Monday, August 13, 2018

കൊതുകു നശീകരണം

https://www.facebook.com/echmu.kutty/posts/774603886052241?pnref=story

ഇന്ന് രാവിലെ കോര്‍പ്പറേഷനിലെ ഒരു മാഡം കൊതുകിനെ തുരത്താനുള്ള മരുന്നടിക്കാന്‍ വന്നു. വായും മൂക്കും മൂടിക്കെട്ടി യൂണിഫോമിട്ട് കൈയുറകള്‍ ധരിച്ച് പുറത്ത് കെട്ടിവെച്ച വിഷസംഭരണിയും ട്യൂബുമായാണവര്‍ പ്രത്യക്ഷപ്പെട്ടത്. പത്തു സെന്‍റ് പുരയിടത്തില്‍ ചുറ്റിനടന്ന് വിഷമടിച്ച ശേഷം അവരെന്നോട് സംസാരിച്ചു തുടങ്ങി..

'ഈ ചപ്പുചവറെല്ലാം അടിച്ചു കൂട്ടി തീയിടണം. ചെടികളെ ഇങ്ങനെ കാടു പോലെ വളര്‍ത്തരുത്. മറ്റു പുരയിടങ്ങളില്‍ ഒരു പ്രാവശ്യം വിഷമടിച്ചാല്‍ മതി, പക്ഷെ, ഇവിടെ നാലു തവണ അടിയ്ക്കേണ്ടി വരും.'

ഞാന്‍ ചിരിച്ചു.

അവര്‍ ഗൌരവത്തിലായി.

'ചിരിച്ചു തള്ളിക്കളയാന്‍ പറഞ്ഞതല്ല, കൊതുകുകള്‍ വളരെ അപകടകാരികളാണ്. നിങ്ങളെപ്പോലെ പഠിപ്പും വിവരവുമുള്ളവര്‍ക്ക് ഇതൊന്നും പറഞ്ഞു തരേണ്ടതില്ലല്ലോ.'

അപ്പോള്‍ ഞാന്‍ പറഞ്ഞു.

'കൊതുകുകള്‍ അപകടം ചെയ്യുമെന്ന് അറിയാതെ അല്ല. ഞങ്ങള്‍ എട്ട് വര്‍ഷത്തിലധികമായി ഇവിടെ. ഇതുവരെ ചവറടിച്ചു തീയിട്ടിട്ടില്ല. ഒന്നും കത്തിച്ചിട്ടില്ല. പിന്നെ കളകളൊക്കെ മഴക്കാലത്തല്ലേ വരൂ. വേനല്‍ക്കാലത്ത് അവയൊന്നു മുണ്ടാവില്ലല്ലോ. '

'അതാണ് പറഞ്ഞത്'. അവര്‍ ഉമിനീരിറക്കി തുടര്‍ന്നു. 'ഈ ചെടികളൊക്കെ നന്നായി വളരും , മുല്ലയും ചെമ്പരത്തിയും മന്ദാരവും ഒക്കെ ധാരാളമായി പൂക്കും... കള വലിച്ചു പറിച്ചു കളഞ്ഞാല്‍.. '

'നമ്മള്‍ മനുഷ്യരുടെ ജാതി വ്യത്യാസം പോലെ.. കളകള്‍ താഴ്ന്നവരായതുകൊണ്ട് അങ്ങ് കളഞ്ഞേക്കാമെന്നാണോ' എന്ന് ഞാന്‍ മന്ദഹസിച്ചു.

അവര്‍ ഒന്നും പറഞ്ഞില്ല. എന്നെ ഉറ്റുനോക്കിയിട്ട് ചെറിയ ശബ്ദത്തില്‍ ആരാഞ്ഞു.

'എഴുത്തുകാരിയാണല്ലേ... '

'അതേ എന്നും അതിന്‍റെ നല്ല തൊലിക്കട്ടിയുള്ളതുകൊണ്ട് കൊതുകൊക്കെ തോറ്റു പോകുമെന്നും' ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു പോയി.

അങ്ങനെ ഇന്നു രാവിലെ തികച്ചും അപ്രതീക്ഷിതമായി എനിക്കൊരു കൂട്ടുകാരിയെക്കൂടി ലഭിച്ചു.

പിന്‍ കുറിപ്പ്

എന്നെ ഇപ്പോള്‍ ചുരുക്കം ചിലരൊക്കെ തിരിച്ചറിയുന്നുണ്ട്. എറണാകുളത്ത് ബ്രോഡ് വേയില്‍.. തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൌസില്‍, ജനശതാബ്ദി ട്രെയിനില്‍, ഇടപ്പള്ളിയിലെ റോഡരികില്‍.. പെട്ടെന്ന് അപരിചിതര്‍ വന്ന് കൈപിടിക്കുകയും 'എച് മുക്കുട്ടീ' എന്ന് സ്നേഹത്തോടെ വിളിക്കുകയും ചെയ്യുമ്പോള്‍ സന്തോഷമുണ്ടാകുന്നുണ്ട്. എഴുത്തു ഒരിയ്ക്കലും നിറുത്തരുതെന്ന് പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ട്.