ചുമ്മാ ചില നിരീക്ഷണങ്ങളാണ് കേട്ടോ. മുഴുവന്‍ ശരിയാണെന്ന് ഞാന്‍ വാശി പിടിക്കുന്നൊന്നുമില്ല. എന്നാലും ചിലപ്പോ ആലോചിക്കുമ്പോള്‍ എനിക്ക് അതിശയം തോന്നും.
എന്താ നമ്മള്‍ മനുഷ്യര്‍ ഇങ്ങനെ …
സ്നേഹവാനായ പിതാവും മാതാവും സഹോദരങ്ങളും ആയി യാതൊരു വഴക്കുമില്ലാത്ത കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ , അവരെ ജീവനു തുല്യം സ്നേഹിക്കുന്ന ഭര്‍ത്താവ്, ആരോഗ്യവും സ്നേഹവും ഉള്ള മക്കള്‍, ആവശ്യത്തിനു ധനം അങ്ങനെ സംതൃപ്തമായ ജീവിതം നയിക്കുന്ന ആ സ്ത്രീകളോട് യാതൊരു സ്നേഹവുമില്ലാത്ത പിതാവ്, മാതാവ്, സഹോദരങ്ങള്‍ ,ഭര്‍ത്താവ്, മക്കള്‍ എന്നിവരൊക്കെയുണ്ടെന്ന് ഒന്ന് പറഞ്ഞു നോക്കു..
പുറമേക്ക് സഹതാപം പുരട്ടീട്ടാണെങ്കിലും അമര്‍ത്തിവെച്ച പുച്ഛത്തോടെ മിക്കവാറും പേര്‍ കേള്‍ക്കും.. 'ഇങ്ങനൊക്കെ ഉണ്ടാവോ? ഞങ്ങളുടെ പരിചയത്തിലൊന്നും കേട്ടിട്ടേയില്ല. കോഡിയലായിട്ടുള്ള ബന്ധങ്ങള്‍ മാത്രമേ ഞങ്ങള്‍ക്കൊക്കെ അറിയൂ. എന്താ നിങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച എന്ന് ആലോചിച്ചു കണ്ടുപിടിച്ച് മനസ്സിലാക്കി മാപ്പു ചോദിക്കൂ. ക്ഷമിക്കാതിരിക്കില്ല .അവരൊക്കെ നല്ലവരല്ലേ? '
പിന്നെ അവര്‍ അമര്‍ത്തിച്ചിരിക്കും.. പുറത്ത് തെളിയാത്ത വിചിത്രമായ ഒരു ഉള്‍ച്ചിരി. ആ ചിരി അവരോട് സങ്കടങ്ങള്‍ പറയാന്‍ പോയ പെണ്ണിനു കൃത്യമായി മനസ്സിലാവുകയും ചെയ്യും.
ഇനി ഡൈവോഴ്സിനായും , കുഞ്ഞുങ്ങള്‍ക്കായും സ്വത്തിനായും കേസ് പറഞ്ഞ് ജയിച്ച സ്ത്രീകളോട് ദാമ്പത്യത്തിലെ ക്രൂരതകള്‍ സഹിക്കേണ്ടി വരുന്ന കാര്യം പറയൂ.. അവര്‍ക്ക് പറയുന്നവളുടെ സഹനത്തോട് പരമപുച്ഛമാണ്. 'എന്തിനു സഹിക്കുന്നു? ധൈര്യം വേണം. ഒരു പട്ടിയെപ്പോലെ ജീവിക്കുന്നതിലും ഭേദം....' പിന്നെ അവര്‍ നീറുന്ന പരിഹാസത്തില്‍ ചാലിച്ച ഒരു വാചകം പറയാതിരിക്കില്ല. 'അടക്കമുള്ള പട്ടിയുടെ ജീവിതമാണ് സ്വയം ഇഷ്ടമെങ്കില്‍ ആര്‍ക്കും പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല..' ആ പരിഹാസവും പുച്ഛവും പരിഗണനയില്ലായ്മയും കഥ പറഞ്ഞവളെ ഇനി സമരം ചെയ്യാനാവാത്ത വിധം അടിമുടി തകര്‍ത്തു കളയും.
സ്ത്രീകളുടെ ശത്രു സ്ത്രീകളാണെന്ന സാമാന്യവല്‍ക്കരണത്തില്‍ നമ്മള്‍ മനുഷ്യര്‍ എല്ലാ ചിന്തകളും അവസാനിപ്പിക്കും.
വലിയ വണ്ടി ഓടിക്കുന്ന പുരുഷന്‍ ചെറിയ വണ്ടി ഓടിക്കുന്ന പുരുഷനെ നിസ്സാര കാര്യത്തിനാണെങ്കിലും തെരുവിലിട്ട് തല്ലാനോ ചീത്തവിളിക്കാനോ മടിക്കില്ല. പണക്കാരനായ പുരുഷന്‍ പാവപ്പെട്ട പുരുഷനെ കവര്‍ന്നെടുക്കും എന്നിട്ട് പരിഹസിക്കും പുച്ഛിക്കും നിസ്സാരമാക്കും. ഗെ ആയ പുരുഷനെ നൂറുശതമാനം പുരുഷത്വമുള്ളവന്‍ ചീത്തപ്പേരുകള്‍ വിളിക്കും കളിയാക്കും. കഴിവുകള്‍ കൂടുതലുള്ള പുരുഷന്‍ കഴിവു കുറഞ്ഞവനെ അപഹസിക്കും,നിന്ദിക്കും. ശക്തനായ പുരുഷന്‍ ശക്തി കുറഞ്ഞ പുരുഷനെ അടിക്കും, തൊഴിക്കും, ചിലപ്പോള്‍ കൊല്ലും. എന്നാലും പുരുഷന്‍റെ ശത്രു പുരുഷനാണെന്ന് ആരും പറയില്ല. അങ്ങനെ ആലോചിക്കുക കൂടി ഇല്ല.
സ്ത്രീയോട് തെറ്റ് ചെയ്ത പുരുഷന്മാരെ മാത്രമേ പുരുഷന്മാര്‍ സാധാരണയായി പല പല അപൂര്‍ വ ന്യായങ്ങള്‍ എഴുന്നള്ളിച്ചു പിന്തുണയ്ക്കാറുള്ളൂ. എതിര്‍ലിംഗത്തില്‍ പെട്ടവരോട് തോന്നുന്ന അസഹനീയത മിക്കവാറും പുരുഷന്മാരില്‍ വളരെ അധികമാണെന്ന് തന്നെ പറയാം. അതില്‍ അസഹനീയത മാത്രമല്ല, അസൂയ, വെടക്കാക്കി തനിക്കാക്കല്‍, ചൂഷണത്തിനുള്ള ത്വര, ചൂഷണം ചെയ്യാന്‍ മറ്റൊരുത്തനു കിട്ടിയല്ലോ എനിക്ക് കിട്ടിയില്ലല്ലോ എന്ന സങ്കടം അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നു ഭാവിക്കുന്ന പല പുരുഷന്മാരിലും മേല്‍പ്പറഞ്ഞ ധാരണകള്‍ മനസ്സിന്‍റെ അടിത്തട്ടില്‍ കുന്നുകൂടിക്കിടപ്പുണ്ട്. അത് സൌകര്യം കിട്ടുന്നേടത്ത് തല ഉയര്‍ത്തുകയും ചെയ്യും. അതിനെ മറികടന്നു പോകാന്‍, പ്രത്യേകിച്ച് അവരുടേ സഹായത്തോടെ സമരം ചെയ്യുന്ന പല സ്ത്രീകള്‍ക്കും പലപ്പോഴും ഒത്തിരിയൊത്തിരി ബുദ്ധിമുട്ടുമാവും.
സ്ത്രീകളില്‍ ഏറെപ്പേരും എതിര്‍ലിംഗത്തില്‍ പെട്ടവരെ സ്വാധീനിക്കാനും വരുതിയിലാക്കാനും പ്രീണനനയം, അമ്മയുടെ പോലെയുള്ള വാല്‍സല്യം എല്ലാം വളരെയേറെ ഉപയോഗിക്കാറുണ്ട്. നല്ല സ്ത്രീ, നല്ല വിനയം, നല്ല പെരുമാറ്റം, നല്ല അനുസരണ എന്നൊക്കെ പുകഴ്ത്തപ്പെടേണ്ടതാണ് പെണ്ണിന്‍റെ വ്യക്തിത്വമെന്ന് സ്ത്രീയും പുരുഷനും ഒരു പോലെ കരുതുന്നുണ്ട്. സ്ത്രീകളുടെ പ്രീണനം പോലെ അഥവാ നല്ല പതപ്പിച്ചുള്ള സോപ്പിടല്‍ പോലെ, അല്ലെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ ഒന്നും നിറവേറ്റാനില്ലാത്ത സ്നേഹപ്രകടനങ്ങള്‍ പോലെ പുരുഷന്മാരിലധികം പേരും ആസ്വദിക്കുന്ന മറ്റൊരു കാര്യവുമില്ല. അതുകൊണ്ട് പുരുഷനെ അല്‍പമെങ്കിലും എതിര്‍ക്കുന്ന , ചോദ്യം ചെയ്യുന്ന സ്ത്രീയെ പിന്തുണയ്ക്കാന്‍ സ്ത്രീകള്‍ കഴിവതും മടിക്കും. പ്രപഞ്ചത്തിന്‍റെ ഉടമ പുരുഷനാണെന്ന് പുരുഷനും സ്ത്രീയും വിശ്വസിക്കുന്നു. അത് അവരില്‍ അടിച്ചേല്‍പ്പിച്ചത് മതാധികാരവും പൌരോഹിത്യവര്‍ഗ്ഗവുമാണ് . അതിനു ചൂട്ട് പിടിക്കാന്‍ എന്നും രാഷ്ട്രീയവും ഉണ്ട്. കാരണം ജനങ്ങള്‍ പല കൂട്ടങ്ങളായി തിരിഞ്ഞു നിന്ന് തല്ലുന്നതാണ് ഭരണകൂടത്തിനു എക്കാലവും ഇഷ്ടം . ഭരണത്തിലെ ഗുരുതര വീഴ്ചകളില്‍ ജനങ്ങളുടെ ശ്രദ്ധ പതിയാതിരിക്കണമല്ലോ.
നമ്മളിലധികം പേരും ഇങ്ങനെ തല്ലു കൂടി പരസ്പരം പുച്ഛിച്ച് നിസ്സാരമാക്കി പലതരം അനാവശ്യ താരതമ്യങ്ങള്‍ നടത്തി നമ്മെ ചൂഷണം ചെയ്യാന്‍ ഒട്ടുമുക്കാലും അധികാരങ്ങള്‍ക്കും അധികാരികള്‍ക്കും കീഴ്വഴങ്ങി , അവസരത്തിനു മേല്‍ അവസരം നല്‍കി , ഈ ജീവിതം മതി.. മതി.. എനിക്ക് മതിയായേ …ഞാന്‍ തോറ്റു പോയേന്ന് കരഞ്ഞുകൊണ്ട് എപ്പോഴും സ്വന്തം തലയില്‍ തല്ലുന്നു. ആത്മഹത്യകള്‍ ചെയ്യുന്നു.
നമ്മള്‍ മനുഷ്യര്‍.. നമ്മില്‍ അധിക പങ്കും ഇങ്ങനെയാണ്.. നിറഞ്ഞ കാപട്യമല്ലാതെ ശരിയായ അനുതാപം ഉള്ളിലില്ലാത്തവര്‍... ഓരോരുത്തരും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവരവരുടെ ഉള്ളിലെ ഫാസിസ്റ്റിനേയും ഫ്യൂഡലിസ്റ്റിനേയും ഭംഗിയായി പോറ്റിവളര്‍ത്തി പറ്റുന്ന സാഹചര്യത്തിലൊക്കെ പുറത്തെടുത്ത് അര്‍ദ്ധനഗ്നമായും പൂര്‍ണ നഗ്നമായും പ്രദര്‍ശിപ്പിച്ച് ഗ്വാ ഗ്വാ വിളിക്കും. അവസരവും സാഹചര്യവും അനുകൂലമായി ഒത്തുകിട്ടണമെന്ന് മാത്രം..
അതേയുള്ളൂ നിര്‍ബന്ധം .
No comments:
Post a Comment