Monday, August 27, 2018

ഭാഗ്യവതിയാണ് ഞാന്‍ ....

https://www.facebook.com/echmu.kutty/posts/812175748961721

അങ്ങനെ വളരെ കാര്യമായിത്തന്നെ തോന്നുകയാണെനിക്ക്.

ഞാന്‍ മ്യാന്‍മറിലെ റോഹിംഗ്യന്‍ കുലത്തില്‍ പിറന്നില്ല. ബ്രിട്ടീഷുകാര്‍ കൊള്ളക്കാരുടെ വംശം എന്ന് പേരിട്ട ഇന്ത്യാരാജ്യത്തിലെ ഗുജ്ജര്‍ വംശത്തില്‍ ജനിച്ചില്ല.

കുവെറ്റിലും ഇറാനിലും ഇറാക്കിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും കാശ്മീരിലും ഫലസ്തീനിലും അഫ് ഗാനിസ്ഥാനിലും സിറിയയിലും മെക്സിക്കോയിലും അല്ല. കഴിഞ്ഞ നൂറുകൊല്ലമായി ഏതെങ്കിലുമൊരു രാജ്യത്തോട് യുദ്ധം ചെയ്തുകൊണ്ടിരി ക്കുന്ന ലോകപോലീസായ അമേരിക്കയില്‍ അല്ല. നാഗസാക്കിയിലോ ഹിരോഷിമയിലോ അല്ല . ചിലിയിലോ ഗ്വാട്ടിമാലയിലോ വിയറ്റ്നാമിലോ അല്ല. റ്റിയാനന്‍ മെന്‍ സ്ക്വയര്‍ ഞാന്‍ കണ്ടിട്ടില്ല. പോള്‍പോര്‍ട്ടിന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തി വഴി പോയിട്ടില്ല. രക്തരൂഷിതമായ ലഹളയോ യുദ്ധമോ പണ്ടു നടന്ന അല്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ഒരിടത്തുമല്ല ഞാന്‍ ജീവിക്കുന്നത്....

ഭാഗ്യം .

എനിക്കിടാന്‍ ഉടുപ്പും കഴിക്കാന്‍ ഭക്ഷണവും പാര്‍ക്കാന്‍ വാടകവീടുമുണ്ട്. ജീവിക്കാനുള്ള വരുമാനമുണ്ട്.. വികലാംഗയല്ല.. ഭേദപ്പെട്ട ആരോഗ്യമുണ്ട്. ലൈംഗിക ന്യൂനപക്ഷത്തില്‍ പെടുന്നവളല്ല. .

ഭാഗ്യം തന്നെ.

ഇന്ത്യാ രാജ്യമോ മറ്റേതെങ്കിലും രാജ്യമോ എന്‍റെ പേരില്‍ കുറ്റവാളിയെന്ന ആരോപണമുന്നയിച്ചിട്ടില്ല. പോലീസോ ഗുണ്ടകളോ അടിച്ചിട്ടില്ല, ഒരു കൂട്ടപീഡനം നേരിടേണ്ടി വന്നിട്ടില്ല. ബാങ്ക് ജപ്തിയെ പരിചയമില്ല. പ്രകൃതിദുരന്തങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തീട്ടില്ല. അണക്കെട്ടിനോ ഖനിവ്യവസായത്തിനോ വേണ്ടി എന്നെ കുടിയിറക്കിയിട്ടില്ല.

ഭാഗ്യമല്ലെങ്കില്‍ പിന്നെന്ത്?

സ്ത്രീത്വത്തിന്‍റെ മഹോന്നതപദവിയെന്ന് പൊതുസമൂഹത്താല്‍ വാഴ്ത്തപ്പെടുന്ന ആ സ്ഥാനവും എനിക്കുണ്ട്.

പരമഭാഗ്യവതി .. സംശല്യാ....

ഇത്രയും ഭാഗ്യമില്ലാത്തവര്‍ ഒരുപാടുണ്ടല്ലോ എന്‍റെ ചുറ്റും. ... അവര്‍ക്കൊന്നും ചെറിയ ഒരാശ്വാസം പോലും പകരാന്‍ ഈ ജീവിതം കൊണ്ട് കഴിയുകയില്ല എന്ന തിരിച്ചറിവില്‍ ഭാഗ്യം എന്ന വാക്കിന്‍റെ അര്‍ഥമെന്തെന്ന് ഞാനെപ്പോഴും ആലോചിക്കും...

കാരണം സങ്കടങ്ങളില്‍ മനുഷ്യര്‍ കരയുന്നത്... നിലവിളിക്കുന്നത്... ഒരുപോലെയാണ്. ലോകം മുഴുവന്‍ അതങ്ങനെയാണ്... അപ്പോള്‍ പുരികത്തിന്‍റെ ചലനത്താല്‍ പോലും മറുപടി നല്‍കാതെ തടിയന്‍ കമ്പിളി പുതച്ച മാതിരി മൌനം പാലിച്ചുള്ള ജീവിതം നയിക്കുന്നവര്‍ ഭാഗ്യം തികഞ്ഞവരാണോ?

അങ്ങനെയാണോ ജീവിക്കേണ്ടത്?

ഭാഗ്യമുള്ളവര്‍ ആലോചിക്കേണ്ടേ? .... വേണ്ടേ?

No comments: