Thursday, August 2, 2018

സ്വര്‍ണം ധരിക്കുന്ന ഭാര്യ...

a

അയാള്‍ ഭേദപ്പെട്ട പുരോഗമനാശയങ്ങളുള്ള ഒരു ഭര്‍ത്താവായിരുന്നു. ഫാഷന്‍ ഭ്രമം, സ്വര്‍ണ മോഹം, സീരിയല്‍ അടിമത്തം, ഭക്തിയുടെ അതിപ്രസരം, ജന്മനാലുള്ള പൈങ്കിളിത്തരം ഇതൊക്കെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ രണ്ടാംകിടക്കാരാകുന്നുണ്ടെങ്കില്‍ അതിനു കാരണമാകുന്നതെന്ന് അതുകൊണ്ടു തന്നെ അയാള്‍ക്ക് നല്ല ഉറപ്പുമുണ്ടായിരുന്നു.

ഭാര്യ ഇടയ്ക്കിടെ കടയില്‍ പോയി ചുരിദാര്‍ വാങ്ങരുതെന്നും സ്വര്‍ണം ഒരു കാരണവശാലും ധരിക്കരുതെന്നും അയാള്‍ കര്‍ശനമായി വിലക്കിയിരുന്നു. ബുദ്ധിയും വിവരവും പുരോഗമന ചിന്തയുമുള്ള പുരുഷന്മാര്‍ കാണുന്ന ഡിസ്കവറി ചാനല്‍, ഹിസ്റ്ററി ചാനല്‍, ഇംഗ്ലീഷ് ന്യൂസ് ചാനലുകള്‍ ഇതൊക്കെയേ കാണാവൂ എന്നും അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു.

അങ്ങനെ പുരോഗമനവാദിയായ ഭര്‍ത്താവിനൊപ്പം പുരോഗമിച്ചെത്താനുള്ള സകല പ്രയത്നവും ചെയ്തുകൊണ്ട് ജന്മനാ കിട്ടിയ എല്ലാ പൈങ്കിളിത്തരങ്ങളും കുടഞ്ഞെറിയാന്‍ ശ്രമിച്ചുകൊണ്ട് ഭാര്യ ജീവിച്ചു പോന്നു.

അതങ്ങനെ തന്നെയാണല്ലോ വേണ്ടതും...

ഭര്‍ത്താവിന്‍റെ കാല്‍ച്ചുവട്ടിലാണ് ഭാര്യ ജീവിക്കേണ്ടത് എന്ന് എപ്പോഴും പറയുമ്പോഴാണ് ഭാര്യയ്ക്ക് ജന്മസാഫല്യം കിട്ടുകയെന്നാണല്ലോ നല്ല പ്രചാരമുള്ള എല്ലാ ദാമ്പത്യശാസ്ത്ര ഗ്രന്ഥങ്ങളിലും മാസികകളിലും എഴുതീട്ടുള്ളത്.

മരിക്കുന്നതിനു മുന്‍പ് അവളുടെ അമ്മ അവള്‍ക്ക് ഒരു സ്വര്‍ണ ജിമുക്കി സമ്മാനിച്ചിരുന്നു. ഇടയ്ക്കിടെ അതു അണിയുന്നതും കണ്ണാടി നോക്കുന്നതും അവള്‍ക്ക് ഇഷ്ടമുള്ള ഒരു കാര്യവുമായിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ആ ജിമുക്കിക്കുള്ള പണമുണ്ടാക്കിയതെന്ന് അവള്‍ക്കറിയാം. തയിച്ചു തയിച്ചു മുതുക് വേദനിപ്പിച്ചു കൊണ്ടാണ് അവളേയും ചേട്ടനേയും കള്ളു മാത്രം കുടിച്ചും ഷാപ്പിലെ ഭക്ഷണം മാത്രം കഴിച്ചും ജീവിക്കുന്ന അപ്പനേയും അമ്മ പോറ്റിയിട്ടുള്ളത്.

ചേട്ടന്‍ ദുബായില്‍ കല്ലു പണിക്ക് പോയപ്പോഴാണ് അമ്മയുടെ കഷ്ടപ്പാടിനിത്തിരി ആശ്വാസം കിട്ടിയത്. തികച്ചും പുരോഗമനകാരിയായ മരുമകന്‍ സ്വര്‍ണമൊന്നും വേണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. എങ്കിലും വീടിരിക്കുന്ന അഞ്ചു സെന്‍റ് അപ്പനോട് പറഞ്ഞ് ചേട്ടന്‍, അവളുടെ ഭര്‍ത്താവിന്‍റെ പേരിലാക്കിക്കൊടുത്തു.

സ്വര്‍ണം പോലെ പ്രകൃതിയെ ചൂഷണം ചെയ്യാത്ത ഒരു ധനമായതുകൊണ്ട് ഭൂമി സ്വന്തം പേരിലാവുന്നതില്‍ ഭര്‍ത്താവിനു ഒട്ടും വിഷമം തോന്നിയുമില്ല.

രജിസ്ട്റേഷന്‍ കഴിഞ്ഞ ദിവസം, അമ്മയേം അപ്പനേം പള്ളിയ്ക്കടുത്ത് ചെറിയൊരു വാടക വീട്ടിലേക്ക് ‍ മാറ്റിപ്പാര്‍പ്പിച്ചിട്ടാണ് അവളുടെ ചേട്ടന്‍ ദുബായിലേക്ക് മടങ്ങിയത്.

മയിലാഞ്ചിച്ചെടികള്‍ അതിരിട്ട ആ മഞ്ഞ വീട്ടില്‍ നാലുമാസം മാത്രമേ അമ്മ ജീവിച്ചുള്ളൂ.

ഭര്‍ത്താവ് ഇടരുതെന്ന് നിര്‍ബന്ധിച്ചപ്പോഴും ആ ജിമുക്കി അവള്‍ ധരിച്ചു. ജിമുക്കിയിലൂടെ അമ്മ തന്‍റെ ഒപ്പമുണ്ടെന്ന് അവള്‍ക്ക് തോന്നുകയായിരുന്നു..

സ്വര്‍ണത്തിന്‍റെ മഞ്ഞ നിറം കാണുമ്പോള്‍ ച്ഛര്‍ദ്ദിക്കാന്‍ വരുന്നുവെന്ന് അയാള്‍ അവളെ കളിയാക്കി. സ്വര്‍ണ ഖനനത്തിന്‍റെ പാരിസ്ഥിതിക ദുരന്തങ്ങളെ കുറിച്ച് അവളോട് ഒരു അധ്യാപകനെപ്പോലെ വിശദമായി സംസാരിച്ചു. എത്ര വലിയ ഒരു തെറ്റാണ് അവളൂടെ അമ്മ സ്വര്‍ണം മേടിച്ചും അവള്‍ അതു ധരിച്ചും ചെയ്തു കൂട്ടുന്നതെന്ന് അവള്‍ക്ക് പറഞ്ഞു കൊടുത്തു.

മഞ്ഞച്ച ജിമുക്കി ധരിച്ച അവളുടെ കാതുകള്‍ കള്ളന്മാര്‍ അറുക്കുമെന്ന് അയാള്‍ പേടിപ്പിച്ചു.

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജിമുക്കി കാണുമ്പോള്‍ ഇടാന്‍ ആഗ്രഹം വരുമെന്നും അത് അവള്‍ അവരോട് ചെയ്യുന്ന തെറ്റാണെന്നും അയാള്‍ ചൂണ്ടിക്കാണിച്ചു.

ആ ജിമുക്കി ധരിച്ച് ധരിച്ച് പുതിയതും വലിയതും ആയ ഒരു ജിമുക്കിക്ക് അവള്‍ ആശ പെരുക്കിത്തുടങ്ങുമെന്നും അയാള്‍ പറയാതിരുന്നില്ല.

അയാളൂടെ അമ്മച്ചി വിളമ്പിക്കൊടുത്ത മീന്‍ കറി സ്വാദോടെ കഴിച്ചുകൊണ്ട് ആ സ്വര്‍ണ ജിമുക്കിയെ അവളുടെ അമ്മയുമായി ബന്ധപ്പെടുത്തുന്നത് വെറും പൈങ്കിളിത്തരമാണെന്നു അയാള്‍ അവള്‍ക്ക് നേരെ പരിഹാസം പൊഴിച്ചു.

ആഭരണം ഊരി മാറ്റിയില്ലെങ്കിലും അവള്‍ തലമുടി കൊണ്ട് ജിമുക്കി മൂടി വെയ്ക്കാന്‍ ശീലിച്ചു. അത് ധരിച്ചിട്ടേയില്ല എന്ന മട്ടില്‍... എങ്കിലും അതില്‍ വിരല്‍ കൊണ്ട് തൊടുമ്പോഴൊക്കെയും അറിയാത്ത ഒരു വേദനയില്‍ അവള്‍ നൊന്തുകൊണ്ടിരുന്നു.

ഒരു ദിവസം വൈകുന്നേരം മുട്ടുകുത്തി പ്രാര്‍ഥന എത്തിച്ച് എണീറ്റപ്പൊഴാണ് ജിമുക്കിയുടെ ശംഖീരി കാണാതായെന്ന് അവള്‍ക്ക് മനസ്സിലായത്. ... അവള്‍ക്ക് ശരിക്കും കരച്ചില്‍ പൊട്ടി .

വീടു മുഴുവന്‍ അവള്‍ പരതി..

അതു കണ്ടില്ല ..

അവളുടെ പാരവശ്യം കണ്ട് അയാള്‍ക്ക് ചിരി വന്നു. എത്ര പ്രാവശ്യം പറഞ്ഞതാണ് ജിമുക്കി ഇടണ്ട എന്ന്....അത് വേണ്ട എന്ന് .. അയാള്‍ നിസ്സാരമായി പറഞ്ഞു.

‘പോട്ടെ.. ആ സ്വര്‍ണം പോട്ടെ.. ബാക്കിയുള്ളതും കൂടി എവിടെയെങ്കിലും തുലഞ്ഞു പോട്ടെ.. ‘

ദയയില്ലാത്ത ആ വാക്കുകള്‍ കുത്തി വേദനിപ്പിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല.

കിടക്കാന്‍ നേരം ബ്രായുടെ ഹുക്കഴിച്ചപ്പോഴാണ് അവളുടെ വിരലില്‍ അതു തടഞ്ഞത്. ആ ശംഖീരി… അത് മുലകള്‍ക്കിടയില്‍ പമ്മിപ്പതുങ്ങിയിരിക്കുകയായിരുന്നു.

അവള്‍ക്ക് ഉറക്കെ അലറണമെന്ന് തോന്നി..

‘ആ സ്വര്‍ണം അങ്ങനെ എവിടേം തുലഞ്ഞു പോവില്ല.. അതെന്‍റെ അമ്മയുടെ അധ്വാനമാണ്... വിയര്‍പ്പാണ്... കണ്ണീരാണ്.. ‘

അലറാന്‍ തുറന്ന അവളുടെ വായ് അടഞ്ഞു പോവുന്നത് അയാള്‍ കണ്ടു. അവളാണെങ്കിലോ അതൊരു കോട്ടുവായ് മാത്രമായിരുന്നുവെന്ന് അഭിനയിക്കുവാന്‍ പാടുപെടുകയായിരുന്നു അപ്പോള്‍.

ദാമ്പത്യങ്ങള്‍ വിജയിക്കുന്നത്... അല്ലെങ്കില്‍ വിജയിപ്പിക്കേണ്ടത് .... കുറഞ്ഞ പക്ഷം വിജയിക്കുന്നു എന്ന് പുറമേക്കെങ്കിലും തോന്നിപ്പിക്കുന്നത് ... ഇങ്ങനെയൊക്കെയല്ലേ....

2 comments:

വീകെ. said...

സ്വർണ്ണം ധരിക്കാതിരിക്കുന്നത് തന്നെയാണ് ഇന്നത്തെ കാലത്ത് സുരക്ഷിതം. ഭർത്താവ് പറയുന്നതിനു മുൻപേ സ്വയം അണിയാതിരുന്നാൽ സ്വയംരക്ഷക്ക് മുൻകരുതലെടുത്തതിനെ ഭർത്താവ് അഭിനന്ദിക്കാനാണ് സാദ്ധ്യത.

shajitha said...

enthanippo ezhutiyathinu karyamundayath, enthanippo vk kk manassilayath