Sunday, August 5, 2018

എനിക്കെന്‍റെ ശബ്ദം കേള്‍ക്കാം ഇപ്പോ...

https://www.facebook.com/echmu.kutty/posts/714893905356573

സത്യമായും കണ്ണു നിറഞ്ഞു പോയി.

അങ്ങനെയൊരു കാര്യത്തിനു ചെറിയ നിമിത്തമായി തീര്‍ന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.

എന്‍റെ കൂട്ടുകാരന്‍റെ അവിവാഹിതയായ വല്യമ്മയുടേതായിരുന്നു എനിക്കെന്‍റെ ശബ്ദം കേള്‍ക്കാം ഇപ്പോ എന്ന ആ വാക്കുകള്‍ .

വല്യമ്മക്ക് ചെവി കേള്‍ക്കാതായിട്ട് ഒത്തിരി വര്‍ഷമായി. വലതു ചെവി ഒട്ടും കേള്‍ക്കില്ല, ഇടതു ചെവി കുറേശ്ശെ കേള്‍ക്കാം. ആ ചെവിയോട് മുഖം ചേര്‍ത്തു പിടിച്ച് ഉച്ചത്തില്‍ സംസാരിച്ചാല്‍ മതി. ലാന്‍ ഡ് ഫോണ്‍ ബെല്ലടിച്ചാല്‍ അറിയില്ലെങ്കിലും ഇടതു ചെവിയില്‍ റിസീവര്‍ ചേര്‍ത്തുപിടിച്ചാല്‍ കേള്‍ക്കാം. ടി വി അത്യുച്ചത്തില്‍ വെച്ചാല്‍ വല്യമ്മയ്ക്ക് കേള്‍ക്കാനാവും. പക്ഷെ, ശബ്ദ ശല്യം കാരണം നമ്മള്‍ക്ക് തലവേദനിക്കും.

നല്ലൊരു വായനക്കാരിയാണ് അവര്‍. ഇപ്പോ കണ്ണിനും മൂടല്‍ വന്നിട്ടുണ്ട് . അതുകൊണ്ട് കണ്ണ് ഓപ്പറേറ്റ് ചെയ്യണം. അക്കാര്യത്തില്‍ വല്യമ്മ മനസ്സ് കൊണ്ട് തയാറായിക്കഴിഞ്ഞിട്ടുണ്ട്. എത്രയോ ദിവസം മുമ്പേ. എന്നാല്‍ ചെവിയില്‍ ഒരു ശ്രവണസഹായി വെയ്ക്കാന്‍ വല്യമ്മ ഒട്ടും ഒരുക്കമായിരുന്നില്ല. എല്ലാവരും പലവട്ടം പറഞ്ഞു നോക്കി, പിണങ്ങി നോക്കി, വിദേശ നിര്‍മ്മിതമായ രണ്ടുമൂന്നു തരം മെഷീനുകള്‍ കൊണ്ടുവന്നു കൊടുത്തു. വല്യമ്മ അതൊന്നും ഉപയോഗിച്ചില്ല. ആരു പറഞ്ഞിട്ടും വഴങ്ങിയില്ല.

അതിഭയങ്കരമായ പേടിയായിരുന്നു പാവത്തിന്. ചെവിയില്‍ എന്തോ ഭീകര ഓപ്പറേഷന്‍ ചെയ്യേണ്ടി വരുമെന്ന് ഭയന്നിരുന്നു. ഉള്ള കേള്‍വി ശക്തിയും നഷ്ടമാകുമെന്നായിരുന്നു ഉല്‍ക്കണ്ഠ. ഞാന്‍ ഒരുപാട് സംസാരിച്ചു. വിശദീകരിച്ചു, വല്യമ്മയുടെ വ്യക്തിത്വം തന്നെയും മാറുമെന്ന് ഞാന്‍ എങ്ങനെയോ ബോധ്യമാക്കി. എന്‍റെ വാചകമടിയെന്ന ബ്ലേഡ് അറുപ്പ് താങ്ങാന്‍ വയ്യാതെയാണോ, കാണുമ്പോഴെല്ലാം ചെവി ചെവി എന്ന് പിറുപിറുത്തതാണോ എന്തോ ഒടുവില്‍ ചെവി ഡോക്ടറെ കാണിക്കാമെന്ന് വല്യമ്മ തയാറായി.

അങ്ങനെ ആ സെഷന്‍ ആരംഭിച്ചു. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ അവരുടെ കൈകാലുകള്‍ തണുത്ത് വിറങ്ങലിച്ചിരുന്നു. ശരീരത്തിനു നല്ല വിറയലുണ്ടായിരുന്നു. ചെവിയിലേക്ക് ലൈറ്റടിച്ച് നോക്കിയ ഡോക്ടര്‍ ചിരിച്ചു..

'അപ്പടി ചെവിക്കായമാണ് രണ്ടു ചെവിയിലും.. ആദ്യം അതൊക്കെ മരുന്നൊഴിച്ച് ഇളക്കി കളഞ്ഞിട്ട് വേണം ചെവി നോക്കാന്‍..'

പിന്നെ അതായി.. ചെവിക്കായം അല്‍പാല്‍പം അലിഞ്ഞ് പുറത്തേക്ക് വന്ന് തുടങ്ങിയപ്പോള്‍ ചെവിയില്‍ നിന്ന് ചോര വരുന്നുവെന്ന് ഭയപ്പെട്ട് വല്യമ്മ ഉറക്കെ നിലവിളിച്ചു കരഞ്ഞു. ചെവി ഒട്ടും കേള്‍ക്കാതായി എന്ന് പരിതപിച്ചു.

ഏകദേശം ഒരു മാസമൊക്കെയെടുത്ത് രണ്ട് ചെവിയും വൃത്തിയാക്കി എടുത്തു. അത്ര എളുപ്പമൊന്നുമായിരുന്നില്ല കാര്യം. ഭയം, പരിഭ്രമം, ഉള്ള കേള്‍വി കൂടി പോകുമെന്ന ആധി. രാത്രിയിലെ ഉറക്കമില്ലായ്മ..

ഇതിനെയൊക്കെ പറ്റാവുന്നത്ര വാചകമടിച്ചും വിശദീകരിച്ചും തെറ്റിദ്ധാരണകളെ ആവുന്നത്ര മാറ്റാന്‍ പരിശ്രമിച്ചും അങ്ങനെ വളരെ മെല്ലെയെങ്കിലും തികച്ചും ഫലപ്രദമായി നേരിട്ടാണ് ചെവി വൃത്തിയാക്കിയത്. ശരിക്ക് കേള്‍വി ഇല്ലാത്തവരുമായി കാര്യങ്ങള്‍ വിശദീകരിച്ചു മനസ്സിലാക്കിക്കാന്‍ വലിയ പ്രയാസമാണ്. എങ്കിലും അക്കാര്യത്തില്‍ ഞാന്‍ ജയിച്ചുവെന്ന് തന്നെ വേണം പറയാന്‍..

പോരാത്തതിനു വേദനയും അസഹനീയമായിരുന്നു. ചെവി മരവിക്കാനുള്ള കുത്തിവെപ്പ് നല്‍കിയിട്ടും വല്യമ്മ കരയുക തന്നെയായിരുന്നു. ഒടുവില്‍ ഡോക്ടര്‍ക്കു പോലും സങ്കടം തോന്നിപ്പോയി. എങ്കിലും ആ പരീക്ഷണഘട്ടം വല്യമ്മ വിജയകരമായി തരണം ചെയ്തു.

പിന്നെ ഓഡിയോമെട്രിസ്റ്റിനെ കാണാന്‍ പോയി.

ആ പെണ്‍കുട്ടി മിടുമിടുക്കിയായിരുന്നു. അവള്‍ വല്യമ്മയെ ഒത്തിരി സാന്ത്വനിപ്പിച്ചു .. ധൈര്യം കൊടുത്തു..വലിയ ആശ്വാസമായിരുന്നു ആ ക്ലിനിക്കിലെ മുഴുവന്‍ ജീവനക്കാരുടെയും പെരുമാറ്റം.

ട്രയല്‍ മെഷീനുകള്‍ രണ്ട് ചെവിയിലും വെച്ചപ്പോള്‍ വല്യമ്മയ്ക്ക് ചെവി കേള്‍ക്കാന്‍ തുടങ്ങി. വാര്‍ദ്ധക്യം കൊണ്ട് ചുക്കിച്ചുളിഞ്ഞ ആ മുഖം ഒരു പുതിയ മന്ദാരപ്പൂ പോലെ വിടര്‍ന്നു. അല്‍ഭുതം കൊണ്ട് വായ് പിളര്‍ന്നു.കണ്ണുകള്‍ തിളങ്ങി.. എന്നിട്ട് പറഞ്ഞതാണ്.. 'എനിക്കിപ്പൊ എന്‍റെ ശബ്ദം കേള്‍ക്കാ'മെന്ന്..

എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി. സ്വന്തം ശബ്ദം കേള്‍ക്കാനാവുന്നത് ഒരു വലിയ അല്‍ഭുതമാണെന്ന വിധത്തില്‍ കേള്‍വിയുടെ പഴയ സുന്ദരകാലങ്ങളെ അവര്‍ മറന്നു പോയിരിക്കുന്നു.

ശബ്ദങ്ങളുടെ വിശാലമായ ലോകം അതിന്‍റെ എല്ലാ സൌകുമാര്യങ്ങളോടെയും ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടു പോയ വല്യമ്മയെ ഇനിയെങ്കിലും ഗാഢം പുണരട്ടെ..

No comments: