Tuesday, August 28, 2018

ശീലാവതികളുടെ നാട്ടില്‍ പണക്കൊതിച്ചിയായ സരിത

https://www.facebook.com/echmu.kutty/posts/837676949744934?pnref=story

എനിക്കല്‍ഭുതം തോന്നുകയാണ്.

ലൈംഗിക പീഡനം അനുഭവിച്ചു എന്നൊരു സ്ത്രീ പറയുന്നത് ഇത്ര വലിയ കുറ്റമാകുന്നതെങ്ങനെയാണ്?
ആരോപിതരായവരെല്ലാം മാര്‍പ്പാപ്പയേക്കാള്‍ വിശുദ്ധരാകുന്നതെങ്ങനെയാണ്?

സരിതയെ വേശ്യ എന്നാണ് വിളിക്കുന്നത്... കേട്ടാല്‍ തോന്നും വേശ്യകളെല്ലാം അങ്ങേയറ്റം മോശക്കാരാണെന്ന്... വിടന്മാരും ഒപ്പം മോശക്കാരല്ലേ? അധികാരസ്ഥാനങ്ങളിലിരിക്കുന്ന പുരുഷന്മാര്‍ തികച്ചും മാന്യമായി പെരുമാറുമെന്ന് ഉറപ്പില്‍ ഇന്ത്യയില്‍ എത്ര സ്ത്രീകള്‍ക്ക് പരാതിയുമായോ ആവശ്യങ്ങളുമായോ അവരെ സമീപിക്കാനാകുമെന്നത് തീര്‍ച്ചയായും ആലോചിക്കേണ്ട കാര്യമാണ്.

സരിതയ്ക്ക് മാത്രമാണോ പണക്കൊതി? ബാക്കി ആര്‍ക്കും പണക്കൊതിയില്ല എന്ന് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലല്ലോ. എന്നിട്ട് പണത്തിനു വേണ്ടി സരിത അങ്ങനെ കളവ് പറയുന്നുവെന്ന്...
ബാക്കി ആരും കള്ളമേ പറയാത്തവര്‍.. സത്യം മാത്രം ശ്വസിക്കുന്നവര്‍ .
നമ്മുടെ നിയമവ്യവസ്ഥയില്‍ നിന്ന് അഞ്ചു പൈസ പിരിച്ചെടുക്കണമെങ്കില്‍ അതിനു നടക്കുന്ന ആള്‍ ആയുസ്സ് മുഴുവന്‍ ചെലവാക്കേണ്ടതായി വരുമെന്ന് അറിയാത്തവരാണോ ഈ ഹരിശ്ചന്ദ്രന്മാര്‍?

കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു മഞ്ഞറിപ്പോര്‍ട്ടാണത്രേ... അതില്‍ സരിതയെ പീഡിപ്പിച്ചുവെന്ന കഥ മാത്രമേയുള്ളൂവെന്ന് തോന്നും പറയുന്നത് കേട്ടാല്‍.... അതെഴുതിയതും ഒരു ജഡ്ജിയാണ്. അത്ര മന്തനാണോ ആ ജഡ്ജി?

ലോകം മുഴുവന്‍ സരിതയുടേ ക്ലിപ്പുകള്‍ പ്രചരിച്ചപ്പോള്‍ അതെല്ലാം കണ്ട് ആസ്വദിച്ചവര്‍ തന്നെയാണ് ഭൂരിപക്ഷം പൊതുജനവും . പെട്ടെന്ന് പുരുഷന്മാര്‍ എല്ലാവരും സദാചാരവാദികളും പ്രായം, രാഷ്ട്രീയം, ഭരണം അങ്ങനെ പല കാര്യങ്ങള്‍ കൊണ്ട് കാരണങ്ങള്‍ കൊണ്ട് തികഞ്ഞ വിശുദ്ധരായി മാറിയെന്ന് വിധി എഴുതുന്നതും ക്ലിപ്പുകള്‍ കണ്ട കൈയടിച്ച അതേ പൊതുജനം തന്നെയാണ്.

ആരോ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാന്‍ തയാറാവുന്ന സ്ത്രീകളുള്ള കേരളത്തിലാണ് സരിതയെപ്പോലെ ഒരു സ്ത്രീ ഇപ്പോഴും ആരേയും ഭയപ്പെടാതെ ജീവിക്കാന്‍ ധൈര്യപ്പെടുന്നത്. ടി വി യില്‍ പ്രത്യക്ഷപ്പെടുന്നത്. ചോദ്യങ്ങള്‍ക്കുത്തരം പറയുന്നത്. പീഡനമേറ്റ് അടങ്ങി ഒതുങ്ങിപ്പോകുന്ന പാവം പെണ്‍കുട്ടികളെ മാത്രം കണ്ട് ശീലിച്ച പൊതുജനത്തിനു സരിതയും പ്രതികരിക്കുന്ന മറ്റുള്ളവരുമൊക്കെ സഹിക്കാന്‍ സാധിക്കാത്തവരാകുന്നതില്‍ അല്‍ഭുതമില്ല തന്നെ. അവര്‍ പറയുന്നതെല്ലാം കള്ളമെന്ന് പ്രഖ്യാപിക്കാതെ ഇരിക്കപ്പൊറുതിയില്ല തന്നെ. പ്രതികരണ വിരുദ്ധതയാണല്ലോ നമ്മുടേ ഏറ്റവും വലിയ ശീലഗുണം.

അല്‍പമെങ്കിലും പൊരുതാന്‍ ശ്രമിക്കുന്ന ആരേയും നമുക്ക് സഹിക്കുക വയ്യ. ഒളിക്കുന്ന ഓടുന്ന സഹിക്കുന്ന ആത്മഹത്യ ചെയ്യുന്നവരെയാണ് നമുക്കിഷ്ടം.

No comments: