നവംബര്‍ ഇരുപത്തൊമ്പതിനു തന്നെ ഞാന്‍ യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു കോട്ടയം സി എം എസ് കോളേജിലെ യു ജി സി സെമിനാറില്‍ പങ്കെടുക്കാന്‍.. ആ കോളേജില്‍ ഒരു ക്ഷണിതാവായി ചെല്ലുക എന്നത് എന്നില്‍ വലിയ അഭിമാനവും സന്തോഷവും ഉളവാക്കിയെന്നത് സത്യമാണ്. നേരത്തെ മഹാരാജാസ് കോളേജിലും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജിലും വിക്ടോറിയ കോളേജിലുമൊക്കെ കുട്ടികളുമായി സംവദിച്ചിരുന്നുവെങ്കിലും സി എം എസ് കോളേജിന്‍റെ സിനിമാദൃശ്യങ്ങള്‍ മനസ്സിലുണര്‍ത്തിയ കാല്‍പനികത എനിക്ക് തന്നെ അതീവ സുന്ദരമായി അനുഭവപ്പെടുന്നുണ്ടായിരുന്നു.
ട്രെയിനിറങ്ങി ഭക്ഷണം കഴിച്ച ശേഷം അടുത്ത സുഹൃത്തായ എബ്രഹാമിനൊപ്പം ശബരിമലയിലേക്കുള്ള വഴിയിലൂടെ ഒരു ഡ്രൈവിനു പോയി. കാടിന്‍റെ പച്ചമണമേറ്റുകൊണ്ടുള്ള ആ യാത്ര എന്‍റെ മനസ്സിലെ വിഷാദചിന്തകളേയും ആകുലതകളേയും എല്ലാം പതിയെപ്പതിയെ തൂത്തെറിഞ്ഞു. പമ്പാനദിയ്കൊപ്പമുള്ള യാത്ര തീര്‍ത്തും മനോഹരമായിരുന്നു.
എബ്രഹാമിന്‍റെ ഊരിലാണ് അന്നു രാത്രി ഞാന്‍ താമസിച്ചത്. എണ്‍പത്താറും തൊണ്ണൂറ്റൊന്നും എഴുപത്തഞ്ചും വയസ്സുള്ളവരൊക്കെയായിരുന്നു സഹമുറിയര്‍. അല്‍പം ഓര്‍മ്മക്കുറവ്, ഒന്നു വീണതുകൊണ്ട് കൈയിനു പറ്റിയ ചെറിയ പരിക്ക് , അല്‍പമൊരു ബലക്കുറവ് ഇതൊക്കെ ഒഴിച്ചാല്‍ അവരെല്ലാം തികഞ്ഞ ജീവിതങ്ങളായിരുന്നു. വേര്‍ഡ്സ് വര്‍ത്തിനെയും ഹെന്‍റി ഡേവിഡ് തോറോയേയും പറ്റി, മൊബൈല്‍ ഫോണ്‍ എന്ന പലകകളെപ്പറ്റി, ഊരിനു ചുറ്റും ഹരിതാഭ നിറഞ്ഞൊഴുകുന്ന പ്രകൃതി സൌന്ദര്യത്തികവിനെപ്പറ്റി എല്ലാമെല്ലാം അവര്‍ വാചാലരായി. അവര്‍ക്കു പറയാനും എനിക്ക് കേള്‍ക്കാനും ഇഷ്ടം. അതുകൊണ്ട് താമസവും ആനന്ദകരമായിരുന്നു.
മുപ്പതിനു രാവിലെ സി എം എസ് കോളേജില്‍ ചെല്ലുമ്പോള്‍ എനിക്കാദ്യമായി കോളേജില്‍ പോകുന്ന ഒരു വിദ്യാര്‍ഥിനിയുടേ കൌതുകമുണ്ടായി. ആ കലാലയ മുത്തശ്ശിയെ ഞാന്‍ കണ്ണെടുക്കാതെ നോക്കി. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്ത്രീ വിദ്യാഭ്യാസവും ഒക്കെ നടപ്പിലാക്കിയ ഇരുനൂറുകാരി ഇന്നും നിറഞ്ഞ യൌവനത്തികവില്‍ തന്നെ. സെമിനാര്‍ ഹാളിലായിരുന്നു ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ ആന്‍ഡ് ജെന്‍ഡര്‍ ഐഡന്‍റിറ്റി എക്സ്പ്ലോറിംഗ് ഡൈവേഴ്സിറ്റീസ് ഓഫ് ക്യുര്‍ സ്പേസ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന യു ജി സി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. റാന്നി സെന്‍റ് തോമസ് കോളേജ് പ്രിന്‍ സിപ്പലായ പ്രൊഫസര്‍ ഡോക്ട്രര്‍ ലതാ മറീന വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. അവര്‍ ഈ വിഷയത്തില്‍ ഗഹനമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. ഡോ . റോയ് സാം ഡാനിയല്‍, പ്രൊഫസര്‍ സിനി റേച്ചല്‍ മാത്യു, പ്രോഫസര്‍ ജേക്കബ് കുന്നത്ത് , ഡോ. ജോജി ജോണ്‍ പണിക്കര്‍ എന്നിവരുടെ പ്രസംഗങ്ങളുമുണ്ടായിരുന്നു.
സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആറു ട്രാന്‍ സ് ജെന്‍ ഡേര്‍സ് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. പരിപാടികള്‍ ആരംഭിക്കും മുന്‍ പേ ഞാനും അവരും പ്രൊഫസര്‍ ജേക്കബ് കുന്നത്തും തമ്മില്‍ ഒരു പരിചയപ്പെടല്‍ അല്ലെങ്കില്‍ മഞ്ഞുരുകല്‍ സെഷന്‍ ഉണ്ടായിരുന്നു. അത് അവരേയും എന്നേയും ഒരേ പോലെ സെമിനാറുമായുള്ള മനപ്പൊരുത്തത്തിനിടവരുത്തി. ജുവല്ലറി ഡിസൈനിംഗ് ചെയ്യുന്ന തൃപ്തി, അമ്മ അല്ലെങ്കില്‍ ഗുരുവായ, എയിഡ്സ് കണ്ട്റോള്‍ സെല്ലിലും കുടുംബശ്രീയിലും പ്രവര്‍ത്തിക്കുന്ന അഭിരാമി, ഒരു പുരുഷനെ വിവാഹം കഴിച്ച് ഭാര്യയും വീട്ടമ്മയുമായ ലക്ഷ്മി ഗോപന്‍, നര്‍ത്തകിയായ വൈഗ, മെട്റോ റെയില്‍ വെയില്‍ ജോലി ചെയ്യുന്ന ജാസ്മിന്‍, സി എ വിദ്യാര്‍ഥിനിയായ ശ്രുതി ഇത്രയും പേരായിരുന്നു ട്രാന്‍ സ് ജെന്‍ ഡേര്‍ സ്.
ചിന്തിയെറിയപ്പെടുന്ന ഓടപ്പഴങ്ങള്‍ എന്ന അഞ്ചാം അധ്യായം വായിച്ചുകൊണ്ടാണ് ഞാന്‍ സെമിനാറില്‍ പങ്കെടുത്തത്. പലരും കണ്ണീര്‍ തുടയ്ക്കുന്നത് ഞാന്‍ കണ്ടു. പിന്നീട് വളരെ വിശദമായുള്ള ഒരു പ്രസംഗത്തിന്‍റെ ആവശ്യം ഉണ്ടായില്ലെന്നതാണ് സത്യം.
തൃപ്തിയും അഭിരാമിയും ലക്ഷ്മിയും വൈഗയും ജാസ്മിനും ശ്രുതിയും അവരവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.
വേദനാജനകമെങ്കിലും എന്നിലെ എഴുത്തുകാരിയെ അനുനിമിഷം ഹൃദയംഗമാമായി അംഗീകരിക്കുന്ന അനുഭവങ്ങളായിരുന്നു അവയെല്ലാം. ട്രാന്‍ സ് ജെന്‍ ഡേര്‍ സിനെക്കുറിച്ചും ഇന്ത്യന്‍ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചുമുള്ള എന്‍റെ ബോധ്യങ്ങള്‍ എത്രമാത്രം ശരിയാണെന്ന് അവര്‍ തുറന്നു പറയുമ്പോള്‍ നോവലിസ്റ്റ് എന്ന നിലയില്‍ ഞാനനുഭവിച്ച ഉന്മാദം സീമകള്‍ക്കപ്പുറത്തായിരുന്നു. കുട്ടികള്‍ വളരെ താല്‍പര്യപൂര്‍വം തൃപ്തിയോടും അഭിരാമിയോടും ലക്ഷ്മിയോടും വൈഗയൊടുമെല്ലാം ഒത്തിരി ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്തു.
ഞങ്ങള്‍ ഏഴുപേരും ഒന്നിച്ചാണ് ഉച്ചഭക്ഷണം കഴിച്ചത്.
ക്ലാസ്മേറ്റ്സ് സിനിമ ഷൂട്ട് ചെയ്ത ആ കോളേജ് കെട്ടിടങ്ങളും ചാപ്പലും ലവേഴ്സ് പാത്തും എല്ലാം നനഞ്ഞൊട്ടുന്ന മഴയിലും ഞാന്‍ കാണാതിരുന്നില്ല. സുഹൃത്തുക്കളായ ഏബ്രഹാമും പ്രൊഫസര്‍ ജേക്കബും പ്രൊഫസര്‍ ആനും എനിക്കൊപ്പമുണ്ടായിരുന്നു.
സത്യത്തില്‍ മനസ്സില്ലാമനസ്സോടെയാണ് ആ പെരുമഴയില്‍ കുതിര്‍ന്നാണെങ്കിലും എന്‍റെ ആറു സുഹൃത്തുക്കളോടും ആ കലാലയ മുത്തശ്ശിയോടും ഞാന്‍ യാത്ര പറഞ്ഞത്.
നോവലിസ്റ്റ് എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും തികച്ചും ആനന്ദകരമായ അഭിമാനകരമായ ഒരു ദിവസമായിരുന്നു അത്...
No comments:
Post a Comment