UAEയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന "ഗാഫ് " മാഗസിന്റെ വാര്‍ഷികപ്പതിപ്പില്‍ വന്ന "നോട്ടുകള്‍ വെറും കടലാസ്സുകളായി മാറിയപ്പോള്‍" എന്ന ലേഖനം താഴെ വായിക്കാം.
നോട്ടുകള്‍ വെറും കടലാസ്സുകളായി മാറിയപ്പോള്‍
പെട്ടെന്ന് പ്രധാനമന്ത്രി ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയെന്ന മാറ്റം പ്രഖ്യാപിച്ച നേരം ഞാന്‍ ഉത്തരേന്ത്യയിലായിരുന്നു. കടകള്‍ രാത്രി പന്ത്രണ്ട് മണി വരെ തുറന്നിരിക്കുമെന്ന അറിയിപ്പ് ഫോണില്‍ തുരുതുരെ വന്നപ്പോള്‍ ഞാന്‍ അമ്പരന്നു. പൊടുന്നനെ എന്തു പറ്റിയെന്ന് എനിക്ക് മനസ്സിലായില്ല.
പിറ്റേന്ന് അതിരാവിലെ ഫ്ലാറ്റില്‍ ജോലിക്ക് വരുന്ന കബീറയാണ് പറഞ്ഞത്.. ഇത്തരമൊരു മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന്... ഞാന്‍ അല്പം മന:പ്രയാസത്തോടെ ഓടിച്ചെന്ന് എന്റെ പഴ്സ് പരിശോധിച്ചു. ആയിരത്തിന്റെ രണ്ട് നോട്ടുകള്‍ അല്ല രണ്ട് കടലാസ്സു കഷണങ്ങള്‍ എന്റെ പക്കലും ഉണ്ട്.
കബീറയ്ക്ക് വലിയ സങ്കടമായിരുന്നു. പല ഫ്ലാറ്റുകളില്‍ അടിച്ചു വാരിക്കിട്ടിയ ശമ്പളത്തുകയുണ്ട് കൈയില്‍. ബംഗാളിലുള്ള ഭര്‍ത്താവിന് പണമയയ്ക്കണം. കൂടെയുള്ള മക്കളുടെ ഫീസും മറ്റും കൊടുക്കണം. ബാങ്ക് എക്കൌണ്ട് ഉണ്ടെങ്കിലും ഇനി എന്തു ചെയ്യുമെന്നറിയില്ല.. അങ്ങനെ അവളുടെ പരാതികള്‍ ചുരുളഴിഞ്ഞു.
പാല്ബൂത്തിലും പച്ചക്കറിക്കടയിലും എല്ലാം ആളുകള്‍ കൂടി നില്ക്കുന്നു. നൂറിന്റെ നോട്ടുകള്‍ ഉള്ളവര്‍ മാത്രം വേഗം കാര്യങ്ങള്‍ തീര്‍ത്തു മടങ്ങിക്കൊണ്ടിരുന്നു. അഞ്ഞൂറിന്റെ നോട്ടുമായി വന്ന കൂന്നുകൂന്ന ഒരു അമ്മൂമ്മയ്ക്ക് മാത്രമേ പാല്ക്കാരന്, പാലും ചില്ലറയും നല്കിയുള്ളൂ. ബാക്കിയെല്ലാവരേയും അയാള്‍ കര്‍ശനമായി നിരസിച്ചു.
മനുഷ്യരില്‍ ആകെ ഒരു അങ്കലാപ്പുണ്ടായിരുന്നു എന്തായാലും.. എന്നാലും കള്ളപ്പണക്കാര്‍ കുടുങ്ങുമെന്ന് കേട്ട് എല്ലാവരും ആഹ്ലാദിക്കുന്നുമുണ്ടായിരുന്നു. അസൂയയോ അസഹിഷ്ണുതയോ കറകളഞ്ഞ രാജ്യസ്നേഹമോ എന്തായിരുന്നു ആ ചേതോവികാരമെന്ന് മനസ്സിലാക്കാന്‍ ആവുന്നില്ലെങ്കിലും ആ ആഹ്ലാദം എല്ലാവരിലും ദൃശ്യമായിരുന്നു.
കബീറ തന്നെയാണ് അതിന്റെ പിറ്റേന്നും എന്നെ സാക്ഷരയാക്കിയത്. ബാങ്കില്‍ നിന്നും ഒരു ഫോറം കിട്ടുമെന്നും അത് പൂരിപ്പിച്ച് കൊടുത്താല്‍ നോട്ടുകള്‍ മാറാമെന്നും അവള് പറഞ്ഞു തന്നു. തന്നെയുമല്ല , പോയി ക്യൂ നിന്ന് എനിക്കായും ഒരു ഫോറം വാങ്ങിക്കൊണ്ടു വന്നു. ഭര്‍ത്താവിനു കാശയയ്ക്കണം എന്നത് അവള്‍ക്ക് നിര്‍ബന്ധമായിരുന്നു.
'നീയിത്ര വേവലാതിപ്പെടുന്നതെന്തിനാ ? അത്ര കാശില്ലാതാവുമോ? എന്തായാലും ആണൊരുത്തനല്ലേ ?' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കബീറയുടെ ചുണ്ടില്‍ പുച്ഛം പുഞ്ചിരിയിട്ടു.
'ആണൊരുത്തന് … ഒരു പണിയും ചെയ്യില്ല . വെറുതേ ബീഡിയും വലിച്ച് വീട്ടിലിരിക്കും.. ഞാന്‍ പതിമൂന്നു കൊല്ലമായി ഈ ഫ്ലാറ്റുകളില്‍ അടിച്ചു വാരി ജീവിക്കുന്നു. രണ്ടാമത്തെ കുട്ടി മുലകുടിക്കുന്ന പ്രായത്തില്‍ ഞാന്‍ പോന്നതാണ് നാട്ടില്‍ നിന്ന്.. കുട്ടികളെ രണ്ടാളേയും ഇവിടെ പഠിപ്പിക്കുന്നു.'
'പിന്നെ നീയെന്തിനാ ഇത്ര ബുദ്ധിമുട്ടി കാശയയ്ക്കുന്നത്?'
'എന്റെ അമ്മായിഅമ്മയുണ്ട് അവിടെ. അവരെ ഞാന്‍ കൂടെ നിന്ന് ശുശ്രൂഷിക്കുന്നില്ല. ഇങ്ങനെ കാശും കൂടി കൊടുക്കാതിരുന്നാല്‍ പറ്റുമോ? അവര്‍ക്കു മരുന്നും ഭക്ഷണവുമൊക്കെ കിട്ടണമെങ്കില്‍ ഈ കാശ് അയച്ചുകൊടുക്കണം. '
ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല... പറഞ്ഞുമില്ല.
ലോകം മുഴുവന്‍ സ്ത്രീകളുടെ അദ്ധ്വാനത്തിലാണ് പുലരുന്നതെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് അറിയാമെന്നാണല്ലോ കണക്കെടുപ്പുകള്‍ പറയുന്നത്.
അങ്ങനെ ഞാനും കബീറയ്ക്കൊപ്പം പോയി ക്യൂ നിന്നു. നാലായിരം രൂപയേ കിട്ടുകയുള്ളൂ എന്നതുകൊണ്ട് കബീറയുടെ രണ്ടായിരം കൂടി ഞാന്‍ എന്റേതില്‍ ചേര്‍ത്ത് മാറ്റി വാങ്ങി. ആ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയിലെ എല്ലാ സംസ്ഥനങ്ങളിലും നിന്നുള്ള ആള്ക്കാര് അവിടെ വരി നില്‍ക്കുന്നുണ്ടെന്നും ഭൂരിഭാഗം പേര്‍ക്കും അക്ഷരമറിയില്ലെന്നും ഞാന്‍ മനസ്സിലാക്കിയത്. അവരൊക്കെ തികച്ചും പാവപ്പെട്ട ചില്ലറ ജോലിക്കാരായിരുന്നു. വരണ്ട തൊലിയും അഴുക്കുള്ള നഖങ്ങളും ചെമ്പിച്ച മുടിയുമുള്ളവര്‍. ബീഡിയുടേയും മുറുക്കാന്റേയും ഗന്ധം പേറുന്നവര്‍.
പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ ചെന്ന് പലര്‍ക്കും ഞാന്‍ ഫോറം പൂരിപ്പിച്ചു കൊടുത്തു. ചായയും പേനയുമൊക്കെ തന്ന് അവര്‍ എന്നോട് സൌമനസ്യം കാട്ടി.
രണ്ട് ആയിരത്തിന്റെ നോട്ട് മാറ്റി രണ്ടായിരത്തിന്റെ പിങ്ക് നോട്ട് കൈയില്‍ വന്നപ്പോള്‍ … അതിനേക്കാള്‍ പ്രശ്നമായി എന്നു മാത്രം. അത് മാറ്റാനേ പറ്റുന്നുണ്ടായിരുന്നില്ല. ആരും അത് വാങ്ങി ചില്ലറയാക്കിത്തരുന്നില്ല.
ആ ദിവസങ്ങളില്‍ കബീറ പച്ചക്കറിക്കാരനോട് എനിക്ക് വേണ്ടി ശണ്ഠയുണ്ടാക്കി.. പാലുകാരനോട് ഒച്ചയിട്ടു.. വളരെ നിസ്സാരമായിരുന്ന എല്ലാ കാര്യങ്ങളും പൊടുന്നനെ സാരമായതും കഠിനവും നടക്കാന്‍ സാധ്യതയില്ലാത്തതുമായിത്തീര്ന്നു.
നോട്ടുകള്‍ ഓടയിലൊഴുകുന്നുവെന്നും ശവപ്പറമ്പുകളില്‍ ഉപേക്ഷിക്കപ്പെടുന്നുവെന്നും എത്രയോ കോടി രൂപ ബാങ്കിലെത്തിയെന്നും മറ്റും സോഷ്യല്‍ മീഡിയയില്‍ ചിലരും വാര്‍ത്താചാനലുകളില്‍ ചിലവയുമൊക്കെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, തികച്ചും സാധാരണക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പ്ലാസ്റ്റിക് മണിയാണ് സര്‍വേശ്വരനെന്ന് എല്ലാവര്ക്കും പൊടുന്നനെ കരുതേണ്ടി വന്നു. ഒട്ടും പ്ലാസ്റ്റിക് മണിയില്ലാത്തവര് പരമദരിദ്രരായി മാറി.
പച്ചക്കറിക്കടക്കാരന് കോപിഷ്ഠനായിരുന്നുവെങ്കിലും പിന്നീട് അയാളോട് സംസാരിക്കാനിടവന്നപ്പോള്‍ അയാളും സങ്കടത്തിന്റെ കടല്‍ തന്നെയാണ് കാട്ടിത്തന്നത്. രാജസ്ഥാനില്‍ നിന്നെടുത്ത സവാള .. മണ്ഡിയില്‍ കിടന്ന് ചീയുന്നു. ശീതകാല പച്ചക്കറികള്‍ക്ക് വേണ്ടി മുടക്കിയ കാശ് ഇങ്ങനെ ചീഞ്ഞു ആര്‍ക്കും ഉപകാരമില്ലാതെയാകുന്നു. ഇതിലൊന്നും കാര്‍ഡ് ഉരച്ച് കാര്യങ്ങള്‍ നടത്താനാവില്ല. റൊക്കം കാശിലാണ് അല്ലെങ്കില്‍ അഡ്വാന്‍സ് പൈസയിലാണ് പച്ചക്കറിക്കച്ചവടം നടക്കുന്നത്.' എത്ര കാര്യങ്ങളാണ് ഇങ്ങനെ പകുതി വഴിയ്ക്ക് നിന്നു പോയതെന്ന് അറിയാമോ?. കള്ളപ്പണം പിടിക്കുന്നതൊക്കെ നല്ലതു തന്നെ. പക്ഷെ, നമ്മളൊക്കെ എന്തു പിഴച്ചു?' പച്ചക്കറിക്കാരന്റെ എണ്ണിപ്പെറുക്കല്‍ അങ്ങനെ നീണ്ടു.
പച്ചക്കറിച്ചന്തകളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. കുറേയേറെ പച്ചക്കറികള്‍ കുഴിച്ചു മൂടേണ്ടവയായി . മാംസക്കടകളിലും ചെറിയ പലചരക്ക് കടകളിലും ഒക്കെ ഈ നഷ്ടമുണ്ടായിട്ടുണ്ട്. ചുരുക്കത്തില്‍ എല്ലാ മേഖലയിലുമുള്ള ചില്ലറത്തൊഴിലുകള് ചെയ്യുന്ന അടിസ്ഥാന ജനവിഭാഗമാണ് നിത്യവൃത്തിക്കായി ഏറ്റവും കൂടുതല്‍ പ്രയാസപ്പെടാനിടയായത്. പ്ലാസ്റ്റിക് പണം കൈയിലുള്ളവര്ക്കൊന്നും അത്ര വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നില്ല. വേണ്ടത്ര ഗൃഹപാഠം ഈ നോട്ട് പിന്‍വലിക്കും മുമ്പ് ഗവണ്മെന്റ് ചെയ്തില്ലെന്നത് കൃത്യമായ വസ്തുതയാണ്. അങ്ങനെ പാടില്ലായിരുന്നു. എന്തു വന്നാലും കോഴിക്കാണ് കിടക്കപ്പൊറുതിയില്ലാത്തതെന്ന ചൊല്ലു പോലെയായി ഇക്കാര്യം. ഏതു പരിഷ്ക്കാരം വന്നാലും സാധാരണ ജനതയ്ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്. അവരെയാണെങ്കില്‍ ആരും അങ്ങനെ കണക്കിലെടുക്കുന്നുമില്ല.
തണുപ്പ് കാലം വന്നപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് കമ്പിളിയുടുപ്പു വാങ്ങാന്‍ പറ്റാതെ ആയി എന്നും ചില്ലറ ഇല്ലാത്തതുകൊണ്ട് ഒരാഴ്ചയായി ഉച്ചയൂണു മുടങ്ങുന്നുവെന്നും പറയുന്ന റിക്ഷാക്കാരുടേതു കൂടിയല്ലേ നമ്മുടെ ഇന്ത്യാമഹാരാജ്യം...
1 comment:
എന്തായാലും.. എന്നാലും കള്ളപ്പണക്കാര്‍ കുടുങ്ങുമെന്ന് കേട്ട് എല്ലാവരും ആഹ്ലാദിക്കുന്നുമുണ്ടായിരുന്നു.
ഞാനും കരുതിയിരുന്നു.
Post a Comment