Tuesday, August 7, 2018

ചതഞ്ഞ വിരലുകള്‍

https://www.facebook.com/echmu.kutty/posts/727908004055163
08/04/17
https://www.facebook.com/echmu.kutty/posts/1139342959578330
18/02/19
അമല്‍ ദാ വിരലുകള്‍ കടിച്ചു ചവയ്ക്കുന്നുവെന്ന് മാത്രമേ മൌ പറഞ്ഞുള്ളൂ. അവളുടെ ശബ്ദം വല്ലാതെ ഇടറിയും മഞ്ഞു പോലെ തണുത്തുമിരുന്നു. എനിക്ക് വല്ലായ്മ തോന്നി. ‘ എന്തുപറ്റി , മൌ’ എന്ന് ഞാന്‍ ഒന്നു രണ്ട് തവണ ആവര്‍ത്തിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല.


പിറ്റേന്ന് രാവിലെ മകനെ കോളേജിലക്കയച്ച ശേഷം ദ്വാരകയിലുള്ള അമല്‍ദായുടെ വില്ലയി ലെത്തുമ്പോള്‍ പത്തുമണി പോലും ആയിരുന്നില്ല.


മൌ കരഞ്ഞു പിഴിഞ്ഞു വാശി പിടിച്ചതുകൊണ്ടാണ് അമല്‍ദാ ഈ വില്ല വാങ്ങിയത്. നഗരത്തില്‍ നിന്നും കുറെക്കൂടി അകലെ ഗ്രാമീണമായ അന്തരീക്ഷത്തില്‍ താമസിച്ചാല്‍ മതിയെന്നായിരുന്നു അമല്‍ദായുടെ ആഗ്രഹം. വില്ലയില്‍ ചില്ലറ അഡീഷന്‍സ് ആന്‍ഡ് ആള്‍ട്ടറേഷന്‍സ് ചെയ്തു കൊണ്ടായിരുന്നു ഞങ്ങളുടെ പരിചയം ആരംഭിച്ചത്. എന്‍റെ ഇത്തിരി ഇന്‍റീരിയര്‍ ഡെക്കോറേഷന്‍, അമല്‍ദായുടെ ചില സൂക്ഷ്മപരിചരണങ്ങള്‍.. വില്ല അതിമനോഹരമായ ഒരു വാസസ്ഥലമായിത്തീര്‍ന്നു.


എന്നെ കലവറയില്ലാതെ പുകഴ്ത്തുന്നതിലും മറ്റ് സുഹൃത്തുക്കള്‍ക്കെല്ലാം എന്നെ പരിചയപ്പെടുത്തുന്നതിലും അമല്‍ ദായും മൌവും പ്രത്യേകം മനസ്സ് വെച്ചു.. ആ വകയില്‍ എനിക്ക് കുറെ ഏറെ പ്രോജക്ടുകളും കിട്ടി.. അങ്ങനെ ലാഭമുണ്ടായ പണം കൊടുത്ത് ഞാന്‍ ഒരു ഹോണ്ട സിറ്റി കാറു വാങ്ങിച്ചു. എന്‍റെ ഭര്‍ത്താവിനു ഞാന്‍ ജോലി ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല. അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ രാവും പകലും നിവര്‍ത്തിക്കുന്നത് മാത്രമാണ് ഞാന്‍ ചെയ്യേണ്ട ജോലിയെന്ന് ഉറച്ചു വിശ്വസിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം.


ഞാന്‍ വീട്ടുപണികള്‍ ചെയ്യാതിരിക്കരുത് എന്ന നിര്‍ബന്ധം കൊണ്ട് ഒരു സഹായിയെ നിറുത്താന്‍ അദ്ദേഹം എന്നും വിസമ്മതിച്ചു. ഞാനാദ്യമെല്ലാം എതിര്‍ക്കുകയും വാശിയോടെ സഹായികളെ കണ്ടുപിടിക്കുകയും ചെയ്തിരുന്നു. കൂടിപ്പോയാല്‍ പത്തു ദിവസം.. അതിനകം ആ സഹായിയുമായി അദ്ദേഹം ഘോരമായ വഴക്കിലാകും. സഹായത്തിനു വരുന്ന സ്ത്രീകളാണെങ്കില്‍ ഞങ്ങളുടെ കുടുംബത്തെ ആകമാനം പ്രാകിക്കൊണ്ട് കടന്നുപോകും. ഇതൊരു പതിവായപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. പാചകവും അടിച്ചു വാരിത്തുടയ്ക്കലും തുണിയലക്കലും പോലുള്ള വീട്ടുപണികള്‍ മാത്രം എടുക്കുന്ന ഭാര്യയെയാണ് അദ്ദേഹത്തിനു ആവശ്യം. ആര്‍ക്കിടെക്ചറില്‍ ഞാന്‍ നേടിയ ബിരുദാനന്തരബിരുദത്തിനു അദ്ദേഹം ഒരു വിലയും കല്‍പിക്കുന്നില്ല.


ഭാര്യ നന്നായി ദോശ ചുടുമെന്നും അച്ചാറിടുമെന്നും മീന്‍ പൊരിക്കുമെന്നും ഒക്കെയല്ലേ ഭര്‍ത്താക്കന്മാര്‍ പൊതുവേ പുകഴ്ത്തി പറയാറുള്ളൂ. അല്ലാതെ ഭാര്യ നന്നായി ഡിസൈന്‍ ചെയ്യുമെന്നോ ഭാര്യ നന്നായി സര്‍ജറി ചെയ്യുമെന്നോ പറയാറുണ്ടോ അബദ്ധത്തില്‍ പോലും....


ചെറുതും വലുതുമായ എന്‍റെ സ്വപ്നങ്ങള്‍ എന്‍റേതു മാത്രമായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് നിറവേറ്റുന്നതിനായി ശ്രമിക്കുന്നത് എന്‍റെ മാത്രം ജോലിയാണെന്നും ഞാനറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാനും ഭര്‍ത്താവും ഇങ്ങനെയൊക്കെ ഒന്നിച്ചു ജീവിച്ചു പോകുന്നു. എന്നിട്ടു പോലും ഞാന്‍ മേടിച്ച ഹോണ്ടാ സിറ്റി കാര്‍ വീട്ടിലെ പോര്‍ച്ചിലിടാന്‍ അദ്ദേഹം ഇതുവരെ അനുവദിച്ചിട്ടില്ല. അതുകൊണ്ട് അപ്പുറത്തെ കാറില്ലാത്ത വൃദ്ധദമ്പതിമാരുടെ വീട്ടിലെ പോര്‍ച്ചിലാണ് എന്‍റെ കാര്‍ വിശ്രമിക്കുന്നത്.


രാത്രിയില്‍ ജനല്‍ തുറന്ന് അപ്പുറത്തെ വീട്ടില്‍ കിടക്കുന്ന കാറിനെ നോക്കുമ്പോള്‍, എനിക്ക് കരച്ചില്‍ വരും.. വല്ലാത്ത ഒരു ഏകാന്തതയും അനാഥത്വവും തോന്നും.. എന്‍റെ ജോലിയോ അതില്‍ നിന്നു ഞാനുണ്ടാക്കുന്ന പേരോ ധനമോ ഒന്നും ഒട്ടും അഭിമാനിക്കത്തക്കതായി എന്‍റെ ഭര്‍ത്താവിനു തോന്നുന്നില്ലല്ലോ എന്ന് ചിലപ്പോഴൊക്കെ ഞാന്‍ വിചാരിക്കും. ആ സങ്കടത്തില്‍ പെടുമ്പോള്‍, ആ ദൈന്യമെന്നെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ ഏതു നിമിഷവും എന്നില്‍ വലിയൊരു കൊടുങ്കാറ്റുണരുമെന്നും അതില്‍ പറന്നകന്നു പോകുന്ന ഒറ്റയിലയാണ് എന്‍റെ ദാമ്പത്യമെന്നും തോന്നും.


എന്നോട് ആര്‍ക്കു വേണമെങ്കിലും പിണങ്ങാമെന്നും എന്നാല്‍ ഞാനാരോടും പിണങ്ങുകയില്ലെന്നും ഉറപ്പിച്ചു തീരുമാനിച്ചതുകൊണ്ട് ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കാമെന്നെനിക്കുറപ്പുണ്ടായിരുന്നു.


അങ്ങനെയൊക്കെയാണെങ്കിലും അന്നു രാവിലെ കാര്‍ അമല്‍ദായുടെ വില്ലയിലെ പോര്‍ച്ചിലിടുമ്പോള്‍ എനിക്ക് ഒരു ആശ്വാസവും സന്തോഷവും അഭിമാനവും തോന്നി, അമല്‍ദായെപ്പറ്റി ഓര്‍ത്ത് ഒരുപാട് ഉല്‍ക്കണ്ഠയുണ്ടായിരുന്നെങ്കിലും..


മൌ ഒരു പ്രസാദവുമില്ലാതെ വാതില്‍ തുറന്നു തന്നു. വല്ലായ്മ നിറഞ്ഞ ആ മുഖം എന്നെ വേദനിപ്പിക്കാതിരുന്നില്ല . ഇടതു കൈകൊണ്ട് മൌവിനെ ചുറ്റിപ്പിടിച്ചപ്പോള്‍ എന്തുകൊണ്ടൊ ഒതുങ്ങി നില്‍ക്കുന്നതിനു പകരം അവള്‍ എന്‍റെ കൈ അടര്‍ത്തി മാറ്റുകയാണ് ചെയ്തത്.


ഞാന്‍ ഒരു നിമിഷം പരുങ്ങിയപ്പോള്‍ മൌ പറഞ്ഞു .


‘ ഇരിക്കു. അമല്‍ ദാ ഇപ്പോള്‍ വരും.’


എനിക്ക് വല്ലായ്മ തോന്നി. മൌ ഇത്ര അപരിചിതത്വം കാണിക്കുന്നതെന്ത്? ഇത്ര അകല്‍ച്ച എന്തിനാണ് ?


അമല്‍ ദാ യുടെ വര്‍ക്ക് റൂമിലും അവരുടെ കിടപ്പുമുറിയില്‍പ്പോലും എനിക്ക് പ്രവേശനമുണ്ടായിരുന്നു. മൌ മീന്‍ മുട്ട കൊണ്ട് രുചിയുള്ള ചോപ്സ് ഉണ്ടാക്കിത്തരാറുണ്ടായിരുന്നു. കടുകരച്ചു ചേര്‍ത്ത റൂഹുവും ഹില്‍സയുമൊക്കെ മൌവിനോളം സ്വാദോടെ മറ്റാരും എനിക്ക് വിളമ്പിത്തന്നിട്ടില്ല.


ചില വൈകുന്നേരങ്ങളില്‍ മൌ മന്ദ്രമധുരമായി രൊബീന്ദ്ര സംഗീത് ആലപിച്ചു. അതു കേട്ട് സ്വയം മറന്നിരിക്കുന്ന അമല്‍ദാ അഭിമാനത്തില്‍ തിളങ്ങുന്നതു കാണുമ്പോള്‍ എന്‍റെ മനം നീറുമായിരുന്നു. . അപ്പോള്‍ എന്‍റെ കണ്ണില്‍ മൊട്ടിടുന്ന മുഴുത്ത നീര്‍ത്തുള്ളികളെ സംഗീതാസ്വാദനമായി വിവര്‍ത്തനം ചെയ്യുന്നതില്‍ ഞാന്‍ എപ്പോഴും വലിയ സാമര്‍ഥ്യം കാണിക്കും.


കൂടുതലൊന്നും പറയാതെ ഞാന്‍ ലിവിംഗ് റൂമില്‍ തന്നെ ഇരുന്നു. എനിക്ക് നന്നേ പരിചയമുള്ള ആ മുറി പെട്ടെന്ന് വല്ലാതെ വലുപ്പം വെച്ചതു മാതിരി ഉണ്ടായിരുന്നു... അവിടെ നിന്ന് എന്തൊക്കേയോ ഒഴിഞ്ഞു പോയതു മാതിരി ... അതെന്താണെന്ന് ആലോചിച്ച് കണ്ടുപിടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.


അപ്പോഴാണ് അമല്‍ ദാ വന്നത് .


ആ രൂപം തന്നെയും മാറിക്കഴിഞ്ഞിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും സുന്ദരനായ പുരുഷനായിരുന്നു ആറടിയിലധികം ഉയരമുള്ള അമല്‍ ദാ. ആ സൌന്ദര്യമെല്ലാം വാര്‍ന്നു പോയിരുന്നു. തോളുകള്‍ കുനിഞ്ഞ അമല്‍ ദായുടെ ഉയരം കൂടിയും കുറഞ്ഞു കഴിഞ്ഞിരുന്നു.


എനിക്കോടിച്ചെന്ന് അമല്‍ ദായെ കെട്ടിപ്പിടിച്ച് ഒച്ച വെച്ച് കരയണമെന്ന് തോന്നി. എന്നാല്‍ സംസ്ക്കാരമുള്ള ഒരു ഭാരതീയ കുടുംബിനി സ്വന്തം വികാരങ്ങളെ അങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന പെണ്‍തിരിച്ചറിവില്‍ ഞാന്‍ നിശ്ശബ്ദയായിരുന്നു.


അമല്‍ ദാ ചിരിച്ചു.. പക്ഷെ, അത് മുറിവേറ്റ ഒരു പക്ഷിയുടെ പിടച്ചില്‍ പോലെയുണ്ടായിരുന്നു.


അപ്പോഴാണ് ഞാന്‍ തേടിയതിന്‍റെ ഉത്തരം ഒരു ആഘാതമായി എന്‍റെ തലയില്‍ വന്നടിച്ചത്. ആ മുറിയിലുണ്ടായിരുന്ന ജീവന്‍ തുളുമ്പുന്ന ശില്‍പങ്ങള്‍... അമല്‍ ദാ തന്നെത്തന്നെ പകര്‍ന്നു കൊടുത്ത് രക്തം വിയര്‍പ്പാക്കി കൊത്തിയെടുത്ത പൂര്‍ണതയാര്‍ന്ന ശില്‍പങ്ങള്‍ ... അവയിലൊന്നു പോലും ആ മുറിയില്‍ ഉണ്ടായിരുന്നില്ല.
അവയില്ലാതെ ആ മുറി മരുഭൂമിപോലെ ശൂന്യമായിത്തോന്നി.എയര്‍ കണ്ടീഷണറില്‍ നിന്ന് കുളിര്‍മയ്ക്ക് പകരം നീരാവിയുയര്‍ന്നു...


അമല്‍ദാ സോഫയിലിരുന്നപ്പോള്‍ ഞാന്‍ എണീറ്റ് അടുത്തു ചെന്നിരുന്നു. എത്ര നിയന്ത്രിച്ചിട്ടും എനിക്ക് ആ ചോദ്യം ചോദിക്കാതിരിക്കാനായില്ല.


'അമല്‍ദാ, ഇവിടെയിരുന്ന ശില്‍പങ്ങള്‍ അവ എവിടെപ്പോയി ? എല്ലാം വിറ്റു പോയോ ?'


ഉത്തരം തന്നത് അമല്‍ ദായുടെ മകനാണ്. അവന്‍ എപ്പോഴാണ് അവിടെ കടന്നുവന്നതെന്ന് ഞാന്‍ അറിഞ്ഞില്ല.


'ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. അത് ഞങ്ങളുടെ വിശ്വാസത്തിനെതിരാണ്. ഞാനവയെല്ലാം പെറുക്കി വിറ്റു. ബാബ ഇനി ശില്‍പം ഉണ്ടാക്കില്ല. ഞാനും മായും കര്‍ശനമായി വിലക്കിയിട്ടുണ്ട്.'


അതൊരു സ്നേഹമില്ലാത്ത ശബ്ദമായിരുന്നു. അവന്‍ എന്നു മുതലാണ് ഇത്ര കര്‍ക്കശമായും നിശിതമായും ഈര്‍ച്ചവാളു പോലെ സംസാരിക്കാന്‍ പഠിച്ചതെന്ന് ഞാന്‍ അതിശയിച്ചു.


അമല്‍ദാ മെല്ലെ എന്‍റെ തോളില്‍ കൈവെച്ചു.


'എനിക്ക് ഇനി ഒന്നും നിര്‍മ്മിക്കണമെന്നില്ല. ഞാന്‍ ക്ഷീണിച്ചു പോയി രേണു.' വളരെ മന്ദ്രമായാണ് അമല്‍ദാ വാക്കുകള്‍ ഉച്ചരിച്ചത്.


എനിക്കത് ഉള്‍ക്കൊള്ളാന്‍ പോലും കഴിയുന്നില്ലായിരുന്നു. ശില്‍പങ്ങളില്ലെങ്കില്‍ ഞാനില്ല എന്ന് പ്രഖ്യാപിച്ചിരുന്ന അമല്‍ദായ്ക്ക് ഇത്തരമൊരു പരിവര്‍ത്തനം സംഭവിക്കുന്നതെങ്ങനെ ? എന്താവും യഥാര്‍ഥ കാരണം ?


അമല്‍ദായുടെ മകന്‍ തുടര്‍ന്നു സംസാരിച്ചു.


'ബാബ അത് ചുമ്മാ പറയുന്നതാണ്. ഞാനൊരു പാസ്റ്ററാണ് , ഞാനും അമ്മയും ക്രിസ്തീയരായി. ബാബ മാറിട്ടില്ല. പാസ്റ്ററായ എനിക്ക് ഈ മൂര്‍ത്തി നിര്‍മ്മാണവും മറ്റും അംഗീകരിക്കാന്‍ പറ്റില്ല. എനിക്കിപ്പോള്‍ നല്ല വരുമാനമുണ്ട്. ബാബ ഈ വൃത്തികെട്ട പരിപാടി നിറുത്തി സമാധാനമായി വീട്ടിലിരിക്കട്ടെ. '


ഞാന്‍ ഞെട്ടിപ്പോയി .


അമല്‍ദാ ഒന്നും പറഞ്ഞില്ല.


മകന്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോയി. കാര്‍ നീങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു.


അവന്‍ മതം മാറിയതും പിന്നെ അമ്മയെ നിര്‍ബന്ധിച്ചു മാറ്റിയതും ഒക്കെ ഞാനറിഞ്ഞിരുന്നു. പക്ഷെ, മാറിയ മതവിശ്വാസത്തിന്‍റെ തീക്ഷ്ണമായ അഗ്നിയില്‍ സ്വന്തം അച്ഛനെ തന്നെ ഹവിസ്സാക്കുമെന്ന് ചിന്തിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.


മൌ എങ്ങനെ ഇത്തരമൊരു കൊലപാതകത്തിനു കൂട്ടു നില്‍ക്കുന്നുവെന്ന് എനിക്ക് അല്‍ഭുതം തോന്നി. എനിക്ക് പരിചയമുള്ള മൌ അമല്‍ദായുടെ വിരലുകള്‍ തീര്‍ക്കുന്ന ശില്‍പങ്ങളുമായി പ്രേമത്തിലാവുന്നവളായിരുന്നു. പൂര്‍ണ ശില്‍പങ്ങളെ നിര്‍ന്നിമേഷം നോക്കി അഭിമാനം കൊള്ളുന്നവളായിരുന്നു. മാതൃസ്നേഹം മൌവിനെ തീര്‍ത്തും അന്ധയാക്കിയോ ?


ആക്കിയിരിക്കണം. അമ്മമാര്‍ എപ്പോഴും മക്കള്‍ക്ക് വേണ്ടി വാദിക്കുന്നവരാണല്ലോ. മകനെ ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അത് തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്ന് കരുതി അവരോട് അതികലശലായി കോപാകുലരാകുന്നവരാണ് അമ്മമാര്‍.


അമല്‍ദാ വിരലുകള്‍ ചവക്കുന്നുണ്ടെന്ന് ഞാന്‍ കണ്ടു. കൈ പിടിച്ചു വലിച്ചപ്പോള്‍ യാതൊരു പ്രതിരോധവും കാണിക്കാതെ അദ്ദേഹം ആ പ്രവൃത്തിയില്‍ നിന്ന് പിന്തിരിഞ്ഞു.


എനിക്ക് വല്ലാത്ത സങ്കടം തോന്നി.


മൌ അപ്പോഴാണ് മുറിയിലേക്ക് വന്നത്. കൈയില്‍ ചായയും സന്ദേഷും വെച്ച ചായത്തട്ടമുണ്ടായിരുന്നു. വലിയ സ്നേഹമൊന്നും കാണിക്കാതെ മൌ അത് ടീപ്പോയില്‍ വെച്ചു.


ഞാന്‍ പതുക്കെ വിളിച്ചു.


'മൌ.'


മറുപടിയൊന്നുമുണ്ടായില്ല. ഞാന്‍ പിന്നെയും വിളിച്ചു. അപ്പോഴാണ് അണക്കെട്ട് പൊട്ടിയ പോലെ മൌ സംസാരിച്ചത്.


'എനിക്ക് ഈ മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ ഒന്നും തന്നില്ല. ശില്‍പങ്ങള്‍ ഉണ്ടാക്കല്‍ മാത്രമായിരുന്നു ഇയാളുടെ തൊഴില്‍. ഈ വില്ല വാങ്ങാനും മറ്റുമായി എന്‍റെ അച്ഛന്‍ തന്ന ആഭരണങ്ങളും ജല്‍പായിഗുരിയിലെ സ്ഥലവും വില്‍ക്കേണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായി സ്വന്തം കാറില്‍ കയറിയത് മകന്‍ പാസ്റ്ററായി സുവിശേഷം പറയുകയും രോഗശാന്തി ശുശ്രൂഷ ചെയ്യുകയും അല്‍ഭുതങ്ങള്‍ കാണിക്കുകയുമൊക്കെ ചെയ്തപ്പോഴാണ്. കൈയും കാലും തലയും തിരിച്ചും മറിച്ചുമൊക്കെ വെച്ചുള്ള മനുഷ്യരേയും ഒരു ജാതി രൂപങ്ങളേയും ഒക്കെ ഉണ്ടാക്കി ഈ മനുഷ്യന്‍ കാലം കഴിച്ചു, അന്നൊക്കെ വേറെ വഴിയില്ലാത്തതുകൊണ്ട് ഞാന്‍ എല്ലാം ഇഷ്ടമാണെന്ന് ഭാവിച്ചു.. അങ്ങനെ കഴിഞ്ഞു കൂടി. എന്‍റെ മകന്‍ വളര്‍ന്നപ്പോഴാണ്, ക്രൈസ്തവരായപ്പൊഴാണ് ജീവിതത്തില്‍ സുഖമെന്താണെന്ന് ഞാന്‍ അറിഞ്ഞത്. '


മൌ വികാരവിക്ഷുബ്ധത നിമിത്തം തളര്‍ന്നു കഴിഞ്ഞിരുന്നു. ആ വാക്കുകളില്‍ കിതപ്പുണരുന്നുണ്ടായിരുന്നു.


'വിരല്‍ ചവച്ചു തിന്നാതെ സന്തോഷമായി ജീവിയ്ക്കാന്‍ പറയൂ നിന്‍റെ ദാദയോട്. മോന്‍ കാരണം അല്ലെങ്കില്‍ ഞാന്‍ കാരണം എന്നൊന്നും പറയാതെ... ഇത്രേം കാലം ഈ ശില്‍പമുണ്ടാക്കുന്ന കഷ്ടപ്പാട് ഞാന്‍ സഹിച്ചതല്ലേ.. ഞാന്‍ അന്നൊന്നും വഴക്കും ഉണ്ടാക്കിയില്ല.. വിരലും ചവച്ചില്ല.. ഇപ്പോള്‍ ഇയാള്‍ക്ക് മാത്രമെന്താ? '


മൌ പെട്ടെന്ന് നിറുത്തി അകത്തേക്കു പോയി.


അമല്‍ദായുടെ മുഖത്തെ ഭാവഭേദമാവും കാരണമെന്ന് അദ്ദേഹത്തെ നോക്കാതെ തന്നെ എനിക്ക് മനസ്സിലായി.


സന്ദേഷിനു മധുരമൊന്നും തോന്നിയില്ല. മസാല ചേര്‍ത്ത ചായ എനിക്കിഷ്ടമായതുമില്ല.


ഇനി എന്താണു പറയാനുള്ളത്. ? ഞാന്‍ അമല്‍ദായെ നോക്കിയപ്പോള്‍ അദ്ദേഹം പിന്നെയും വിരലുകള്‍ ചവയ്ക്കുകയാണ്. നേര്‍ത്തു മനോഹരമായ വിരലുകള്‍ , ദൈവം കൈയൊപ്പിട്ട വിരലുകള്‍ .. വെണ്ടക്കായ പോലെ ആ വിരലുകള്‍ അമല്‍ദാ രുചിയോടെ ചവയ്ക്കുന്നു.


ഞാന്‍ ആ കൈകള്‍ പിടിച്ചു പുറകോട്ട് വലിച്ചു.


എന്നെ നോക്കിയ അമല്‍ദായുടെ മനോഹരമായ മിഴികള്‍ നിറഞ്ഞു വരുന്നുണ്ടായിരുന്നു.


'ഞാന്‍ ശ്രമിക്കുന്നുണ്ട്, രേണു. പക്ഷെ, വിരലുകള്‍ വല്ലാതെ തുടിയ്ക്കും . അവയ്ക്ക് മണ്ണു വേണം, ഉരുകിയ ലോഹം വേണം, പള്‍പ്പ് വേണം, അതൊന്നും കൊടുക്കാതിരിക്കുമ്പോള്‍ അവ ഞാനറിയാതെ വായിലേക്ക് പോവുകയാണ്. അത് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല. അവര്‍ ശില്‍പികളായിരുന്നില്ലല്ലോ ഒരുകാലത്തും. '


എന്‍റെ കണ്ണുകള്‍ ഒരു നദിയെന്ന പോലെ നിറഞ്ഞൊഴുകി.

No comments: