Monday, August 27, 2018

എച്മുവിന്‍റെ മനുഷ്യര്‍- ദില്ലിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററില്‍

https://www.facebook.com/echmu.kutty/posts/815297678649528                                            

ദില്ലിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്‍ററില്‍ ഹഡ്കോയുടെയും ഡെല്‍ഹി അര്‍ബന്‍ ആര്‍ട്സ് കമ്മിറ്റിയുടെയും ഇന്‍റീരിയര്‍ വര്‍ക്ക് ചെയ്യുന്ന കാലമായിരുന്നു അത്. മലയാളിയായ ഒരു കാര്‍പെന്‍ററെ വിശ്വസിച്ചായിരുന്നു മരപ്പണി മുഴുവന്‍ തീരുമാനിച്ചിരുന്നത്. ഉളി ശരിയ്ക്ക് പിടിയ്കാനറിയാതെ വന്ന അയാളെ നല്ലൊരു മരാശാരിയും ഇലക്ട്രീഷ്യനും പ്ലംബറും വെല്‍ഡറുമൊക്കെയായി വളര്‍ത്തിയെടുത്തതുകൊണ്ട് അയാളില്‍ വലിയ പ്രതീക്ഷയായിരുന്നു എന്‍റെ കൂട്ടുകാരന് .

എന്തുകൊണ്ടോ പറഞ്ഞ സമയത്തിനു തൊട്ടു മുന്‍പ് അത്യാവശ്യ അവധി എടുത്ത് കേരളത്തിലേക്ക് പോയ അയാള്‍ പിന്നെ മടങ്ങി വന്നില്ല. ഒരെഴുത്തോ ഫോണോ ഞങ്ങളെ തേടി എത്തിയില്ല. ഞങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയും കിട്ടിയില്ല. അയാള്‍ ഇനി ദില്ലിയിലേക്ക് വരില്ലെന്ന് ഞങ്ങള്‍ക്ക് സ്വയം സമ്മതിക്കേണ്ടി വന്നു.

അപ്പോഴാണ് വടക്കേ ഇന്ത്യന്‍ മരാശാരിമാരെ അന്വേഷിച്ചു തുടങ്ങിയത്. അതൊരു ഭ്രാന്തവും നിസ്സഹായവുമായ അന്വേഷണമായിരുന്നു. ഡിസൈനുകള്‍ സങ്കീര്‍ണവും സമയം കുറവുമായിരുന്നുവല്ലോ. സാങ്കേതിക വിദഗ്ദ്ധര്‍ എല്ലാവരും കടുത്ത അങ്കലാപ്പിലായി.

ഉത്തരപ്രദേശുകാരായ കുറെ ശര്‍മ്മമാര്‍ ഞങ്ങള്‍ക്കൊപ്പം വന്നു കൂടിയത് അങ്ങനെയാണ്. പ്രിഥ്വി ശര്‍മ്മ , ലക്ഷ്മി ശര്‍മ്മ, കക്കു ശര്‍മ്മ, അനില്‍ ശര്‍മ്മ, ഉത്തം ശര്‍മ്മ അങ്ങനെ കുറെ ശര്‍മ്മമാര്‍. അവരെല്ലാം ജാതിയില്‍ ബ്രാഹ്മണരായിരുന്നുവത്രേ... എന്നുവെച്ചാല്‍ യജ്ഞോപവീതം ധരിച്ചിരുന്നവര്‍. എന്നാല്‍ മരപ്പണി പഠിക്കുകയും അങ്ങനെ ഒരു ജീവിതമാര്‍ഗം കണ്ടുപിടിക്കുകയും ചെയ്തപ്പോള്‍ ഭൂവുടമകളും അവരുടെ ആശ്രയത്തിലും ഉപജാപകവൃന്ദത്തിലുമുള്ള മറ്റ് ദരിദ്ര ബ്രാഹ്മണരും ഒത്തു ചേര്‍ന്ന് ഇവരെയൊക്കെ ജാതിയില്‍ നിന്ന് ഭ്രഷ്ടരാക്കി ഉപവീതം ഊരിയെടുത്തു. കേരളീയര്‍ എല്ലാം ക്രിസ്ത്യാനികളാണെന്ന് അവര്‍ ധരിച്ചിരുന്നു. ഉത്തരപ്രദേശിലെ കേരളീയ മിഷനറിമാരുടെ സാന്നിധ്യമായിരുന്നു അതിനു കാരണം. ഞങ്ങള്‍ പൂര്‍ണ സസ്യഭുക്കുകളാണെന്ന് അതുകൊണ്ടു തന്നെ ശര്‍മ്മമാര്‍ ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

എന്തായാലും അസാധാരണ ചാതുര്യത്തോടെ ശര്‍മ്മാസംഘം പണികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായിത്തന്നെ. സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ഒരു മനപ്രയാസത്തിനും അവര്‍ ഇടകൊടുത്തില്ല. പിന്നീട് അവരും അവര്‍ പലപ്പോഴായി കൂട്ടിക്കൊണ്ടുവന്ന വടക്കേ ഇന്ത്യാക്കാരായ ഒത്തിരി മരാശാരിമാരും ഞങ്ങള്‍ക്കൊപ്പം ഒരു ടീമായി ജോലികള്‍ ചെയ്തു.

ദില്ലി വിട്ട് കേരളത്തിലേക്ക് പോരാന്‍ ഞാനും എന്‍റെ കൂട്ടുകാരനും നിര്‍ബന്ധിതരായപ്പോഴാണ് അതിലൊരു മരാശാരി ഞങ്ങള്‍ക്കൊപ്പം വരികയാണെന്ന് പ്രഖ്യാപിച്ചത്. ദില്ലിയില്‍ പശിയടങ്ങേ ഭക്ഷണം നല്‍കിപ്പോന്ന ഞങ്ങള്‍ കേരളത്തിലും അത് നല്‍കുമെന്നായിരുന്നു അയാളുടെ വിശ്വാസം. സാറുള്ള ഇടം മതി എന്ന് അയാള്‍ കട്ടായം പറഞ്ഞപ്പോള്‍ എന്‍റെ കൂട്ടുകാരന്‍ സ്വന്തം മത്തങ്ങാക്കണ്ണുകള്‍ ഉരുട്ടി മിഴിച്ചുകൊണ്ട് നിശ്ശബ്ദനായി.

കേരളം അയാള്‍ക്ക് ഇഷ്ടമായി, ചോറും കടലക്കറിയും ഇഷ്ടം പോലെ കിട്ടുന്നുണ്ട്. പിന്നെ അയാള്‍ പുട്ടും അപ്പവും അവിയലും ഒക്കെ കഴിച്ചു ശീലിച്ചു. എല്ലു മുറിയെ പണികള്‍ ചെയ്തു. കേരളമെന്ന പച്ചപ്പ് വിട്ട് സാറെന്തിനു ദില്ലിയിലേക്ക് പോയി എന്ന് പറ്റുമ്പോഴൊക്കെ ഒരു ചെറുപുഞ്ചിരിയോടെ കളിയാക്കി.

ആ മനസ്സില്‍ ഒരു തീക്കടലുണ്ടായിരുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞത് പിന്നീടാണ്. അയാള്‍ ഭക്ഷണം കഴിക്കാന്‍ മടിച്ചു തുടങ്ങി . ഭക്ഷണത്തില്‍ ആരോ ഡീസലോ പെട്രോളോ കലര്‍ത്തുന്നുവെന്നും ആരൊക്കെയോ അയാളുടെ ചുറ്റും നിന്ന് സംസാരിക്കുന്നുവെന്നും അവര്‍ അയാള്‍ മനസ്സില്‍ വിചാരിക്കുന്നതു കൂടി കണ്ടുപിടിക്കുന്നുവെന്നും അയാള്‍ ഭീതിപ്പെടാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാതെ ജോലി ചെയ്ത് അയാള്‍ തളര്‍ന്നു. അടുത്തു വരുന്ന രൂപങ്ങളെ കണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു.

ഡോക്ടര്‍ ആദ്യം പറഞ്ഞു അയാള്‍ക്ക് ക്ഷയരോഗമാണെന്ന് അപ്പോള്‍ അതിന്‍റെ ചികില്‍സ തുടങ്ങി. ആറുമാസം ചികില്‍സിച്ചാല്‍ മാറുമെന്ന് ഉറപ്പും തന്നിരുന്നു. ആദ്യം രോഗം കുറവുള്ള പോലെ തോന്നിയിരുന്നു. എങ്കിലും പിന്നെയും ഡീസലും പെട്രോളും മരുന്നുകളില്‍ പോലും കലരാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അവിടെ തീരുകയില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

അയാള്‍ക്ക് നല്ല ദൈവവിശ്വാസമുണ്ടായിരുന്നു, എന്നു വെച്ചാല്‍ ഒരു ചരടോ ഏലസ്സോ ഒക്കെ ജപിച്ചു കെട്ടിയാല്‍ അസുഖം മാറുമെന്ന വിശ്വാസം. സൈക്കിയാട്രിസ്റ്റിനെ കാണിച്ചപ്പോള്‍ ഞാന്‍ അതുവരെ അയാളോട് ചെയ്തു പോന്ന വലിയൊരു തെറ്റ് എനിക്ക് മനസ്സിലായി. അയാള്‍ പറയുന്നതൊന്നും ശരിയല്ല , അത് അയാളുടെ തോന്നലാണ് എന്ന എന്‍റെ നിലപാട് വലിയൊരു തെറ്റായിരുന്നു. ഞാന്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ തുനിയുന്തോറും അല്ല മാഡം അല്ല മാഡം എന്ന് അയാള്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു. അത് ഓരോ പ്രാവശ്യം ആവര്‍ത്തിക്കുന്നതും അയാള്‍ക്ക് വിഷമം കൂട്ടുകയാണുണ്ടാക്കുക എന്ന് ഡോക്ടര്‍ എന്നെ പറഞ്ഞു മനസ്സിലാക്കി. അയാളെ വിശ്വസിക്കുന്നില്ല എന്ന് കാണുമ്പോള്‍ പാവം ഒന്നും പറയാതാകും. അയാളെ കേള്‍ക്കുക എന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ഡോക്ടറുടെ അസാധാരണമായ ക്ഷമയെ ഞാന്‍ കണ്ട് മനസ്സിലാക്കി. അപ്പോഴാണ് നന്നെ ചെറുപ്പത്തിലേ അയാള്‍ വിവാഹിതനായിരുന്നുവെന്നും ഭാര്യ അയാളെ ഒരാഴ്ചക്കുള്ളില്‍ വിട്ടു പോയി എന്നും ഒക്കെ ഞാന്‍ അറിഞ്ഞത്. അതിലെനിക്ക് അല്‍ഭുതമൊന്നുമുണ്ടായില്ല. കാരണം വടക്കെ ഇന്ത്യയില്‍ ബാലവിവാഹം സര്‍വസാധാരണമാണ്. നല്ല പഠിത്തമുള്ളവര്‍ പോലും അതിനെ അനുകൂലിച്ച് വാദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വിട്ടുപോകലും പിന്നെ കല്യാണം കഴിക്കലും കഴിക്കാതിരിക്കലും ഒക്കെ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ.

രോഗമാണ് അയാള്‍ക്കെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് ഭദ്രകാളിക്ഷേത്രത്തിലെ പൂജാരിയെ കൂട്ടുപിടിച്ച് അതിശക്തമായ മണിയടികളോടെയും ദീപാലങ്കാരപ്രഭകളൊടെയും ദേവി അരുളപ്പാടായി അയാള്‍ക്ക് മരുന്നുകള്‍ നല്‍കുന്ന ഒരു അവസ്ഥ സംജാതമാക്കി. അതിനായി രാവിലെ നാലുമണിക്കുണര്‍ന്നു കുളിച്ച് കസവുമുണ്ടൊക്കെ ഉടുത്ത് അംഗവസ്ത്രവുമിട്ട് ക്ഷേത്രത്തില്‍ പോയ ഒരു പൂര്‍ണ അവിശ്വാസിയായ എന്‍റെ കൂട്ടുകാരന്‍റെ മനസ്ഥിതിയോട് തികഞ്ഞ ആദരവുണ്ട് എനിക്ക്.

എന്തായാലും അയാള്‍ മരുന്നു കഴിച്ചു തുടങ്ങി. അതനുസരിച്ച് തോന്നലുകളില്‍ മാറ്റം വന്നു. ഭക്ഷണം ഇറങ്ങി, നിദ്ര സുഖകരമായി. ഭയം കുറഞ്ഞു. ഈ രോഗമില്ലാത്ത, അല്ലെങ്കില്‍ ആ തോന്നലുകളില്ലാത്ത സമയത്ത് അയാളോട് ഇങ്ങനെ ആരെങ്കിലും ഭക്ഷണത്തില്‍ ഡീസല്‍ കലര്‍ത്തുന്നുണ്ടോ ആരെങ്കിലും ചുറ്റും നില്‍ക്കുന്നുണ്ടോ എന്ന് ലോജിക്കില്ലാതെ നമുക്ക് ചോദിക്കാനും കഴിയില്ലല്ലോ.

ദേവി അരുള്‍ ചെയ്ത് മരുന്ന് കഴിച്ചെങ്കിലും ആ തോന്നലുകള്‍ മാറിയപ്പോള്‍ അയാള്‍ മരുന്നുകള്‍ നിറുത്തി. പയ്യെപ്പയ്യെ രോഗം മടങ്ങി വന്നു. ഗോഗാവസ്ഥയിലെത്തുന്ന അയാള്‍ സഹതാപപൂര്‍ണമായ ഒരു കാഴ്ചയായിരുന്നു. ഞാന്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം എന്‍റെ കൂട്ടുകാരന്‍റെ സാന്നിധ്യത്തില്‍ അയാള്‍ കഴിക്കാറുണ്ട്. എന്‍റെ കൂട്ടുകാരന്‍ അയാള്‍ക്ക് ദൈവം തന്നെയായിരുന്നു. കാരണം വല്ലാതെ ഭയം തോന്നുമ്പോള്‍ അയാള്‍ അദ്ദേഹത്തിന്‍റെ നമ്പര്‍ ഡയല്‍ ചെയ്യും. ഫോണ്‍ എടുക്കണമെന്നില്ല. സാറിനെ അറിയിക്കുന്നുണ്ടെന്ന് കണ്ടാല്‍ ആ രൂപങ്ങള്‍ മാറിപ്പോകുമെന്നായിരുന്നു പാവത്തിന്‍റെ ധാരണ.

ഞാന്‍ അങ്ങനെ പലവട്ടം അയാള്‍ക്കൊപ്പം സൈക്കിയാട്രിസ്റ്റിനെ കാണാന്‍ പോയി. ഓരോ പ്രാവശ്യം മരുന്നു മുടങ്ങുമ്പോഴും ഡോസ് കൂടി വന്നു. അതും ശരിയാവുകയില്ലല്ലോ. അങ്ങനെ ഇരുപത്തൊന്നു ദിവസത്തില്‍ ഒരിയ്ക്കെ എടുക്കാനുള്ള ഇഞ്ചെക് ഷന്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

അതിനും ഞാനായിരുന്നു കൂട്ടുപോയിരുന്നത്.

ആദ്യത്തെ ഇന്‍ജെക് ഷന്‍ കഴിഞ്ഞ ദിവസം അരമണിക്കൂര്‍ വിശ്രമിച്ചിട്ട് പോയാല്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

അങ്ങനെ ഓ പി യിലെ നീളന്‍ ബെഞ്ചില്‍ കിടക്കുകയായിരുന്നു അയാള്‍. ഞാന്‍ അരികെ താടിക്ക് കൈയും കൊടുത്തിരിക്കുകയും...

അപ്പോള്‍ ഒരു മന്ത്രണം പോലെ അയാള്‍ മാഡംജിയോട് സംസാരിക്കാന്‍ തുടങ്ങി. എനിക്കുറപ്പുണ്ട് ആ മരുന്നിന്‍റെ മയക്കത്തിലാണ് അത്രയെല്ലാം പറയാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവുക.

സ്ത്രീകള്‍ വളരെ ക്രൂരമായ മനസ്സുള്ളവരാണെന്ന് അയാള്‍ പറയുകയായിരുന്നു. അവര്‍ ഏകാന്തതയില്‍ പുരുഷനെ തകര്‍ത്തുതരിപ്പണമാക്കും. അവരുടെ വായിലുദിക്കുന്ന വാക്കുകള്‍ക്ക് ആയിരം ചാട്ടവാറുകള്‍ കൊണ്ടുള്ള അടിയേക്കാള്‍ ശക്തിയുണ്ട്. അവര്‍ ചുണ്ടുവിരല്‍ കൊണ്ട് ഒരു പുഴുവിനെ എന്ന പോലെ ആണ്മയെ തോണ്ടും.. പിന്നെ അതുണരില്ല. തല പൊക്കുകയില്ല. വര്‍ഷക്കണക്കിനു... ചിലപ്പോള്‍ ജീവിതകാലമത്രയും.

എനിക്ക് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.

പുരുഷനെന്നാല്‍ അവസാനിക്കാത്ത ലൈംഗികോര്‍ജ്ജമുള്ളവനെന്ന് എ ഴുതിവെച്ചവരും ചിത്രം വരച്ചവരും പാടിയവരും പഠിപ്പിച്ചവരുമൊന്നും കാണാതെ പോയ ദൌര്‍ബല്യവും ദയനീയതയും മഹാ ദുരന്തവുമാണത്. അതെന്തോ ഭയങ്കരകേമത്തമെന്ന് തെറ്റിദ്ധരിച്ച് പുരുഷനും സ്ത്രീയും ഒരുപോലെ എടുത്ത് കഴുത്തിലണിഞ്ഞിട്ടുള്ള ഒരു ആത്മഹത്യാക്കുരുക്ക്. അതുകൊണ്ട് ജീവന്‍ പോകും.. മനോരോഗമുണ്ടാകും.. ആണ്കോയ്മയുടെ പൊങ്ങച്ചധ്വജത്തിനായി ബലാല്‍സംഗങ്ങള്‍ ഉണ്ടാകും.. സ്ത്രീത്വം അപമാനിതമാകും.. പുരുഷത്വം ഒട്ടും ഇല്ലെന്ന് പ്രേമത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും ഏകാന്തതകളില്‍ അപമാനിതനാകുമ്പോള്‍ അല്‍പം ദുര്‍ബലനായ പുരുഷന്‍ തകര്‍ന്ന് തരിപ്പണമാകും...

എന്‍റെ തള്ളവിരലില്‍ പണി ചെയ്തു പരുത്ത കൈ കൊണ്ട് മുറുകെപിടിച്ച് ഒരു കുഞ്ഞിനെപ്പോലെ അയാള്‍ മരുന്നിന്‍റെ ആഴങ്ങളില്‍ മയങ്ങിക്കിടന്നു.

No comments: