Wednesday, August 1, 2018

പുരുഷ സുഹൃത്തുക്കള്‍

https://www.facebook.com/echmu.kutty/posts/696463517199612
അവര്‍ എണ്ണത്തില്‍ അധികമില്ല. പരിചയക്കാരെപ്പോലെയല്ലല്ലോ സുഹൃത്തുക്കള്‍ . സുഹൃത്തുക്കള്‍ക്ക് മിക്കവാറും നമ്മെ മുഴുവനായും അറിയാന്‍ കഴിയും. പരിചയക്കാര്‍ക്ക് ചില പരിചയങ്ങള്‍ മാത്രമേ കാണൂ.

ജീവിതത്തിന്‍റെ ഏറ്റവും നിസ്സഹായമായ,അതി തീവ്രമായ ദീനപരിതസ്ഥിതികളിലെല്ലാം അവരുണ്ടായിരുന്നു. ചിലപ്പോള്‍ കൂടെ,അല്ലെങ്കില്‍ ദൂരെയിരുന്നു തന്നെ. അവരുടെ പക്കല്‍ എനിക്ക് തരാനായി സമയവും സൌകര്യവും പണവും ഒടുങ്ങാത്ത സന്മനസ്സും ഉണ്ടായിരുന്നു. ആ പണമൊന്നും ഞാന്‍ ഒരിക്കലും അവര്‍ക്ക് മടക്കിക്കൊടുത്തിട്ടുമില്ല. ചെരിപ്പ് മുതല്‍ സല്‍വാര്‍ കമ്മീസ് വരെ .വീട്ടുപാത്രങ്ങള്‍ മുതല്‍ ആശുപത്രിച്ചെലവുകള്‍ വരെ. ബസ്സു കൂലി മുതല്‍ വക്കീല്‍ ഫീസ് വരെ.. അങ്ങനെ എത്രയെത്ര വീട്ടാക്കടങ്ങള്‍.

എന്‍റെ അമ്മ മരിച്ചുപോയ നിമിഷം അതിലൊരാള്‍ കൃത്യമായി എന്നെ വിളിച്ചു. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് അയാള്‍ എങ്ങനെ അത് അത്ര വേഗം അറിഞ്ഞു എന്ന് എനിക്കറിയില്ല. അത്ര കൃത്യമായിരുന്നു ആ ഫോണ്‍. ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞു. 'എനിക്കാരുമില്ലാതായി ' എന്ന് പുലമ്പി. 'ഞാനിനി എന്തിനു ജീവിക്കണ'മെന്ന് ചോദിച്ചു. 'അമ്മയ്ക്കൊപ്പം മരിക്കാനാണ് എന്‍റെ മോഹം' എന്ന് പറഞ്ഞു. എല്ലാം മൂളിക്കേട്ടിട്ട്, 'കരയരുതെ'ന്ന് പറഞ്ഞിട്ട്, 'അമ്മ പോയപ്പോള്‍ നിനക്കാരുമില്ലാതായെങ്കില്‍ നീ പോകുമ്പോള്‍ എനിക്ക് '… എന്ന് നിറുത്തി. . അപ്പോള്‍ സങ്കടം കൊണ്ട് മന്ദീഭവിച്ച എന്‍റെ തലയില്‍ ഒരു തിരിവെട്ടം വീണു.

അമ്മയെ ചിതയില്‍ വെക്കുകയും കത്തിക്കാനുള്ള കൊള്ളി എടുത്ത് ആ ചിതയ്ക്ക് തീ കൊടുക്കുകയും ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ എന്തിനായി ദൈവം ഈ ഭൂമിയിലേക്കിറക്കി വിട്ടു എന്ന് ഞാന്‍ ജീവിതത്തില്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. കൊള്ളി വെയ്ക്കേണ്ടുന്ന ആ നിമിഷത്തില്‍ ഞാന്‍ ലക്ഷം തവണ ആ ചോദ്യം എന്‍റെ ഉള്ളിലിട്ടുരുക്കഴിച്ചു. എത്ര ശ്രമിച്ചിട്ടും എനിക്ക് തേങ്ങല്‍ ഒതുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. തീ കൊടുത്ത് ഇരുമ്പ് ഷട്ടര്‍ വലിച്ചു താഴ്ത്തി ,അമ്മയെ അഗ്നിക്ക് സമര്‍പ്പിച്ചപ്പോള്‍ ഞാനീ മഹാപ്രപഞ്ചത്തില്‍ തികച്ചും തനിച്ചായിപ്പോകുകയായിരുന്നു. വസുവെന്ന കൂട്ടുകാരി 'ഞാനിനി അനിയത്തിമാര്‍ക്കു കൂടി അമ്മയാവണം' എന്ന് ആശ്വസിപ്പിക്കുമ്പോള്‍ ഒരു പുരുഷ സുഹൃത്ത് വന്ന് എന്‍റെ കൈപിടിച്ചു. 'കരയരുത്... കരയരുത് 'എന്ന് മന്ത്രിച്ചു. 'നമ്മള്‍ കരച്ചില്‍ ബാന്‍ ചെയ്തിട്ട് എത്ര കൊല്ലമായി' എന്നോര്‍മ്മിപ്പിച്ചു. അവന്‍റെ പതുപതുത്ത കൈകള്‍ക്കുള്ളില്‍, അമ്മയെ അഗ്നിക്കേകിയ എന്‍റെ വലതുകൈ അമര്‍ത്തിപ്പിടിച്ചു. 'എന്‍റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടുവല്ലോ' എന്ന് ഞാന്‍ തേങ്ങിയപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു. 'നഷ്ടങ്ങള്‍ നിനക്ക് പുതിയതാണോ. എല്ലാത്തരം നഷ്ടങ്ങളുടേയും മഹാറാണിയല്ലേ നീ ' അപ്പോള്‍ കടന്നുപോകുന്ന ജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഒരു നിമിഷം എന്‍റെ കണ്ണുകള്‍ പെയ്യാന്‍ മറന്നു നിന്നു.

ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും അവന്‍ ഒരു പെരുംതുണയായിരുന്നു. കരയുന്ന എന്നെ കാറിലിരുത്തി മണിക്കൂറുകളോളം അവന്‍ കാറോടിച്ചിട്ടുണ്ട്. ഒരക്ഷരം പറയാതെ. എന്‍റെ കണ്ണൂകള്‍ പെയ്തു തീരുമ്പോള്‍ , മുറിയില്‍ കൊണ്ടുവിട്ട് ഗുഡ്നൈറ്റ് പറഞ്ഞ് മടങ്ങിപ്പോയിട്ടുണ്ട്. എപ്പോള്‍ ചോദിച്ചാലും എന്ന് മടക്കിത്തരുമെന്ന ചോദ്യമില്ലാതെ പണം തന്നിട്ടുണ്ട്. എന്‍റെ സുഹൃത്തായി എന്ന ഒറ്റക്കാരണത്തിന് തികച്ചും അനര്‍ഹമായ ഘോരാപമാനങ്ങള്‍ ഒരു മടിയുമില്ലാതെ വിഴുങ്ങീട്ടുണ്ട്. ജീവിതത്തിന്‍റെ ഒരു അന്തരാളഘട്ടത്തില്‍ 'ഞാന്‍ ഏറ്റവും വിലപിടിപ്പുള്ള ഒരു സ്വത്താണെന്നും ഈ മഹാപ്രപഞ്ചത്തില്‍ ആര്‍ക്കു വേണ്ടെങ്കിലും അവന് എന്നെ വേണ'മെന്ന് എന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചവുട്ടിത്തേക്കുകയും ചെയ്തവരോട് ഉറക്കെ അലറിയിട്ടുണ്ട്.

മറ്റൊരു സുഹൃത്ത് വന്നിരുന്നുവെങ്കിലും 'എന്‍റെ അമ്മ പോയി' എന്ന് പറഞ്ഞപ്പോള്‍ 'എന്‍റെ അമ്മയും പോയല്ലോ.. നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയില്ല. ഞാന്‍ കരയുന്നില്ല . പിന്നെ നീയെന്തിനു കരയണം' എന്ന് ആശ്വസിപ്പിച്ചു. 'നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയുമില്ല, അച്ഛനുമില്ല. അത്രേയുള്ളൂ' എന്നായിരുന്നു അവന്‍റെ തലോടല്‍.

വേറൊരാള്‍ വന്നതേയില്ല. അത് സ്വന്തം ഹൃദയം ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കേണ്ട പരിതസ്ഥിതി വന്നതുകൊണ്ടാണ്. എനിക്ക് അവനെ കാണുംവരെ ആധിയുണ്ടായിരുന്നു. അവനോടുള്ള കടപ്പാട് ഈ ജന്മത്തില്‍ വീട്ടാന്‍ കഴിയില്ല. എന്‍റെ ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തമെല്ലാം തുടച്ച് മാറ്റി, യാതൊരു അറപ്പുമില്ലാതെ ആ തുണികള്‍ കഴുകിയിട്ട് എന്‍റെ അമ്മയായവനാണ്, ഭക്ഷണം കഴിക്കാതെ കുത്തിയിരുന്നു കരയുന്ന എനിക്ക് ശാസനകളുടെ അകമ്പടിയോടെ ഭക്ഷണം വായിലൂട്ടിയവനാണ്. ഞാന്‍ റോഡില്‍ തലചുറ്റി വീണപ്പോള്‍ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചവനാണ്. അത്രമേല്‍ സ്നേഹമിടിപ്പുള്ള ആ ഹൃദയമാണ് ഡോക്ടര്‍മാര്‍ നന്നാക്കിക്കൊണ്ടിരുന്നത്. അവനെ കാണുംവരെ, ഒന്നു സ്പര്‍ശിക്കും വരെ, അവന്‍ ഓഫീസില്‍ ജോലിക്കു പോവാന്‍ തുടങ്ങി എന്നറിയും വരെ എന്‍റെ മനസ്സില്‍ അഗാധമായ സങ്കടമുണ്ടായിരുന്നു.

ഇവരൊക്കെ എന്‍റെ ജീവിതത്തില്‍ ഒരു വ്യത്യാസവുമില്ലാതെ കാലങ്ങളായി നിലകൊള്ളുന്നതുകൊണ്ടാവണം, സ്ത്രീ പുരുഷ സൌഹൃദത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ ലൈംഗികത എന്ന തീവ്രവാദി കയറി വരുമെന്നും അതുകൊണ്ട് സ്ത്രീകള്‍ സൂക്ഷിക്കണമെന്നും വലിയ വിവരമുള്ളവരെന്നവകാശപ്പെടുന്നവര്‍ പ്രസംഗിച്ചു തകര്‍ക്കുകയും അതിഘോരമായി എഴുതിവെയ്ക്കുകയും ചെയ്യുമ്പോള്‍ എനിക്ക് പൊട്ടിച്ചിരിയ്ക്കാന്‍ തോന്നുന്നത്.

No comments: