Saturday, August 4, 2018

കുട്ടികളെ ദ്രോഹിക്കുമ്പോള്‍

https://www.facebook.com/echmu.kutty/posts/708268619352435

ഒന്നും എഴുതരുതെന്ന് കരുതിയതാണ് ഈ വിഷയത്തെക്കുറിച്ച് ..കാരണം പലരും പലപാടും പറഞ്ഞു ആകെ വൃത്തികേടാക്കിയ ഒരു വിഷയമാണിത്.

കുട്ടികള്‍ ലൈംഗികത ആസ്വദിക്കുന്നുവെന്ന് വായിച്ചറിഞ്ഞപ്പോള്‍ എന്‍റെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കണമെന്ന് തോന്നി.

ഇത് എന്‍റെ വ്യക്തിപരമായ ജീവിതമാണ്. ഇതില്‍ ഞാനനുഭവിച്ചതിലപ്പുറം എന്തോ ഒക്കെ ഉണ്ടായിരുന്നുവെന്ന് ആരും വിചാരിക്കരുത്. നേര്‍ഭാഷ്യങ്ങള്‍ക്ക് ആരും വിശദീകരണങ്ങള്‍ നല്‍കേണ്ടതില്ല.

മൂന്നു വയസ്സാണ് പ്രായം. ഫ്രില്ലു പിടിപ്പിച്ച ഉടുപ്പും ഷഡ്ഡിയുമൊക്കെ ഇട്ട് മുടിയില്‍ നിറമുള്ള ബോയും സ്ലൈഡും വെച്ച് ഓടിപ്പാഞ്ഞു കളിക്കുകയും വീഴുകയും കരയുകയും ചോക്ലേറ്റ് തിന്നുകയും ചെയ്യുന്ന സാധാരണ കുട്ടി. അച്ഛന്‍ അമ്മയെ അടിക്കുമെന്നതുകൊണ്ട് രാത്രിയാവുമ്പോഴും , ഞായറാഴ്ച പകലാവുമ്പോഴും വല്ലാതെ പേടിയാകുന്ന ഒരു കുട്ടി.

അന്നെന്‍റെ ചുണ്ടില്‍ ഭേദപ്പെട്ട വലുപ്പത്തില്‍ ഒരു കാക്കപ്പുള്ളിയുണ്ടായിരുന്നു. ജന്മനാ കിട്ടിയത്. എന്‍റെ എസ് എസ് എല്‍ സി ബുക്കില്‍ തിരിച്ചറിയല്‍ അടയാളമായത്. പിന്നീട് ചിലരൊക്കെ അതിസുന്ദരം എന്ന് വിശേഷിപ്പിച്ചത്. ഇപ്പോള്‍ തീര്‍ത്തും മാഞ്ഞു പോയത്.

അതു കടിച്ചെടുക്കാമെന്ന്, അതുകൊണ്ടുള്ള അഭംഗി മാറുമെന്ന് പറഞ്ഞ് ഒരു കാഡ്ബറീസ് ബാര്‍ തന്ന അച്ഛന്‍റെ സുഹൃത്ത് എന്നെ വേദനിപ്പിക്കുകയായിരുന്നു. അയാളുടെ കൈകള്‍ എന്‍റെ ഫ്രില്ലുള്ള ഷഡ്ഡിക്കുള്ളില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അയാളുടെ വൃത്തികെട്ട,ഓക്കാനിപ്പിക്കുന്ന വായ് നാറ്റവും വിരലുകളുടെ ബലവും പരുപരുപ്പും ഞാനിന്നും മറന്നിട്ടില്ല.

എനിക്ക് പേടിയായി.. അസ്വസ്ഥതയും വേദനയും തോന്നി. ഞാന്‍ ഉറക്കെ കരഞ്ഞു. അമ്മയുടെ വീട്ടുസഹായിയുമായി അയാള്‍ക്ക് ചില സൂത്ര ബന്ധങ്ങളുണ്ടായിരുന്നു. അതിനാണ് അയാള്‍ വീട്ടില്‍ വന്നിരുന്നത്. ഉച്ചയൂണു കഴിഞ്ഞ് ഞാനും മൂന്നാലു മാസം പ്രായമുള്ള കുഞ്ഞനിയത്തിയും ഉറങ്ങിയാല്‍ വീട്ടില്‍ പിന്നെ ആരുമുണ്ടാവില്ലല്ലോ.

അന്ന് പക്ഷെ, ആ വീട്ടുസഹായി കുളിയ്ക്കാന്‍ പോയിരുന്നു. അപ്പോഴാണ് ഈ അനുഭവമുണ്ടായത്.

എന്‍റെ കരച്ചില്‍ അയാളെ സ്തബ്ധനാക്കി. അയാള്‍ എന്നെ മടിയില്‍ നിന്നിറക്കി.

കുളിച്ചു വന്ന വീട്ടുസഹായിയോട് അയാള്‍ പറഞ്ഞു. 'ഇബളു തെറീ പറയും, ഞാനൊരടി വെച്ചു കൊടുത്തു. '

ജോലി കഴിഞ്ഞ് അമ്മ വന്നപ്പോഴും അച്ഛന്‍ ഹോസ്പിറ്റലില്‍ നിന്ന് മടങ്ങിയത്തിയപ്പോഴും ഞാന്‍ തെറി പറഞ്ഞ വിഷയം വലിയ കാര്യമായി അവതരിപ്പിക്കപ്പെട്ടു. തെറി പറയുന്നത് ചീത്തശീലമാണെന്ന് ഇരുവരും എന്നോട് കര്‍ശനമായി പറഞ്ഞു.

എനിക്ക് ഒറ്റയക്ഷരം ശബ്ദിക്കാന്‍ കഴിഞ്ഞില്ല.

രാത്രിയായപ്പോഴേക്കും എനിക്ക് പനി വന്നു. പനി മാറി എണീറ്റ എനിക്ക് വര്‍ത്തമാനത്തില്‍ വിക്ക് ഉണ്ടായിരുന്നു. അച്ഛനുമമ്മയും എന്നെ ഒരു സ്പീച്ച് തെറാപ്പിസ്റ്റിനെ കാണിച്ചു. പിന്നെ തിരുവുള്ളക്കാവ് അമ്പലത്തില്‍ കൊണ്ടുപോയി തൊഴീച്ചു. സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ മിടുക്കുകൊണ്ട് വിക്ക് മാറിയെന്ന് അച്ഛനും അമ്പലത്തില്‍ തൊഴുതതുകൊണ്ട് വിക്ക് മാറിയെന്ന് അമ്മയും കരുതി.

പക്ഷെ, രാത്രി കണ്ണും മിഴിച്ച് കിടക്കുന്ന എനിക്ക് എന്തോ കാര്യമായ മന:പ്രയാസമുണ്ടെന്ന് അമ്മ മനസ്സിലാക്കിയിരുന്നു. അതെന്തെന്ന് എനിക്ക് അമ്മയെ പറഞ്ഞു മനസ്സിലാക്കാന്‍ അപ്പോഴൊന്നും കഴിഞ്ഞില്ല. അങ്ങനെയാണ് ഉറങ്ങുകയും ഉണ്ണുകയും ഒന്നും ചെയ്യാത്ത പക്ഷിപീഢ പിടിച്ച പോലെയുള്ള കുട്ടിയായ ഞാന്‍ അമ്മീമ്മയുടെ സംരക്ഷണത്തിലേക്ക് ഒടുവില്‍ എത്തിപ്പെട്ടത്.

പിന്നീട് മുതിര്‍ന്നു വരുമ്പോള്‍ പന്ത്രണ്ടു വയസ്സുള്ള കാലത്ത് ഇത്തരം പീഡനങ്ങള്‍ നടത്തുന്നവര്‍ക്ക് സ്റ്റാറ്റസ് , ജോലി, തറവാടിത്തം എന്നൊക്കെപ്പറയുന്ന യാതൊന്നുമില്ലെന്ന് എനിക്ക് തികഞ്ഞ ബോധ്യമായി .

പന്ത്രണ്ട് വയസ്സില്‍ എനിക്കൊരുപാട് തലമുടിയുണ്ടായിരുന്നു. തലമുടി ഒരു മദനോപകരണമാണെന്നും നെഞ്ചില്‍ പതുക്കെ കൂമ്പി വരുന്ന മുലമൊട്ടുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ അമര്‍ത്തി ഞെരിക്കപ്പെടുമെന്നും ആ കാലത്ത് ഞാന്‍ മനസ്സിലാക്കി. ആ ജഡ്ജിയേയും വക്കീലിനേയും അവരുടെയൊക്കെ കേള്‍വി കേട്ട തറവാടിത്തത്തേയും ഒന്നും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തലമുടി നരയ്ക്കാന്‍ തുടങ്ങിയ പ്രായത്തില്‍ പനി കൂടി ഡെലീറിയമാവുമ്പോള്‍ ഈ മുഖങ്ങള്‍ എന്‍റെ ഉള്ളില്‍ കടന്നു വരും. ഒരു സൈക്കഡലിക് ചിത്രം പോലെ..

പിന്നെ ലോകത്തിലെ ഏതൊരു സ്ത്രീയേയും പോലെ സൂക്ഷിക്കണം, ആരേയും വിശ്വസിക്കരുത്, പരല്‍ മീനിനെപ്പോലെ വഴുക്കിവഴുക്കി പിടി കൊടുക്കാതെ പോകണം എന്ന് ഞാനും പഠിച്ചു. ഏതു നിമിഷവും എവിടെ വെച്ചും ആക്രമിക്കപ്പെടാമെന്ന് ഞാന്‍ മനസ്സിലാക്കി.

എന്‍റെ തലമുടി ഒരു മര്‍ദ്ദനോപകരണവുമാണെന്ന് ഞാനറിഞ്ഞത് പിന്നെയും ആറേഴു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു.

പിന്‍ കുറിപ്പ്

കൊച്ചു കുട്ടികള്‍ ലൈംഗികത ആസ്വദിക്കുന്നുവെന്ന വാദം വളരെ വിചിത്രമാണ്. അവര്‍ ഭയന്നു പോവുകയാണ്. ഉള്‍വലിയുകയാണ്. അവരുടെ വേദനകള്‍ ആരുമറിയാതെ പോകുന്നു.കുട്ടിയല്ലേ എന്നൊരു ന്യായം കാണിച്ച് അവരെ വളരെ എളുപ്പത്തില്‍ നമുക്ക് നിസ്സാരമാക്കാം. നിശ്ശബ്ദരാക്കാം. കുട്ടികളുടെ തലയില്‍ കയറിയിരുന്നു മുതിര്‍ന്നവര്‍ക്ക് ചിന്തിക്കാം . കാരണം കുട്ടികള്‍ക്ക് വേണ്ടിയല്ല സ്ത്രീകള്‍ക്ക് വേണ്ടിയല്ല ദുര്‍ബലര്‍ക്ക് വേണ്ടിയല്ല നമ്മുടെ നിയമ വ്യവസ്ഥ നടപ്പിലാക്കിയിട്ടുള്ളത്. അതു നടപ്പാക്കുന്നവരില്‍ അധിക പങ്കും കുട്ടികളല്ല, സ്ത്രീകളല്ല, ദുര്‍ബലരല്ല...

No comments: