Thursday, August 2, 2018

ചെമ്പോത്തും മഞ്ഞക്കിളിയും ഉരുക്കുമണിയും.....

https://www.facebook.com/echmu.kutty/posts/701545570024740

വലിയ അന്ധവിശ്വാസങ്ങളൊന്നുമില്ലാതിരുന്ന അമ്മീമ്മയ്ക്ക് ചെമ്പോത്ത് എന്ന ഉപ്പന്‍ നന്മ കൊണ്ടുവരുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്തുകൊണ്ട് അങ്ങനെ എന്ന് ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍ അമ്മീമ്മ വിശദീകരിച്ചു, ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദിപ്പക്ഷിയുടെ കോലാഹലം കേട്ടുകൊണ്ടാണ് കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോയത്. ചകോരം എന്നാല്‍ ചെമ്പോത്ത് എന്ന ഉപ്പന്‍ അല്ലെങ്കില്‍ പെസന്‍റ് ക്രോ.

കുചേലനെ ശ്രീകൃഷ്ണന്‍ കേമമായി സ്വീകരിച്ചു . കുചേലന്‍റെ ജീവിതമങ്ങ് ഉഷാറായി , അതിന്‍റെ ക്രെഡിറ്റ് അമ്മീമ്മ ഉപ്പനു നല്‍കിപ്പോന്നു. അതുകൊണ്ട് ഞങ്ങള്‍ക്കും ചെമ്പോത്തിനെ വലിയ കാര്യമായിരുന്നു. ഇപ്പോള്‍ അമ്മീമ്മ പോയിട്ട് പതിമൂന്ന് കൊല്ലമായി. എന്നാലും ചെമ്പോത്തിനെ കാണുമ്പോള്‍ അമ്മീമ്മയെ കാണുന്നതു പോലെ ഒരു തോന്നല്‍, ഒരു സ്വന്തപ്പെടല്‍ ഒരു അഗാധമായ സ്നേഹം ഞങ്ങളുടെ മനസ്സിലുണരും. .

മറ്റൊരു വിശ്വാസം മഞ്ഞക്കിളിയെക്കണ്ടാല്‍ മധുരം കിട്ടുമെന്നതായിരുന്നു. അതു തമ്മില്‍ കൂട്ടിഘടിപ്പിക്കാന്‍ ഒന്നുമില്ലെങ്കില്‍ ഒരു ശര്‍ക്കര കഷണമെങ്കിലും അമ്മീമ്മ നുണയാന്‍ തരുമായിരുന്നു. അപ്പോള്‍ മധുരമായല്ലോ. വൈലോപ്പിള്ളിയുടെ കുടിയൊഴിയ്ക്കലിലും മഞ്ഞക്കിളിയെ കണ്ടാല്‍ മധുരം കിട്ടുമെന്നൊരു വരിയുണ്ടെന്നാണ് എന്‍റെ ഓര്‍മ്മ.

വേറൊരു പക്ഷി ഉരുക്കുമണി ഉരുക്കുമണി എന്നു ചിലയ്ക്കുന്ന ഒരു സുന്ദരിയാണ്. പെണ്ണുങ്ങള്‍ക്ക് ആര്‍ത്തവമടുത്തിരിക്കുന്നു എന്ന സൂചന തരാനാണ് അവള്‍ വീട്ടില്‍ വരുന്നത്. അവള്‍ വന്ന് ഉരുക്കുമണി ഉരുക്കുമണി എന്ന് ചിലച്ചാല്‍ അന്ന് വൈകീട്ടോ പിറ്റേന്നോ ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളില്‍ ആര്‍ക്കെങ്കിലും ആര്‍ത്തവം സംഭവിക്കുമായിരുന്നു.

ഇക്കാര്യത്തില്‍ പ്രോബബിലിറ്റി എക്സര്‍സൈസ് എന്ന് പറഞ്ഞ് അമ്മീമ്മയോട് വാദിയ്ക്കാന്‍ ഞങ്ങള്‍ക്ക് ഒരിയ്ക്കലും ചാന്‍സ് കിട്ടിയിട്ടില്ല.

എങ്കിലും അമ്മീമ്മ ഞങ്ങളെ സമാധാനിപ്പിക്കുമായിരുന്നു. ഈ പക്ഷികളെല്ലാം എന്തെങ്കിലും കഴിയ്ക്കാന്‍ കിട്ടുന്ന പറമ്പിലേ കടന്നു വരൂ. അവര്‍ വരണമെങ്കില്‍ അവര്‍ക്കുള്ള ആഹാരവും വെള്ളവും ഒക്കെ നമ്മുടെ പറമ്പില്‍ വേണം.

പുല്ലുമുളയ്ക്കാത്ത തരിശുഭൂമിയില്‍, കോണ്‍ക്രീറ്റ് കാടുകളില്‍ ആരും വരില്ല... കാരണം അവര്‍ക്ക് എ സി മുറിയോ ടി വി യിലേ സിനിമയോ കമ്പ്യൂട്ടര്‍ ഗെയിമുകളോ അല്ലെങ്കില്‍ മനുഷ്യര്‍ക്ക് സര്‍വസാധാരണമായ പൊങ്ങച്ചങ്ങളോ ജാതിമതഭേദമോ യാതൊന്നും ആവശ്യമില്ല.

ഈയിടെ വായിച്ചു.. മൃഗലോകം അതിന്‍റെ പ്രത്യേകമായ ഒരു സഹകരണത്തിലാണ് കഴിഞ്ഞു കൂടുന്നത്. സര്‍ വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നതൊക്കെ മനുഷ്യന്‍ പറഞ്ഞുണ്ടാക്കിയ, ഒരു ജനതയ്ക്ക് മറ്റൊരു ജനതയുടെ മേല്‍ ആധിപത്യം പുലര്‍ത്താനായി വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട തീയറിയാണ്.

അങ്ങനെ ഓര്‍ക്കുമ്പോള്‍ ചെന്നായ് വളര്‍ത്തിയ മനുഷ്യക്കുട്ടികളും ( റോം പണിതുയര്‍ത്തിയവര്‍) കിളിക്കുഞ്ഞിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കിയ ചിമ്പന്‍സിയും സിംഹക്കുട്ടിയുടെ വായ് തുറന്ന് അതിന്‍റെ പല്ലെണ്ണുന്ന ഭരതനും ബുദ്ധസന്യാസിമാര്‍ക്കൊപ്പം ഈവനിംഗ് വാക്കിനിറങ്ങുന്ന കടുവയും ഒക്കെ സത്യമാവാനേ തരമുള്ളൂ.

No comments: