Friday, August 31, 2018

വിഷാദം... അതുണ്ടാകുന്നത്...

https://www.facebook.com/echmu.kutty/posts/854558584723437

വ്യക്തികളില്‍ വിഷാദമെന്ന അവസ്ഥ എത്ര ഭീകരമാണെന്ന് എനിക്കറിയാം. ജീവിതമേ ആവശ്യമില്ലെന്ന് തോന്നുന്ന, ജീവിതത്തില്‍ ഒന്നും നമ്മെ ആകര്‍ഷിക്കാത്ത ആ നിസ്സഹായത അനവധി കാലങ്ങളോളം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അനുഭവിക്കുന്നുണ്ട്. മരണത്തോളം പോന്ന ശൂന്യതയാണത്. മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്ന ഒരു കാര്യവുമല്ല അത്. കാരണം അതു മനസ്സിലാക്കാനും പ്രത്യേകമായ ഒരു മാനസികാവസ്ഥ ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ ആ മാനസികാവസ്ഥയുള്ളവരെ കണ്ടുകിട്ടുക തീരെ എളുപ്പമല്ല. ഒരേ തരംഗ ദൈര്‍ഘ്യമുള്ള മനസ്സുകള്‍ക്ക് മാത്രമേ വിഷാദത്തെ തിരിച്ചറിയാനും അതനുഭവിക്കുന്നവരെ അസാമാന്യമായ ക്ഷമയോടെയും മനക്കരുത്തോടേയും പുഞ്ചിരിയുടെ ലോകത്തേക്ക് മടക്കി വിളിക്കാനും കഴിയൂ. അവരെ ചിലപ്പോള്‍ നമ്മള്‍ ദൈവമെന്ന് വിളിച്ചു പോകും. അവരുടെ പടം, ശബ്ദം ഒക്കെയും ചിലപ്പോള്‍ നമ്മെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തും.

വളരെ സാധാരണമായി ആലോചിക്കുമ്പോള്‍ ഇതൊന്നും തലയില്‍ കയറണമെന്നില്ല. 'നിനക്കെന്തിന്‍റെ കുറവാണ്? സങ്കടാനുഭവങ്ങള്‍ കഴിഞ്ഞു പോയില്ലേ? ഇപ്പോ ഒന്നുമില്ലല്ലോ ... കഴിഞ്ഞതോര്‍ത്ത് സങ്കടപ്പെടുന്നത് വേറെ ജോലിയില്ലാത്തതുകൊണ്ടാണ്. ചുട്ട അടി കിട്ടാഞ്ഞിട്ടാണ്' എന്നൊക്കെ ആ മനസ്സുകളെ നമ്മള്‍ നിസ്സാരപ്പെടുത്തും. എന്നോടും എല്ലാവരും അങ്ങനെ തന്നെ പറയാറുണ്ട്.

കുട്ടിക്കാലത്തെ ലൈംഗിക പീഡനങ്ങള്‍, അതിരു കവിഞ്ഞും വേദനിപ്പിച്ചിട്ടുള്ള ജീവിതാനുഭവങ്ങള്‍, എപ്പോഴും വിമര്‍ശനങ്ങളുടെ കത്തിമുനയില്‍ നില്‍ക്കുകയും എന്നാല്‍ ഏറ്റവും ഗംഭീരമായി പെര്‍ഫോം ചെയ്യേണ്ടി വരികയും ചെയ്യുന്ന ജീവിതപരിതസ്ഥിതികള്‍ , ശാരീരികമായി ഏതു നിമിഷവും പരിക്കേല്‍ക്കപ്പെടാമെന്നുള്ള അവസ്ഥ, നിങ്ങള്‍ കരുതുന്ന ആളല്ല ഞാന്‍ എന്ന് എപ്പോഴുമെവിടേയും തെളിയിക്കേണ്ടി വരല്‍ - എന്നെ തീവ്ര വിഷാദത്തിലേക്ക് തള്ളിയിട്ടിട്ടുള്ള ചില കാര്യങ്ങളാണിവ.

നമ്മുടെ നാട്ടിലെ നിയമങ്ങളുമായി ഇടപെടുമ്പോള്‍, പോലീസോ പട്ടാളമോ കോടതിയോ എന്തുമാവട്ടേ.. ഇന്ത്യന്‍ ആര്‍മി റേപ് അസ് എന്ന് വിളിച്ചു പറഞ്ഞ് നഗ്നരായി നിന്ന മണിപ്പൂരിലെ അമ്മമാരെയും പോലീസുകാരാല്‍ യോനിയില്‍ കല്ലടിച്ചു കയറ്റപ്പെട്ട സോണി സോറനെയും ഞാന്‍ പലവട്ടം ഓര്‍ത്തു പോയിട്ടുണ്ട്. വ്യാജഏറ്റുമുട്ടലുകള്‍ നടത്തി പ്രമോഷന്‍ നേടുന്ന ഉദ്യോഗസ്ഥരെ.യും അവരെല്ലാമാണ് ശരിയെന്ന് പ്രഖ്യാപിക്കുന്ന സിനിമകളെയും കലാരൂപങ്ങളെയും സംഭാഷണങ്ങളേയും ഭ്രാന്തോളം വെറുത്തിട്ടുണ്ട്.

സ്ത്രീയെ അഗ്നിപരീക്ഷയ്ക്ക് സമര്‍പ്പിക്കുന്നതും പണയത്തിനു വെയ്ക്കുന്നതുമാണ് ഉന്നതമായ സംസ്ക്കാരം എന്ന് വാഴ്ത്തുന്ന ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥങ്ങള്‍ എന്ന അറിയിപ്പിനെ ഒരു കാലത്തും എനിക്ക് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. മതങ്ങളും ജാതികളുമെല്ലാം പെണ്ണിനെ അടിമ കിടത്താന്‍ പരസ്പരം മല്‍സരിക്കുന്നവയാണെന്ന് കുട്ടിക്കാലത്തേ കണ്ടൂ മനസ്സിലാക്കിയിട്ടുണ്ട് . ഇപ്പോള്‍ പിന്നെ സംസാരിച്ചാല്‍ എഴുതിയാല്‍ ചോദ്യം ചോദിച്ചാല്‍ ഒരു വെടിയുണ്ട നിനക്കായി ഞങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്ന അറിയിപ്പു കിട്ടുന്ന സുവര്‍ണകാലമാണല്ലോ. അങ്ങനെ മരിച്ചു പോയവരും ജയിലിലാക്കപ്പെടുന്നവരും ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ നമ്പറുകളായി കൂടി വരികയാണല്ലോ.

അമ്പലങ്ങളിലും പള്ളികളിലും ഗുരുദ്വാരകളിലും ദര്‍ഗകളിലുമെല്ലാം പോയി ഞാന്‍ കുറേ പ്രാര്‍ഥിച്ചിട്ടുണ്ട്, ശ്ലോകങ്ങള്‍ ചൊല്ലുകയും വ്രതങ്ങള്‍ നോല്‍ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. എനിക്കായി മാത്രമല്ല കരയുന്ന പലര്‍ക്കു വേണ്ടിയും .. ആ വേദനയില്‍ നിന്നു രക്ഷപ്പെടാന്‍ ഭ്രാന്തു പോലെ ജോലിയെടുക്കുകയും ശരീരത്തെ അങ്ങേയറ്റം ക്ഷീണിപ്പിക്കുകയും ചെയ്തു നോക്കുമ്പോഴും വിഷാദം ഒരു സാഗരം പോലെ ഉള്ളില്‍ തിരയടിക്കും. ഉറക്കം അകലെ മാറി നില്‍ക്കും. സംഭവിച്ചതും , സംഭവിക്കുന്നതുമായ തീരാനഷ്ടങ്ങള്‍ കണ്ണീരായി വിഷാദക്കടലിലലിയും.

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായിത്തുടങ്ങി ദൈവത്തിനിക്കാര്യത്തില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്ന്.. മനുഷ്യര്‍ .. അവരുടെ ദുരാഗ്രഹങ്ങള്‍, ദുര്‍വാശികള്‍, മറ്റുള്ളവരുടെ ചെറിയ തെറ്റുകള്‍ പോലും ക്ഷമിക്കാന്‍ സാധിക്കാത്ത ഈഗോ, അടിച്ചമര്‍ത്തിയും ശിക്ഷിച്ചും ഭരിച്ചും ആളാകുന്നതില്‍ ഉണ്ടെന്ന് തോന്നുന്ന കേമത്തം, അധികാരമെന്ന ഏറ്റവും വീര്യം കൂടിയ മദ്യത്തിന്‍റെ ലഹരി, എത്ര അപേക്ഷിച്ചാലും ന്യായം തിരിച്ചറിയാത്തവരുടെ മുന്നിലെ അവസാനിക്കാത്ത യാചന ഇതു പോലെയുള്ള പല കാര്യങ്ങളുമാണ് എന്നെ വിഷാദത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നതെന്ന്... ഇതൊന്നും ഒരിയ്ക്കലും മാറുകയില്ല. പിന്നെ വിഷാദം മാറ്റിയെടുക്കേണ്ടതും ഈ ജീവിതമേളയില്‍ പങ്കെടുക്കേണ്ടതും എന്‍റെ മാത്രം ചുമതലയാണ്

അതുകൊണ്ട് ഞാനുറ്റു ശ്രമിക്കുന്നു. ജീവിതവും മനസ്സും കൈവിട്ടു പോകുമെന്ന് തോന്നുമ്പോള്‍ സുഹൃത്തായി മാറിയ ഡോക്ടറുടെ ഫോണ്‍ നമ്പര്‍ അന്വേഷിക്കുന്നു. ഓടിച്ചെല്ലുന്നു. പൊട്ടിക്കരയുന്നു , പിച്ചും പേയും പറയുന്നു. എനിക്ക് മരിച്ചാല്‍ മതി ... ഈ ജീവിതമെനിക്ക് വേണ്ട - ഈ നാടെനിക്ക് വേണ്ട - എനിക്ക് താങ്ങാന്‍ വയ്യ.. എന്ന് നെഞ്ചിലിടിക്കുന്നു.
..
എന്നിട്ടും ഞാന്‍ ഇങ്ങനെ ബാക്കിയാവുന്നത് ഡോക്ടറെന്ന മനുഷ്യരൂപത്തില്‍ ദൈവം എന്നോട് സംസാരിക്കുന്നതുകൊണ്ടാണ്. ഇപ്പോഴും ഇങ്ങനെ ജീവിച്ചിരിക്കുന്നത് ആ ഒരു രൂപമരുളുന്ന വരത്തിലാണ്....

No comments: