Wednesday, August 8, 2018

സംശയമെന്ന ചികില്‍സയില്ലാ വ്യാധി.

https://www.facebook.com/echmu.kutty/posts/734789750033655
എന്‍റെ സ്വന്തം അനുഭവമാണേ..

ഉത്തരേന്ത്യയില്‍ കുടിപാര്‍ക്കും കാലമാണ്. എന്‍റെ അനിയത്തി ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്‍കിയ, ഞങ്ങള്‍ മൂന്നു സഹോദരിമാരുടേയും ജീവിതത്തിലെ അതീവ സന്തോഷകരമായിരുന്ന ഒരു ഹ്രസ്വകാലം.

പെണ്‍ കുഞ്ഞാണെന്നറിഞ്ഞില്ലേ.. .. കഴിയുന്നത്ര വേഗം അബോര്‍ട്ട് ചെയ്ത് ആണ്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കു എന്ന് പലരും ഒത്തിരിത്തവണ ഉപദേശിച്ചുവെങ്കിലും ഞങ്ങള്‍ അതൊന്നും ചെവിക്കൊണ്ടില്ല. ഇന്ന് ആ മകളെ കാണുമ്പോള്‍ അന്നു നിര്‍ബന്ധിച്ചവരെയെല്ലാം ഞങ്ങള്‍ ഒരു തമാശയോടേ ഓര്‍മ്മിക്കും.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വടക്കേ ഇന്ത്യ തണുത്ത് വിറയ്ക്കും. റൂം ഹീറ്ററിനുള്ളില്‍ കയറി താമസിച്ചാലോ എന്നും ജയ് പൂരി രജായി കൊണ്ട് സല്‍വാര്‍ കമ്മീസ് തയ്പിച്ചാലോ എന്നും നമുക്ക് തോന്നും. എന്നിട്ട് മിങ്ക് ബ്ലാങ്കറ്റ് ദുപ്പട്ടയായി തലവഴി പുതയ്ക്കാനും ചൂടു ചായയും സമോസയും പലതരം ചൂടന്‍ പറാത്തകളും തട്ടിവിടാനും ആശ തോന്നും. തണുപ്പ് മാത്രമല്ല, ഒരു തരം പിശറന്‍ കാറ്റും ഉണ്ടാവും കൂടെ. ടോയ് ലറ്റ് പൈപ്പുകള്‍ ബ്ലോക്കാകും. കൈവിരല്‍ മുറിഞ്ഞു പോകുന്ന തണുപ്പോടെയാണ് പൈപ്പുകളില്‍ നിന്ന് വെള്ളം വരിക. ഉത്തരേന്ത്യയില്‍ വളരെ പാവപ്പെട്ട മനുഷ്യര്‍ ആയിരക്കണക്കില്‍ മരിക്കുന്നത് ഈ ആസുരമായ തണുപ്പ് കാലത്താണ്.

വെയില്‍ കായുന്നത് അക്കാലങ്ങളില്‍ ഒരു ദിനചര്യ പോലെയാണ്. വെയിലുദിച്ചാലേ അതു പറ്റൂ കേട്ടോ. സൂര്യന്‍ ചിലപ്പോള്‍ മുന്നറിയിപ്പൊന്നും തരാതെ നീണ്ട അവധിയില്‍ പോകും. അതാണ് തണുപ്പിന്‍റെ മൂര്‍ദ്ധന്യ അവസ്ഥ. മരണങ്ങള്‍ ഉണ്ടാവുന്നത് അപ്പോഴാണ്.

അങ്ങനെ ഒരു നാള്‍ ഞാന്‍ വല്യമ്മ പോസില്‍ കുഞ്ഞിനെ അനവധി കമ്പിളികളില്‍ പൊതിഞ്ഞ് വെയിലു കൊള്ളിക്കാന്‍ വീടിന്‍റെ പുറത്തിറങ്ങി നില്‍ക്കുകയാണ്. മുന്നിലെ റോഡില്‍ സംഭവിക്കുന്നതൊന്നും എന്‍റെ കാഴ്ചയിലേ ഇല്ല. എന്‍റെ നോട്ടം കുഞ്ഞിന്‍റെ അരുമയുള്ള മുഖത്ത് മാത്രമാണ്.

അപ്പുറത്തെ വീട്ടില്‍ പാര്‍ക്കുന്ന അമ്മാമ്മ അവിടത്തെ അപ്പാപ്പനെ യാത്രയാക്കാന്‍ അവരുടെ ഗേറ്റിനു പുറത്തിറങ്ങി വന്നതും അപ്പാപ്പന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പോയതും ഒന്നും ഞാന്‍ ശരിക്ക് അറിയുന്നുണ്ടായിരുന്നില്ല. കാണുന്നുണ്ടായിരുന്നു.. പക്ഷെ, എന്നെ സംബന്ധിച്ച് അതൊരു അപ്രധാന സംഭവമായതുകൊണ്ട് എന്‍റെ തലച്ചോറില്‍ അത് റെജിസ്റ്റര്‍ ആയതേയില്ല.

അമ്മാമ്മ കേട്ടാല്‍ അറയ്ക്കുന്ന ചീത്ത വാക്കുകള്‍ എന്‍റെ നേരെ വര്‍ഷിച്ചു തുടങ്ങിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടായല്ലോ എന്ന് ഞാന്‍ മനസ്സിലാക്കിയത്. എന്‍റെ അച്ഛനേക്കാള്‍ പ്രായമുള്ള ആ അപ്പാപ്പനെ വശീകരിക്കാനാണ് കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആ നേരത്ത് പുറത്തിറങ്ങി നിന്നതെന്നാണ് അമ്മാമ്മ പറയുന്നത്. അവര്‍ എന്തോക്കേയോ എന്നെ വിളിച്ചു. കുടുംബം കലക്കി, മൂധേവി, കുലട, വേശ്യ... എനിക്കെന്തു വേണമെന്ന് മനസ്സിലായില്ല. കുഞ്ഞിനെ അകത്ത് കൊണ്ടുപോയി അതിന്‍റെ അമ്മയെ ഏല്‍പ്പിച്ചശേഷം മുകള്‍ നിലയിലെ ഫ്ലാറ്റില്‍ പാര്‍ക്കുന്ന എന്‍റെ കൂട്ടുകാരി പൂജയുടെ തോളില്‍ ചെന്ന് വീണു ഞാന്‍ ഉറക്കെ ഉറക്കെ ഏങ്ങലടിച്ചു കരഞ്ഞു.

പഞ്ചാബി രക്തം സിരകളിലോടുന്ന പൂജയ്ക്ക് അമ്മാമ്മയോട് വിവരം അന്വേഷിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അവള്‍ താഴെ വന്നു കാര്യം തിരക്കി. അമ്മാമ്മ അവളേയും വിരട്ടി.' നീ സൂക്ഷിച്ചോ നിന്‍റെ ഭര്‍ത്താവ് സുന്ദരനായ ചെറുപ്പക്കാരനാണ്. എന്‍റെ പാവം വയസ്സനെ വളയ്ക്കാന്‍ നോക്കുന്ന ഇവള്‍ നിന്‍റെ ഭര്‍ത്താവിനെ വെറുതേ വിടുമോ?'

പൂജ അത് കേട്ടിട്ടും തരിമ്പ് പോലും കുലുങ്ങിയില്ല. എന്‍റെ ഭാഗത്ത് ഒരു തെറ്റുമുണ്ടാവില്ലെന്നും അമ്മാമ്മ അപ്പാപ്പനെ നിയന്ത്രിച്ചു നിറുത്തിയാല്‍ മതിയെന്നും അല്ലാതെ വഴിയേ പോകുന്നവരുടെ മെക്കിട്ട് കേറുകയല്ല അതിനുള്ള പരിഹാരമെന്നും അവള്‍ ഒരു കൂസലുമില്ലാതെ തുറന്നടിച്ചു.

ഞാന്‍ അന്ന് കുത്തിയിരുന്ന് കണ്ണീരൊഴുക്കി. അമ്മാമ്മ വിളിച്ച ചീത്തവാക്കുകള്‍ എന്‍റെ തലയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. എനിക്ക് ഇത്ര അനാഥമായ, മോശപ്പെട്ട ജീവിതം നല്‍കിയ മനുഷ്യരേയും അവര്‍ക്കു കൂട്ടു നിന്ന ദൈവങ്ങളേയും ഞാന്‍ വെറുത്തു. ജീവിതത്തിന്‍റെ യാതനാനിര്‍ഭരമായ ഉലയില്‍ ഉരുകി പാകപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂവല്ലോ അന്ന് ഞാന്‍. അന്ന് എന്‍റെ മനസ്സില്‍ വെറുപ്പും പ്രതികാരവും പോലെയുള്ള അധമവികാരങ്ങള്‍ ഉണ്ടായിരുന്നു.

രാത്രി പതിനൊന്നുമണിക്ക് എന്‍റെ കൂട്ടുകാരന്‍ വന്നപ്പോള്‍ പൂജയും അവളുടെ ഭര്‍ത്താവും കുഞ്ഞും ഞങ്ങളുടെ ഫ്ലാറ്റിലുണ്ടായിരുന്നു. ആ സ്ത്രീക്ക് തലയ്ക്ക് വട്ടാണെന്നും അതൊന്നും കേട്ട് നമ്മള്‍ സങ്കടപ്പെടേണ്ടെന്നും അത് വിട്ടുകളയാമെന്നും എന്‍റെ കൂട്ടുകാരന്‍ സമവായക്കാരനായി. പൂജയ്ക്ക് സഹിച്ചില്ല. അവളിലെ പഞ്ചാബി രക്തം തിളച്ചു പൊങ്ങി . എന്നെ അങ്ങനെ ആര്‍ക്കും എന്തും വിളിക്കാമെന്നാണെങ്കില്‍ എന്‍റെ കൂട്ടുകാരന്‍ എന്ന പദവിയിലിരുന്ന് എന്തു കൂട്ടാണ് അദ്ദേഹം നല്‍കുന്നതെന്ന് അവള്‍ ചോദിച്ചു. അമ്മാമ്മയുടെ പെരുമാറ്റത്തെ അവരുടെ വീട്ടിലറിയിക്കണമെന്ന് അവള്‍ സിദ്ധാന്തിച്ചു. തന്നെയുമല്ല , ഈ വാക്കുകള്‍ ഉപയോഗിച്ചതില്‍ നമുക്ക് തികഞ്ഞ അനിഷ്ടമുണ്ടെന്ന് അവരെ ഉറപ്പായി അറിയിക്കുകയും വേണം.

പഞ്ചാബിപ്പെണ്ണിന്‍റെ ശൌര്യത്തിനു മുന്നില്‍ എന്‍റെ കൂട്ടുകാരന്‍ മുട്ടുമടക്കി. അമ്മാമ്മയുടേ ഐ ഐ ടി ഡോക്ടറേറ്റുള്ള സിവില്‍ എന്‍ജിനീയര്‍ മകന്‍ എന്‍റെ കൂട്ടുകാരന്‍റെ സുഹൃത്തായിരുന്നു. രാത്രി പതിനൊന്നുമണി കഴിഞ്ഞ് ഫോണ്‍ ചെന്നപ്പോള്‍ സ്വാഭാവികമായും അയാള്‍ ഭാര്യയോട് കാര്യം തിരക്കി. അതുവരെ നിശ്ശബ്ദത പാലിച്ച ഭാര്യയ്ക്ക് രാവിലെ നടന്ന കാര്യങ്ങള്‍ സത്യസന്ധമായി പറയേണ്ടി വന്നു.

എന്തായാലും നിറഞ്ഞ കണ്ണുകളോടെയും കൂപ്പുകൈകളോടെയും എന്‍റെ മുന്നിലേക്ക് വന്ന ആ മകന്‍ എന്‍റെ പാദങ്ങളില്‍ തലവെച്ച് കരഞ്ഞുകൊണ്ട് മാപ്പു ചോദിച്ചു. അമ്മയുടെ സംശയം കുടുംബത്തിലെ വലിയ പ്രശ്നമാണെന്നും അച്ഛന്‍ ചില അശ്രദ്ധകള്‍ കാണിച്ച് അതിനു വളം വെച്ചു കൊടുക്കാറുണ്ടെന്നും അറിയിക്കുമ്പോള്‍ ആ മകന്‍റെ ശബ്ദം ഇടറിയിരുന്നു.

കൂടുതല്‍ പറയുന്നതെന്തിനാണല്ലേ ?

ഞങ്ങള്‍ എല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.. എന്തു സഹായവും പരസ്പരം ചെയ്യുന്ന ഉറ്റ സുഹൃത്തുക്കള്‍ .

No comments: