Monday, August 27, 2018

അമ്മിണി വല്യമ്മ.

               
https://www.facebook.com/photo.php?fbid=831058873740075&set=a.526887520823880.1073741826.100005079101060&type=3&theater
                         

ഇക്കഴിഞ്ഞ ബുധനാഴ്ച അവര്‍ കടന്നു പോയി... ഇനി തിരിച്ചു വരാത്തിടത്തേക്ക്. ദഹനം കഴിഞ്ഞപ്പോള്‍ ഒരല്‍പം ചാരം മാത്രം അവശേഷിപ്പിച്ച് അവര്‍ യാത്രയായി.

എന്‍റെ കൂട്ടുകാരന്‍റെ വല്യമ്മയാണ് അവര്‍. അമ്മയുടെ ചേച്ചി.

പണ്ട് കാലത്തേ ബി എസ് സി ബി റ്റി പാസ്സായി കേരളത്തിലെ വിവിധ ഹൈസ്കൂളുകളില്‍ പഠിപ്പിച്ചു, പറവൂര്‍ ഗേള്‍സ് സ്ക്കൂളില്‍ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.

വല്യമ്മയ്ക്ക് ഒത്തിരി ശിഷ്യ ഗണങ്ങളുണ്ട്. സഹപ്രവര്‍ത്തകര്‍ അനവധിപ്പേരുണ്ട്.

ഏഴു സഹോദരങ്ങളും അവരുടേയൊക്കെ കുടുംബവും കുട്ടികളുമുണ്ട്.

എന്നാലും വല്യമ്മയെ അനാഥ ... അനാഥ പ്രേതം, ആരുമില്ലാത്തവള്‍, ആര്‍ക്കും വേണ്ടാത്തവള്‍ എന്നൊക്കെ വിളിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് നമ്മുടേ.

കാരണം വല്യമ്മ അവിവാഹിതയാണ്.... അമ്മയുമല്ല. ഈ രണ്ടു കാര്യങ്ങള്‍ ഒഴിച്ചാല്‍ തികഞ്ഞ പൂര്‍ണതയുള്ള ജീവിതമായിരുന്നു അവരുടേത് .

വയറിനു സുഖമില്ല എന്ന കാരണമായിരുന്നു അവര്‍ അവിവാഹിതയായി തുടര്‍ന്നതിന്‍റെ കാരണം. കുടുംബത്തില്‍ എല്ലാവരും കുറെക്കൂടീ പരിശ്രമിച്ചിരുന്നെങ്കില്‍ അവര്‍ വിവാഹിതയായിപ്പോയേനേ എന്നൊരഭിപ്രായം എന്തായാലും എന്‍റെ മനസ്സിലുണ്ട്. അത്ര ഭീകരമായ ശല്യകാരിയായ ഒരു അസുഖം അവര്‍ക്കുണ്ടായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല.

നല്ല അധ്യാപികയായിരുന്നു വല്യമ്മ. ശിഷ്യരുടേ വല്‍സലാധ്യാപിക.

സഹോദരരുടേ വീടുകളേയും മക്കളേയും സ്വന്തമായി തന്നെ കരുതി സ്നേഹിച്ചിരുന്നു. തനിക്ക് എന്നൊരു വീട് വെച്ച് അതിലവര്‍ ഒറ്റയ്ക്ക് ഒരിക്കലും പാര്‍ത്തില്ല. കൂടപ്പിറപ്പുകളായിരുന്നു എന്നും അവരുടേ ജീവിതം.

ഒരു വീട് ഭരിയ്ക്കാനും കൊണ്ടു നടക്കാനുമുള്ള പ്രാപ്തിയൊക്കെ അവര്‍ക്കുണ്ടായിരുന്നു. കൂടപ്പിറപ്പുകള്‍ക്ക് ചിലപ്പോള്‍ അക്കാര്യങ്ങളില്‍ അല്‍പം അസ്വസ്ഥത തോന്നിയിരുന്നെങ്കിലും

വല്യമ്മ ധാരാളം വായിച്ചു. എന്‍റെ കഥകളും കുറിപ്പുകളുമുള്‍പ്പടേ ഒന്നും വിട്ടുകളഞ്ഞില്ല. വായന അവര്‍ക്ക് ജീവശ്വാസം പോലെ ആയിരുന്നു. അത്രേം അവര്‍ മറ്റൊന്നിനേം പരിഗണിച്ചിരുന്നില്ല എന്ന് വേണം പറയാന്‍..

ആരേയും ഒരു പരിധി വിട്ട് വെറുപ്പിക്കാതിരിക്കണമെന്ന യഥാര്‍ഥ ജീവിതസൂത്രം അവര്‍ ശരിക്കും പഠിച്ചിരുന്നു. അത് സ്വന്തം ജീവിതം തട്ടിമുട്ടിപ്പോവാനുള്ള ഒരു മന്ത്രവുമായിരുന്നിരിക്കണം. തനിച്ചാകരുത് എന്ന കരുതലുമായിരിക്കാം.

ആരുമില്ല എന്നൊക്കെപ്പറയാമെങ്കിലും അനവധി സ്ത്രീ പുരുഷന്മാര്‍ വല്യമ്മയെ യാത്രയാക്കാന്‍ എത്തി. കൂടപ്പിറപ്പുകളും അവരുടെ മക്കളും മരുമക്കളും കരഞ്ഞു കരഞ്ഞു കണ്ണുകള്‍ രക്തം പോലെ ചുവപ്പിച്ചു.

വല്യമ്മ പകര്‍ന്നു നല്‍കിയ ഓര്‍മ്മകളും മധുരവും എല്ലാവരുടേയും മനസ്സിനെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു. അവസാനകാലത്ത് ആവശ്യമുള്ളത്ര കരുതലും സ്നേഹവും നല്‍കിയില്ലല്ലോ എന്ന് എല്ലാവരും വേദന താങ്ങാനാവാതെ നിലവിളിക്കുന്നുണ്ടായിരുന്നു.

അവര്‍ തീരെ അനാഥയായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ അങ്ങനെയേ കരുതു. ജീവിതത്തില്‍ ഇല്ലാത്ത ഒരു ഭര്‍ത്താവും ജനിക്കാത്ത ഒരു കുട്ടിയും മാത്രമാണോ അത്രേം സാര്‍ഥകമായ ഒരു ജീവിതത്തിനെ അളക്കേണ്ട കോലുകള്‍ ?

ഒരിക്കലുമല്ല.

No comments: