Wednesday, August 29, 2018

അടുക്കള വിചാരങ്ങള്‍ - ഒന്ന്

a

ഓരോ അടുക്കളയ്ക്കും അതില്‍ പെരുമാറുന്നവരുടെ ഒരു ഒപ്പുണ്ടാകും. പാത്രങ്ങള്‍ കഴുകി വെക്കുന്നതിലും അടച്ചു വെക്കുന്നതിലും ഉപയോഗിക്കുന്നതിലും ഒക്കെയുണ്ടാവും ഈ വ്യതിരിക്തത. അതു സൂക്ഷിച്ചു നോക്കിയാലേ കാണാന്‍ പറ്റൂ. അല്ലെങ്കില്‍ എന്ത്... അടുക്കളകളെല്ലാം ഒരു പോലെ എന്ന് നിസ്സാരവല്‍ക്കരിക്കാം.

അമ്മീമ്മയുടെ അടുക്കളയ്ക്ക് അവരുടെ മണമായിരുന്നു. വലിയ ടിന്നുകളിലായിരുന്നു അമ്മിമ്മ സാധനങ്ങള്‍ ഇട്ടുവെയ്ക്കാറ്. ചെറിയ കുപ്പികള്‍ അവര്‍ക്ക് പഥ്യമായിരുന്നില്ല. വേഗം ഇടാന്‍ കഴിയണം.. ഓരോ സ്പൂണായി കോരിയിടാനൊന്നും നേരമില്ല. പാക്കറ്റ് തുറന്ന് ഠപ്പേന്ന് ടിന്നിലേക്ക് കമിഴ്ത്തി ടിന്ന് മുറുക്കെ അടച്ചു വെയ്ക്കണം. പണി കഴിഞ്ഞു. ഇതായിരുന്നു അമ്മീമ്മയുടെ നിലപാട്. വലിയ പാത്രമാവുമ്പോള്‍ കുറെ ചെലവ് ചെയ്യും. ചെറുതാകുമ്പോള്‍ അതനുസരിച്ച് കുറയും എന്ന് പറഞ്ഞാല്‍ അമ്മീമ്മ സമ്മതിക്കില്ല. നാലു സാരിയുണ്ടെങ്കില്‍ നാലും ഒന്നിച്ചു ഉടുക്കണോ എന്ന് ചോദിക്കും. എല്ലാം ആവശ്യത്തിനു മിതമായി ചെലവാക്കി അന്തസ്സായി ജീവിക്കണം എന്ന് അമ്മീമ്മ നയം വ്യക്തമാക്കും.

പാചകം നല്ല വേഗതയില്‍ ചെയ്യുമെങ്കിലും അത് അമ്മീമ്മയ്ക്ക് ഒരു കലയായിരുന്നു.ഒരേ പോലെ ഭംഗിയായി അരിഞ്ഞ പച്ചക്കറിക്കഷണങ്ങള്‍ മുതല്‍ ചേര്‍ക്കുന്ന മസാലപ്പൊടികളില്‍ വരെ ആ കലാബോധം ഉണ്ടായിരുന്നു. ഏതെങ്കിലും പാത്രത്തില്‍ എന്തെങ്കിലും കറി വെയ്ക്കുക എന്ന ഏര്‍പ്പാട് ആ അടുക്കളയില്‍ പറ്റുമായിരുന്നില്ല. അതുപോലെ ഏതെങ്കിലും ഒരു അടപ്പുകൊണ്ട് പാത്രം അടയ്ക്കലും അവിടെ ശരിയാവില്ല. പാത്രത്തിന്‍റെയും അടപ്പിന്‍റെയും വാവട്ടമൊക്കെ കൃത്യമായിരിക്കണം. വിളമ്പാനെടുക്കുന്ന കയിലുകള്‍ക്കുമുണ്ടായിരുന്നു ഈ പ്രത്യേകതയൊക്കെ. കറിപ്പാത്രവും കയിലുകളും തമ്മില്‍ ചേര്‍ച്ച അതീവ നിര്‍ബന്ധമായിരുന്നു. ചെവിത്തോണ്ടി പോലെ ചെറിയ ഉള്ളടക്കമായുള്ള സ്പൂണുകളോ പെരുവയറനെ പോലെ വലിയ ഉള്ളടക്കമാവുന്ന കയിലുകളോ അമ്മിമ്മ വിളമ്പാന്‍ ഉപയോഗിച്ചിരുന്നില്ല.

പാചകം ചെയ്തു വെച്ചിരിക്കുന്നതു കണ്ടാല്‍ കഴിയ്ക്കാന്‍ തോന്നണം, എന്നതായിരുന്നു അമ്മീമ്മയുടെ ന്യായം.അതിനു ചേരാത്ത കാര്യങ്ങളൊന്നും ആ അടുക്കളയില്‍ സാധ്യമായിരുന്നില്ല. അമ്മീമ്മയുടെ അടുക്കളയില്‍ അവരായിരുന്നു ചക്രവര്‍ത്തിനി. വിഭവങ്ങള്‍ അവര്‍ തീരുമാനിച്ച് അവര്‍ ഉണ്ടാക്കി അവര്‍ വിളമ്പി. സ്വാദും രുചിയും എല്ലാം ഗംഭീരമായിരുന്നെങ്കിലും അധികം സ്ത്രീകള്‍ക്കും ലഭിയ്ക്കാത്ത പ്രത്യേകമായ ഒരു സ്വാതന്ത്ര്യബോധം ആ അടുക്കളയില്‍ വിളങ്ങി നിന്നിരുന്നു. ആരുടെ അംഗീകാരത്തിനും ആ അടുക്കള ദാഹിച്ചിരുന്നില്ല. അതിനുള്ള താന്‍ പോരിമ അടുക്കളയ്ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഞാനും അനിയത്തി റാണിയും അമ്മീമ്മയുടെ തികഞ്ഞ ആരാധകരായിരുന്നു. അവര്‍ കറിക്കു കടുകു വറുത്തിടുന്നതിലെ പ്രത്യേകതയും സുഗന്ധവും കൂടി ഞങ്ങളെ അല്‍ഭുതപ്പെടുത്തി.

കറിവേപ്പിലയുടെയും മല്ലിയിലയുടെയും സര്‍വ സുഗന്ധി ഇലയുടേയും വഴനയിലയുടെയും നാരകത്തിലയുടെയും ഒക്കെ പ്രത്യേകമായ സുഗന്ധങ്ങള്‍, തേങ്ങ വറുക്കുന്നതിന്‍റെ ഗന്ധം, ജീരകവും കുരുമുളകും മൂപ്പിക്കുന്ന മണം... അങ്ങനെ എല്ലാറ്റിനും അമ്മീമ്മയുടെ അടുക്കളയില്‍ പ്രത്യേക സ്ഥാനമായിരുന്നു. രുചി കുറഞ്ഞ ഒരു വിഭവം പോലും അമ്മീമ്മ വിളമ്പിയിട്ടില്ല ഒരിക്കലും. വെറും ഒരു ചമ്മന്തി ആയാലും അതില്‍ രുചി ഒഴിച്ചു ചേര്‍ത്തിരിക്കും. പാചകത്തില്‍ ഫ്ലോപ് ഷോ എന്നൊരു പരിപാടി ആ അടുക്കളയില്‍ സംഭവിച്ചിട്ടില്ല.

വറുത്ത തുവരപ്പരിപ്പും നാളികേരവും ചുവന്നമുളകും ഒരച്ച് വെല്ലവും ചേര്‍ത്ത് പരിപ്പ് തൊഹയല്‍ ( ചമ്മന്തി ) എന്നൊരു വിശിഷ്ട വിഭവം അമ്മീമ്മ ഉണ്ടാക്കിത്തരുമായിരുന്നു. പുളിരസമുള്ള ഏതെങ്കിലും കറിയ്ക്കൊപ്പമാണ് ഈ തൊഹയല്‍ ഉണ്ടാവുക, ഒരു മെഴുക്കു പുരട്ടിയും കാണും. അസാധ്യ രുചിയായിരുന്നു ആ കോംബിനേഷന്. അമ്മീമ്മ എങ്ങനെയാണ് ആഹാരത്തിന്‍റെ ചേര്‍ച്ചകള്‍ തീരുമാനിക്കുന്നതെന്ന് ഞങ്ങള്‍ എന്നും അല്‍ഭുതം കൂറിയിട്ടുണ്ട്.

സ്വന്തം പറമ്പില്‍ വിളഞ്ഞ പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് അവര്‍ അസാധ്യമായ കൈപ്പുണ്യത്തോടെ ആഹാരമുണ്ടാക്കി വിളമ്പി, എന്നെയും റാണിയേയും വളര്‍ത്തി. പഞ്ഞം ആ ലളിതമായ അടുക്കളയില്‍ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. ആരു വന്നാലും ഉള്ള വിഭവങ്ങള്‍ പങ്കിട്ട് ആഹാരം കഴിയ്ക്കാന്‍ പറ്റിയിരുന്നു. കൊണ്ടാട്ടങ്ങളുടെയും വറ്റലുകളുടേയും രുചി ഭേദങ്ങള്‍ പൊടുന്നനെ വരുന്ന അതിഥികള്‍ക്കു മുന്നില്‍ നിരത്തി അമ്മീമ്മ ചെറിയ തോതില്‍ ആളാവുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്.

കഴിഞ്ഞ കാലമായിരുന്നു നല്ലതെന്ന അഭിപ്രായം കഴിയുന്നത്ര ഒരു കാര്യത്തിലും പങ്കുവെയ്ക്കാന്‍ ഇഷ്ടമില്ലാത്ത ഒരുവളാണ് ഞാന്‍. കാരണം എന്‍റെ കഴിഞ്ഞ കാലങ്ങള്‍ തിരികെ വരണമെന്ന അഭിപ്രായം എനിക്കൊട്ടുമില്ല. കാലങ്ങളിലെല്ലാം സഹനവും ദുരിതവും ചൂഷണവുമായിരുന്നു അധികപങ്കും. പിന്നെ അവ മടങ്ങിവരാന്‍ ആശിക്കുന്നതിലെന്തര്‍ഥം ?

എങ്കിലും അമ്മീമ്മയില്ലാത്ത കാലത്ത് ഇങ്ങനെ ജീവിക്കേണ്ടി വരുന്നതില്‍ എനിക്കനല്‍പമായ ഖേദമുണ്ട്.

(തുടരും )

No comments: