Thursday, August 2, 2018

ബാല്യകാലസഖി

https://www.facebook.com/echmu.kutty/posts/700558346790129

ചിലപ്പോള്‍ തികച്ചും ആകസ്മികമായി ആവും വളരെ ആഗ്രഹിച്ചിരുന്നതും എന്നാല്‍ തീരെ നടക്കാതിരുന്നതുമായ ചില കണ്ടുമുട്ടലുകളുണ്ടാകുന്നത്. ഞാന്‍ അവളെ അന്വേഷിച്ചു ചെന്നപ്പോഴൊന്നും അവള്‍ ഉണ്ടായിരുന്നില്ല. പലായനങ്ങളിലും അലച്ചിലുകളിലും ദുരിതങ്ങളിലും ആണ്ടു മുങ്ങിയതുകൊണ്ട് എപ്പോഴും പോകാന്‍ എനിക്കും സാധിച്ചിരുന്നില്ല. അങ്ങനെ അതു നീണ്ടുപോയി.

അമ്മയും കടന്നു പോയപ്പോള്‍, മനസ്സമാധാനം തേടി , ഞാന്‍ അമ്മീമ്മയുമൊത്ത് നടന്നുതീര്‍ത്ത ഗ്രാമീണവഴികളിലൂടെ വെറുതേ അലഞ്ഞു നടക്കുമ്പോഴാണ് അവള്‍ എന്‍റെ എതിരേ കടന്നുവന്നത്. ഒരു നിമിഷം സ്തംഭിച്ചു നിന്നിട്ട് ഞങ്ങള്‍ തികച്ചും ഗാഢമായ ഒരാലിംഗനത്തിലമര്‍ന്നു.അവള്‍ എന്നേക്കാള്‍ കുറച്ചു മുതിര്‍ന്നവളായിരുന്നു.

അനവധി കാലങ്ങള്‍ക്ക് ശേഷമുള്ള ഒരു കണ്ടുമുട്ടലായിരുന്നു ഞങ്ങളുടേത്.
ഞങ്ങള്‍ ഒന്നിച്ചിരുന്നു കാപ്പി കുടിച്ചു, വെളിച്ചെണ്ണയില്‍ വറുത്ത കടച്ചക്കയായിരുന്നു നാലുമണിക്കാപ്പിയുടെ ഒപ്പം. അവളുടെ വീട്ടുപറമ്പില്‍ ഒത്തിരി മരങ്ങളും ധാരാളം പൂച്ചെടികളും ഉണ്ട്. മുറ്റം മുഴുവന്‍ കോലമിട്ട് അലങ്കരിച്ചിട്ടുണ്ട്.

പക്ഷെ, ആ വലിയ പറമ്പിലെ വീട്ടില്‍ അവള്‍ തനിച്ചാണ് താമസിക്കുന്നത്.
അവളുടെ വിവാഹം വളരെ മുമ്പേ നടന്നതായിരുന്നു. ഞാന്‍ ജീവിതത്തിലെ അലച്ചിലുകളുമായി നാടുചുറ്റിത്തിരിയുമ്പോള്‍ അവള്‍ സംതൃപ്ത കുടുംബിനിയായി കഴിയുന്നുവെന്നാണ് ഞാന്‍ കരുതിയിരുന്നത്.

ജോലിയില്ലാത്ത ഭര്‍ത്താവിനെ പത്തിരുപതുകൊല്ലം അവള്‍ ജോലി ചെയ്ത് പരിപാലിച്ചുവരികയായിരുന്നു. എല്ലാവരോടും ഇഷ്ടം പോലെ പ്രസാദാത്മകമായി സംസാരിക്കും എന്നതാണ് ആകെ ഭര്‍ത്താവിനുണ്ടായിരുന്ന ഗുണം. പിന്നെ ഓം ജയ ജഗദീശ ഹരേ എന്ന് തുടങ്ങി എഴുപത്തിരണ്ടു തരം ആരതി ശ്ലോകങ്ങള്‍ ചൊല്ലാന്‍ അറിയാം.

എന്നാല്‍ അയാള്‍ ഒരു കൊടുംവഞ്ചകനായിരുന്നുവെന്ന് അവള്‍ വിങ്ങിപ്പൊട്ടി.

ഞാന്‍ കണ്ണു മിഴിച്ചിരുന്നു.

അവള്‍ക്ക് ഒരു കുഞ്ഞു പോലും ജനിച്ചില്ല. അത് സാരമില്ല. അവള്‍ക്കാണ് കുഴപ്പമെന്ന് പറഞ്ഞ് അയാള്‍ അവളേയും കൊണ്ട് പറ്റാവുന്ന ആശുപത്രിയിലൊക്കെ പരിശോധനകള്‍ക്ക് പോയി. അപ്പോഴൊന്നും അയാള്‍ ഒരു ടെസ്റ്റിനും തയാറായില്ല.

പക്ഷെ, എല്ലാ കളവുകളും എന്നെങ്കിലും പൊളിയും. അതാണല്ലോ കള്ളങ്ങളുടെയെല്ലാം ജാതകം. നല്ല തന്‍റേടമുള്ള ഒരു പുരുഷ ഡോക്ടര്‍ അയാളാണ് ഇമ്പൊട്ടന്‍റ് എന്ന് കൃത്യമായി കണ്ടുപിടിച്ചു.

അവള്‍ ഭ്രാന്തോളമെത്തുന്ന വിധത്തില്‍ തകര്‍ന്നു തരിപ്പണമായെങ്കിലും അയാളെ ഉപേക്ഷിക്കുകയൊന്നും ചെയ്തില്ല. ചിലപ്പോള്‍ കരഞ്ഞുകൊണ്ട് ജോലിക്കു പോയി, ചിലപ്പോള്‍ മൂക്കു പിഴിഞ്ഞും കണ്ണു തുടച്ചും കൊണ്ട് ജോലി ചെയ്തു. എങ്കിലും ഒരു മുടക്കവുമില്ലാതെ അയാളെ തീറ്റിപ്പോറ്റി.

അവളുടെ അച്ഛനും, ആറുമാസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോഴാണ് അവള്‍ എന്നോട് പറഞ്ഞതുമാതിരി 'നമ്മള്‍ കൂപ്പിട്ടാ കേള്‍ക്കറ ഭഗവാനൊന്നുമില്ലയ് ടി കലാ' എന്ന് അവള്‍ക്ക് തന്നെ ബോധ്യം വന്നത്.

പന്ത്രണ്ട് വര്‍ഷക്കാലം അവള്‍ അമ്മയേയും അച്ഛനേയും ചികില്‍സിപ്പിച്ചു ശുശ്രൂഷിച്ചു. ചികില്‍സയും ശുശ്രൂഷയുമൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. രോഗികളേയും കൊണ്ട് ബസ്സില്‍ കയറി ആശുപത്രിയില്‍ പോവുക, ക്യാന്‍സറിന്‍റെ വേദന നിറഞ്ഞ പലതരം ചികില്‍സകള്‍ക്ക് അമ്മയേയുമച്ഛനേയും വിട്ടു കൊടുക്കുക, ഭര്‍ത്താവിന്‍റെ തികച്ചും നിരുത്തരവാദപരമായ സമീപനങ്ങള്‍ സഹിക്കുക …അവളുടെ ജീ വിതം അങ്ങനെ ഇഴഞ്ഞു നീങ്ങുകയായിരുന്നു. മുതിര്‍ന്ന സഹോദരങ്ങളാരും തന്നെ അവള്‍ക്ക് ഒരു സഹായവും ചെയ്തില്ലെന്ന് പറഞ്ഞുകൂടാ. അത്യാവശ്യം പണമയച്ചിരുന്നു. എന്നാല്‍ ആരും ഒപ്പം വന്ന് പാര്‍ക്കാനോ അവളുടെ വേദനകള്‍ പങ്കിടാനോ തയാറായിരുന്നില്ല. അവരവരുടെ ജീവിതം മാറ്റിവെയ്ക്കാന്‍ ആര്‍ക്കും പറ്റില്ലല്ലോ.

ഷണ്ഡത്വമുണ്ടായിരുന്നെങ്കിലും അവളുടെ ഭര്‍ത്താവിനു രാത്രികളില്‍ അവളെ അടുത്തു വേണമായിരുന്നു. അങ്ങനെ ഒരു രാത്രി അവളുടെ നഗ്നതയില്‍ വിരലോടിച്ചുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു. 'എനിക്കീ ജീവിതം മടുത്തു. ഈ വീട്ടിലാകെ മലത്തിന്‍റേയും മൂത്രത്തിന്‍റേയും ച്ഛര്‍ദ്ദിയുടെയും നാറ്റമാണ്. നിനക്കും ഇപ്പോള്‍ ആ നാറ്റം തന്നെ, അറച്ചിട്ട് വയ്യ.'

അതു എന്നോട് പറയുമ്പോള്‍ അവള്‍ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു.
എനിക്ക് തോന്നി അവള്‍ക്ക് ഭൂതാവേശമുണ്ടായിയെന്ന് . സഹിക്കാന്‍ പറ്റാതെ ആവുമ്പോള്‍ സ്ത്രീകള്‍ ഹിസ്റ്റീരിക്കും എക്സന്‍ട്രിക്കും ഒക്കെ ആവാറുണ്ടല്ലോ.. അതുപോലെ .. ഞാന്‍ അല്‍പം ഭയത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.

'ഞാന്‍ ചൂലെടുത്ത് അയാളെ അച്ചാലുമുച്ചാലും അടിച്ചിറക്കി. ഞാന്‍ തുണിയൊന്നും എടുത്ത് ഉടുക്കാന്‍ മെനക്കെട്ടില്ല. ഇനി ഈ വീട്ടില്‍ കാലെടുത്ത് വെച്ചാല്‍ വെട്ടിക്കൊല്ലുമെന്ന് അയാളെ ഭീഷണിപ്പെടുത്തി. എന്‍റെ തൊഴുതു പിടിച്ച് കരയുന്ന പാവം രൂപമേ അയാള്‍ കണ്ടിരുന്നുള്ളൂ . അതുവരെ , എന്‍റെ ഉടുതുണിയില്ലാത്ത ഭദ്രകാളീ രൂപം കണ്ട് അയാള്‍ ഭയന്നു പോയി.'

അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉപസംഹരിച്ചു.

'പിന്നെ അയാള്‍ ഈ പടി കയറിയിട്ടില്ല.'

ഞാന്‍ ചോദിച്ചു . നിയമപരമായി ഡൈവോഴ്സ് കിട്ടിയോ ?

അവള്‍ അത്യുച്ചത്തില്‍ പൊട്ടിച്ചിരിച്ചു. 'ഉനക്ക് പൈത്യമാ കലാ? ഉന്നെ മാതിരി നാനും തേവയില്ലാമേ കോടതിയിലെ അലയണമാ ? ഇന്നാട്ടിലെ കോടതിയും നിയമവും ഭരണഘടനയും പോലീസും വക്കീലുമെല്ലാം ആണുങ്ങള്‍ക്കുള്ളതാണ്. നമ്മള്‍ അവിടെ ചെന്ന് ചുറ്റിത്തിരിയാമെന്നല്ലാതെ, പണം ചെലവാക്കാമെന്നല്ലാതെ, പിന്നേം പിന്നേം അവസാനമില്ലാതെ അപമാനപ്പെടാമെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. ഇനി അയാള്‍ വന്നാല്‍ ഞാന്‍ പിന്നെയും ചൂലെടുത്തടിക്കും. അതു തന്നെ. '

'ഇപ്പോള്‍ നിനക്ക് സമാധാനമുണ്ടോ?'

' ഉണ്ട്.. അച്ഛനേയും അമ്മയേയും എന്നെക്കൊണ്ടാവുന്നതു പോലെ ഞാന്‍ നോക്കി. അവസാനകാലത്ത് അവരെ കൈയില്‍ കോരിയെടുത്ത് ആശുപത്രികളില്‍ കൊണ്ടു പോയി, കുളിപ്പിച്ചു തോര്‍ത്തി,ച്ഛര്‍ദ്ദിയും അപ്പിയും മൂത്രവും എല്ലാം കോരി.. പക്ഷെ, എന്നെ വിമര്‍ശിക്കാനും ഉപദ്രവിക്കാനും ഇവിടെ ആരുമുണ്ടായിരുന്നില്ല... സഹായിക്കാനാളില്ലാത്തതു പോലെ.. അച്ഛനും അമ്മയും പോയപ്പോള്‍ ഞാന്‍ സമാധാനമായി ഈ വീട്ടില്‍ പാര്‍ക്കുന്നു.'

'നിനക്ക് ഏകാന്തത തോന്നാറില്ലേ..'

'ഞാന്‍ ജോലിക്കു പോകും, വീട്ടുപണി എല്ലാം ചെയ്യും, ചെടികളെ പരിപാലിക്കും, പിന്നെ എന്‍റെ നായയുണ്ട്.. അവന്‍ തരുന്ന സ്നേഹം മറ്റാരും തന്നിട്ടില്ല എനിക്ക്.' നായയെക്കുറിച്ച് പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറി.

നായയുടെ സ്നേഹത്തെപ്പറ്റി അവള്‍ പറയുന്നതു ശരിയാണെന്ന് എനിക്കറിയാം. ഭര്‍ത്താവ് തല്ലുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ നായകളെ വളര്‍ത്തുന്ന ഒരു കൂട്ടുകാരിയുണ്ട് എനിക്ക്. അയാള്‍ സാമാന്യത്തിലധികം ഒച്ചയെടുക്കുമ്പോള്‍ നായകള്‍ ഓടിവന്ന് അവളുടെ അടുത്ത് നില്‍ക്കുമെന്നും അയാളെ നോക്കി കുരയ്ക്കുമെന്നും അവള്‍ ആശ്വാസപ്പെട്ടത് എനിക്കോര്‍മ്മയുണ്ട്. അയാള്‍ അവയെ വധിക്കുമോ എന്ന ഭീതി എപ്പോഴും അവള്‍ക്കുണ്ടെങ്കിലും...

'ഡൈവോഴ്സ്ക്ക് കോടതിയിലെ പോകണ്ട എന്ന് നെനച്ചേന്‍ .. ആനാ..' അവള്‍ പകുതിയില്‍ നിറുത്തി.

സഹോദരങ്ങള്‍ക്ക് അച്ഛന്‍ ആ വീടും പറമ്പും അവളുടെ പേരില്‍ എഴുതിക്കൊടുത്തത് ഇഷ്ടമായില്ലത്രേ. അതിനായി കോടതിയില്‍ പോയിരിക്കുകയാണ് അവര്‍. അതുകൊണ്ട് അവള്‍ക്ക് ഇനി കോടതിയില്‍ പോയേ തീരു.

'ഞാന്‍ രാവിലെ ഉണരുമ്പോള്‍ നിന്‍റെ അമ്മീമ്മയെ ഓര്‍ക്കും. അപ്പോള്‍ എനിക്കൊരു ബലം കിട്ടും. ദിവസം മുഴുവന്‍ ആ ബലത്തില്‍ ജോലി ചെയ്യും. ഉറങ്ങാന്‍ കിടക്കുമ്പോഴും നിന്‍റെ അമ്മീമ്മയെ ഓര്‍ക്കും. അങ്ങനെ ഞാനുറങ്ങും.'

ഞാനവളെ കെട്ടിപ്പിടിച്ചു. ഇനിയും പോകാമെന്നും രാത്രി മുഴുവന്‍ വര്‍ത്തമാനം പറഞ്ഞിരിക്കാമെന്നും ഏറ്റു.

പോകണം .. എത്ര തിരക്കാണെങ്കിലും സമയം കണ്ടെത്തി പോകണം.

No comments: