മുത്തലാഖ് നിരോധിച്ചെന്ന് സിയാഫ് എഴുതിയത് വായിച്ചു.
നന്നായി എന്നാണ് എനിക്ക് തോന്നിയത്.
കാരണം..
ഒരു ഊരു ചുറ്റലിന്‍റെ അവസാന ഭാഗമായി തിരുവനന്തപുരത്തേക്ക് മടങ്ങി വരികയായിരുന്നു ഞാന്‍. ആലപ്പുഴ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ തിരക്ക് നന്നെ കുറഞ്ഞു. എന്‍റെ എതിര്‍ വശത്തെ സീറ്റില്‍ ഒരു മുസ്ലിം ദമ്പതിമാരാണിരിപ്പുണ്ടായിരുന്നത്. അവര്‍ തര്‍ക്കത്തിലായിരുന്നു. എന്‍റെ തമിഴത്തി ലുക്കും ബോബ് ചെയ്ത മുടിയും കുറെ കുപ്പിവളകളും കല്ലുമാലയും ജീന്സും ടോപ്പുമൊക്കെ കണ്ട് അവര്‍ വിചാരിച്ചിരുന്നിരിക്കണം എനിക്ക് മലയാളമറിയില്ലെന്ന് .. അതുകൊണ്ട് ട്രെയിനില്‍ ആളു കുറഞ്ഞപ്പോള്‍ തര്‍ക്കം മുറുകി.
ഭാര്യയും ഭര്‍ത്താവും ഡോക്ടര്‍മാരാണ്. ഭാര്യയെ വീടിന്നകലെയുള്ള ഒരു ആശുപത്രിയിലേക്ക് ട്രാന്സ്ഫര്‍ ആക്കിയിരിക്കുന്നു സര്‍ക്കാര്‍. അത് റദ്ദ് ചെയ്യിക്കാനായി ഭരണകക്ഷിയിലെ ഒരു നേതാവിനെ കാണാന്‍ പോവുകയാണ് അവര്‍.
സ്ഥലം മാറ്റം ശരിയായില്ലെങ്കില്‍ ഭാര്യ ലീവ് എടുത്ത് വീട്ടിലിരുന്നാല്‍ മതിയെന്നും വയ്യാതെ കിടക്കുന്ന തന്‍റെ ഉമ്മച്ചിയെ നോക്കണമെന്നും മക്കളെ നോക്കണമെന്നും ഒക്കെ ഭര്‍ത്താവ് പറയുന്നുണ്ട്. എത്രകാലം ശമ്പളമില്ലാതെ ലീവുമെടുത്ത് കുത്തിരിക്കും എന്നാണ് ഭാര്യയുടെ വിഷമം വരുമാനം ഇല്ലാതാകുമ്പോള്‍ വീട്ടുചെലവിനേയും അത് ബാധിക്കില്ലേ എന്ന് ഭാര്യ സംശയിച്ചപ്പോള്‍ പണിക്കാരെയൊക്കെ പറഞ്ഞയക്കാം .. നീ വീട്ടുപണികള്‍ ചെയ്താല്‍ മതി എന്ന് ആശ്വസിക്കുകയായിരുന്നു ഭര്‍ത്താവ്.
' ഞാനും ആറേഴു കൊല്ലം പഠിച്ചന്ന്യാ ഡോക്ടറായത് ' എന്ന് വീര്‍ത്ത മുഖത്തോടെ ഭാര്യ.
'നീയ് വെറും പേറിന്‍റെ ഡോക്ടറല്ലേടി... നീയില്ലാണ്ട് ഈ നാട്ടിലെ പേറൊക്കെ നില്‍ക്കാന്‍ പോവ്വാണോ ' ന്ന് ഭര്‍ത്താവ് പരിഹസിച്ചു.
അതോടെ ഭാര്യയും ഗൌരവത്തിലായി.
പിന്നെ പെണ്ണ് ഡോക്ടര്‍മാര്‍ വെറുതെയാണെന്നും പണ്ടത്തെ പതിച്ചികള്‍ ചെയ്തിരുന്ന ജോലി ചെയ്യാനാണ് പെണ്ണുങ്ങള്‍ ഡോക്ടര്‍മാരായതെന്നും അല്ലെങ്കില്‍ പിള്ളേരെ നോക്കണ ഡോക്ടര്‍മാരാകും അവരെന്നും ഒരു നല്ല ഓര്‍ത്തോപീഡിക് സര്‍ജനോ കാര്‍ഡിയോളജിസ്റ്റോ ഓങ്കോളജിസ്റ്റോ ന്യൂറോ സര്‍ജനോ ഒന്നും പെണ്ണുങ്ങളിലില്ലെന്നും മറ്റും പറഞ്ഞ് ഭര്‍ത്താവ് ആകെ ചൂടായപ്പോള്‍ അവര്‍ ഇന്ന ഡോക്ടറില്ലേ ഇന്ന ഡോക്ടറില്ലേ എന്നൊക്കെ മറുപടി നല്‍കിക്കൊണ്ടിരുന്നു.
ഒടുവില്‍ ഭര്‍ത്താവ് തീര്‍പ്പ് കല്‍പിച്ചു.
'അവരടെ ബുദ്ധിയൊന്നും നിനക്കില്ല. നിന്‍റെ വീട്ടുകാര്‍ക്കും ഇല്ല. സ്ഥലം മാറ്റം കിട്ടീല്ലെങ്കില്‍ നീ ജോലിക്ക് പോണ്ട. വീട്ടിലിരുന്നാ മതി.'
ഭാര്യ പറഞ്ഞു' ഞാന്‍ സമ്മതിക്കില്ല. എനിക്ക് പോണം. ഞാന്‍ വീട്ടുകാര്യം ആവണതൊക്കെ നോക്കിക്കോളാം. ഇക്ക ഇത്തിരി കൂടി എന്നെ വീട്ടു പണീലും ഉമ്മച്ചീനെ കുളിപ്പിക്കണേലും ഒക്കെ സഹായിച്ചാ മതി.'
അപ്പോഴാണ് ഡോക്ടര്‍ ഭര്‍ത്താവിനു കലി വന്നത്.
'ഷട്ടപ്പ്..' എന്ന് മാത്രമല്ല, അവരുടെ തറവാട്ടില്‍ ആരും അങ്ങനെ പെണ്‍ കോന്തന്മാരായി ജീവിച്ചിട്ടില്ല എന്നും മറ്റും സാധാരണ നമ്മള്‍ കേട്ടു പരിചയിച്ചിട്ടുള്ള ഒത്തിരി ആണ്‍ പൊങ്ങച്ചമടിച്ചിട്ട് അയാള്‍ തികച്ചും ക്രൂരനായി..
'മുത്തലാഖ് അങ്ങ് പറഞ്ഞ് കാര്യം തീര്‍ത്ത് വീട്ടിക്കൊണ്ടാക്കും ഞാന്‍. നമ്മുടെ മതത്തില് അതിനും പിന്നെ നാലു കെട്ടാനും വിധിണ്ട്.. ഞാനൊരു ഡോക്ടറാ.. രണ്ട് മക്കള് എനിക്കൊരു കൊറവല്ല..'
ഒന്നും അറിയുന്നില്ലെന്ന് ഭാവിച്ചിരുന്ന ഞാന്‍ പോലും തകര്‍ന്നു പോയി.
നിയമപരമായ വിവാഹമില്ലാതെ വഞ്ചിക്കപ്പെട്ടവളാണ് ഞാന്‍. അതിക്രൂരമായി അപമാനിക്കപ്പെടുകയും തെരുവിലൂടെ ദയനീയമയി വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തവളാണ്. എങ്കിലും ഈ ഭീഷണി എനിക്ക് ഹൃദയഭേദകമായിത്തോന്നി. ഈ ധാര്‍ഷ്ട്യം അസഹനീയമായിത്തോന്നി.
പിന്നെ ആ ഡോക്ടര്‍ മാഡം ശബ്ദിച്ചില്ല. അവര്‍ പൂര്‍ണമായും കീഴടങ്ങിക്കഴിഞ്ഞു എന്നെനിക്ക് മനസ്സിലായി. അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഇതരമതസ്ഥരായ അധിക പങ്കു പുരുഷന്മാര്‍ക്കും ഇസ്ലാം മതവിശ്വാസികളായ പുരുഷന്മാരോട് ഈ രണ്ട് കാര്യങ്ങളിലും വലിയ അസൂയ ഉള്ളതായി എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ഒരു പക്ഷെ, എളുപ്പത്തില്‍ വിവാഹമോചനവും കൂടുതല്‍ സ്ത്രീകളെ കല്യാണം കഴിക്കാനുള്ള അനുവാദവും മതങ്ങളും സര്‍ക്കാരും നല്‍കുകയാണെങ്കില്‍ മതങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറെയൊക്കെ എളുപ്പത്തില്‍ പരിഹൃതമായേക്കും.
അന്തപ്പുരത്തില്‍ ഇത്ര ആയിരം ഭാര്യമാരുണ്ടായിരുന്നു എന്നതായിരുന്നുവല്ലോ പല രാജാക്കന്മാരുടേയും എന്തിനു ദൈവങ്ങളുടേയും ദൈവദൂതന്മാരുടേയുമെല്ലാം വലിയ പൊങ്ങച്ചങ്ങളില്‍ ഒന്ന്..
ശ്രീരാമന്‍റെ ഏക പത്നീവ്രതം അടുത്ത അവതാരത്തില്‍ തിരുത്തിക്കൊള്ളാമെന്ന് സ്വയംപ്രഭയ്ക്ക് വാക്കു നല്‍കുന്നുണ്ട് അദ്ദേഹം. വാക്കു നല്‍കിയ പോലെ അതു കൃത്യമായി തിരുത്തുകയും ചെയ്തു.
ബാക്കി യേശുക്രിസ്തുവാണ്... ക്രിസ്ത്യാനികള്‍ എന്തു പറഞ്ഞാലും കൊള്ളാം... എനിക്ക് യേശു സ്ത്രീയാണെന്നാണ് വിശ്വാസം...
No comments:
Post a Comment