Monday, August 13, 2018

പശുക്കുട്ടിയുടെ മുഖചിത്രം

https://www.facebook.com/echmu.kutty/posts/775134769332486?pnref=story

ഇപ്പോള്‍ മഴക്കാലമോ മഞ്ഞുകാലമോ വേനല്‍ക്കാലമോ വസന്തകാലമോ അല്ല. പശുക്കാലമാണ്. അങ്ങേയറ്റം നിരുപദ്രവിയായ ഒരു ജീവിയുടേ പേരില്‍ മനുഷ്യര്‍ ഏകപക്ഷീയമായി കവര്‍ന്നും കുത്തിയും വെട്ടിയും തീപ്പൊള്ളിച്ചും ഒക്കെ അതിക്രൂരമായി കൊലപ്പെടുന്ന കെട്ടകാലം.

എന്നോട് എന്തുകൊണ്ട് പശുവിന്‍റെ മുഖം എന്ന് പലരും ചോദിക്കാറുണ്ട്. സവര്‍ണതയുടെ പര്യായമായ ഈ ജീവിയെ എന്തിനിങ്ങനെ മുഖചിത്രമാക്കുന്നു എന്ന് പലരും സംശയിക്കുന്നുണ്ട്.

ഞാന്‍ നേരത്തെ വ്യക്തമാക്കിയതു പോലെ പ്രസവവേദനയില്‍ പോലും കരയാത്ത പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിവെയ്ക്കപ്പെട്ട മൌനത്തിന്‍റെ പ്രതീകമാണ്. തിളയ്ക്കുന്ന മുലപ്പാലിന്‍റെ നീരാവിയാണ്. മാത്രമല്ല, അതിക്രൂരമായ ലൈംഗികപീഡനത്തിന്‍റെ മറക്കാനാവാത്ത രൂപവുമാണ്.

ഏതു സഥലത്തും ഏതു പെണ്ണിനും ഏതൊരു പുരുഷനില്‍ നിന്നും എപ്പോഴും പ്രതീക്ഷിക്കാവുന്ന ഒരു പീഡനമാണത്. വാക്കാല്‍ നോക്കാല്‍ ഭാവങ്ങളാല്‍ പ്രവൃത്തിയാല്‍ ഒക്കെ അത് പെണ്ണുങ്ങള്‍ക്കു ചുറ്റുമുണ്ട്. അദൃശ്യമായ മരണം പോലെ..

വൈവാഹികബന്ധനത്തിന്‍റെ ഒരു കള്ളത്തീട്ടൂരം പോലും ലഭ്യമായാല്‍ പിന്നെ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ ആരും ഇടപെടേണ്ടതില്ല എന്നതാണ് നമ്മുടെ കുടുംബഭദ്രതയുടെ ആണിക്കല്ല്. മറ്റുള്ളവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടുന്നത് മഹാചേപ്രയുമാണത്രേ! സ്ത്രീയും പുരുഷനും കിടപ്പുമുറിയില്‍ എന്തു ചെയ്യുന്നുവെന്ന് ആര്‍ക്കും അന്വേഷിക്കാനാവാത്ത ആരോടും ഉത്തരവാദിത്തമില്ലാത്ത ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത സ്വാതന്ത്ര്യം വീണുകിട്ടുന്ന അപൂര്‍വതയാണ് കല്യാണത്തീട്ടൂരം.
കുടുംബകാര്യങ്ങള്‍ പുറത്ത് പറയുന്നതാവട്ടെ ഏറ്റവും മ്ലേച്ഛമായ തെറ്റുമാണ്.

ഈ രഹസ്യാത്മകതയാണ് നമ്മുടെ കുടുംബങ്ങളിലെ സകല പീഡനങ്ങളുടേയും ഘനമേറിയ കമ്പിളിപ്പുതപ്പ് .
ഇതു തകരണമെന്നും ഇതില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉണ്ടാവണമെന്നും പറഞ്ഞാല്‍ അപ്പോള്‍ സ്ത്രീകള്‍ കുടുംബം തകര്‍ക്കുന്നവരായി മുദ്രകുത്തപ്പെടും.

നടിയെ എന്തു ചെയ്തു എന്ന തര്‍ക്കത്തില്‍ എന്തെല്ലാം പ്രതിഷേധം അവര്‍ പ്രകടിപ്പിച്ചിരിക്കുമെന്നത് ആരും ആലോചിക്കാതെ പോകുന്ന ഒരു കാര്യമാണ്. അന്തസ്സും ആത്മാഭിമാനവുമുള്ള ഓരോ പെണ്ണും തന്നിലേക്ക് ഉറ്റു നോക്കുമ്പോള്‍ അക്കാര്യത്തിനുത്തരം കിട്ടുമെന്ന് ഞാന്‍ കരുതുന്നു.

എന്‍റെ ഉത്തരം ഇതാണ്.

ഞാനൊരു പശുവായിരുന്നു. മിക്കവാറുമെല്ലാം വെറും പശു മാത്രമായിരുന്നു. അല്ലെങ്കില്‍ ഫോര്‍മലീന്‍റെ ഗന്ധമുള്ള വഴുവഴുപ്പുകളെ തീര്‍ഥമാക്കുന്നവളായിരുന്നു. എണ്‍പതു കിലോ ഭാരം ചുമക്കുക ഒരു പത്തൊമ്പതുകാരിക്ക് ഒരിക്കലും എളുപ്പമായിരിക്കില്ല. അപ്പോള്‍ തീര്‍ഥം സേവിക്കുക മാത്രമാണ് കരണീയം.

ട്രാന്സ് ജെന്ഡേര്‍സിന്‍റെ മലദ്വാരം അടര്‍ന്നു പോകുന്ന വേദനകളെക്കുറിച്ചെഴുതുമ്പോള്‍ എനിക്ക് അതികഠിനമായ പനി പിടിച്ചത് അതുകൊണ്ടാണ്. ( വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍ എന്ന നോവല്‍)

ലൈംഗികതയുടെ ആനന്ദത്തേയും മാസ്മരികതയേയും വിസ്മയത്തേയും കുറിച്ചെല്ലാം എന്നോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ഞാന്‍ പശുവിനെ ഓര്‍ക്കും.. വഴുവഴുപ്പുള്ള തീര്‍ഥത്തെ ഓര്‍ക്കും.

കാരണം എന്‍റെ ആത്മാവിലേറ്റ ഉണങ്ങാത്ത മുറിവാണ് പശു എന്ന നാല്‍ക്കാലിയുടെ രൂപം. അതിനു സവര്‍ണതയുടെയോ ബി ജെ പി യുടേയോ ഹിന്ദുത്വത്തിന്‍റേയോ യാതൊരു ബന്ധവുമില്ല. അതിന് അതിക്രൂരമായി വേദനിപ്പിക്കപ്പെട്ട എന്‍റെ പാവം ശരീരവുമായി മാത്രമേ ബന്ധമുള്ളൂ. പ്രതിഷേധിക്കാനാവാതെ പോയ എന്‍റെ തീവ്ര നിസ്സഹായതയുമായി മാത്രമേ ബന്ധമുള്ളൂ. ആരുമില്ലാതായ എന്‍റെ അനാഥത്വവുമായി മാത്രമേ ബന്ധമുള്ളൂ.

ഈ ലോകത്തില്‍ ശാരീരികമായി പീഡിപ്പിക്കപ്പെടുന്ന എല്ലാവരുടേയും ഒപ്പമാണ് ഞാന്‍ ... എന്നും എപ്പോഴും... എല്ലാ കാലത്തും. അവരുടെ കണ്ണീര്‍ത്തുള്ളികള്‍ എന്‍റേതാണ്. അവരുടെ രക്തവാര്‍ച്ചയും എന്‍റെയാണ്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്‍റെ ആത്മാവിലേറ്റ ഉണങ്ങാത്ത മുറിവാണ് പശു എന്ന നാല്‍ക്കാലിയുടെ രൂപം. അതിനു സവര്‍ണതയുടെയോ ബി ജെ പി യുടേയോ ഹിന്ദുത്വത്തിന്‍റേയോ യാതൊരു ബന്ധവുമില്ല. അതിന് അതിക്രൂരമായി വേദനിപ്പിക്കപ്പെട്ട എന്‍റെ പാവം ശരീരവുമായി മാത്രമേ ബന്ധമുള്ളൂ. പ്രതിഷേധിക്കാനാവാതെ പോയ എന്‍റെ തീവ്ര നിസ്സഹായതയുമായി മാത്രമേ ബന്ധമുള്ളൂ. ആരുമില്ലാതായ എന്‍റെ അനാഥത്വവുമായി മാത്രമേ ബന്ധമുള്ളൂ.

ഈ ലോകത്തില്‍ ശാരീരികമായി പീഡിപ്പിക്കപ്പെടുന്ന എല്ലാവരുടേയും ഒപ്പമാണ് ഞാന്‍ ... എന്നും എപ്പോഴും... എല്ലാ കാലത്തും. അവരുടെ കണ്ണീര്‍ത്തുള്ളികള്‍ എന്‍റേതാണ്. അവരുടെ രക്തവാര്‍ച്ചയും എന്‍റെയാണ്.
A Symbolic person... ! !