ഇതൊരു ആധുനിക അടുക്കളയാണ്. ഒറ്റയ്ക്ക് തികച്ചും ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുപ്പതുകാരിയുടേ അടുക്കള. ഒറ്റയ്ക്ക് പാര്‍ക്കുന്നവര്‍ എന്തുണ്ടാക്കാനാ ? ഒറ്റയ്ക്ക് കഴിയ്ക്കാന്‍ ഒരു സുഖവുമില്ല, ഒറ്റയ്ക്ക് പാചകം ചെയ്യാനുള്ള മടി കൊണ്ട് ഞാന്‍ ഒരു ഗ്ലാസ് പാല്‍ കുടിച്ച് കിടന്നുറങ്ങി , ഒറ്റയ്ക്ക് പാര്‍ക്കണേടത്ത് എന്ത് വീട്ടു പണിയാ എന്ത് അടുക്കളപ്പണിയാ, ആണുങ്ങള്‍ കഴിക്കാനില്ലെങ്കില്‍ പിന്നെ വെച്ചു വിളമ്പാന്‍ ഒരു രസവുമില്ല എന്നും മറ്റും എല്ലാവരും പല രീതിയില്‍ അതീവ നിസ്സാരമാക്കുന്ന ഒരു ഒറ്റപ്പെണ്ണിന്‍റെ അടുക്കള.
അവള്‍ ജോലിക്കു പോകുന്നു. വൈകുന്നേരം ക്ഷീണിച്ച് മടങ്ങുന്നു. അവള്‍ക്കായി ആരും കാപ്പിയും പലഹാരങ്ങളും തയാറാക്കി പൂമുഖവാതില്‍ക്കല്‍ പുഞ്ചിരി തൂകുന്നില്ല. അവള്‍ തനിയെ കാപ്പിയിട്ട് കുടിക്കുന്നു. കുറച്ചു നേരം വിശ്രമിക്കുന്നു. പിന്നെ അത്താഴത്തിനു വേണ്ട പരിശ്രമങ്ങള്‍ തുടങ്ങുന്നു.
അവളുടെ അടുക്കളയില്‍ ആധുനിക ഉപകരണങ്ങള്‍ എല്ലാമുണ്ട്. നല്ല പാത്രങ്ങളുണ്ട്. സൌകര്യങ്ങളുണ്ട്. വെടിപ്പും വൃത്തിയും സംഗീതവുമുണ്ട്. എല്ലാം അവള്‍ക്കായി മാത്രമാണ്. അവിടെ കടന്നു ചെന്ന് ആര്‍ക്കും അവളെ നിന്ദിക്കാനോ പരിഹസിക്കാനോ പറ്റില്ല. ആരുടേ രുചിഭേദത്തിനനുസരിച്ചും അവള്‍ക്ക് മസാലക്കൂട്ടോ പച്ചക്കറിക്കഷണങ്ങളോ മല്‍സ്യമാംസങ്ങളോ മാറ്റേണ്ടതില്ല. സ്വാതന്ത്ര്യമുള്ള അടുക്കള... അപ്പോള്‍ മറ്റുള്ളവര്‍ പൂരിപ്പിക്കും അല്ല, ഏകാന്തമായ അടുക്കള.
എന്തും പരീക്ഷിച്ചു നോക്കാമെന്നതാണ് അവളുടെ അടുക്കളയുടേ ഏറ്റവും വലിയ സൌകര്യം. ബിയറോ ബ്രാന്‍ ഡിയോ റമ്മോ ബീഫോ ഒന്നും അടുക്കളയില്‍ വിലക്കപ്പെട്ടില്ല. ആവശ്യമുള്ളപ്പോള്‍ എത്ര വേണമെങ്കിലും ജോലി ചെയ്യാമെന്നതു പോലെ തോന്നുമ്പോഴൊക്കെ ഒന്നും ചെയ്യാതിരിക്കാമെന്നതും ആ അടുക്കളയുടേ ഒപ്പില്‍ പെടും. കാരണം അവള്‍ മാത്രമാണല്ലോ അടുക്കളയുടെ ചക്രവര്‍ത്തിനി.
അവള്‍ ആസ്വദിച്ചു പാചകം ചെയ്തു, ഭക്ഷണത്തെ ഭംഗിയായി അലങ്കരിച്ചു. ഫോട്ടോ എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചു. പാട്ടു കേട്ടുകൊണ്ട് ഓരോ തരി ആഹാരവും രുചിച്ചു കഴിച്ചു. ആഹാരം അവളുടേ ദേഹത്ത് പിടിക്കാതിരുന്നില്ല. വഴക്കോ വിമര്‍ശനമോ പരിഹാസമോ നിന്ദയോ താരതമ്യമോ ഇല്ലാതിരുന്നതുകൊണ്ട് പാചകവും ആഹാരവും അവള്‍ക്ക് ആനന്ദം മാത്രം നല്‍കുന്ന അനുഭവങ്ങളായിത്തീര്‍ന്നു.
അതുകൊണ്ടൊക്കെയാണ് പുതിനയുടേയും മല്ലിയിലയുടേയും സുഗന്ധം പരത്തുന്ന പനീര്‍ അവള്‍ ഉണ്ടാക്കിയത്. കാട്ടുതേന്‍ ചേര്‍ത്ത ചായ ആസ്വദിച്ചത്. റഷ്യന്‍ , മെക്സിക്കന്‍ സലാഡുകള്‍ പരീക്ഷിച്ചത്, മെക്ഡൊണാള്‍ഡ്സിന്‍റെ പിറ്റ്സയും കെ എഫ് സിയുടേ ചിക്കനും സ്വയം നിര്‍മ്മിച്ചത്... അവളുടെ കൂട്ടുകാര്‍ അന്തം വിട്ടിരുന്നുകൊണ്ട് എല്ലാ ഭക്ഷണവും ആസ്വദിച്ചു കഴിച്ചു. അവള്‍ക്ക് അഭിനന്ദനപ്പൂക്കൂടകള്‍ സന്തോഷത്തോടേ സമര്‍പ്പിച്ചു.
അവള്‍ അങ്ങനെയായിരുന്നു. കൈപ്പുണ്യവും ഭാവനയും പാചകത്തിനോടുള്ള അര്‍പ്പണബോധവും അവളെ ഒന്നാന്തരമൊരു പാചകക്കാരിയാക്കി മാറ്റി. വെറും നാടന്‍ ചമ്മന്തി മുതല്‍ ഇന്‍റര്‍നാഷണല്‍ ലെവലിലുള്ള വിഭവങ്ങള്‍ കൂടി അവള്‍ അനായാസം ഉണ്ടാക്കി.. ആസ്വദിച്ചു കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യമാണ് പുതുമയുടെ വാതിലുകള്‍ക്കും നിര്‍മ്മിതികള്‍ക്കും പ്രചോദനം നല്‍കുന്നത്. അടിച്ചൊതുക്കുമ്പോള്‍ പരീക്ഷണ സ്വാതന്ത്ര്യങ്ങള്‍ തകര്‍ന്നു പോകുന്നു. പരീക്ഷിക്കാനുള്ള കണ്ടുപിടിക്കാനുള്ള ത്വരയും നഷ്ടമാവുന്നു.
ചങ്ങലക്കെട്ടുകള്‍ക്കിടയില്‍ നിന്ന് വീര്‍പ്പുമുട്ടിക്കൊണ്ടും പുതുമയുടെ വാതിലുകള്‍ തുറക്കുന്നവരുണ്ട്. അവര്‍ കിതപ്പോടെ ദീര്‍ഘനിശ്വാസത്തോടെ വിങ്ങലൊടേ ആവും അതു ചെയ്യുക.
സ്വാതന്ത്ര്യത്തിന്‍റെ വിലയെ ഭംഗിയായി അറിയുന്നവള്‍ അതില്‍ ആഹ്ലാദിക്കുന്നവള്‍
അവള്‍ എന്‍റെ സ്നേഹിത ... സ്നേഹമുള്ളവള്‍... സ്നേഹ
( അവസാനിച്ചു )
No comments:
Post a Comment