യുദ്ധങ്ങള്‍ , സൈന്യം, അതിര്‍ത്തി രേഖകള്‍ ഇതെല്ലാം പുരുഷന്മാരുടെ കളികളാണ്. സ്ത്രീകള്‍ അതില്‍ എന്നും തോല്‍ക്കുന്നവര്‍ മാത്രവും..
ചൈന അതിര്‍ത്തിക്കരികില്‍ വിമാനം വീണ് കത്തിക്കരിഞ്ഞു പോയ വൈമാനികന്‍ ഞാന്‍ പാര്‍ക്കുന്ന വീട്ടില്‍ നിന്ന് അഞ്ചാറു വീടുകള്‍ അപ്പുറത്താണ് താമസിച്ചിരുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ ആ വൈമാനികന്‍റെ അമ്മയും അച്ഛനും അവിടെയാണുള്ളത്.
അവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അക്ഷരാര്‍ഥത്തില്‍ തീ തിന്നുകയാണ്. ഇപ്പോള്‍ കാര്യങ്ങള്‍ക്ക് തീര്‍ച്ചയും തീരുമാനവും വന്നു കഴിഞ്ഞു.
മകന്‍ എന്നേക്കുമായി യാത്രയായിരിക്കുന്നു.
എന്തിനാണ് നമ്മള്‍ ഇങ്ങനെ കുട്ടികളെ നഷ്ടപ്പെടുന്നത്? രാജ്യസ്നേഹമുണ്ടാവണം, ഭാരതമാതാവിനു കുഞ്ഞിനെ സമര്‍പ്പിച്ചു, സൈനികരോടു സാധാരണ ജനങ്ങള്‍ കാണിക്കേണ്ട ആദരവും ബഹുമാനവും എന്നൊക്കെ വലിയ വലിയ വാചക കസര്‍ത്തുകള്‍ നടത്തുന്നവര്‍ എമ്പാടുമുണ്ട്. എനിക്ക് ഇക്കാര്യം ഒരിക്കലും മനസ്സിലായിട്ടില്ല. ഇനി ഇപ്പോള്‍ മനസ്സിലാകാനും വിഷമമായിരിക്കും.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അവിശ്വസനീയമായ വിധത്തില്‍ വിനിമയങ്ങള്‍ സാധ്യമാകുന്ന ഈ കാലത്തില്‍ രാജ്യങ്ങള്‍ക്ക് ചുമന്ന അതിര്‍ത്തി രേഖകള്‍ എന്തിനാണ്? അപ്പുറത്തെ രാജ്യത്തുള്ള മനുഷ്യരെ അവിശ്വസിക്കലും അതുകൊണ്ട് മാത്രം നമ്മുടെ രാജ്യത്തിനു കാവല്‍ നില്‍ക്കലും എന്തിനാണ്? അതുകൊണ്ടാണല്ലോ ഇങ്ങനെ മരിച്ചുപോകാനായി ലോകമെമ്പാടുമുള്ള പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തുന്നത്. ഒടുവില്‍ പൊട്ടിക്കരഞ്ഞ് ചുമരില്‍ തല തല്ലുന്നത്. മൌനികളാകുന്ന ത്. അമ്മമാര്‍ക്ക് ഭ്രാന്തു പിടിക്കുന്നത്.
എന്തിനാണിതൊക്കെ ?
എല്ലാ ഭരണകൂടങ്ങളും ആയുധലോബിയുടെ കൈപ്പിടിയിലാണ്. അവര്‍ ജനങ്ങളുടെ രാജ്യസ്നേഹം തീരുമാനിക്കുന്നു. ഭരണകൂടത്തിനൊപ്പമാണെങ്കില്‍ രാജ്യസ്നേഹമുണ്ട്. വ്യത്യസ്തമായ അഭിപ്രായമാണെങ്കില്‍ രാജ്യസ്നേഹം ഇല്ല. രാജ്യസ്നേഹമില്ലായ്മ വലിയ കുറ്റമാണ്. രാജ്യദ്രോഹി എന്ന് മുദ്രകുത്തിയാല്‍ പിന്നെ തീര്‍ന്നു.. .. ഒരു ജന്മം. അത് ആരുടേതായാലും ശരി.
സൈനികരെയും പോലീസുകാരെയും ഒക്കെ അതിഭീകരമായ സഹനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതിനൊപ്പം തീവ്രമായ പരിശീലനങ്ങള്‍ക്ക് നിര്‍ബന്ധിച്ച് ഫിറ്റ് ആക്കി വെക്കുന്നതിനോടൊപ്പം ജനങ്ങളെ ഭയപ്പെടുത്താനുള്ള ഭരണകൂടങ്ങളുടെ പൊള്ളുന്ന ചട്ടുകങ്ങളുമാക്കുന്നു. സൈനികര്‍ മരിക്കുമ്പോള്‍ ആ മരണത്തെ വാഴ്ത്തിപ്പുകഴ്ത്തുന്ന രീതി കണ്ട്, മറ്റുള്ളവര്‍ക്ക് കൂടി സൈനികരാവാന്‍ പ്രേരണയുണ്ടാക്കേണ്ടത് ആയുധലോബികള്‍ നിയന്ത്രിക്കുന്ന ഭരണകൂടങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്.
അതുകൊണ്ട് ശവപ്പെട്ടി ദേശീയപതാകയില്‍ പൊതിയും.. പൂമാലകളിട്ടലങ്കരിച്ച അതത് സൈന്യവിഭാഗത്തിന്‍റെ ആംബുലന്‍സ് വരും. അനവധി സൈനികര്‍ വരും. ഉയര്‍ന്ന സൈനികോദ്യോഗസ്ഥരും എം പി യും എം എല്‍ എ യും മുഖ്യമന്ത്രിമാരും മന്ത്രിമാരും വരും. സിനിമാതാരങ്ങള്‍ വരും.... പുഷ്പങ്ങളാല്‍ അര്‍ച്ചനയുണ്ടാവും... റീത്തുകള്‍ കുന്നു കൂടും.
ദേശീയപതാക പൊതിഞ്ഞ ശവപ്പെട്ടിക്കരുകില്‍ ഭ്രാന്തിന്‍റെ വക്കോളമെത്തിയ സങ്കടം കടിച്ചൊതുക്കിയും ചിലപ്പോള്‍ നിയന്ത്രണം തകര്‍ന്ന് ഏങ്ങിക്കരഞ്ഞും പതം പറഞ്ഞും മോനേ മോനേ എന്നാര്‍ത്തുകൊണ്ടും ഒരു സ്ത്രീയിരിക്കുന്നുണ്ട്. അവന്‍റെ പെറ്റമ്മ. അച്ഛന്‍ നിശ്ശബ്ദനായി അടുത്തൊരു കസേരയില്‍ മരിച്ചതു പോലെ .....
ആ അമ്മയുടേയും അച്ഛന്‍റേയും സങ്കടം എങ്ങനെ ആര്‍ക്ക് ഒതുക്കാന്‍ കഴിയും? ഒരു പരമവീരചക്രത്തിലോ അല്ലെങ്കില്‍ അതിലും വലിയ ഏതെങ്കിലും അവാര്‍ഡ് ഫലകത്തിലോ പൂര്‍ണ സൈനിക ബഹുമതിയിലോ അതിര്‍ത്തി വെയ്ക്കാന്‍ കഴിയുന്നതാണോ അത്?
ഇങ്ങനെ ലോകമെമ്പാടുമുള്ള അമ്മമാരുടേ കണ്ണീരിലും അച്ഛന്മാരുടെ ഭയാനകമായ നിശ്ശബ്ദതയിലും ഇനിയും നമ്മള്‍ രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നതെന്തിനാണ്? ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്തിനാണ്? ലോകമെമ്പാടും ഈ യുദ്ധത്തീയില്‍ ഹവിസ്സായി ഹോമിക്കപ്പെട്ട കുരുന്നു ജീവനുകള്‍ എല്ലാം സ്ത്രീകളുടെ ശരീരത്തെ പിളര്‍ത്തിക്കൊണ്ട് പുറത്തുവന്നവരാണ്. അമ്മമാരുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നവരാണ്. സ്ത്രീകളുടെ കണ്ണീരും മുലപ്പാലും ഇത്ര നിസ്സാരമാണോ? അതില്‍ കുതിര്‍ത്തു വേണമോ രാജ്യങ്ങള്‍ നിലനില്‍ക്കാനുള്ള ഇഷ്ടികകള്‍ പണിയുവാന്‍...
എനിക്കറിയില്ല.
തകര്‍ന്നു തരിപ്പണമായിപ്പോയ ആ അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ ആ ശരീരത്തിലുണ്ടായിരുന്ന വിറയലിന്‍റെയും ഹൃദയം പിളര്‍ത്തുന്ന സങ്കടത്തിന്‍റേയും ആഘാതമല്ലാതെ മറ്റൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല...
ഇപ്പോഴും കഴിയുന്നില്ല..
No comments:
Post a Comment