെയ്യുമെങ്കിലും അത് അമ്മീമ്മയ്ക്ക് ഒരു കലയായിരുന്നു.ഒരേ പോലെ ഭംഗിയായി അരിഞ്ഞ പച്ചക്കറിക്കഷണങ്ങള്‍ മുതല്‍ ചേര്‍ക്കുന്ന മസാലപ്പൊടികളില്‍ വരെ ആ കലാബോധം ഉണ്ടായിരുന്നു. ഏതെങ്കിലും പാത്രത്തില്‍ എന്തെങ്കിലും കറി വെയ്ക്കുക എന്ന ഏര്‍പ്പാട് ആ അടുക്കളയില്‍ പറ്റുമായിരുന്നില്ല. അതുപോലെ ഏതെങ്കിലും ഒരു അടപ്പുകൊണ്ട് പാത്രം അടയ്ക്കലും അവിടെ ശരിയാവില്ല. പാത്രത്തിന്‍റെയും അടപ്പിന്‍റെയും വാവട്ടമൊക്കെ കൃത്യമായിരിക്കണം. വിളമ്പാനെടുക്കുന്ന കയിലുകള്‍ക്കുമുണ്ടായിരുന്നു ഈ പ്രത്യേകതയൊക്കെ. കറിപ്പാത്രവും കയിലുകളും തമ്മില്‍ ചേര്‍ച്ച അതീവ നിര്‍ബന്ധമായിരുന്നു. ചെവിത്തോണ്ടി പോലെ ചെറിയ ഉള്ളടക്കമായുള്ള സ്പൂണുകളോ പെരുവയറനെ പോലെ വലിയ ഉള്ളടക്കമാവുന്ന കയിലുകളോ അമ്മിമ്മ വിളമ്പാന്‍ ഉപയോഗിച്ചിരുന്നില്ല.

പാചകം ചെയ്തു വെച്ചിരിക്കുന്നതു കണ്ടാല്‍ കഴിയ്ക്കാന്‍ തോന്നണം, എന്നതായിരുന്നു അമ്മീമ്മയുടെ ന്യായം.അതിനു ചേരാത്ത കാര്യങ്ങളൊന്നും ആ അടുക്കളയില്‍ സാധ്യമായിരുന്നില്ല. അമ്മീമ്മയുടെ അടുക്കളയില്‍ അവരായിരുന്നു ചക്രവര്‍ത്തിനി. വിഭവങ്ങള്‍ അവര്‍ തീരുമാനിച്ച് അവര്‍ ഉണ്ടാക്കി അവര്‍ വിളമ്പി. സ്വാദും രുചിയും എല്ലാം ഗംഭീരമായിരുന്നെങ്കിലും അധികം സ്ത്രീകള്‍ക്കും ലഭിയ്ക്കാത്ത പ്രത്യേകമായ ഒരു സ്വാതന്ത്ര്യബോധം ആ അടുക്കളയില്‍ വിളങ്ങി നിന്നിരുന്നു. ആരുടെ അംഗീകാരത്തിനും ആ അടുക്കള ദാഹിച്ചിരുന്നില്ല. അതിനുള്ള താന്‍ പോരിമ അടുക്കളയ്ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഞാനും അനിയത്തി റാണിയും അമ്മീമ്മയുടെ തികഞ്ഞ ആരാധകരായിരുന്നു. അവര്‍ കറിക്കു കടുകു വറുത്തിടുന്നതിലെ പ്രത്യേകതയും സുഗന്ധവും കൂടി ഞങ്ങളെ അല്‍ഭുതപ്പെടുത്തി.

കറിവേപ്പിലയുടെയും മല്ലിയിലയുടെയും സര്‍വ സുഗന്ധി ഇലയുടേയും വഴനയിലയുടെയും നാരകത്തിലയുടെയും ഒക്കെ പ്രത്യേകമായ സുഗന്ധങ്ങള്‍, തേങ്ങ വറുക്കുന്നതിന്‍റെ ഗന്ധം, ജീരകവും കുരുമുളകും മൂപ്പിക്കുന്ന മണം... അങ്ങനെ എല്ലാറ്റിനും അമ്മീമ്മയുടെ അടുക്കളയില്‍ പ്രത്യേക സ്ഥാനമായിരുന്നു. രുചി കുറഞ്ഞ ഒരു വിഭവം പോലും അമ്മീമ്മ വിളമ്പിയിട്ടില്ല ഒരിക്കലും. വെറും ഒരു ചമ്മന്തി ആയാലും അതില്‍ രുചി ഒഴിച്ചു ചേര്‍ത്തിരിക്കും. പാചകത്തില്‍ ഫ്ലോപ് ഷോ എന്നൊരു പരിപാടി ആ അടുക്കളയില്‍ സംഭവിച്ചിട്ടില്ല.

വറുത്ത തുവരപ്പരിപ്പും നാളികേരവും ചുവന്നമുളകും ഒരച്ച് വെല്ലവും ചേര്‍ത്ത് പരിപ്പ് തൊഹയല്‍ ( ചമ്മന്തി ) എന്നൊരു വിശിഷ്ട വിഭവം അമ്മീമ്മ ഉണ്ടാക്കിത്തരുമായിരുന്നു. പുളിരസമുള്ള ഏതെങ്കിലും കറിയ്ക്കൊപ്പമാണ് ഈ തൊഹയല്‍ ഉണ്ടാവുക, ഒരു മെഴുക്കു പുരട്ടിയും കാണും. അസാധ്യ രുചിയായിരുന്നു ആ കോംബിനേഷന്. അമ്മീമ്മ എങ്ങനെയാണ് ആഹാരത്തിന്‍റെ ചേര്‍ച്ചകള്‍ തീരുമാനിക്കുന്നതെന്ന് ഞങ്ങള്‍ എന്നും അല്‍ഭുതം കൂറിയിട്ടുണ്ട്.

സ്വന്തം പറമ്പില്‍ വിളഞ്ഞ പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് അവര്‍ അസാധ്യമായ കൈപ്പുണ്യത്തോടെ ആഹാരമുണ്ടാക്കി വിളമ്പി, എന്നെയും റാണിയേയും വളര്‍ത്തി. പഞ്ഞം ആ ലളിതമായ അടുക്കളയില്‍ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. ആരു വന്നാലും ഉള്ള വിഭവങ്ങള്‍ പങ്കിട്ട് ആഹാരം കഴിയ്ക്കാന്‍ പറ്റിയിരുന്നു. കൊണ്ടാട്ടങ്ങളുടെയും വറ്റലുകളുടേയും രുചി ഭേദങ്ങള്‍ പൊടുന്നനെ വരുന്ന അതിഥികള്‍ക്കു മുന്നില്‍ നിരത്തി അമ്മീമ്മ ചെറിയ തോതില്‍ ആളാവുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്.

കഴിഞ്ഞ കാലമായിരുന്നു നല്ലതെന്ന അഭിപ്രായം കഴിയുന്നത്ര ഒരു കാര്യത്തിലും പങ്കുവെയ്ക്കാന്‍ ഇഷ്ടമില്ലാത്ത ഒരുവളാണ് ഞാന്‍. കാരണം എന്‍റെ കഴിഞ്ഞ കാലങ്ങള്‍ തിരികെ വരണമെന്ന അഭിപ്രായം എനിക്കൊട്ടുമില്ല. കാലങ്ങളിലെല്ലാം സഹനവും ദുരിതവും ചൂഷണവുമായിരുന്നു അധികപങ്കും. പിന്നെ അവ മടങ്ങിവരാന്‍ ആശിക്കുന്നതിലെന്തര്‍ഥം ?

എങ്കിലും അമ്മീമ്മയില്ലാത്ത കാലത്ത് ഇങ്ങനെ ജീവിക്കേണ്ടി വരുന്നതില്‍ എനിക്കനല്‍പമായ ഖേദമുണ്ട്.

(തുടരും )

Tuesday, August 28, 2018

ശീലാവതികളുടെ നാട്ടില്‍ പണക്കൊതിച്ചിയായ സരിത

https://www.facebook.com/echmu.kutty/posts/837676949744934?pnref=story

എനിക്കല്‍ഭുതം തോന്നുകയാണ്.

ലൈംഗിക പീഡനം അനുഭവിച്ചു എന്നൊരു സ്ത്രീ പറയുന്നത് ഇത്ര വലിയ കുറ്റമാകുന്നതെങ്ങനെയാണ്?
ആരോപിതരായവരെല്ലാം മാര്‍പ്പാപ്പയേക്കാള്‍ വിശുദ്ധരാകുന്നതെങ്ങനെയാണ്?

സരിതയെ വേശ്യ എന്നാണ് വിളിക്കുന്നത്... കേട്ടാല്‍ തോന്നും വേശ്യകളെല്ലാം അങ്ങേയറ്റം മോശക്കാരാണെന്ന്... വിടന്മാരും ഒപ്പം മോശക്കാരല്ലേ? അധികാരസ്ഥാനങ്ങളിലിരിക്കുന്ന പുരുഷന്മാര്‍ തികച്ചും മാന്യമായി പെരുമാറുമെന്ന് ഉറപ്പില്‍ ഇന്ത്യയില്‍ എത്ര സ്ത്രീകള്‍ക്ക് പരാതിയുമായോ ആവശ്യങ്ങളുമായോ അവരെ സമീപിക്കാനാകുമെന്നത് തീര്‍ച്ചയായും ആലോചിക്കേണ്ട കാര്യമാണ്.

സരിതയ്ക്ക് മാത്രമാണോ പണക്കൊതി? ബാക്കി ആര്‍ക്കും പണക്കൊതിയില്ല എന്ന് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലല്ലോ. എന്നിട്ട് പണത്തിനു വേണ്ടി സരിത അങ്ങനെ കളവ് പറയുന്നുവെന്ന്...
ബാക്കി ആരും കള്ളമേ പറയാത്തവര്‍.. സത്യം മാത്രം ശ്വസിക്കുന്നവര്‍ .
നമ്മുടെ നിയമവ്യവസ്ഥയില്‍ നിന്ന് അഞ്ചു പൈസ പിരിച്ചെടുക്കണമെങ്കില്‍ അതിനു നടക്കുന്ന ആള്‍ ആയുസ്സ് മുഴുവന്‍ ചെലവാക്കേണ്ടതായി വരുമെന്ന് അറിയാത്തവരാണോ ഈ ഹരിശ്ചന്ദ്രന്മാര്‍?

കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു മഞ്ഞറിപ്പോര്‍ട്ടാണത്രേ... അതില്‍ സരിതയെ പീഡിപ്പിച്ചുവെന്ന കഥ മാത്രമേയുള്ളൂവെന്ന് തോന്നും പറയുന്നത് കേട്ടാല്‍.... അതെഴുതിയതും ഒരു ജഡ്ജിയാണ്. അത്ര മന്തനാണോ ആ ജഡ്ജി?

ലോകം മുഴുവന്‍ സരിതയുടേ ക്ലിപ്പുകള്‍ പ്രചരിച്ചപ്പോള്‍ അതെല്ലാം കണ്ട് ആസ്വദിച്ചവര്‍ തന്നെയാണ് ഭൂരിപക്ഷം പൊതുജനവും . പെട്ടെന്ന് പുരുഷന്മാര്‍ എല്ലാവരും സദാചാരവാദികളും പ്രായം, രാഷ്ട്രീയം, ഭരണം അങ്ങനെ പല കാര്യങ്ങള്‍ കൊണ്ട് കാരണങ്ങള്‍ കൊണ്ട് തികഞ്ഞ വിശുദ്ധരായി മാറിയെന്ന് വിധി എഴുതുന്നതും ക്ലിപ്പുകള്‍ കണ്ട കൈയടിച്ച അതേ പൊതുജനം തന്നെയാണ്.

ആരോ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാന്‍ തയാറാവുന്ന സ്ത്രീകളുള്ള കേരളത്തിലാണ് സരിതയെപ്പോലെ ഒരു സ്ത്രീ ഇപ്പോഴും ആരേയും ഭയപ്പെടാതെ ജീവിക്കാന്‍ ധൈര്യപ്പെടുന്നത്. ടി വി യില്‍ പ്രത്യക്ഷപ്പെടുന്നത്. ചോദ്യങ്ങള്‍ക്കുത്തരം പറയുന്നത്. പീഡനമേറ്റ് അടങ്ങി ഒതുങ്ങിപ്പോകുന്ന പാവം പെണ്‍കുട്ടികളെ മാത്രം കണ്ട് ശീലിച്ച പൊതുജനത്തിനു സരിതയും പ്രതികരിക്കുന്ന മറ്റുള്ളവരുമൊക്കെ സഹിക്കാന്‍ സാധിക്കാത്തവരാകുന്നതില്‍ അല്‍ഭുതമില്ല തന്നെ. അവര്‍ പറയുന്നതെല്ലാം കള്ളമെന്ന് പ്രഖ്യാപിക്കാതെ ഇരിക്കപ്പൊറുതിയില്ല തന്നെ. പ്രതികരണ വിരുദ്ധതയാണല്ലോ നമ്മുടേ ഏറ്റവും വലിയ ശീലഗുണം.

അല്‍പമെങ്കിലും പൊരുതാന്‍ ശ്രമിക്കുന്ന ആരേയും നമുക്ക് സഹിക്കുക വയ്യ. ഒളിക്കുന്ന ഓടുന്ന സഹിക്കുന്ന ആത്മഹത്യ ചെയ്യുന്നവരെയാണ് നമുക്കിഷ്ടം.

വിക്ടോറിയ കോളേജില്‍

https://www.facebook.com/photo.php?fbid=834032063442756&set=a.526887520823880.1073741826.100005079101060&type=3&theater

വീഡിയോ ഇവിടെ കാണാം
 

കൂട്ടുകാരെ,
ഞാന്‍ പാലക്കാട്ട് വിക്ടോറിയ കോളേജില്‍ ഈ പരിപാടിയില്‍ (8/11/17) നു പങ്കെടുക്കുന്നു.
അനുഗ്രഹിക്കുക...

                                             

വാര്‍ദ്ധക്യം കരയുന്നതിങ്ങനെയൊക്കെയാണ്....

https://www.facebook.com/photo.php?fbid=831932123652750&set=a.526887520823880.1073741826.100005079101060&type=3&theater
                                              

വ്യക്തിപരമായി ഞാന്‍ വൃദ്ധസദനങ്ങള്‍ക്ക് തീരെ എതിരല്ല. സാമാന്യം മനുഷ്യത്വപരമായി നടത്തപ്പെടുന്ന അത്തരം സ്ഥാപനങ്ങള്‍, പലപ്പോഴും വയസ്സായവരെ പ്രാകുകയും ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും പുഴുവരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ പല വീടുകളില്‍ നിന്നും എത്രയോ മെച്ചപ്പെട്ടവയാണെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നീട്ടുണ്ട്.

എങ്കിലും അമ്മയെ മക്കള്‍ വൃദ്ധസദനത്തിലാക്കി അച്ഛനെ കൊണ്ടു ചെന്നു വിട്ടു എന്നതൊക്കെ നമുക്ക് ഇപ്പോഴും ഭയങ്കര അപരാധം തന്നെയാണ്. പത്മരാജന്‍റെ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയാണ് നമുക്കുള്ളില്‍ പിന്നെയും പിന്നെയും ഓടിക്കൊണ്ടിരിക്കുക. വയസ്സായവരെ ശല്യമെന്ന നിലയിലല്ലാതെ സംരക്ഷിക്കുന്നവര്‍ കുറഞ്ഞുവരികയാണെങ്കിലും ആ സോഷ്യല്‍ ടാബൂ നമ്മള്‍ ഇപ്പോഴും കൈവിട്ടിട്ടില്ല.

വളരെ ആത്മാര്‍ഥമായി വൃദ്ധസദനങ്ങള്‍ നടത്തുന്നവരുണ്ട്. അവിടെ അച്ഛനമ്മമാര്‍ സന്തോഷത്തോടെ കഴിയുന്നുമുണ്ട്. എങ്കിലുമത് പുറത്ത് കൊണ്ടു വരാന്‍ നമുക്ക് മടിയാണ്. വീട്ടില്‍ മതി, തൊഴുത്തിലോ പട്ടിക്കൂട്ടിലോ പുഴുവരിച്ചൊ ഒക്കെ കിടന്നാലും വീട്ടില്‍ മതി വൃദ്ധസദനത്തിലേക്ക് പറഞ്ഞയക്കേണ്ട എന്നാണ് ഭൂരിപക്ഷം പേരുടേയും നിലപാട്. അമ്മയെഅല്ലെങ്കില്‍ അച്ഛനെ അവിടെ കൊണ്ടാക്കി എന്ന ചീത്തപ്പേരില്ലല്ലോ.

ഈയിടെ ഒരനുഭവമുണ്ടായി.

സന്ധ്യയ്ക്ക് നല്ല ഇടിയും ഇരുട്ടടച്ച മഴയുമായിരുന്നു. മരങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞു. വലിയ ധൈര്യശാലിയായ ഞാനും ഇരുന്നു ക്ടിം ക്ടിം എന്ന് ഞെട്ടുകയായിരുന്നു. അപ്പോഴാണ് അയല്‍പക്കത്തെ ഒരു അമ്മാമ്മ വന്നത്. പാവം, വിരണ്ട് പോയിരുന്നു. ' ഇടിവെട്ട് തീരുവോളം ഞാനിവിടേ ഇരുന്നോട്ടേ മോളെ ... 'എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു പോയി. അഞ്ചെട്ട് പ്രസവിച്ച അമ്മാമ്മയാണ്. മക്കളെല്ലാം അങ്ങു ദൂരദേശങ്ങളിലാണ്. പന്ത്രണ്ട് കിടപ്പുമുറികളുള്ള വീട്ടില്‍ അമ്മാമ്മ തനിച്ചേ ഉള്ളൂ. പാര്‍ട്ട് റ്റൈം പണിക്കാരുണ്ട്. എല്ലാവരും സന്ധ്യയാകുമ്പോള്‍ പോകും.

വയസ്സായവര്‍ക്ക് എന്തൊക്കെയാണ് വേണ്ടത്? രുചിയുള്ള ആഹാരം, മാനസികവും ശാരീരികവും ആയ യൌവനത്തിന്‍റെ കൈത്താങ്ങ്, മരുന്ന്, ചികില്‍സ, ഒരു തൊട്ടു തലോടല്‍, ഇത്തിരി സ്നേഹം ചാലിച്ച വര്‍ത്തമാനം, സമപ്രായക്കാരുമായി കൂട്ടുകൂടാനുള്ള അവസരം, ചെറിയ ചുമതലകള്‍, മനസ്സിനു പിടിക്കുന്ന ചില ഉല്ലാസപരിപാടികള്‍, കൊച്ചു യാത്രകള്‍....

ഒന്നുമില്ലാതെ ആ ബംഗ്ലാവിനു കാവലിരിക്കുന്നു അമ്മാമ്മ. രാത്രി ഉറക്കഗുളിക കഴിക്കും അതുകൊണ്ട് ഉറക്കം പിണങ്ങി നില്‍ക്കില്ല. അതും കൂടി ഇല്ലെങ്കില്‍ അമ്മാമ്മ എന്തെടുക്കുമായിരുന്നു?

മക്കള്‍ക്ക് ജോലി ഇട്ടേച്ചു വരാനോ അമ്മാമ്മയെ അവിടെ കൊണ്ടൂ പോവാനോ ഒന്നും പറ്റുകയില്ല. അമ്മാമ്മയ്ക്ക് ഏകാന്തവാസമാണ് തലേലെഴുത്ത്. അവര്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. അത് പിന്നെ അമ്മമാരുടെ ഒരു പൊതു രീതിയാണല്ലോ.

വയസ്സായവര്‍ക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് കണക്കെടുക്കുമ്പോള്‍ അവരുടേ പേടികളേയും ഉല്‍ക്കണ്ഠകളേയൂം വ്യാകുലതകളേയൂം കൂടീ കണക്കിലെടുക്കാനും അവയ്ക്കും പരിഹാരം കണ്ടുപിടിയ്ക്കാനും നമ്മള്‍ ശ്രമിച്ചേ തീരൂ.

അല്ലെങ്കില്‍ വാര്‍ദ്ധക്യ സംരക്ഷണത്തിനു പൂര്‍ണത ഉണ്ടാവില്ല.

Monday, August 27, 2018

അമ്മിണി വല്യമ്മ.

               
https://www.facebook.com/photo.php?fbid=831058873740075&set=a.526887520823880.1073741826.100005079101060&type=3&theater
                         

ഇക്കഴിഞ്ഞ ബുധനാഴ്ച അവര്‍ കടന്നു പോയി... ഇനി തിരിച്ചു വരാത്തിടത്തേക്ക്. ദഹനം കഴിഞ്ഞപ്പോള്‍ ഒരല്‍പം ചാരം മാത്രം അവശേഷിപ്പിച്ച് അവര്‍ യാത്രയായി.

എന്‍റെ കൂട്ടുകാരന്‍റെ വല്യമ്മയാണ് അവര്‍. അമ്മയുടെ ചേച്ചി.

പണ്ട് കാലത്തേ ബി എസ് സി ബി റ്റി പാസ്സായി കേരളത്തിലെ വിവിധ ഹൈസ്കൂളുകളില്‍ പഠിപ്പിച്ചു, പറവൂര്‍ ഗേള്‍സ് സ്ക്കൂളില്‍ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.

വല്യമ്മയ്ക്ക് ഒത്തിരി ശിഷ്യ ഗണങ്ങളുണ്ട്. സഹപ്രവര്‍ത്തകര്‍ അനവധിപ്പേരുണ്ട്.

ഏഴു സഹോദരങ്ങളും അവരുടേയൊക്കെ കുടുംബവും കുട്ടികളുമുണ്ട്.

എന്നാലും വല്യമ്മയെ അനാഥ ... അനാഥ പ്രേതം, ആരുമില്ലാത്തവള്‍, ആര്‍ക്കും വേണ്ടാത്തവള്‍ എന്നൊക്കെ വിളിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് നമ്മുടേ.

കാരണം വല്യമ്മ അവിവാഹിതയാണ്.... അമ്മയുമല്ല. ഈ രണ്ടു കാര്യങ്ങള്‍ ഒഴിച്ചാല്‍ തികഞ്ഞ പൂര്‍ണതയുള്ള ജീവിതമായിരുന്നു അവരുടേത് .

വയറിനു സുഖമില്ല എന്ന കാരണമായിരുന്നു അവര്‍ അവിവാഹിതയായി തുടര്‍ന്നതിന്‍റെ കാരണം. കുടുംബത്തില്‍ എല്ലാവരും കുറെക്കൂടീ പരിശ്രമിച്ചിരുന്നെങ്കില്‍ അവര്‍ വിവാഹിതയായിപ്പോയേനേ എന്നൊരഭിപ്രായം എന്തായാലും എന്‍റെ മനസ്സിലുണ്ട്. അത്ര ഭീകരമായ ശല്യകാരിയായ ഒരു അസുഖം അവര്‍ക്കുണ്ടായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല.

നല്ല അധ്യാപികയായിരുന്നു വല്യമ്മ. ശിഷ്യരുടേ വല്‍സലാധ്യാപിക.

സഹോദരരുടേ വീടുകളേയും മക്കളേയും സ്വന്തമായി തന്നെ കരുതി സ്നേഹിച്ചിരുന്നു. തനിക്ക് എന്നൊരു വീട് വെച്ച് അതിലവര്‍ ഒറ്റയ്ക്ക് ഒരിക്കലും പാര്‍ത്തില്ല. കൂടപ്പിറപ്പുകളായിരുന്നു എന്നും അവരുടേ ജീവിതം.

ഒരു വീട് ഭരിയ്ക്കാനും കൊണ്ടു നടക്കാനുമുള്ള പ്രാപ്തിയൊക്കെ അവര്‍ക്കുണ്ടായിരുന്നു. കൂടപ്പിറപ്പുകള്‍ക്ക് ചിലപ്പോള്‍ അക്കാര്യങ്ങളില്‍ അല്‍പം അസ്വസ്ഥത തോന്നിയിരുന്നെങ്കിലും

വല്യമ്മ ധാരാളം വായിച്ചു. എന്‍റെ കഥകളും കുറിപ്പുകളുമുള്‍പ്പടേ ഒന്നും വിട്ടുകളഞ്ഞില്ല. വായന അവര്‍ക്ക് ജീവശ്വാസം പോലെ ആയിരുന്നു. അത്രേം അവര്‍ മറ്റൊന്നിനേം പരിഗണിച്ചിരുന്നില്ല എന്ന് വേണം പറയാന്‍..

ആരേയും ഒരു പരിധി വിട്ട് വെറുപ്പിക്കാതിരിക്കണമെന്ന യഥാര്‍ഥ ജീവിതസൂത്രം അവര്‍ ശരിക്കും പഠിച്ചിരുന്നു. അത് സ്വന്തം ജീവിതം തട്ടിമുട്ടിപ്പോവാനുള്ള ഒരു മന്ത്രവുമായിരുന്നിരിക്കണം. തനിച്ചാകരുത് എന്ന കരുതലുമായിരിക്കാം.

ആരുമില്ല എന്നൊക്കെപ്പറയാമെങ്കിലും അനവധി സ്ത്രീ പുരുഷന്മാര്‍ വല്യമ്മയെ യാത്രയാക്കാന്‍ എത്തി. കൂടപ്പിറപ്പുകളും അവരുടെ മക്കളും മരുമക്കളും കരഞ്ഞു കരഞ്ഞു കണ്ണുകള്‍ രക്തം പോലെ ചുവപ്പിച്ചു.

വല്യമ്മ പകര്‍ന്നു നല്‍കിയ ഓര്‍മ്മകളും മധുരവും എല്ലാവരുടേയും മനസ്സിനെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു. അവസാനകാലത്ത് ആവശ്യമുള്ളത്ര കരുതലും സ്നേഹവും നല്‍കിയില്ലല്ലോ എന്ന് എല്ലാവരും വേദന താങ്ങാനാവാതെ നിലവിളിക്കുന്നുണ്ടായിരുന്നു.

അവര്‍ തീരെ അനാഥയായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ അങ്ങനെയേ കരുതു. ജീവിതത്തില്‍ ഇല്ലാത്ത ഒരു ഭര്‍ത്താവും ജനിക്കാത്ത ഒരു കുട്ടിയും മാത്രമാണോ അത്രേം സാര്‍ഥകമായ ഒരു ജീവിതത്തിനെ അളക്കേണ്ട കോലുകള്‍ ?

ഒരിക്കലുമല്ല.

എച്മുവിന്‍റെ മനുഷ്യര്‍- ദില്ലിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററില്‍

https://www.facebook.com/echmu.kutty/posts/815297678649528                                            

ദില്ലിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററില്‍ ഹഡ്കോയുടെയും ഡെല്‍ഹി അര്‍ബന്‍ ആര്‍ട്സ് കമ്മിറ്റിയുടെയും ഇന്‍റീരിയര്‍ വര്‍ക്ക് ചെയ്യുന്ന കാലമായിരുന്നു അത്. മലയാളിയായ ഒരു കാര്‍പെന്‍ററെ വിശ്വസിച്ചായിരുന്നു മരപ്പണി മുഴുവന്‍ തീരുമാനിച്ചിരുന്നത്. ഉളി ശരിയ്ക്ക് പിടിയ്കാനറിയാതെ വന്ന അയാളെ നല്ലൊരു മരാശാരിയും ഇലക്ട്രീഷ്യനും പ്ലംബറും വെല്‍ഡറുമൊക്കെയായി വളര്‍ത്തിയെടുത്തതുകൊണ്ട് അയാളില്‍ വലിയ പ്രതീക്ഷയായിരുന്നു എന്‍റെ കൂട്ടുകാരന് .

എന്തുകൊണ്ടോ പറഞ്ഞ സമയത്തിനു തൊട്ടു മുന്‍പ് അത്യാവശ്യ അവധി എടുത്ത് കേരളത്തിലേക്ക് പോയ അയാള്‍ പിന്നെ മടങ്ങി വന്നില്ല. ഒരെഴുത്തോ ഫോണോ ഞങ്ങളെ തേടി എത്തിയില്ല. ഞങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയും കിട്ടിയില്ല. അയാള്‍ ഇനി ദില്ലിയിലേക്ക് വരില്ലെന്ന് ഞങ്ങള്‍ക്ക് സ്വയം സമ്മതിക്കേണ്ടി വന്നു.

അപ്പോഴാണ് വടക്കേ ഇന്ത്യന്‍ മരാശാരിമാരെ അന്വേഷിച്ചു തുടങ്ങിയത്. അതൊരു ഭ്രാന്തവും നിസ്സഹായവുമായ അന്വേഷണമായിരുന്നു. ഡിസൈനുകള്‍ സങ്കീര്‍ണവും സമയം കുറവുമായിരുന്നുവല്ലോ. സാങ്കേതിക വിദഗ്ദ്ധര്‍ എല്ലാവരും കടുത്ത അങ്കലാപ്പിലായി.

ഉത്തരപ്രദേശുകാരായ കുറെ ശര്‍മ്മമാര്‍ ഞങ്ങള്‍ക്കൊപ്പം വന്നു കൂടിയത് അങ്ങനെയാണ്. പ്രിഥ്വി ശര്‍മ്മ , ലക്ഷ്മി ശര്‍മ്മ, കക്കു ശര്‍മ്മ, അനില്‍ ശര്‍മ്മ, ഉത്തം ശര്‍മ്മ അങ്ങനെ കുറെ ശര്‍മ്മമാര്‍. അവരെല്ലാം ജാതിയില്‍ ബ്രാഹ്മണരായിരുന്നുവത്രേ... എന്നുവെച്ചാല്‍ യജ്ഞോപവീതം ധരിച്ചിരുന്നവര്‍. എന്നാല്‍ മരപ്പണി പഠിക്കുകയും അങ്ങനെ ഒരു ജീവിതമാര്‍ഗം കണ്ടുപിടിക്കുകയും ചെയ്തപ്പോള്‍ ഭൂവുടമകളും അവരുടെ ആശ്രയത്തിലും ഉപജാപകവൃന്ദത്തിലുമുള്ള മറ്റ് ദരിദ്ര ബ്രാഹ്മണരും ഒത്തു ചേര്‍ന്ന് ഇവരെയൊക്കെ ജാതിയില്‍ നിന്ന് ഭ്രഷ്ടരാക്കി ഉപവീതം ഊരിയെടുത്തു. കേരളീയര്‍ എല്ലാം ക്രിസ്ത്യാനികളാണെന്ന് അവര്‍ ധരിച്ചിരുന്നു. ഉത്തരപ്രദേശിലെ കേരളീയ മിഷനറിമാരുടെ സാന്നിധ്യമായിരുന്നു അതിനു കാരണം. ഞങ്ങള്‍ പൂര്‍ണ സസ്യഭുക്കുകളാണെന്ന് അതുകൊണ്ടു തന്നെ ശര്‍മ്മമാര്‍ ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

എന്തായാലും അസാധാരണ ചാതുര്യത്തോടെ ശര്‍മ്മാസംഘം പണികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായിത്തന്നെ. സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ഒരു മനപ്രയാസത്തിനും അവര്‍ ഇടകൊടുത്തില്ല. പിന്നീട് അവരും അവര്‍ പലപ്പോഴായി കൂട്ടിക്കൊണ്ടുവന്ന വടക്കേ ഇന്ത്യാക്കാരായ ഒത്തിരി മരാശാരിമാരും ഞങ്ങള്‍ക്കൊപ്പം ഒരു ടീമായി ജോലികള്‍ ചെയ്തു.

ദില്ലി വിട്ട് കേരളത്തിലേക്ക് പോരാന്‍ ഞാനും എന്‍റെ കൂട്ടുകാരനും നിര്‍ബന്ധിതരായപ്പോഴാണ് അതിലൊരു മരാശാരി ഞങ്ങള്‍ക്കൊപ്പം വരികയാണെന്ന് പ്രഖ്യാപിച്ചത്. ദില്ലിയില്‍ പശിയടങ്ങേ ഭക്ഷണം നല്‍കിപ്പോന്ന ഞങ്ങള്‍ കേരളത്തിലും അത് നല്‍കുമെന്നായിരുന്നു അയാളുടെ വിശ്വാസം. സാറുള്ള ഇടം മതി എന്ന് അയാള്‍ കട്ടായം പറഞ്ഞപ്പോള്‍ എന്‍റെ കൂട്ടുകാരന്‍ സ്വന്തം മത്തങ്ങാക്കണ്ണുകള്‍ ഉരുട്ടി മിഴിച്ചുകൊണ്ട് നിശ്ശബ്ദനായി.

കേരളം അയാള്‍ക്ക് ഇഷ്ടമായി, ചോറും കടലക്കറിയും ഇഷ്ടം പോലെ കിട്ടുന്നുണ്ട്. പിന്നെ അയാള്‍ പുട്ടും അപ്പവും അവിയലും ഒക്കെ കഴിച്ചു ശീലിച്ചു. എല്ലു മുറിയെ പണികള്‍ ചെയ്തു. കേരളമെന്ന പച്ചപ്പ് വിട്ട് സാറെന്തിനു ദില്ലിയിലേക്ക് പോയി എന്ന് പറ്റുമ്പോഴൊക്കെ ഒരു ചെറുപുഞ്ചിരിയോടെ കളിയാക്കി.

ആ മനസ്സില്‍ ഒരു തീക്കടലുണ്ടായിരുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞത് പിന്നീടാണ്. അയാള്‍ ഭക്ഷണം കഴിക്കാന്‍ മടിച്ചു തുടങ്ങി . ഭക്ഷണത്തില്‍ ആരോ ഡീസലോ പെട്രോളോ കലര്‍ത്തുന്നുവെന്നും ആരൊക്കെയോ അയാളുടെ ചുറ്റും നിന്ന് സംസാരിക്കുന്നുവെന്നും അവര്‍ അയാള്‍ മനസ്സില്‍ വിചാരിക്കുന്നതു കൂടി കണ്ടുപിടിക്കുന്നുവെന്നും അയാള്‍ ഭീതിപ്പെടാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാതെ ജോലി ചെയ്ത് അയാള്‍ തളര്‍ന്നു. അടുത്തു വരുന്ന രൂപങ്ങളെ കണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു.

ഡോക്ടര്‍ ആദ്യം പറഞ്ഞു അയാള്‍ക്ക് ക്ഷയരോഗമാണെന്ന് അപ്പോള്‍ അതിന്‍റെ ചികില്‍സ തുടങ്ങി. ആറുമാസം ചികില്‍സിച്ചാല്‍ മാറുമെന്ന് ഉറപ്പും തന്നിരുന്നു. ആദ്യം രോഗം കുറവുള്ള പോലെ തോന്നിയിരുന്നു. എങ്കിലും പിന്നെയും ഡീസലും പെട്രോളും മരുന്നുകളില്‍ പോലും കലരാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അവിടെ തീരുകയില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

അയാള്‍ക്ക് നല്ല ദൈവവിശ്വാസമുണ്ടായിരുന്നു, എന്നു വെച്ചാല്‍ ഒരു ചരടോ ഏലസ്സോ ഒക്കെ ജപിച്ചു കെട്ടിയാല്‍ അസുഖം മാറുമെന്ന വിശ്വാസം. സൈക്കിയാട്രിസ്റ്റിനെ കാണിച്ചപ്പോള്‍ ഞാന്‍ അതുവരെ അയാളോട് ചെയ്തു പോന്ന വലിയൊരു തെറ്റ് എനിക്ക് മനസ്സിലായി. അയാള്‍ പറയുന്നതൊന്നും ശരിയല്ല , അത് അയാളുടെ തോന്നലാണ് എന്ന എന്‍റെ നിലപാട് വലിയൊരു തെറ്റായിരുന്നു. ഞാന്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ തുനിയുന്തോറും അല്ല മാഡം അല്ല മാഡം എന്ന് അയാള്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു. അത് ഓരോ പ്രാവശ്യം ആവര്‍ത്തിക്കുന്നതും അയാള്‍ക്ക് വിഷമം കൂട്ടുകയാണുണ്ടാക്കുക എന്ന് ഡോക്ടര്‍ എന്നെ പറഞ്ഞു മനസ്സിലാക്കി. അയാളെ വിശ്വസിക്കുന്നില്ല എന്ന് കാണുമ്പോള്‍ പാവം ഒന്നും പറയാതാകും. അയാളെ കേള്‍ക്കുക എന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ഡോക്ടറുടെ അസാധാരണമായ ക്ഷമയെ ഞാന്‍ കണ്ട് മനസ്സിലാക്കി. അപ്പോഴാണ് നന്നെ ചെറുപ്പത്തിലേ അയാള്‍ വിവാഹിതനായിരുന്നുവെന്നും ഭാര്യ അയാളെ ഒരാഴ്ചക്കുള്ളില്‍ വിട്ടു പോയി എന്നും ഒക്കെ ഞാന്‍ അറിഞ്ഞത്. അതിലെനിക്ക് അല്‍ഭുതമൊന്നുമുണ്ടായില്ല. കാരണം വടക്കെ ഇന്ത്യയില്‍ ബാലവിവാഹം സര്‍വസാധാരണമാണ്. നല്ല പഠിത്തമുള്ളവര്‍ പോലും അതിനെ അനുകൂലിച്ച് വാദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വിട്ടുപോകലും പിന്നെ കല്യാണം കഴിക്കലും കഴിക്കാതിരിക്കലും ഒക്കെ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ.

രോഗമാണ് അയാള്‍ക്കെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് ഭദ്രകാളിക്ഷേത്രത്തിലെ പൂജാരിയെ കൂട്ടുപിടിച്ച് അതിശക്തമായ മണിയടികളോടെയും ദീപാലങ്കാരപ്രഭകളൊടെയും ദേവി അരുളപ്പാടായി അയാള്‍ക്ക് മരുന്നുകള്‍ നല്‍കുന്ന ഒരു അവസ്ഥ സംജാതമാക്കി. അതിനായി രാവിലെ നാലുമണിക്കുണര്‍ന്നു കുളിച്ച് കസവുമുണ്ടൊക്കെ ഉടുത്ത് അംഗവസ്ത്രവുമിട്ട് ക്ഷേത്രത്തില്‍ പോയ ഒരു പൂര്‍ണ അവിശ്വാസിയായ എന്‍റെ കൂട്ടുകാരന്‍റെ മനസ്ഥിതിയോട് തികഞ്ഞ ആദരവുണ്ട് എനിക്ക്.

എന്തായാലും അയാള്‍ മരുന്നു കഴിച്ചു തുടങ്ങി. അതനുസരിച്ച് തോന്നലുകളില്‍ മാറ്റം വന്നു. ഭക്ഷണം ഇറങ്ങി, നിദ്ര സുഖകരമായി. ഭയം കുറഞ്ഞു. ഈ രോഗമില്ലാത്ത, അല്ലെങ്കില്‍ ആ തോന്നലുകളില്ലാത്ത സമയത്ത് അയാളോട് ഇങ്ങനെ ആരെങ്കിലും ഭക്ഷണത്തില്‍ ഡീസല്‍ കലര്‍ത്തുന്നുണ്ടോ ആരെങ്കിലും ചുറ്റും നില്‍ക്കുന്നുണ്ടോ എന്ന് ലോജിക്കില്ലാതെ നമുക്ക് ചോദിക്കാനും കഴിയില്ലല്ലോ.

ദേവി അരുള്‍ ചെയ്ത് മരുന്ന് കഴിച്ചെങ്കിലും ആ തോന്നലുകള്‍ മാറിയപ്പോള്‍ അയാള്‍ മരുന്നുകള്‍ നിറുത്തി. പയ്യെപ്പയ്യെ രോഗം മടങ്ങി വന്നു. ഗോഗാവസ്ഥയിലെത്തുന്ന അയാള്‍ സഹതാപപൂര്‍ണമായ ഒരു കാഴ്ചയായിരുന്നു. ഞാന്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം എന്‍റെ കൂട്ടുകാരന്‍റെ സാന്നിധ്യത്തില്‍ അയാള്‍ കഴിക്കാറുണ്ട്. എന്‍റെ കൂട്ടുകാരന്‍ അയാള്‍ക്ക് ദൈവം തന്നെയായിരുന്നു. കാരണം വല്ലാതെ ഭയം തോന്നുമ്പോള്‍ അയാള്‍ അദ്ദേഹത്തിന്‍റെ നമ്പര്‍ ഡയല്‍ ചെയ്യും. ഫോണ്‍ എടുക്കണമെന്നില്ല. സാറിനെ അറിയിക്കുന്നുണ്ടെന്ന് കണ്ടാല്‍ ആ രൂപങ്ങള്‍ മാറിപ്പോകുമെന്നായിരുന്നു പാവത്തിന്‍റെ ധാരണ.

ഞാന്‍ അങ്ങനെ പലവട്ടം അയാള്‍ക്കൊപ്പം സൈക്കിയാട്രിസ്റ്റിനെ കാണാന്‍ പോയി. ഓരോ പ്രാവശ്യം മരുന്നു മുടങ്ങുമ്പോഴും ഡോസ് കൂടി വന്നു. അതും ശരിയാവുകയില്ലല്ലോ. അങ്ങനെ ഇരുപത്തൊന്നു ദിവസത്തില്‍ ഒരിയ്ക്കെ എടുക്കാനുള്ള ഇഞ്ചെക് ഷന്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

അതിനും ഞാനായിരുന്നു കൂട്ടുപോയിരുന്നത്.

ആദ്യത്തെ ഇന്‍ജെക് ഷന്‍ കഴിഞ്ഞ ദിവസം അരമണിക്കൂര്‍ വിശ്രമിച്ചിട്ട് പോയാല്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

അങ്ങനെ ഓ പി യിലെ നീളന്‍ ബെഞ്ചില്‍ കിടക്കുകയായിരുന്നു അയാള്‍. ഞാന്‍ അരികെ താടിക്ക് കൈയും കൊടുത്തിരിക്കുകയും...

അപ്പോള്‍ ഒരു മന്ത്രണം പോലെ അയാള്‍ മാഡംജിയോട് സംസാരിക്കാന്‍ തുടങ്ങി. എനിക്കുറപ്പുണ്ട് ആ മരുന്നിന്‍റെ മയക്കത്തിലാണ് അത്രയെല്ലാം പറയാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവുക.

സ്ത്രീകള്‍ വളരെ ക്രൂരമായ മനസ്സുള്ളവരാണെന്ന് അയാള്‍ പറയുകയായിരുന്നു. അവര്‍ ഏകാന്തതയില്‍ പുരുഷനെ തകര്‍ത്തുതരിപ്പണമാക്കും. അവരുടെ വായിലുദിക്കുന്ന വാക്കുകള്‍ക്ക് ആയിരം ചാട്ടവാറുകള്‍ കൊണ്ടുള്ള അടിയേക്കാള്‍ ശക്തിയുണ്ട്. അവര്‍ ചുണ്ടുവിരല്‍ കൊണ്ട് ഒരു പുഴുവിനെ എന്ന പോലെ ആണ്മയെ തോണ്ടും.. പിന്നെ അതുണരില്ല. തല പൊക്കുകയില്ല. വര്‍ഷക്കണക്കിനു... ചിലപ്പോള്‍ ജീവിതകാലമത്രയും.

എനിക്ക് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.

പുരുഷനെന്നാല്‍ അവസാനിക്കാത്ത ലൈംഗികോര്‍ജ്ജമുള്ളവനെന്ന് എ ഴുതിവെച്ചവരും ചിത്രം വരച്ചവരും പാടിയവരും പഠിപ്പിച്ചവരുമൊന്നും കാണാതെ പോയ ദൌര്‍ബല്യവും ദയനീയതയും മഹാ ദുരന്തവുമാണത്. അതെന്തോ ഭയങ്കരകേമത്തമെന്ന് തെറ്റിദ്ധരിച്ച് പുരുഷനും സ്ത്രീയും ഒരുപോലെ എടുത്ത് കഴുത്തിലണിഞ്ഞിട്ടുള്ള ഒരു ആത്മഹത്യാക്കുരുക്ക്. അതുകൊണ്ട് ജീവന്‍ പോകും.. മനോരോഗമുണ്ടാകും.. ആണ്കോയ്മയുടെ പൊങ്ങച്ചധ്വജത്തിനായി ബലാല്‍സംഗങ്ങള്‍ ഉണ്ടാകും.. സ്ത്രീത്വം അപമാനിതമാകും.. പുരുഷത്വം ഒട്ടും ഇല്ലെന്ന് പ്രേമത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും ഏകാന്തതകളില്‍ അപമാനിതനാകുമ്പോള്‍ അല്‍പം ദുര്‍ബലനായ പുരുഷന്‍ തകര്‍ന്ന് തരിപ്പണമാകും...

എന്‍റെ തള്ളവിരലില്‍ പണി ചെയ്തു പരുത്ത കൈ കൊണ്ട് മുറുകെപിടിച്ച് ഒരു കുഞ്ഞിനെപ്പോലെ അയാള്‍ മരുന്നിന്‍റെ ആഴങ്ങളില്‍ മയങ്ങിക്കിടന്നു.

ഭാഗ്യവതിയാണ് ഞാന്‍ ....

https://www.facebook.com/echmu.kutty/posts/812175748961721

അങ്ങനെ വളരെ കാര്യമായിത്തന്നെ തോന്നുകയാണെനിക്ക്.

ഞാന്‍ മ്യാന്‍മറിലെ റോഹിംഗ്യന്‍ കുലത്തില്‍ പിറന്നില്ല. ബ്രിട്ടീഷുകാര്‍ കൊള്ളക്കാരുടെ വംശം എന്ന് പേരിട്ട ഇന്ത്യാരാജ്യത്തിലെ ഗുജ്ജര്‍ വംശത്തില്‍ ജനിച്ചില്ല.

കുവെറ്റിലും ഇറാനിലും ഇറാക്കിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീരിലും ഫലസ്തീനിലും അഫ് ഗാനിസ്ഥാനിലും സിറിയയിലും മെക്സിക്കോയിലും അല്ല. കഴിഞ്ഞ നൂറുകൊല്ലമായി ഏതെങ്കിലുമൊരു രാജ്യത്തോട് യുദ്ധം ചെയ്തുകൊണ്ടിരി ക്കുന്ന ലോകപോലീസായ അമേരിക്കയില്‍ അല്ല. നാഗസാക്കിയിലോ ഹിരോഷിമയിലോ അല്ല . ചിലിയിലോ ഗ്വാട്ടിമാലയിലോ വിയറ്റ്നാമിലോ അല്ല. റ്റിയാനന്‍ മെന്‍ സ്ക്വയര്‍ ഞാന്‍ കണ്ടിട്ടില്ല. പോള്‍പോര്‍ട്ടിന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തി വഴി പോയിട്ടില്ല. രക്തരൂഷിതമായ ലഹളയോ യുദ്ധമോ പണ്ടു നടന്ന അല്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ഒരിടത്തുമല്ല ഞാന്‍ ജീവിക്കുന്നത്....

ഭാഗ്യം .

എനിക്കിടാന്‍ ഉടുപ്പും കഴിക്കാന്‍ ഭക്ഷണവും പാര്‍ക്കാന്‍ വാടകവീടുമുണ്ട്. ജീവിക്കാനുള്ള വരുമാനമുണ്ട്.. വികലാംഗയല്ല.. ഭേദപ്പെട്ട ആരോഗ്യമുണ്ട്. ലൈംഗിക ന്യൂനപക്ഷത്തില്‍ പെടുന്നവളല്ല. .

ഭാഗ്യം തന്നെ.

ഇന്ത്യാ രാജ്യമോ മറ്റേതെങ്കിലും രാജ്യമോ എന്‍റെ പേരില്‍ കുറ്റവാളിയെന്ന ആരോപണമുന്നയിച്ചിട്ടില്ല. പോലീസോ ഗുണ്ടകളോ അടിച്ചിട്ടില്ല, ഒരു കൂട്ടപീഡനം നേരിടേണ്ടി വന്നിട്ടില്ല. ബാങ്ക് ജപ്തിയെ പരിചയമില്ല. പ്രകൃതിദുരന്തങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തീട്ടില്ല. അണക്കെട്ടിനോ ഖനിവ്യവസായത്തിനോ വേണ്ടി എന്നെ കുടിയിറക്കിയിട്ടില്ല.

ഭാഗ്യമല്ലെങ്കില്‍ പിന്നെന്ത്?

സ്ത്രീത്വത്തിന്‍റെ മഹോന്നതപദവിയെന്ന് പൊതുസമൂഹത്താല്‍ വാഴ്ത്തപ്പെടുന്ന ആ സ്ഥാനവും എനിക്കുണ്ട്.

പരമഭാഗ്യവതി .. സംശല്യാ....

ഇത്രയും ഭാഗ്യമില്ലാത്തവര്‍ ഒരുപാടുണ്ടല്ലോ എന്‍റെ ചുറ്റും. ... അവര്‍ക്കൊന്നും ചെറിയ ഒരാശ്വാസം പോലും പകരാന്‍ ഈ ജീവിതം കൊണ്ട് കഴിയുകയില്ല എന്ന തിരിച്ചറിവില്‍ ഭാഗ്യം എന്ന വാക്കിന്‍റെ അര്‍ഥമെന്തെന്ന് ഞാനെപ്പോഴും ആലോചിക്കും...

കാരണം സങ്കടങ്ങളില്‍ മനുഷ്യര്‍ കരയുന്നത്... നിലവിളിക്കുന്നത്... ഒരുപോലെയാണ്. ലോകം മുഴുവന്‍ അതങ്ങനെയാണ്... അപ്പോള്‍ പുരികത്തിന്‍റെ ചലനത്താല്‍ പോലും മറുപടി നല്‍കാതെ തടിയന്‍ കമ്പിളി പുതച്ച മാതിരി മൌനം പാലിച്ചുള്ള ജീവിതം നയിക്കുന്നവര്‍ ഭാഗ്യം തികഞ്ഞവരാണോ?

അങ്ങനെയാണോ ജീവിക്കേണ്ടത്?

ഭാഗ്യമുള്ളവര്‍ ആലോചിക്കേണ്ടേ? .... വേണ്ടേ?

Wednesday, August 15, 2018

ഗൌരി ലങ്കേഷ്

https://www.facebook.com/photo.php?fbid=806761399503156&set=a.489234534589179.1073741825.100005079101060&type=3&theater

മ്യാന്മറിലെ രോഹിങ്ക്യന്‍ മുസ്ലീമുകളെ ലോകത്തിനു വേണ്ട....

https://www.facebook.com/photo.php?fbid=806993726146590&set=a.526887520823880.1073741826.100005079101060&type=3&theater

എല്ലാ രാജ്യക്കാരുടേയും മുഖം കറുക്കുന്നു.
അവര്‍ ലോകം മുഴുവന്‍ അലഞ്ഞു നടന്ന്‍ മരിക്കാനാണു എല്ലാവരും ആവശ്യപ്പെടുന്നത്. മതങ്ങള്‍ എല്ലാം വ്യര്‍ത്ഥമാണെന്ന എന്റെ തോന്നല്‍ കൂടുതല്‍ ശക്തമായി. ശ്രീലങ്കന്‍ കലാപകാലം ബുദ്ധിസ്സത്തെക്കുറിച്ചുള്ള കാരുണ്യസങ്കല്പം എന്നില്‍ നിന്ന്‍ ചോര്‍ത്തിക്കളഞ്ഞു....

ഇപ്പോള്‍ എല്ലാ മതങ്ങളേയും ഞാന്‍ വെറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു. രോഹിങ്ക്യന്‍ മുസ്ലീമുകളെ... ആ മനുഷ്യരെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആവാത്ത അത്രയും ദാരിദ്രമാണൊ നമ്മുടെ ലോകം?

Amma illatha aadyathe Onam

ഇത് എന്‍റെ ലീല ടീച്ചര്‍ ...

https://www.facebook.com/photo.php?fbid=804344146411548&set=a.526887520823880.1073741826.100005079101060&type=3&theater
                                            


അമ്മീമ്മക്കഥകള്‍ പ്രസിദ്ധീകരിക്കും മുന്‍പ് ചെന്നൈയില്‍ നിന്ന് ടീച്ചറുടെ തളിപ്പറമ്പിലെ വീട്ടില്‍ പോയി ഞാന്‍ രണ്ട് ദിവസം താമസിച്ചു.
ഒത്തിരി വിഭവങ്ങള്‍ തന്നു.. പ്രത്യേകിച്ച് വാഴച്ചുണ്ട് തോരനും കഞ്ഞിയും... ( അതിന്‍റെ സ്വാദ് എനിക്കിന്നും ഓര്‍മ്മയിലുണ്ട് ) രാത്രി മുഴുവന്‍ ഇരുന്ന് പുസ്തകത്തിന്‍റെ പ്രൂഫ് നോക്കി. പകലൊക്കെ എന്നെ നാടുചുറ്റിക്കാണിക്കാന്‍ ‍ കൊണ്ടുപോയി. മുത്തപ്പന്‍റെ അമ്പലം, പാപ്പിനിശ്ശേരി സ്നേക് പാര്‍ക്, രാജരാജേശ്വരി ക്ഷേത്രം, ടീച്ചറുടെ തറവാട്ട് വീട്, സുഹൃത്തുക്കളുടെ വീടുകള്‍.. അങ്ങനെ അനവധി ഇടങ്ങള്‍
ടീച്ചറുടെ അച്ഛനെയും പല ബന്ധുക്കളേയും പരിചയപ്പെടുത്തി. ഞാന്‍ കേമിയായ എഴുത്തുകാരിയാണെന്ന് പറഞ്ഞു കേള്‍പ്പിച്ചു. ... ഞാന്‍ വന്നതുകൊണ്ടാണ് വീട്ടിലെ കണിക്കൊന്ന പൂത്തതെന്ന് പ്രഖ്യാപിച്ചു. വെച്ചൂര്‍ പശുവിന്‍റെ തൊഴുത്തില്‍ കയറ്റിയിരുത്തി പശുവിനൊപ്പം ഫോട്ടോ എടുത്തു തന്നു.
എന്‍റെ ഫോട്ടൊ ആദ്യമായി ഫേസ് ബുക്കില്‍ ഇട്ടത് ലീല ടീച്ചറാണ്. ഞങ്ങള്‍ ആദ്യം തിരുവനന്തപുരത്ത് വെച്ചു കണ്ടപ്പോഴായിരുന്നു ആ ഫോട്ടൊ എടുത്തത്. ഇന്ന് വിവാഹിതനായ മകന്‍ ശിശിര്‍ , ചന്ദ്രന്‍ ചേട്ടന്‍ എല്ലാവരും ഉണ്ടായിരുന്നു അന്ന് ടീച്ചര്‍ക്കൊപ്പം തിരുവനന്തപുരത്ത്.
ഇന്ന് ടീച്ചര്‍ പോയിരിക്കുന്നു.. പൊടുന്നനെ..
കാണാന്‍ പറ്റാത്തിടത്ത് , വിളിച്ചാല്‍ കേള്‍ക്കാത്തിടത്ത്..
എനിക്ക് വല്ലാതെ സങ്കടം വരുന്നു... അതെ , വല്ലാതെ സങ്കടം വരുന്നു.

സൂകരജീവനം

https://www.facebook.com/echmu.kutty/posts/803732226472740

ശരിരം എനിക്ക് വലിയ താക്കീതുകള്‍ തരികയാണ്, മാനസികവും ശാരീരികവും ആയ എല്ലാ അലച്ചിലുകളും മിതമാക്കുവാനുള്ള താക്കീത്. അനുസരിച്ചില്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നവര്‍ക്കും ഞാന്‍ സ്നേഹിക്കുന്നവര്‍ക്കും ഞാന്‍ വലിയ ഭാരമായിത്തീരും.

അതുകൊണ്ട് ഞാന്‍ ജാഗ്രത പാലിക്കാന്‍ തീരുമാനിച്ചു.

മഹാരാഷ്ടയില്‍ മഴ ആര്‍ത്ത് പെയ്യുന്നുണ്ട്. ആരോടൊക്കെയോ വൈരാഗ്യമുണ്ടെന്ന് തോന്നും മുംബൈയിലെ മഴ കണ്ടാല്‍.. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല. ഷെഹ്ണായിയുടെ പാട്ടു പോലെയും മഴ നില്‍ക്കാതെ പെയ്യുന്നുണ്ട്. ഞാന്‍ വരുമ്പോള്‍ മെലിഞ്ഞ് ഉണങ്ങിക്കിടന്നിരുന്ന പല നദികളും ഇപ്പോള്‍ തടിച്ചു കൊഴുത്ത് ഉഗ്രരൂപിണികള്‍ ആയിരിക്കുന്നു.

പോരാത്തതിനു ഈ ഡാം ഇപ്പോ തുറക്കും, ആ ഡാം ഇപ്പോ തുറക്കും തീരത്തുള്ളവര്‍ ജാഗ്രത പലിക്കുക എന്ന അറിയിപ്പും... ഈ അവസാനനിമിഷത്തില്‍ ഇങ്ങനെ അറിയിപ്പ് നല്‍കീട്ട് എന്തുകാര്യമെന്ന് ഞാന്‍ പലപ്പോഴും അലോചിച്ചിട്ടൂണ്ട്. ഉത്തരം കിട്ടിയിട്ടില്ല. സ്റ്റേറ്റിനു ജന സം രക്ഷണം ഫയലില്‍ മതിയാവുമായിരിക്കും.. ആവോ ?

താമസസ്ഥലത്ത് നല്ല പച്ചപ്പുണ്ട്. ഒരു മാതിരി വൃത്തികെട്ട സസ്യശ്യാമള കോമളമെന്ന് സിനിമയില്‍ കേട്ട മാതിരി. ചെമ്പോത്ത്, മൈന, കാക്ക, അനവധി തരം കുരുവികള്‍, പോത്താന്‍ കീരികള്‍, ഓലേഞ്ഞാലികള്‍, പാമ്പുകള്‍, പട്ടികള്‍, പിന്നെ പന്നികളും.. ആകെപ്പാടെ ബഹളമയമായ ഒരു അന്തരീക്ഷം..

മഴയൊന്നും അവര്‍ക്ക് പ്രശ്നമേ അല്ല... ചിണുങ്ങിക്കരയുന്ന മഴയില്‍ ചിറകൊതുക്കി ഇരുന്ന് വിശ്രമിക്കും... പതുക്കെ വല്ലതിനെയുമൊക്കെ കൊത്തിത്തിന്നും. പാമ്പിനെ കാണുമ്പോള്‍ എല്ലാവരും കൂടി വലിയ ഒച്ചയുണ്ടാക്കും..

പച്ചപ്പ് അങ്ങനെ ചെത്തി നിറുത്തി അലങ്കരിക്കാന്‍ ഒന്നും ആരും മുതിര്‍ന്നിട്ടില്ല. ഒരു തരം കാടന്‍ പച്ചപ്പാണ്. അതിന്‍റെ ഒരു സുഖവുമുണ്ട്. മഴ നിന്നാല്‍ പച്ചപ്പ് പെയ്യും. അപ്പോഴേക്കും അടുത്ത മഴ വരും..

പന്നികള്‍ കേമികളായ അമ്മമാരാണ്. ഒരാളുടെ പക്കല്‍ എട്ടും പത്തും മക്കളുണ്ട്. ഗുര്‍ ഗുര്‍ എന്ന് ഒച്ചയുണ്ടാക്കി പിള്ളേരെ തെളിച്ചുകൊണ്ട് നടക്കും. പട്ടികള്‍ക്ക് വരാന്തകളില്‍ ഒക്കെ വിശ്രമിക്കാം. എന്നാല്‍ പന്നികള്‍ക്ക് അതു പറ്റില്ല. ആരും സമ്മതിക്കില്ല. അതുകൊണ്ട് എപ്പോഴും നടപ്പാണ്.

പന്നിക്കുഞ്ഞുങ്ങളോളം ഓമനത്തം ആര്‍ക്കുമില്ലെന്ന് തോന്നും ഇത്തിരിപ്പോന്ന വാലുമാട്ടി ചുവന്ന് തുടുത്ത കൊച്ചുങ്ങള്‍ പന്നിയമ്മയുടെ ഒപ്പം ഓടുന്നത് കാണുമ്പോള്‍.. വെള്ളമില്ലാത്ത ഒരിടം കണ്ടാല്‍ പന്നിയമ്മ കിടക്കും. പിന്നെ മക്കളുടെ പാല്‍ കുടി മല്‍സരമാണ്. ചിലപ്പോള്‍ അങ്ങനെ കിടന്ന് പന്നിയമ്മ ഒന്ന് മയങ്ങുകയും ചെയ്യും.

മഴ മൂത്തപ്പോള്‍ പന്നിയമ്മമാരുടേയും മക്കളുടേയും കാര്യം പരുങ്ങലിലായി. വെള്ളം ഇല്ലാത്ത ഒരിടവുമില്ല. തറയിലെല്ലാം വെള്ളം കെട്ടി നില്‍ക്കാണ്. അപ്പോഴാണ് ഞാന്‍ ഈ അല്‍ഭുതം കണ്ടത്. പന്നിയമ്മമാര്‍ പുല്ലുവലിച്ച് എടുക്കുന്നു. എന്നിട്ട് താരതമ്യേനെ ഉയരമുള്ള സ്ഥലത്ത് വിരിക്കുന്നു. പരമാവധി വേഗത്തിലും ഭംഗിയിലുമാണ് ഈ ജോലി. എന്നിട്ട് മഴയും കൊണ്ട് മക്കള്‍ക്ക് മുലയും കൊടുത്ത് ഗുര്‍ ഗുര്‍ എന്ന് ഒച്ചയുമുണ്ടാക്കി അവിടെ കിടക്കുന്നു!!!!!!!!!!!!!!!

ഞാന്‍ അതിശയിച്ചു പോയി.

പന്നിയമ്മയുടെ വാല്‍സല്യം, കരുതല്‍.. മക്കളോടുള്ള ഉത്തരവാദിത്തം, പന്നിയമ്മമാരുടെ പരസ്പരമുള്ള സഹകരണം..

മനുഷ്യകുലത്തില്‍ പിറന്ന എനിക്ക് അത്രയല്ലേ പറ്റൂ..