Tuesday, August 28, 2018

വാര്‍ദ്ധക്യം കരയുന്നതിങ്ങനെയൊക്കെയാണ്....

https://www.facebook.com/photo.php?fbid=831932123652750&set=a.526887520823880.1073741826.100005079101060&type=3&theater
                                              

വ്യക്തിപരമായി ഞാന്‍ വൃദ്ധസദനങ്ങള്‍ക്ക് തീരെ എതിരല്ല. സാമാന്യം മനുഷ്യത്വപരമായി നടത്തപ്പെടുന്ന അത്തരം സ്ഥാപനങ്ങള്‍, പലപ്പോഴും വയസ്സായവരെ പ്രാകുകയും ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും പുഴുവരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ പല വീടുകളില്‍ നിന്നും എത്രയോ മെച്ചപ്പെട്ടവയാണെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നീട്ടുണ്ട്.

എങ്കിലും അമ്മയെ മക്കള്‍ വൃദ്ധസദനത്തിലാക്കി അച്ഛനെ കൊണ്ടു ചെന്നു വിട്ടു എന്നതൊക്കെ നമുക്ക് ഇപ്പോഴും ഭയങ്കര അപരാധം തന്നെയാണ്. പത്മരാജന്‍റെ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയാണ് നമുക്കുള്ളില്‍ പിന്നെയും പിന്നെയും ഓടിക്കൊണ്ടിരിക്കുക. വയസ്സായവരെ ശല്യമെന്ന നിലയിലല്ലാതെ സംരക്ഷിക്കുന്നവര്‍ കുറഞ്ഞുവരികയാണെങ്കിലും ആ സോഷ്യല്‍ ടാബൂ നമ്മള്‍ ഇപ്പോഴും കൈവിട്ടിട്ടില്ല.

വളരെ ആത്മാര്‍ഥമായി വൃദ്ധസദനങ്ങള്‍ നടത്തുന്നവരുണ്ട്. അവിടെ അച്ഛനമ്മമാര്‍ സന്തോഷത്തോടെ കഴിയുന്നുമുണ്ട്. എങ്കിലുമത് പുറത്ത് കൊണ്ടു വരാന്‍ നമുക്ക് മടിയാണ്. വീട്ടില്‍ മതി, തൊഴുത്തിലോ പട്ടിക്കൂട്ടിലോ പുഴുവരിച്ചൊ ഒക്കെ കിടന്നാലും വീട്ടില്‍ മതി വൃദ്ധസദനത്തിലേക്ക് പറഞ്ഞയക്കേണ്ട എന്നാണ് ഭൂരിപക്ഷം പേരുടേയും നിലപാട്. അമ്മയെഅല്ലെങ്കില്‍ അച്ഛനെ അവിടെ കൊണ്ടാക്കി എന്ന ചീത്തപ്പേരില്ലല്ലോ.

ഈയിടെ ഒരനുഭവമുണ്ടായി.

സന്ധ്യയ്ക്ക് നല്ല ഇടിയും ഇരുട്ടടച്ച മഴയുമായിരുന്നു. മരങ്ങള്‍ കാറ്റില്‍ ആടിയുലഞ്ഞു. വലിയ ധൈര്യശാലിയായ ഞാനും ഇരുന്നു ക്ടിം ക്ടിം എന്ന് ഞെട്ടുകയായിരുന്നു. അപ്പോഴാണ് അയല്‍പക്കത്തെ ഒരു അമ്മാമ്മ വന്നത്. പാവം, വിരണ്ട് പോയിരുന്നു. ' ഇടിവെട്ട് തീരുവോളം ഞാനിവിടേ ഇരുന്നോട്ടേ മോളെ ... 'എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു പോയി. അഞ്ചെട്ട് പ്രസവിച്ച അമ്മാമ്മയാണ്. മക്കളെല്ലാം അങ്ങു ദൂരദേശങ്ങളിലാണ്. പന്ത്രണ്ട് കിടപ്പുമുറികളുള്ള വീട്ടില്‍ അമ്മാമ്മ തനിച്ചേ ഉള്ളൂ. പാര്‍ട്ട് റ്റൈം പണിക്കാരുണ്ട്. എല്ലാവരും സന്ധ്യയാകുമ്പോള്‍ പോകും.

വയസ്സായവര്‍ക്ക് എന്തൊക്കെയാണ് വേണ്ടത്? രുചിയുള്ള ആഹാരം, മാനസികവും ശാരീരികവും ആയ യൌവനത്തിന്‍റെ കൈത്താങ്ങ്, മരുന്ന്, ചികില്‍സ, ഒരു തൊട്ടു തലോടല്‍, ഇത്തിരി സ്നേഹം ചാലിച്ച വര്‍ത്തമാനം, സമപ്രായക്കാരുമായി കൂട്ടുകൂടാനുള്ള അവസരം, ചെറിയ ചുമതലകള്‍, മനസ്സിനു പിടിക്കുന്ന ചില ഉല്ലാസപരിപാടികള്‍, കൊച്ചു യാത്രകള്‍....

ഒന്നുമില്ലാതെ ആ ബംഗ്ലാവിനു കാവലിരിക്കുന്നു അമ്മാമ്മ. രാത്രി ഉറക്കഗുളിക കഴിക്കും അതുകൊണ്ട് ഉറക്കം പിണങ്ങി നില്‍ക്കില്ല. അതും കൂടി ഇല്ലെങ്കില്‍ അമ്മാമ്മ എന്തെടുക്കുമായിരുന്നു?

മക്കള്‍ക്ക് ജോലി ഇട്ടേച്ചു വരാനോ അമ്മാമ്മയെ അവിടെ കൊണ്ടൂ പോവാനോ ഒന്നും പറ്റുകയില്ല. അമ്മാമ്മയ്ക്ക് ഏകാന്തവാസമാണ് തലേലെഴുത്ത്. അവര്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. അത് പിന്നെ അമ്മമാരുടെ ഒരു പൊതു രീതിയാണല്ലോ.

വയസ്സായവര്‍ക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് കണക്കെടുക്കുമ്പോള്‍ അവരുടേ പേടികളേയും ഉല്‍ക്കണ്ഠകളേയൂം വ്യാകുലതകളേയൂം കൂടീ കണക്കിലെടുക്കാനും അവയ്ക്കും പരിഹാരം കണ്ടുപിടിയ്ക്കാനും നമ്മള്‍ ശ്രമിച്ചേ തീരൂ.

അല്ലെങ്കില്‍ വാര്‍ദ്ധക്യ സംരക്ഷണത്തിനു പൂര്‍ണത ഉണ്ടാവില്ല.

No comments: